Thursday, June 18, 2026
Home Blog Page 162

ഗാസയില്‍ നിന്നും പലായനം ചെയ്യാന്‍ പലസ്തീനികളെ നിര്‍ബന്ധിക്കരുതെന്ന്ആന്റണി ബ്ലിങ്കന്‍

0

പലസ്തീന്‍ സ്വദേശികളെ ഗാസയില്‍ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. സാഹചര്യം അനുവദിക്കുമെങ്കില്‍ വീടുകളിലേക്ക് മടങ്ങാന്‍ ജനങ്ങളെ അനുവദിക്കണം എന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ഗാസ യുദ്ധം പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലേക്ക് വേഗത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി.ഹമാസ് ഉപമേധാവി സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷസാഹചര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തിലാണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം.

ഖത്തറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് സമാധാനശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഗാസ യുദ്ധം മേഖലയില്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കും എന്ന് ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കിയത്. കൂടുതല്‍ അരക്ഷിതമായ സഹാചര്യങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ എളുപ്പമാണെന്നും ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി. പലസ്തീനികളെ ഗാസയ്ക്ക് പുറത്ത് മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കണം എന്ന ചില ഇസ്രയേല്‍ മന്ത്രിമാരുടെ പ്രസ്താവനയ്ക്ക് എതിരെയും ബ്ലിങ്കന്‍ രംഗത്ത് എത്തി. പലസ്തീനികളെ ഗാസയില്‍ തന്നെ തുടരാന്‍ അനുവദിക്കണം എന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും ഈജിപ്തിലും ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തും.

ഇതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 250-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഗാസയിലെ ജനങ്ങള്‍ക്ക് തണുക്കുന്നു: ജാക്കറ്റുകള്‍ എത്തിക്കാന്‍ യുഎഇ

0

ഗാസയിലെ ജനങ്ങള്‍ക്ക് ശൈത്യകാലത്തെ നേരിടുന്നതിന് സഹായം എത്തിക്കാന്‍ യുഎഇ ഒരുങ്ങുന്നു. ജാക്കറ്റുകളും,ബ്ലാങ്കറ്റുകളും ആണ് എത്തിച്ച് നല്‍കുക. നാല് ലക്ഷത്തിലധികം ജാക്കറ്റുകള്‍ യുഎഇ ഗാസയില്‍ എത്തിക്കും. ഗാസ മുനമ്പില്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും താത്കാലിക കൂടാരങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് പലസ്തീനികളുടെ ദുരിതം ശൈത്യം എത്തിയതോടെ ഇരട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ശൈത്യകാലത്തെ നേരിടുന്നതിനുള്ള വസ്ത്രങ്ങള്‍ യുഎഇ എത്തിച്ച് നല്‍കുന്നത്.

നാല് ലക്ഷത്തിലികം ജാക്കറ്റുകള്‍ ഉടന്‍ യുഎഇ ഗാസയില്‍ എത്തിക്കും. ഈജിപ്തില്‍ നിര്‍മ്മിച്ച ജാക്കറ്റുകള്‍ അല്‍ അരിഷില്‍ ആണ് എമിറേറ്റ്‌സ് റെഡ്‌ക്രെസന്റ് വിതരണത്തിനായി നല്‍കുക. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മുഴുവന്‍ പൂര്‍ത്തിയായതായി എമിറേറ്റ്‌സ് റെഡ്‌ക്രെസന്റ് അറിയിച്ചു. ഇത് കൂടാതെ ബ്ലാങ്കറ്റുകളും, ഹീറ്ററുകളും,തണുക്കാലത്ത് ഉപയോഗിക്കുന്ന കൈയ്യുറകളും യുഎഇ ഗാസയിലേക്ക് എത്തിക്കും.

തണുക്കാലത്തെ നേരിടുന്നതിനുള്ള പതിനഞ്ച് ലക്ഷത്തോളം വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും യുഎഇ നേരത്തെ ഗാസയില്‍ എത്തിച്ച് നല്‍കിയിരുന്നു. ഇതുവരെ 9296 ടണ്‍ സഹായം ആണ് യുഎഇ 121 ലോറികളിലും 120 വിമാനങ്ങളിലുമായി ഗാസയിലെ ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നത്. റഫാ അതിര്‍ത്തിക്ക് സമീപത്ത് ഈജിപ്തില്‍ എമിറേറ്റ്‌സ് റെഡ്‌ക്രെസന്റ് സഹായവസ്തുക്കള്‍ ശേഖരിക്കുന്നതിനായി വെയര്‍ഹൗസ് തുറന്നിട്ടുണ്ട്.

