യുഎഇയിലെ ബറാക ആണവോര്‍ജ നിലയത്തിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് രാജ്യാന്തര സഖ്യം. യുഎഇ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ രാജ്യാന്തര സഖ്യം സംയുക്തമായാണ് പ്രസ്താവന പുറത്തിറക്കിയത്. അമേരിക്ക, യുകെ, ഫ്രാന്‍സ്, സൗദി അറേബ്യ, ജപ്പാന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ ഒപ്പുവച്ച പ്രസ്താവനയിലാണ് ആക്രമണത്തെ കര്‍ശനമായി അപലപിച്ചത്.ഇക്കഴിഞ്ഞ മേയ് 17നു അബുദാബിയിലെ ബറാക്ക പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ഇറാഖിലെ ചില സായുധ ഗ്രൂപ്പുകളാണ് നടത്തിയതെന്നാണ് സൂചന. ആണവനിലയത്തിന്റെ സുരക്ഷാ പരിധിക്ക് തൊട്ടുപുറത്തുള്ള വൈദ്യുത അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇത് രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്നും പ്രാദേശിക-രാജ്യാന്തര സമാധാനത്തിന് വലിയ ഭീഷണിയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ആണവനിലയത്തിന് നേരെയുണ്ടായ ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ ജീവനും ജനവാസ കേന്ദ്രങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഗുരുതരമായ റേഡിയേഷന്‍ പ്രത്യാഘാതങ്ങള്‍ക്കും പരിസ്ഥിതി-ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന് ഒപ്പുവച്ച രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. യുഎഇക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു. തങ്ങളുടെ മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കായി സായുധ സംഘങ്ങള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും പ്രസ്താവന ഓര്‍മിപ്പിക്കുന്നു. നിലവില്‍ ബറാക നിലയത്തിന് ചുറ്റുമുള്ള റേഡിയേഷന്‍ തോത് പൂര്‍ണമായും സാധാരണ നിലയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.



