Thursday, June 18, 2026
Home Blog Page 163

അഭിമാനം സൂര്യനോളം; ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്തെത്തി

0

ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചു. പേടകത്തിന്‍റെ എഞ്ചിൻ 217 സെക്കന്‍റ് ആവും പ്രവർത്തിപ്പിക്കുക. സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു ആദിത്യയുടെ വിക്ഷേപണം. സൂര്യന്‍റെ പ്രഭാമണ്ഡലത്തെയും, കാന്തികമണ്ഡലത്തെയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1ഇൽ ഉള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും. ഇവ ഇന്ത്യ തദ്ദേശീയമായി നിർമിച്ചവയാണ്. അഞ്ച് വർഷമാണ് ദൗത്യത്തിന്റെ കാലയളവ്. 24 മണിക്കൂറും സൂര്യന്റെ ചിത്രം പേടകത്തിന് പകർത്താനാകും.

ആദിത്യ ലക്ഷ്യസ്ഥാനത്തെത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പങ്കുവച്ചു. രാജ്യത്തിന്റെ മറ്റൊരു നാഴികകല്ലാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നത്തെ അഭിനന്ദിക്കുന്നു. ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഇസ്റോയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു  മുഴുവന്‍   മാനവ രാശിക്കും പ്രയോജനകരവുമയ നേട്ടമാണ് രാജ്യം കൈവരിച്ചതെന്ന് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

ചന്ദ്രയാൻ മൂന്ന് പേടകം സഞ്ചരിച്ചതിന്റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷിക്കുന്നത്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുമാണ് ഇതുവരെ സൗരദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. നാലുമണിയോടെ ആദിത്യയിലെ ത്രെസ്റ്റര്‍ എന്‍ജിന്‍ ഏതാനും സക്കന്‍ഡുകള്‍ ജ്വലിപ്പിച്ചാണു സാങ്കല്‍പിക ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചത്.  ആദിത്യയിലെ ഏഴു ശാസ്ത്ര ഉപകരണങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ അധികം വൈകാതെ ബെംഗളുരുവിലെ ഇസ്റോ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു തുടങ്ങും.

കിഫ്ബി മസാല ബോണ്ട്‌ കേസില്‍ തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്; 12 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

0

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. കിഫ്ബി മസാല ബോണ്ട്‌ കേസില്‍ ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് ഇ ഡി നോട്ടീസ്. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ നോട്ടീസ് അയക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി.

ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ കേസില്‍ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് ഇ‍ഡി നടപടി.

അതേസമയം ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും തോമസ് ഐസക് ആരോപിച്ചു. കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണ്. തനിക്ക് നല്ല തിരക്ക് ഉണ്ട്. സമയം പരിശോധിച്ച് പിന്നിട് ചോദ്യം ചെയ്യലിന് ഹാജരാകും. മറ്റു നിയമനടപടികൾ വക്കേലുമായി ആലോചിച്ച് തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

മൈലപ്രയിൽ വ്യാപാരിയെ കൊന്ന 2 പേർ പിടിയിൽ, പിടിയിലായത് തെങ്കാശിയിൽ നിന്ന്

0

പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ മൂന്നാമന്‍ പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണെന്നാണ് എന്നാണ് സൂചന.

കഴിഞ്ഞ മാസം 30നാണ് പത്തനംതിട്ട മൈലപ്രയില്‍ കടയ്ക്കുള്ളില്‍ 73 കാരനായ ജോര്‍ജ് ഉണ്ണുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ കടയ്ക്കുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. പുനലൂർ – മൂവാറ്റുപുഴ റോഡിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു.