ദുബൈയില്‍ യാത്രക്കാര്‍ 100 ദശലക്ഷം കവിയും:വിമാനത്താവളത്തില്‍ നവീകരണം

0

ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം നൂറുദശലക്ഷം കടക്കുമെന്ന് വിലയിരുത്തല്‍. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുകയാണ്. 120 ദശലക്ഷം യാത്രക്കാരെ കൈര്യം ചെയ്യാന്‍ കഴിയും വിധത്തിലാണ് ശേഷി വര്‍ദ്ധിപ്പിക്കുന്നത്.പ്രതിവര്‍ഷം നൂറ് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാണ് ദുബൈ രാജ്യാന്തരവിമാനത്താവളത്തിന് നിലവില്‍ ശേഷിയുള്ളത്. ഈ വര്‍ഷം തന്നെ പൂര്‍ണ്ണശേഷിയിലേക്ക് യാത്രക്കാരുടെ എണ്ണം ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യാന്തര ഏവിയേഷന്‍ അനലിസ്റ്റായ ക്യാപയുടെ പഠനത്തില്‍ ആണ് ദുബൈ വിമാനത്താവളത്തില്‍ ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം നൂറ് ദശലക്ഷത്തിലേക്ക് ഉയരും എന്ന് പറയുന്നത്. ഇസ്താംബുള്‍, പാരിസ്, ന്യൂയോര്‍ക്ക്,ടോക്കിയോ തുടങ്ങിയ നഗരങ്ങളും നൂറ് ദശലക്ഷം യാത്രക്കാരുടെ ക്ലബിലേക്ക് ഈ വര്‍ഷം ഉയരും എന്നും ക്യാപയുടെ പഠനത്തില്‍ പറയുന്നുണ്ട്. കോവിഡിന് ശേഷം ലോകത്താകമാനം വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ന് ശേഷം ദുബൈ രാജ്യാന്തരവിമാനത്താവളത്തിലും യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി.

2024-ല്‍ ഇത് റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക് ഉയരും എന്നാണ് ദുബൈ എയര്‍പോര്‍ട്‌സും പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ വര്‍ദ്ധിക്കുന്ന തിരക്ക് കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നവീകരണപ്രവര്‍ത്തനങ്ങള്‍ ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്. പ്രതിവര്‍ഷം 120 ദശലക്ഷം യാത്രക്കാര്‍ എന്നതാണ് നിലവിലെ ലക്ഷ്യം. യാത്രക്കാരുടെ എണ്ണം 120 ദശലക്ഷവും കടന്നാല്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുമെന്ന് ദുബൈ എയര്‍പോര്‍ട്‌സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് വ്യക്തമാക്കിയിട്ടുണ്ട്.

ഷാര്‍ജ വിമാനത്താവളത്തില്‍ 240 കോടി ദിര്‍ഹത്തിന്റെ നവീകരണം

0

ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നടപ്പാക്കുന്ന നൂറ്റിയിരുപത് കോടി ദിര്‍ഹത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.പ്രതിവര്‍ഷം രണ്ടുകോടി യാത്രക്കാരെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തെ സജ്ജമാക്കുന്നതിനാണ് നവീകരണം.
യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് ഷാര്‍ജ രാജ്യാന്തരവിമാനത്താവളത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ആകെ 240 കോടി ദിര്‍ഹം ചിലവില്‍ 1,90000 ചതുരശ്രമീറ്ററില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വികസനം നടപ്പാക്കുന്നത്. ഇതില്‍ 120 കോടി ദിര്‍ഹത്തിന്റെ ആദ്യഘട്ടം ആണ് ആരംഭിച്ചിരിക്കുന്നത്. 2027-ല്‍ വിമാനത്താവള വിപൂലീകരണം പൂര്‍ത്തിയാക്കാന്‍ കഴിയും വിധത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ഇരുപത് ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയും വിധത്തില്‍ ആണ് വിമാനത്താവള ടെര്‍മിനല്‍ അടക്കം നവീകരിക്കുന്നത്.

ബോര്‍ഡിംഗ് ഗെയ്റ്റുകളും ഇമിഗ്രേഷന്‍ കൗണ്‍റുകളും എല്ലാം ഏറ്റവും അധികമാക്കി മാറ്റും. സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌കുകളും ഇലക്ട്രോണിക് ബോര്‍ഡിംഗ് ഗേറ്റുകളും നിര്‍മ്മിക്കാനാണ് പദ്ധതി. ഷാര്‍ജ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ഇരുപത്തിയഞ്ച് ശതമാനത്തോളം വര്‍ദ്ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.


ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി; പ്രതികളെ വെറുതെ വിട്ട നടപടി സുപ്രിം കോടതി റദ്ദാക്കി

0

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷയായ ബഞ്ചിനേതാണ് ഉത്തരവ്. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കോടതി നിരീക്ഷിച്ചു. ഗുജറാത്ത് സർക്കാരിന് മേൽ കോടതി രൂക്ഷമായ വിമർശനം ആണ് ഉന്നയിച്ചത്.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കംസമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നൽകുന്നതിൽ പ്രധാനമാണ് എന്ന് കോടതി നിരീക്ഷിച്ചു. സാമൂഹ്യ പ്രവർത്തകർ കക്ഷി ചേർന്നത് അംഗീകരിച്ച കോടതി ശിക്ഷയിളവ് നൽകുന്നതിനു മുൻപ് വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു എന്ന് പ്രസ്താവത്തിൽ പറഞ്ഞു. ശിക്ഷ വിധിച്ച കോടതി നിലനിൽക്കുന്ന സംസ്ഥാനത്തെ സർക്കാരിനാണ് ഇതിൽ തീരുമാനം എടുക്കാൻ അവകാശം. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിന്റെ പരിധിയിലുള്ള സർക്കാരിന് മാത്രം തീരുമാനം കൈക്കൊള്ളാനാവില്ല എന്നും കോടതി നിരീക്ഷിച്ചു.

സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾ മോചിതരായത്. 2008ലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. തുടർന്ന് പ്രതികളിലൊരാളായ രാധേശ്യാം ഷാ താൻ 15 വർഷവും നാല് മാസവും ജയിലിൽ കഴിഞ്ഞുവെന്നും മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാധേശ്യാമിന്റെ വിഷയം പരിശോധിക്കാൻ കോടതി ഗുജറാത്ത് സർക്കാറിന് നിർദേശം നൽകി. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് സർക്കാർ മുഴുവൻ പ്രതികളേയും മോചിപ്പിക്കുകയായിരുന്നു.

2002 ഗുജറാത്ത് വംശഹത്യക്കിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

നിര്‍ണ്ണായകനീക്കം: നാസയുടെലൂണാര്‍ ഗെയ്റ്റ്‌വേ നിര്‍മ്മാണത്തില്‍ യുഎഇയുടെ പങ്കാളിത്തവും

0


നാസയുടെ ആര്‍ട്ടിമിസ് പദ്ധതിയുടെ ഭാഗമായി പുതിയ ബഹിരാകാശനിലയം നിര്‍മ്മിക്കുന്നതില്‍ യുഎഇയും. ബഹിരാകാശനിലയത്തിനായി പത്ത് ടണ്‍ ഭാരമുള്ള മൊഡ്യൂള്‍ യുഎഇ നിര്‍മ്മിക്കും. ചന്ദ്രനെ വലം വെയ്ക്കുന്ന ഈ നിലയത്തിലേക്ക് ഇമാറാത്തികളെയും യുഎഇ അയക്കും. ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ചന്ദ്രനെ വലംവെയ്ക്കുന്ന ലൂണാര്‍ ഗെയ്റ്റ്‌വേ എന്ന ബഹിരാകാശനിലയം നിര്‍മ്മിക്കുന്നത്. ഈ പദ്ധതിയില്‍ ഭാഗമാകുന്നതിനാണ് യുഎഇയും അമേരിക്കയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കാനും തിരികെ ഇറങ്ങാനുമുള്ള എയര്‍ടൈറ്റ് റൂം ആണ് യുഎഇ എഞ്ചിനിയര്‍മാര്‍ നിര്‍മ്മിച്ച് നല്‍കുക.

ചരിത്രപരമായ കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങളില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും പങ്കെടുത്തു. യുഎഇയെ പ്രതിനിധീകരിച്ച് ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററും അമേരിക്കയെ പ്രതിനിധീകരിച്ച് നാസയും തമ്മിലാണ് കരാര്‍. ചന്ദ്രനെ വലംവെയ്ക്കുന്ന ആദ്യ ബഹിരാകാശനിലയം ആണ് ലൂണാര്‍ ഗെയ്റ്റ്‌വേ. 2028ഓട് കൂടി ലൂണാര്‍ ഗെയ്റ്റ്‌വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നാസയുട പദ്ധതി. കരാര്‍ പ്രകാരം ലൂണാര്‍ ഗെയ്റ്റ്‌വേയില്‍ യുഎഇയ്ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യവും ഉണ്ടാകും.

