അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തില്‍ വീണ്ടും നയതന്ത്ര നീക്കങ്ങള്‍ക്ക് സാധ്യത. ഇറാന്റെ ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയെങ്കിലും, ടെഹ്‌റാനുമായി വീണ്ടും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനുമായി ഈ ആഴ്ച തന്നെ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇറാന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ ഏതുതരത്തിലുള്ള ആക്രമണത്തെയും ശക്തമായി നേരിടുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി വ്യക്തമാക്കി. ന്യൂയോര്‍ക്കിലെത്തിയത് യുദ്ധത്തിന് വേണ്ടിയല്ല, സമാധാനം തേടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറാന്റെ നിര്‍ദേശം അമേരിക്ക തള്ളിയെങ്കിലും നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ മധ്യസ്ഥതയിലാണ് നിലവില്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചകള്‍ തുടരുന്നത്. ആണവ വിഷയങ്ങളടക്കം വിവിധ വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആദ്യ നിര്‍ദേശത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഖത്തര്‍ പ്രതിനിധികള്‍ ഇരുപക്ഷവുമായും വീണ്ടും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത നീക്കങ്ങളിലേക്കാണ് ഇനി അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ.



