Thursday, June 18, 2026
Home Blog Page 161

പ്രതികളെ ഉടൻ പിടികൂടണം; തിരുവല്ലത്തെ ഷഹാനയുടെ കുടുംബം സത്യഗ്രഹത്തിലേക്ക്

0

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കുടുംബം നാളെ മുതല്‍ സത്യാഗ്രഹമിരിക്കും. പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെക്രട്ടിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. ഷഹാനയുടെ ഭർത്താവ് നൗഫലും ഭർതൃമാതാവുമാണ് കേസിലെ പ്രതികൾ.

വിഷയത്തില്‍ ഷഹാനയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് സത്യഗ്രഹസമരം. കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥൻ സഹായം ചെയ്തതായി സി.ഐ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിവരം ചോര്‍ത്തി നല്‍കി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇയാള്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് വിലയിരുത്തല്‍. പിന്നാലെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. ഷഹാനയുടെ ഭർത്താവ് നൗഫലും ഭർതൃമാതാവും ഒളിവിലാണ്.

നെടുമ്പാശ്ശേരിയും കരിപ്പൂരിലും കോടികളുടെ സ്വർണ്ണവേട്ട, വിമാനത്തിന്റെ ശുചിമുറിയിൽ സ്വർണ്ണം

0

നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ വൻ സ്വർണ വേട്ട. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെത്തി. ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കരിപ്പൂർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റിലെ ഡസ്റ്റ് ബിൻ കാബിനിൽ ഒളിപ്പിച്ച നിലയിൽ ടേപ്പു കൊണ്ട് പൊതിഞ്ഞ 3317 ഗ്രാം ഭാരമുള്ള രണ്ട് സ്വർണ പാക്കറ്റുകൾ കണ്ടെത്തിയത്. 3264 ഗ്രാം ഭാരം ഉള്ള 28 സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഇതിന് രണ്ട് കോടി രൂപ മൂല്യമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. സ്വർണം കടത്താൻ ശ്രമിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അന്വേഷണം ആരംഭിച്ചു.

നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവും പിടിച്ചു. പേഴ്സിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച വിദേശി നെടുമ്പാശേരിയിൽ കസ്റ്റംസ് പിടിയിലായി. ജപ്പാൻ സ്വദേശി ഷിക്കാമ ടാക്കിയോയാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നുമെത്തിയ ഇയാൾ ഗ്രീൻചാനലിലൂടെ കടക്കാൻ ശ്രമച്ചു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഏഴ് ബിസ്കറ്റുകളുടെ രൂപത്തിലുള്ള 472 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്ക്രീനിങ്ങിൽ തിരിച്ചറിയാതിരിക്കാൻ കറുത്ത നിറമുള്ള കടലാസുകളും മറ്റുമുപയോഗിച്ച് പൊതിഞ്ഞ ശേഷമാണ് തോളിൽ സൂക്ഷിച്ചിരുന്ന ബാഗിലെ പേഴ്സിൽ ഒളിപ്പിച്ചത്.

ഇത്തരത്തിലുള്ള സ്വർണക്കടത്ത് പിടികൂടുന്നതിന് കസ്റ്റംസ് മറ്റ് ഏജൻസികളെയും എയർലൈൻസ് ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം 376 കേസുകളിലായി 172.19 കോടിയുടെ സ്വർണക്കടത്താണ് കസ്റ്റംസ് പിടികൂടിയത്.

ഗാസ യുദ്ധം: ആന്റണി ബ്ലിങ്കന്‍ ടെല്‍അവീവില്‍ എത്തി

0

പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യത്തില്‍ അയവുവരുത്തുന്നതിനായി മേഖലയില്‍ പര്യടനം നടത്തുന്ന അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലില്‍ എത്തി. ഗാസയില്‍ നടത്തുന്ന ആക്രമണത്തിന്റെ തീവ്രതയില്‍ കുറവ് വരുത്തണം എന്ന് ബ്ലിങ്കന്‍ ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ട്.ഇതിനിടെ ഗാസയിലെ അല്‍അഖ്‌സ ആശുപത്രിയില്‍ മാത്രം അന്‍പത്തിയേഴ് പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.യുഎഇ,സൗദി അറേബ്യ,ഖത്തര്‍,ജോര്‍ദ്ദാന്‍, തുര്‍ക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ആണ് ആന്റണി ബ്ലിങ്കന്‍ ടെല്‍അവീല്‍ എത്തിയിരിക്കുന്നത്.