വലിയ ആസൂത്രണതിലൂടെ ആണ് പ്രതികൾ കൊല നടത്തിയത്. കടയിലുണ്ടായിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്ക് പ്രതികൾ എടുത്തു കൊണ്ടുപോയി. ജോർജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിന് മുൻപ് തന്നെ പ്രതികളെത്തി. ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റിന് സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

0

കുവൈത്തില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു. തൊഴില്‍ മേഖലയില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്നവരെ മാത്രം നിയമിക്കുന്നതിനാണ് പദ്ധതിയെന്ന് പബ്ലിക് അഥോറിട്ടി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. നിയമം തിരിച്ചടിയാകുമേ എന്ന ആശങ്കയിലാണ് മലയാളി ഉള്‍പ്പെടെയുള്ള പ്രവാസികള്‍.
വര്‍ക്ക് പെര്‍മിറ്റ് അനുവതിക്കുന്നതിനു മുമ്പായി ജോലിയില്‍ വൈദഗ്ധ്യം തെളിയിക്കുന്നതിനായി പരിശോധന നടത്തുന്നതിനാണ് തീരുമാനം. പബ്ലിക് അഥോറിട്ടി ഫോര്‍ അപ്ലൈഡ് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

പുതിയ വീസ അപേക്ഷകരും നിലവിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോഴും ടെസ്റ്റിന് ഹാജരാകണമെന്ന് കുവൈത്ത് പബ്ലിക് അഥോറിട്ടി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ജോലി മേഖലയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് മാത്രമായിരിക്കും നിയമനം നിയമനം ലഭിക്കുക. തൊഴില്‍ വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല.

നിലവില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ജോലി നഷ്ടമാകും. ഇവര്‍ തിരിച്ചു പോകുകയോ മറ്റ് ജോലി കണ്ടെത്തുകയോ ചെയ്യേണ്ടി വരും. അതേസമയം പുതിയ നിയമം തിരിച്ചടിയാകുമോ എന്ന് ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. കുവൈത്തില്‍ വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് മലയാളികളാണ് തൊഴില്‍ ചെയ്യുന്നത്. തൊഴില്‍ നിയമങ്ങളില്‍ വരുത്തുന്ന മാറ്റം എങ്ങനെ പ്രതിഫലിക്കും എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ഖത്തറിലെ ഇന്ത്യന്‍ നാവികര്‍ക്ക് അപ്പീലിന് അറുപത് ദിവസം സമയം

0

ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികര്‍ക്ക് അപ്പീലിന് അറുപത് ദിവസം സമയം എന്ന് വിദേശകാര്യമന്ത്രാലയം. മുന്‍നാവികര്‍ക്ക് എതിരായ ഖത്തര്‍ കോടതിയുടെ ഉത്തരവ് ലഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഒരു മലയാളി അടക്കം എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഇളവ് ചെയ്ത ഖത്തര്‍ പരമോന്നത കോടതിയുടെ ഉത്തരവ് ലഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇക്കാര്യത്തില്‍ ഖത്തറില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീപ് ജെയ്‌സ്വാള്‍ അറിയിച്ചു. എന്നാല്‍ ഖത്തര്‍ കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ വിദേശകാര്യമന്താലയ വക്താവ് തയ്യാറായില്ല. ഡിസംബര്‍ ഇരുപത്തിയെട്ടിനാണ് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചത്. വധശിക്ഷ ജീവപര്യന്തമായി കുറച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയില്ലെന്നും രണ്‍ദീപ് ജെയ്‌സ്വാള്‍ പറഞ്ഞു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഖത്തര്‍ പരമോന്നത കോടതി അറുപത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും രണ്‍ദീപ് ജെയ്‌സ്വാള്‍ പറഞ്ഞു.

യുദ്ധാനന്തര ഗാസയുടെ ഭാവി എന്തായിരിക്കും: പദ്ധതികള്‍ തയ്യാറെന്ന് ഇസ്രയേല്‍ സൈന്യം

0

യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കി ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം. യുദ്ധത്തിന് ശേഷവും ഗാസ മുനമ്പിന്റെ സുരക്ഷാ നിയന്ത്രണം ഇസ്രയേല്‍ നിര്‍വഹിക്കുമെന്ന് പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് അറിയിച്ചു. ഇതിനിടെ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈ ആഴ്ച്ച വീണ്ടും പശ്ചിമേഷ്യയില്‍ എത്തും.ഹമാസിന് എതിരായ യുദ്ധം വിജയിച്ചാലും ഗാസയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങില്ലെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്. യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച കൃത്യമായ പദ്ധതി ആസുത്രണം ചെയ്തിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് വ്യക്തമാക്കുന്നത്.

