Thursday, June 18, 2026
Home Blog Page 160

34 വയസ്സ്, സ്വവർഗാനുരാഗി; ഗബ്രിയേൽ അറ്റൽ ഫ്രഞ്ച് പ്രധാനമന്ത്രി

0

ഫ്രാൻസിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ തെരഞ്ഞെടുത്ത് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോ. പ്രധാനമന്ത്രിയായിരുന്ന ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗബ്രിയേൽ അറ്റാലിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.

ഇതോടെ 34–ാം വയസിൽ ഫ്രാൻസിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അറ്റൽ മാറി. മുൻപ് പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഫ്രാങ്കോയിസ് മിത്തറാൻഡിന് പ്രായം 37 ആയിരുന്നു. 1984ലായിരുന്നു ഫ്രാങ്കോയിസ് മിത്തറാൻഡ് പ്രധാനമന്ത്രി പദവിയിലെത്തിയത്.

സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പരസ്യമായി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആളാണ് ഗബ്രിയേൽ. മാത്രമല്ല അടുത്തിടെ നടത്തിയ സർവേയിലെ ജനപ്രിയ രാഷ്ട്രീയക്കാരിലൊരാളായും ഗബ്രിയേൽ അറ്റലിനോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇമ്മാനുവൽ മക്രോയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് ഗബ്രിയേൽ അറ്റൽ അറിയപ്പെടുന്നത്. പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയതോടെ ജൂണിൽ നടക്കുന്ന സുപ്രധാനമായ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഫ്രഞ്ച് സർക്കാരിനെ നയിക്കാനുള്ള ചുമതല ഗബ്രിയേൽ അറ്റലിനായിരിക്കും.

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

0

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. രോഗബാധിതനായി കോമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുരേഷ്– വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു.

1995 ൽ പുറത്തിറങ്ങിയ ‘മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത’ ആണ് സുരേഷ്– വിനു കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. അതേ വർഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയിൽ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008 ൽ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയിൽ സിബിഐയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. ഭർത്താവുദ്യോഗം മറ്റൊരു ചിത്രമാണ്.

ഡോ. വന്ദന ദാസ് കൊലപാതകം; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഹൈക്കോടതിയിൽ സർക്കാർ

0

ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. രക്ഷിതാക്കളുടെ കൂടി നിർദേശം തേടുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നിലവിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്.

കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുകയായിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി.

വന്ദന ദാസിന്റെ മരണത്തിൽ സിബഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള പ്രതി സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ ഈ മാസം 18ന് ഹൈക്കോടതി അന്തിമ വാദം കേൾക്കും.

മരുന്ന് കിട്ടുന്നില്ലെന്നത് മാധ്യമങ്ങളുടെ തെറ്റായ പ്രചാരണം; കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടിയെന്നും ആരോഗ്യമന്ത്രി

0

ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മരുന്ന് കിട്ടുന്നില്ലെന്നത് മാധ്യമങ്ങളുടെ തെറ്റായ പ്രചാരണമാണെന്നും ഓരോ വർഷവും മരുന്നിനായി ആരോഗ്യവകുപ്പ് ചെലവാക്കുന്ന തുക കൂടുകയാണെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം 155 കോടി രൂപയുടെ അധികമരുന്നാണ് വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം വാങ്ങിയത് 622 കോടിയുടെ മരുന്നായിരുന്നു. ഇതിനുപുറമെ 150 കോടിയുടെ മരുന്നുകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നാഷ്ണൽ ഹെൽത്ത് മിഷൻ പദ്ധതിക്കായി കേന്ദ്രഫണ്ട് ലഭിക്കുന്നില്ല. 2023-2024 കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതം ഇതുവരെയും കിട്ടിയിട്ടില്ല. ഇക്കാരണത്താൽ എൻ.എച്ച്.എമ്മിന്റെ പ്രവർത്തനങ്ങൾ താളംതെറ്റി. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാനഫണ്ടും ഉപയോഗിച്ചാണ് എൻ.എച്ച്.എമ്മിന്റെ പ്രവർത്തനം. ഈ അനുപാതത്തിൽ വിവിധ പദ്ധതികൾക്കായി കേന്ദ്രം അനുവദിക്കേണ്ടത് 826.2 കോടിരൂപയാണ്. സംസ്ഥാനത്തിന്റെ വിഹിതം 550. 68 കോടിയും. ക്യാഷ് ഗ്രാൻഡായി കേന്ദ്രം അനുവദിക്കുന്നത് 371.20 കോടിയാണ്. നാലുഗഡുവായാണിത് ലഭിക്കേണ്ടത്. മൂന്നുഗഡു അനുവദിക്കേണ്ട സമയം കഴിഞ്ഞെന്നും ഇതുവരെ ഒരുഗഡുപോലും കിട്ടിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ വിഹിതം നൽകിക്കഴിഞ്ഞു. ഇത് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ട് മാസമായി എൻ.എച്ച്.എമ്മിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്. ആശാപ്രവർത്തകർക്കുള്ള ഇൻസന്റീവ്, ആരോഗ്യപ്രവർത്തകരുടെ ശമ്പളം എന്നിവ മുടങ്ങി. കേന്ദ്രവുമായി ആശയവിനിമയം നടത്തിയിരുന്നു. കോ ബ്രാൻഡിങ് എന്ന സാങ്കേതികത്വമാണ് കേന്ദ്രം പറയുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ലോഗോയ്ക്കൊപ്പം കേന്ദ്രത്തിന്റെ ലോഗോയും വെക്കുന്നതാണ് കോ ബ്രാൻഡിങ്. 99ശതമാനം കോ ബ്രാൻഡിങ് പ്രവൃത്തികളും കേരളം പൂർത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും വിഹിതം അനുവദിക്കുന്നില്ല. ആരോഗ്യ കേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേരിടാനുള്ള നിർദേശം പിന്നീട് ഡിസംബറിൽ വന്നു. ഭാഷ, സംസ്കാരം എന്നിവയെ ബാധിക്കുമെന്നതിനാൽ ഇത് അംഗീകരിക്കാൻ കഴിയില്ല. പേര് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതാവാം തുക അനുവദിക്കാത്തതിനുള്ള കാരണമെന്നും വീണാജോർജ്ജ് വ്യക്തമാക്കി.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു; പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു

0

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുത്തു. പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടു. നാളെ വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.

53 ബിഷപ്പുമാരാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാൻ അനുമതി. ആദ്യ മൂന്ന് റൗണ്ടിൽ തന്നെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാലാ അതിരൂപത ബിഷപ്പിന് ലഭിച്ചെന്നാണ് സൂചന.പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്താൻ ആറ് റൗണ്ട് വോട്ടെടുപ്പാണ് നടന്നത്.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗവുമായി വർഷങ്ങളോളം നീണ്ട് നിന്ന ഏറ്റുമുട്ടലിനുമൊടുവിൽ പടിയിറങ്ങിയ കർദ്ദിനാൾ മാർ ജോജ്ജ് ആല‌ഞ്ചേരിയുടെ പിൻഗാമിയെ കണ്ടെത്താനാണ് സിനഡ് സമ്മേളിച്ചത്.

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

0

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പൊലീസ് പിടിയിലായി. മലപ്പുറം ജില്ലയിൽ നിലമ്പൂരിന് അടുത്ത് അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബില(28) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി നിരവധി പേര്‍ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കാനഡയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷറായി ജോലി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ഷിബിലക്കെതിരെ പോലീസ് കേസെടുത്തിരുന്നു. റിസർവ് ബാങ്കിൽ ജോലിയുണ്ട് എന്ന് ബന്ധുക്കളേയും നാട്ടുകാരേയും ഇവർ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ വ്യവസായിയോട് റിസർവ്വ് ബാങ്കിൽ നിന്നും വൻ തുക വായ്പ വാങ്ങി തരാമെന്ന് വാഗ്ദാനം നൽകി പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസർവ് ബാങ്ക് ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കിയത്. വ്യവസായി കോടതിയിൽ പരാതി നൽകുകയും പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി യുവതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പോലീസും ചേർന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മോദിക്കൊപ്പം റോഡ് ഷോ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയില്‍

0

ഔദ്യോഗിക സന്ദര്‍ശനത്തിനായ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അഹമ്മദാബാദില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് അഹമ്മദാബാദില്‍ റോഡ് ഷോയും നടത്തി. ഇന്ന് ആരംഭിച്ച് ജനുവരി പതിമൂന്ന് വരെ നീണ്ടുനില്‍ക്കുന്ന വെബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായിട്ടാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അഹമ്മദാബാദില്‍ എത്തിയത്.

സര്‍ദാര്‍ വല്ലഭാവി പട്ടേല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വീകരിച്ചു.തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ഗാന്ധി ആശ്രമം വരെ ഇരുവരും ചേര്‍ന്ന് റോഡ്‌ഷോയും നടത്തി. ആയിരക്കണക്കിന് പേരാണ് ഇരുനേതാക്കളേയും അഭിവാദ്യം ചെയ്യാന്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയത്.ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളിലും യുഎഇ പ്രസിഡന്റ്
ഇന്ത്യ സന്ദര്‍ശനത്തിന് ഒപ്പുവെച്ചു. ഇതിനും ഇരുനേതാക്കളും സാക്ഷികളായി.