യുഎഇയും സൗദിയും ഖത്തറും അടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി ഗാസയുദ്ധവും അത് മേഖലയിലാകെ സൃഷ്ടിച്ചിരിക്കുന്ന സംഘര്‍ഷസാഹചര്യവും ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇസ്രയേലിലേക്ക് ബ്ലിങ്കന്‍ എത്തിയിരിക്കുന്നത്. ഹമാസ് നേതാവിന്റെ കൊലപാതകത്തിന് ശേഷം മേഖലയില്‍ യൂദ്ധം പശ്ചിമേഷ്യയുടെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കുകയാണ് ബ്ലിങ്കന്റെ സന്ദര്‍ശനം ലക്ഷ്യം എന്നാണ് വിശദീകരണം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ രാജ്യാന്തരതലത്തിലുള്ള പ്രതിഷേധങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

ഗാസയിലെ ആക്രമണത്തിന്റെ തീവ്രതകുറയ്ക്കണം എന്നും സാധാരണക്കാര്‍ യുദ്ധത്തിന്റെ ഇരകളാകുമെന്ന് ഒഴിവാക്കണം എന്നും അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെടുന്നുണ്ട്. യുദ്ധത്തിന്റെ രീതി മാറ്റണം എന്ന ആവശ്യം ആന്‍ണി ബ്ലിങ്കന്‍ ഇസ്രയേല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ മുന്നോട്ട് വെച്ചേക്കും. ഇതിന് ഇസ്രയേല്‍ വഴങ്ങുമോ എന്ന് വ്യക്തമല്ല. ഹമാസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കും വരെ പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിമൂവായിരത്തിലധികം പേരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ ഗാസയില്‍ കൊല്ലേെപ്പട്ടത്. ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഘട്ടത്തിലും ഡസന്‍കണക്കിന് പേരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെടുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

0

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് നടപടി. ഇന്ന് പുലര്‍ച്ചെ അടൂരിലെ രാഹുലിന്റെ വീട്ടിലെത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. കൻ്റോൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ച രാഹുലിനെ കോടതിയിൽ ഹാജരാക്കും.

നവകേരളയാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എം.എൽ.എ, എം.വിൻസെന്റ് എന്നീ കണ്ടാലറിയുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നേരെത്ത കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നേതാക്കൾക്കെതിരായ നടപടി ആദ്യമാണ്.

പുലര്‍ച്ചെ വീട്ടില്‍ കയറിയുള്ള പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും ഭീകരവാദിയെ പിടിക്കുന്നതുപോലെയുള്ള നീക്കമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഡിസംബറില്‍ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി ഡി സതീശന്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

ജര്‍മ്മനിയുടെ ഇതിഹാസ ഫുട്ബാളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

0

കളിക്കാരനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം സമ്മാനിച്ച ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍(78) അന്തരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1945 സെപ്റ്റംബര്‍ 11നു ജര്‍മ്മനിയിലെ മ്യൂണിക്കിലാണ് ബക്കന്‍ ബോവര്‍ ജനിച്ചത്. കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയിലാണ് കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബെക്കന്‍ ബോവര്‍ പ്രതിരോധനിരയിലാണ് തിളങ്ങിയത്. ബോവര്‍ ഫുട്ബോളില്‍ ജർമനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്.

ആധുനിക ഫുട്ബോളിലെ ‘സ്വീപ്പർ’ പൊസിഷന് കൂടുതൽ പ്രാധാന്യം കൈവന്നത് ബെക്കൻബോവറിന്‍റെ ശൈലിയിൽ നിന്നാണ്. രണ്ടുതവണ യൂറോപ്യൻ ഫുട്ബോളർ ആയി തെരഞ്ഞെടുക്കപ്പെട്ട ബെക്കൻ ബോവർ പശ്ചിമ ജർമ്മനിക്കായി 103 മത്സരങ്ങള്‍ കളിച്ചു. 1974ല്‍ ക്യാപ്റ്റനായും 1990ല്‍ പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് കിരീടം സമ്മനിച്ചു.

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

0

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരനായ ശ്രേയസ്. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ വർഷം ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു.

ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് വിവാഹ സല്‍ക്കാരം. സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദം നേടി. ഗോകുല്‍, മാധവ്, ഭാവ്നി, പരേതയായ ലക്ഷ്മി എന്നിവരാണ് സഹോദരങ്ങള്‍.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂര്‍ ജില്ല ജേതാക്കൾ; കോഴിക്കോട് രണ്ടാമത്

0

സ്കൂള്‍ കലോല്‍സവത്തിൽ കണ്ണൂർ ജില്ല ഓവറോൾ ജേതാക്കൾ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിനെ പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. മൂന്ന് പോയിന്‍റ് വ്യത്യാസത്തിലായിരുന്നു നേട്ടം. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വർണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വർഷത്തിന് ശേഷമാണ്.

അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോൾ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. ഇന്ന് 10 മത്സരങ്ങളിലെ പോയിന്റ് നിലയിൽ മുന്നേറാൻ സാധിച്ചതോടെയാണ് കണ്ണൂര്‍ ജില്ല കിരീടം സ്വന്തമാക്കിയത്. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.

ജയപരാജയങ്ങൾ കലാപ്രവർത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങിൽ നടൻ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. അടുത്തവ‍ർഷം മുതൽ കലോത്സവം പുതിയ മാനുവൽ അനുസരിച്ചാവും നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മമ്മൂട്ടി മുഖ്യാതിഥിയായെത്തി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

കാറുകളുടെ അടിയില്‍ ഒളിച്ച് യുഎഇയിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമം. രണ്ട് പേര്‍ പിടിയില്‍

0


കാറുകളുടെ അടിയില്‍ ഒളിച്ച് യുഎഇയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് നുഴഞ്ഞുകയറ്റക്കാരെ ഷാര്‍ജയില്‍ പിടികൂടി. കാറുകളുടെ അടിയില്‍ നിര്‍മ്മിച്ച പ്രത്യേക അറയില്‍ ഒളിച്ചിരുന്നാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും നുഴഞ്ഞുകയറ്റക്കാരേയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്നും ഷാര്‍ജ കസ്റ്റംസ് അറിയിച്ചു.രണ്ട് എസ്.യു.വികളുടെ അടിഭാഗത്തുണ്ടാക്കിയ ഇടുങ്ങിയ അറയില്‍ ഒളിച്ചിരുന്നാണ് രണ്ടുപേര്‍ യുഎഇയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്.

അതിര്‍ത്തിചെക്ക് പെയിന്റില്‍ വാഹനം സ്‌കാന്‍ ചെയ്തപ്പോള്‍ ആണ് നുഴഞ്ഞുകയറ്റക്കാര്‍ വാഹനത്തിനടയില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. വാഹനങ്ങളുടെ പിന്‍ഭാഗത്താണ് ചെറിയ അറകള്‍ നിര്‍മ്മിച്ചിരുന്നത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബമ്പര്‍ പൊളിച്ച് നുഴഞ്ഞുകയറ്റക്കാരെ പുറത്ത് എത്തിക്കുകയായിരുന്നു. ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച ചെറിയ പെട്ടിയില്‍ തിരിയാന്‍പോലും അനങ്ങാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍ കിടന്നിരുന്നത്.ഷാര്‍ജ കസ്റ്റംസിന്റെ അത്യാധുനിക എക്‌സ്‌റേ സ്‌കാനറുകളില്‍ ആണ് നുഴഞ്ഞുകയറ്റക്കാര്‍ പതിഞ്ഞത്. ഏത് അതിര്‍ത്തി ചെക്ക് പോയിന്റില്‍ ആണ് നുഴഞ്ഞുകയറ്റക്കാര്‍ പിടിയിലായതെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല.

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശിനിയായ പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പന്നിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു അപകടം. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

പരിമളം രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. ആറ് കാട്ടാനകൾ ഉൾപ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയിൽ ഇറങ്ങിയത്. പരുക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

പുതുവർഷ ദിനത്തിൽ മൂന്നാര്‍ പെരിയവാരെ എസ്റ്റേറ്റില്‍ കാട്ടുകൊമ്പന്‍ പടയപ്പ റേഷന്‍കട തകർത്തിരുന്നു. കടയ്ക്കുള്ളില്‍ നിന്നും മൂന്ന് ചാക്ക് അരി ഭക്ഷിച്ചാണ് പടയപ്പ കാട് കയറിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേവികുളം ലോക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കടയും പടയപ്പ തകർത്തിരുന്നു. കന്നിമല എസ്റ്റേറ്റിൽ ലോവർ ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്. അർദ്ധരാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൃഷികൾ നശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി പടയപ്പ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വിഷയത്തില്‍ വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്ന് തോട്ടം തൊഴിലാളികൾ നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു.

സുരേഷ് ഗോപിക്ക് ആശ്വാസം, മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം

0

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം.

കരുവന്നൂർ വിഷയത്തിൽ സർക്കാരിനെതിരെ ജാഥ നയിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിച്ചിരുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പർശിക്കുക എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേര്‍ത്തു.