യുഎഇയില്‍ തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളില്‍ വീഴരുതെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍ അന്വേഷകര്‍ റിക്രൂട്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നതിനമുന്‍പ് ഓഫര്‍ ലെറ്ററിന്റെയും തൊഴിലുടമയുടെയും ആധികാരികത ഉറപ്പാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു .യുഎഇയില്‍ തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകളെ ചെറുക്കുന്നതിനാണ് നിര്‍ദേശം.ഓഫര്‍ ലെറ്ററിലെ സീരിയല്‍ നമ്പറും ബാര്‍കോഡും ഉപയോഗിച്ച് രേഖയുടെ സാധുത പരിശോധിക്കാം. ജോലി ഉറപ്പാക്കാതെ പണമടയ്ക്കുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ജോലി ലഭിക്കുന്നതിനോ റിക്രൂടമെന്റിനോ തൊഴിലാളിയില്‍നിന്ന് പണം ഈടാക്കാന്‍ പാടില്ല. റിക്രൂട്‌മെന്റിനും നിയമനത്തിനുമുള്ള ചെലവ് തൊഴിലുടമ വഹിക്കണം. പ്രവേശന വീസ, യാത്രാ, മെഡിക്കല്‍ പരിശോധന, താമസാനുമതി എന്നിവയുമായി ബന്ധപ്പെട്ട ചെലവും തൊഴിലുടമ വഹിക്കണം.ലൈസന്‍സുള്ള റിക്രൂട്‌മെന്റ് ഏജന്‍സികള്‍ വഴി മാത്രം നിയമന നടപടികള്‍ നടത്തണം. റിക്രൂട്‌മെന്റ്, താല്‍ക്കാലിക തൊഴില്‍, മധ്യസ്ഥ ഏജന്‍സികള്‍ക്ക് മൊഹ്‌റെയുടെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്.നിയമലംഘനം നടത്തുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കും. വിദേശ തൊഴിലാളിയെ യുഎഇയില്‍ എത്തിക്കുന്നതിന് വ്യാജ വിവരങ്ങളോ രേഖകളോ സമര്‍പ്പിച്ചാല്‍ 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താം. അനുമതിയില്ലാത്ത തൊഴിലാളിയെ നിയമിക്കുക, റിക്രൂട്ട് ചെയ്തശേഷം ജോലി നല്‍കാതെ വിടുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 50,000 മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയുണ്ട്.ഓഫര്‍ ലെറ്ററില്‍ പറഞ്ഞ ശമ്പളം, ജോലി, മറ്റ് വ്യവസ്ഥകള്‍ എന്നിവയും പിന്നീട് ഒപ്പിടുന്ന തൊഴില്‍ കരാറുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ജോലി ഉറപ്പാക്കാന്‍ പണം ആവശ്യപ്പെടുന്നെങ്കില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. വ്യാജ ജോലി വാഗ്ദാനത്തിനോ നിയമവിരുദ്ധ റിക്രൂട്‌മെന്റിനോ ഇരയായാല്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക സേവന സംവിധാനങ്ങളിലൂടെയോ പൊലീസിലോ പരാതി നല്‍കണം.