പലസ്തീന് പരിമിതമായ അധികാരങ്ങള്‍ മാത്രമായിരിക്കും ഗാസ മുനമ്പില്‍ ഉണ്ടാവുക. പക്ഷെ പലസ്തീനികള്‍ തന്നെയായിരിക്കും ഗാസയുടെ അധികാരത്തിലേക്ക് എത്തുക. ഹമാസിന് ഗാസയില്‍ ഒരു അധികാരവും ഉണ്ടായിരിക്കില്ല. മാത്രമല്ല ഗാസയുടെ ആകെ സുരക്ഷാ ചുമതല ഇസ്രയേല്‍ തന്നെ നിര്‍വഹിക്കും എന്നും യോവ് ഗല്ലാന്റ് അറിയിച്ചു. യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മ്മിതിക്കായും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി അറിയിച്ചു. അതെസമയം അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈയാഴ്ച വീണ്ടും മേഖലയിലേക്ക് എത്തും.

ഹമാസ് നേതാവ് സലേഹ് അല്‍ അറൂരി ലബനനില്‍ കൊലപ്പെട്ടതിന് പിന്നാലെ മേഖലയിലെ സംഘര്‍ഷസാഹചര്യം മുര്‍ച്ഛിച്ചിടുണ്ട്. ഈ ഘട്ടത്തിലാണ് ആന്റണി ബ്ലിങ്കന്‍ വീണ്ടും പശ്ചിമേഷ്യയിലേക്ക് എത്തുന്നത്. ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തും. യുഎഇ സൗദി അറേബ്യ,ഈജിപ്ത്,ഖത്തര്‍ ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലും ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തും എന്നാണ് റിപ്പോര്‍ട്ട്.

യുഎഇക്ക് 2023-ല്‍ അഭൂതപൂര്‍വമായ വളര്‍ച്ച : നേട്ടങ്ങള്‍ വിലയിരത്തി മന്ത്രിസഭാ യോഗം

0

യുഎഇ 2023-ല്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അഭൂതൂപൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ചയാണ് പോയവര്‍ഷം യുഎഇ കൈവരിച്ചതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. അടുത്ത വര്‍ഷം കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ക്കും മന്ത്രിസഭാ യോഗം രൂപം നല്‍കി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ അബുദബി ഖസര്‍ അല്‍ വദാനില്‍ ആണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

2023-ല്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനും 2024-ലേക്കുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമാണ് മന്ത്രിസഭാ യോഗം ഊന്നല്‍ നല്‍കിയത്. വിവിധ മേഖലകളില്‍ യുഎഇ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു. മുന്നൂറ്റിയിരുപത് കോടി ദിര്‍ഹം ചിലവില്‍ സ്വദേശികള്‍ക്കായി 4300 വീടുകള്‍ നിര്‍മ്മിക്കാന്‍ പോയ വര്‍ഷം തീരുമാനം എടുത്തു. സ്വന്തമായി വീടുള്ള പൗരന്‍മാരുടെ എണ്ണം തൊണ്ണൂറ് ശതമാനമായി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ് യുഎഇ.

നാഫിസ് പദ്ധതിക്ക് കീഴില്‍ 92000 ഇമാറാത്തികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കിയെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം യുഎഇയുടെ എണ്ണേതര ജിഡിപിയില്‍ 5.9 ശതമാനത്തിന്റെ വളര്‍ച്ച നേടി.73 ഫെഡറല്‍ നിയമങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം രാജ്യത്ത് രൂപം നല്‍കി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ രാജ്യാന്തരതലത്തിലും, ശാസ്ത്രം,വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളിലും യുഎഇ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
എന്‍ടിവി,അബുദബി

തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച പരാമർശം; വി.പി. സുഹറയുടെ പരാതിയിൽ ഉമർ ഫൈസിക്കെതിരെ പൊലീസ് കേസെടുത്തു; ജാമ്യമില്ലാ കുറ്റം ചുമത്തി

0

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ നടക്കാവ് പോലീസ് കേസെടുത്തു. സാമൂഹ്യ പ്രവർത്തക വി.പി. സുഹറ നൽകിയ പരാതിയിന്മേൽ മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

സിപിഐഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി ന‌ൽകിയത്.

പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. ഇന്ത്യൻ ശിക്ഷാനിയമം 295 എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇതിനിടെ സുഹറ പലവട്ടം രംഗത്തെത്തിയിരുന്നു.

പിന്നീട് നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ വി പി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തു. പരിപാടിയിൽ അതിഥിയായിരുന്ന സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകിയിരുന്നു.

BJP-യിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ ഓർത്തഡോക്സ് സഭയുടെ നടപടി; ചുമതലകളില്‍നിന്ന് നീക്കി

0

ബി.ജെ.പി.യിൽ ചേർന്ന ഫാ.ഷൈജു കുര്യനെതിരെ ഓർത്തഡോക്സ് സഭയുടെ നടപടി. നിലയ്ക്കൽ ഭദ്രാസനം ചുമതലയിൽ നിന്നും ഫാ.ഷൈജു കുര്യനെ നീക്കം ചെയ്തു. വെെദികനെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയമിക്കണമെന്നും കൗൺസിൽ ശുപാർശചെയ്തു. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ആയിരുന്നു ഫാ.ഷൈജു.

ഫാ.ഷൈജു കുര്യന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ നടപടി. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽസ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശവും നടപടിയിലേക്ക് വഴിവച്ചു. ശബ്ദസന്ദേശം സഭാ വിശ്വാസികൾക്കിടയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.

നിലയ്ക്കൽ ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി മറ്റൊരു വൈദികനെ വെള്ളിയാഴ്ച മുതൽ നിയമിക്കുമെന്ന് ഭദ്രാസന കൗൺസിൽ കൗൺസിൽ അറിയിച്ചു. ഷൈജു കുര്യനെതിരായ അന്വേഷണത്തിന് ഒരു കമ്മീഷനെ നിയമിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോട് അപേക്ഷിക്കും. കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ചുമതലകളിൽ നിന്നും നീക്കി’ – കൗൺസിൽ വ്യക്തമാക്കി.

വൈദികസ്ഥാനത്തുള്ളവർ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തിൽ നിന്നോ ഭദ്രാസന അധ്യക്ഷൻ്റെ പക്കൽ നിന്നോ അനുമതി വാങ്ങേണ്ടതുണ്ടെന്ന് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും താത്പര്യങ്ങളുടെ പേരിൽ അനുമതിയില്ലാതെ മാധ്യമങ്ങളിൽ ചർച്ചയ്ക്കെത്തുന്നത് സഭയുടെകെട്ടുറപ്പിനെയും അച്ചടക്കത്തേയും ബാധിക്കും. അതിനാൽ, അത്തരം സമീപനങ്ങളിൽ നിന്ന് വെെദികർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരും, സഭയിൽ നിന്നും നിർദേശിക്കുന്നവരും മാത്രം മാധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന രീതി തുടരുന്നതാണ് ഏറ്റവും അഭികാമ്യമെന്നും ഫാ.ഡോ.തോമസ് വർഗീസ് അമയിൽ വ്യക്തമാക്കി.

വ്യാജ സർട്ടിഫിക്കറ്റ്: അൻസിൽ ജലീലിന് ക്ലീൻ ചിറ്റ്

0

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ക്ലീൻ ചിറ്റ്. പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അൻസിലിനെതിരെ പൊലീസ് അന്വേഷണം.

അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് അൻസിൽ നൽകിയ മൊഴി. അൻസിലിന്റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അൻസിൽ ജലീലിന്റെ സർട്ടിഫിക്കറ്റ് വിവാദം ചർച്ചയായത്. ദേശാഭിമാനി വാർത്തയോടെ എസ്എഫ്ഐ ഈ വിവാദം ശക്തമായി ഉന്നയിക്കുകയായിരുന്നു. തുടർന്ന് സെനറ്റ് അംഗം അജിന്ത് സർവ്വകലാശാലക്ക് പരാതി നൽകുകയായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിൽ 2014-17 കാലത്ത് താൻ ബിഎക്കാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. ദേശാഭിമാനി വാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിയും ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. അൻസിലിൻ്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‌യുവിലെ ഗ്രൂപ്പ് പോരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.