ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ തുരങ്ക നിര്‍മാണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍.ടി.എ അറിയിച്ചു.രണ്ട് മാസം മുന്‍പാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിയുടെ തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. അത്യാധുനിക ടണല്‍ ബോറിങ് മെഷീന്റെ സഹായത്തോടെയാണ് അതിവേഗം നിര്‍മ്മാണ് പുരോഗമകി്കുന്നനത്. അത്യാധുനിക ഡിജിറ്റല്‍ ഗൈഡന്‍സ്, മോണിറ്ററിങ് സംവിധാനങ്ങളുള്ള ഈ യന്ത്രത്തിന് പ്രതിദിനം ഏകദേശം 30 മീറ്റര്‍ വരെ തുരങ്കം നിര്‍മ്മിക്കാന്‍ കഴിയും. 2007-ല്‍ ദുബായ് മെട്രോയുടെ ആദ്യഘട്ട നിര്‍മാണ സമയത്ത് ഉപയോഗിച്ച മെഷീനുകള്‍ക്ക് പ്രതിദിനം ശരാശരി 12 മീറ്റര്‍ മാത്രമാണ് തുരക്കാന്‍ കഴിഞ്ഞിരുന്നത്. അന്ന് ഒരു ഘട്ടം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഏഴ് മാസം വേണ്ടിവന്നു. ഏകദേശം 2,000 ടണ്‍ ഭാരവും 163 മീറ്റര്‍ നീളവുമുള്ള പുതിയ സംവിധാനം വെറും തുരങ്കം നിര്‍മ്മിക്കുക മാത്രമല്ല, മണ്ണ് നീക്കം ചെയ്യുകയും തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് ലൈനിങ് ഭാഗങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്ന സമ്പൂര്‍ണ ഭൂഗര്‍ഭ നിര്‍മാണ സംവിധാനമാണെന്ന് ആര്‍.ടി.എ വ്യക്തമാക്കി. ഇരുപത് വര്‍ഷത്തിനുള്ളില്‍ ദുബായുടെ ഭൂഗര്‍ഭ നിര്‍മാണ സാങ്കേതികവിദ്യ കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഈ നേട്ടമെന്നും, ബ്ലൂ ലൈന്‍ പദ്ധതിയുടെ ശേഷിക്കുന്ന പ്രവര്‍ത്തനങ്ങളും അതിവേഗം തുടരുകയാണെന്നും ആര്‍.ടി.എ അറിയിച്ചു. ദുബായുടെ പൊതുഗതാഗത ശൃംഖല കൂടുതല്‍ വിപുലീകരിക്കുകയും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതി നടപ്പാക്കുന്നത്.