യുഎഇയുടെ സഞ്ചാരികളെ ഈ ബഹിരാകാശനിലയത്തിലേക്ക് അയക്കാനും സാധിക്കും. ഇതിലൂടെ നാസയുടെ ഭാവി ചാന്ദ്രദൗത്യങ്ങളിലും യുഎഇക്ക് പങ്കാളികളാകാന്‍ കഴിയും. ബഹിരാകാശ ഗവേഷണ പര്യവേഷണ രംഗത്ത് യുഎഇ നടത്തുന്ന സുപ്രധാന ചുവടുവെയ്പാണ് ലൂണാര്‍ ഗെയ്റ്റ്‌വേയിലെ പങ്കാളിത്തം. നാസയ്ക്ക് ഒപ്പം യൂറോപ്യന്‍ കനേഡിയന്‍ സ്‌പെയ്‌സ് ഏജന്‍സികളും ലൂണാര്‍ ഗെയ്റ്റുവേയില്‍ പങ്കാളികലാണ്.

ദുബൈ ഉംസുഖീം സ്ട്രീറ്റ് വികസനത്തിന് 332 ദശലക്ഷത്തിന്റെ കരാര്‍

0

ദുബൈ ഉംസുഖീം സ്ട്രീറ്റിന്റെ വികസനത്തിന് 332 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ നല്‍കിയെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. എണ്ണൂറ് മീറ്റര്‍ നീളമുള്ള ടണല്‍ അടക്കമാണ് പദ്ധതി. 4.6 കിലോമീറ്റര്‍ ദൂരത്തിലാണ് വികസനപദ്ധതി നടപ്പാക്കുന്നത്.
ഉംസുഖീം സ്ട്രീറ്റില്‍ അല്‍ഖൈല്‍ റോഡ് ഇന്റര്‍സെക്ഷന്‍ മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെയുള്ള ഭാഗത്താണ് വികസന പദ്ധതി നടപ്പാക്കുന്നത്. ഷെയ്ഖ് സായിദ് റോഡ്, അല്‍ഖൈല്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നി നാല് പ്രധാനപാതകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഉംസൂഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ലക്ഷ്യം.

ഇരുവശത്തേക്കുമായി മണിക്കൂറില്‍ പതിനാറായിരം വാഹനങ്ങള്‍ കടന്നുപോകും വിധത്തില്‍ ഉംസുഖീം സ്ട്രീറ്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. ഷെയ്ഖ് മുഹമ്മദ് സായിദ് റോഡില്‍ നിന്നും അല്‍ഖൈല്‍ റോഡില്‍ എത്താന്‍ എടുക്കുന്ന സമയം 9.7 മിനുട്ടില്‍ നിന്നും 3.8 മിനുട്ടായി ചുരുക്കും. അല്‍ബര്‍ഷ സൗത്തില്‍ എണ്ണൂറ് മീറ്റര്‍ നീളത്തില്‍ ടണലും നിര്‍മ്മിക്കും. ഇരുവശത്തും നാല് വീതം ലെയ്‌നുകള്‍ ഉള്ളതാണ് ടണല്‍. രണ്ട് പുതിയ പാലങ്ങളും മൂന്ന് നടപ്പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

ഇരുവശത്തേക്കുമായി മൂന്ന് വീതം ലെയ്‌നുകള്‍ ഉള്ളതാണ് പാലങ്ങള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എമിറേറ്റിലെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്.

ഇസ്രയേല്‍ ഹമാസ് യുദ്ധം നാലാം മാസത്തിലേക്ക്‌

0

ആയിരങ്ങളുടെ ജീവനെടുത്ത ഇസ്രയേല്‍-ഹമാസ് യദ്ധം ആരംഭിച്ചിട്ട് ഇന്ന് മൂന്ന് മാസം. ഇരുപത്തിരണ്ടായിരത്തിലധികം പേരാണ് ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്. ഗാസയ്ക്ക് പുറത്ത് വെസ്റ്റ് ബാങ്കിലും ശക്തമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം നടത്തുന്നത്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം ആയിരങ്ങളുടെ ജീവനെടുത്ത് തുടരുകയാണ്. ഹമാസ് ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം 22722 പേരാണ് ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്. മരിച്ചവരില്‍ എഴുപത് ശതമാനത്തോളവും സ്ത്രീകളും പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവരും ആണെന്നും പലസ്ഥാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.അറുപതിനായിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്.

