സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. തെക്കന്‍ ചെങ്കടലിലും ബാബ് അല്‍ മന്ദബ് കടലിടുക്കിലും സൗദി കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും യുഎഇ അപലപിച്ചു. ആക്രമണങ്ങള്‍ സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യുഎഇയുടെ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഹൂതി വിമതര്‍ സൗദി അറേബ്യയിലെ റിയാദിന് വടക്കന്‍ മേഖല ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചിരുന്നു. സൗദി അറേബ്യയെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അസീര്‍ മേഖലയിലെ അഹദ് റുഫൈദ, നജ്റാന്, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ ഹൂതി ആക്രമണമുണ്ടായിരുന്നു. അഹദ് റുഫൈദയിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തടഞ്ഞുനശിപ്പിച്ചു. എന്നാല്‍, മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് പ്രദേശത്തുണ്ടായിരുന്ന ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റിരുന്നു.



