ൗദി അറേബ്യയിലെ നഗരങ്ങളെയും തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ സൈനിക പിന്തുണയുമായി പാകിസ്താനും തുര്‍ക്കിയും. മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളുടെയും സൈന്യാധിപന്മാര്‍ അടിയന്തര യോഗം ചേരുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മക്ക, ജിദ്ദ, യാന്‍ബു എന്നീ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നിരവധി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മക്ക പ്രതിരോധ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അംഗരാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കും.
യെമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാന് പങ്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ യു എസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ഹൂതികള്‍ ചെയ്യുന്നത് അവരുടെ സ്വന്തം ഉത്തരവാദിത്തമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കണമെങ്കില്‍ ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും യുഎസ് യുദ്ധം അവസാനിപ്പിക്കണം, ഉപരോധം പിന്‍വലിക്കണം, മരവിപ്പിച്ച ധനശേഖരം വിട്ടുനല്‍കണം എന്നീ ഉപാധികള്‍ ഇറാന്‍ മുന്നോട്ടുവെച്ചു. ഇറാനിയന്‍ കമ്പനികളുമായി ഇടപാട് നടത്തുന്ന മൂന്നാം രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കെതിരെ യു.എസ് ‘സെക്കന്‍ഡറി ഉപരോധം’ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുഎഇയും ഒമാനും ഇറാനിയന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മേഖലയില്‍ യുഎസ്-ഇറാന്‍ സൈനിക നീക്കങ്ങള്‍ താല്‍ക്കാലികമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഹൂതികളുടെയും ഹിസ്ബുല്ലയുടെയും ആക്രമണങ്ങള്‍ മധ്യപൂര്‍വേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുകയാണ്.



