സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതന സുരക്ഷ ഉറപ്പാക്കാന്‍ യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം ശൃംഖല വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി ഏഴ് പുതിയ ധനകാര്യ സ്ഥാപനങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകള്‍ക്ക് കൂടുതല്‍ പേയ്മെന്റ് ചാനലുകളും ലളിതമായ ഇടപാട് രീതികളും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ ചാനലുകളിലേക്ക് മാറുക, ശമ്പള ഫയല്‍ രജിസ്ട്രേഷനുവേണ്ടിയുള്ള രേഖകളുടെ ആവശ്യകത പൂര്‍ണമായി ഒഴിവാക്കുക, ശമ്പളവിതരണത്തിലെയും എച്ച്.ആര്. വകുപ്പുകളിലെയും ആവര്‍ത്തിച്ചുള്ള മാനുവല്‍ ജോലികള്‍ കുറക്കുക തുടങ്ങിയ നവീകരണങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത.പഴയ രീതിയിലുള്ള കടലാസ് ഇടപാടുകളും ഓഫീസുകള്‍ സന്ദര്‍ശിച്ചുള്ള നടപടികളും പൂര്‍ണമായി ഒഴിവാക്കി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ഈ പരിഷ്കരണം സഹായിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു്.ശമ്പള വിതരണം വൈകുന്ന ഘട്ടങ്ങളില്‍ തൊഴിലുടമകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വ്യക്തമാക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ ഏകീകരിക്കുക, നിരീക്ഷണവും ഭരണനിര്‍വഹണവും മെച്ചപ്പെടുത്തുക, നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ശമ്പളവിതരണം വൈകുന്നത് പരിഹരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഡബ്ല്യു.പി.എസ് വഴി പ്രതിമാസം 3,700 കോടി ദിര്‍ഹത്തിലധികം ശമ്പളവിതരണം നടക്കുന്നുണ്ടെന്നാണ് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.