യുദ്ധം മൂന്ന് മാസം പിന്നിടുമ്പോഴേക്കും ഇരുപത് ലക്ഷത്തിലധികം വരുന്ന ഗാസയിലെ ജനങ്ങള്‍ക്ക് വീടുകള്‍ വിട്ടോടേണ്ടിവന്നു. ഈജിപിത് അതിര്‍ത്തിയിലാണ് ഇതില്‍ വലിയൊരുശതമാനവും കഴിയുന്നത്. തണുകൂടി വര്‍ദ്ധിച്ചതോടെ റഫാ അതിര്‍ത്തിക്ക് സമീപത്തെ കൂടാരങ്ങളില്‍ കഴിയുന്നവരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ശേഷം വെസ്റ്റ് ബാങ്കില്‍ മുന്നൂറിലധികം പേര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹമാസ് നേതാവ് സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തിന് പിന്നാലെ
മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. ഒരാഴ്ച്ചയോളം ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ തുടരും എന്നാണ് വിവരം.

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വന്നേക്കും

0


ബഹ്‌റൈനില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ നീക്കം. ഇത് സംബന്ധിച്ച ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നാട്ടിലേക്ക് അയക്കുന്ന തുകയുടെ മൂന്ന് ശതമാനം വരെ നികുതി ചുമത്താനാണ് തീരുമാനം.കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് യോഗം ആണ് നികുതി ബില്ലിന് അംഗീകാരം നല്‍കിയത്. ഇരുനൂറ് ബഹറൈനി ദിനാറില്‍ കുറവാണ് നാട്ടിലേക്ക് അയക്കുന്നതെങ്കില്‍ ഒരു ശതമാനം ആയിരിക്കും നികുതി. 201 ദിനാര്‍ മുതല്‍ നാനൂറ് ദിനാര്‍ വരെ രണ്ട് ശതമാനവും നികുതി ഏര്‍പ്പെടുത്തും.

നാനൂറ് ദിനാറിന് മുകളില്‍ നാട്ടിലേക്ക് അയച്ചാല്‍ മൂന്ന് ശതമാനം ആയിരിക്കും നികുതി. നികുതി ബില്‍ ശൂറ കൗണ്‍സലിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്. ശൂറാ കൗണ്‍സിലിലും നികുതി ബില്ലിന് അംഗീകാരം ലഭിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും.


ബഹ്‌റൈന്‍ ഭരണകൂടത്തിന് പ്രവാസികള്‍ക്ക് നികുതി ചുമത്തുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ശൂറ കൗണ്‍സിലിലും ബില്ലിന് അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാരിന് നടപ്പാക്കേണ്ടിവരും. ബഹ്‌റൈനിലെ മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയോട് കൂടിയാണ് നികുതി ബില്ലിനെ നോക്കി കാണുന്നത്. ബഹ്‌റൈന്‍ ചേംബറും ബഹ്‌റൈന്‍ ബിസിനസ് മെന്‍ അസോസിയേഷനും നികുതി ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്

പാല്‍രാജ് കരുതിക്കൂട്ടി ആക്രമിച്ചത്; വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി

0

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ച പ്രതി പാൽരാജിനു മേൽ വധശ്രമക്കുറ്റം ചുമത്തി. കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെ പ്രതി സ്ഥലത്ത് എത്തിയെന്നാണ് എഫ്ഐആർ. ആയുധവുമായി എത്തിയ പാൽരാജ് മനപൂർവം പ്രകോപനമുണ്ടാക്കി. പ്രതിക്ക് പെൺകുട്ടിയുടെ അച്ഛനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നെന്നും ഇതിനായി പാല്‍രാജ് കയ്യില്‍ ആയുധം കരുതിയെന്നുമാണ് എഫ്ഐആറിലുള്ളത്.

പെണ്‍കുട്ടിയുടെ അച്ഛന്‍റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലുമാണ് പരുക്കേറ്റത്. മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് കുത്തിയെന്നാണ് എഫ്ഐആറിലുള്ളത്. അതേസമയം, പിടിയിലായ പാല്‍രാജിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ന് നടക്കും.വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അർജുൻ്റെ ബന്ധുവാണ് പാൽരാജ്.

പരുമല ജംഗ്ഷനിലൂടെ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുമ്പോൾ പാല്‍രാജ് ചില അശ്ലീല ആംഗ്യങ്ങള്‍ കാട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനൊടുവില്‍ പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയായിരുന്നു. കുത്തേറ്റ ഉടന്‍ തന്നെ നാട്ടുകാർ ഓടി കൂടി. വണ്ടിപെരിയാര്‍ സർക്കാർ ആശുപത്രിയിലെത്തിച്ചു.

ഇരുകാലുകളുടെയും തുടക്കാണ് പരിക്കേറ്റത്. നെഞ്ചത്തും ചെറിയ പരുക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരുക്കുണ്ട്. കുട്ടിയുടെ അച്ഛന്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പീരുമേടില്‍ നിന്നാണ് പാല്‍രാജിനെ പൊലീസ് പിടികൂടിയത്.