അബുദബി ഉപഭരണാധികാരിയും ദേശീയസുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അടങ്ങിയ ഉന്നതതലപ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് ഒപ്പം ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. വൈബ്രന്റ് ഗുജറാത്തിന്റെ പത്താം പതിപ്പിന് ആണ് ഇന്ന് അഹമ്മദാബാദില്‍ തുടക്കമായത്.

ദുബൈ മുന്‍സിപ്പാലിറ്റി പാര്‍ക്കുകളില്‍ നോല്‍ കാര്‍ഡില്‍ പ്രവേശനം അവസാനിപ്പിച്ചു

0

ദുബൈയിലെ പബ്ലിക് പാര്‍ക്കുകളില്‍ നോല്‍കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശനം നിര്‍ത്തി. പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആണ് മാറ്റം.
ദുബൈയിലെ ഭൂരിഭാഗം പൊതുപാര്‍ക്കുകളിലും നോല്‍കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശനം നിര്‍ത്തിയതായാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദുബൈ മുന്‍സിപ്പാലിറ്റിയും ടെലികോം സേവനദാതാക്കളായ ഡുവും തമ്മില്‍ പുതിയ പേയ്‌മെന്റ് സംവിധാനത്തിന് കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് നോല്‍ കാര്‍ഡ് ഒഴിവാക്കപ്പെട്ടത്. പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കരാര്‍. പാര്‍ക്കില്‍ പ്രവേശിക്കുന്നവരുടെ തിരിച്ചറിയല്‍ കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനം. പണം നല്‍കിയോ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ പുതിയ സംവിധാനപ്രകാരം പ്രവേശന ടിക്കറ്റ് എടുക്കാം.

നോല്‍കാര്‍ഡ് സ്‌കാനര്‍ മെഷിനുകള്‍ക്ക് പകരം പുതിയ മെഷിനുകള്‍ പാര്‍ക്കുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. അല്‍സഫ പാര്‍ക്ക് അടക്കമുള്ള പാര്‍ക്കുകളല്‍ നേരത്തെ തന്നെ സ്മാര്‍ട്ട് പേയ്‌മെന്റ് സംവിധാനം ഉണ്ട്. ഇത്തരം പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് സാംസങ് പേ,ഗൂഗിളില്‍ പേ, ആപ്പിള്‍ പേ എന്നിവ ഉപയോഗിച്ച് പ്രവേശനടിക്കറ്റ് സ്വന്തമാക്കാം.

ദുബൈ റോഡുകള്‍ക്ക് പൊതുജനങ്ങള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാം

0

ദുബൈയിലെ റോഡുകള്‍ക്ക് പേരുകള്‍ നല്‍കുന്നിന് പുതിയ രീതി അവലംബിച്ച് മുന്‍സിപ്പാലിറ്റി. പ്രാദേശിക മരങ്ങളുടെയും ചെടികളുടെയും പേരുകള്‍ റോഡുകള്‍ക്ക് നല്‍കും. റോഡുകള്‍ക്കുള്ള പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കും അനുമതി നല്‍കും.നിരത്തുകളുടെ നാമകരണത്തിനായി രൂപീകരിച്ച പ്രത്യേക സമിതിയാണ് ദുബൈയിലെ റോഡുകള്‍ക്ക് പേരുകള്‍ നല്‍കുന്നത്. ഇതുവരെ പിന്തുടര്‍ന്ന് വന്നിരുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ആണ് ഈ സമിതിയുടെ തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകും വിധത്തിലാണ് റോഡുകള്‍ക്ക് പേര് നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തുന്നത്.

പുതിയ രീതി റോഡുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും ഓര്‍ത്തുവെയ്ക്കുന്നതിനും സഹായിക്കും. ഇതിന് ഒപ്പം പ്രാദേശികത്വത്തിനും സാംസ്‌കാരിക പൈതൃകത്തിനും പ്രാധാന്യം നല്‍കും.ഓരോ പ്രദേശത്തിനും റോഡിനും അനുയോജ്യമായ പേരുകള്‍ ആണ് നല്‍കുക. പേരുകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈന്‍ബോര്‍ഡുകള്‍ക്കും പ്രത്യേകതയുണ്ടാകും. പുതിയ രീതിയ്ക്ക് അല്‍ഖവനീജ് ടൂ മേഖലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇവിടെ ഒരു പുതിയ റോഡിന് അല്‍ഖാഫ് സ്ട്രീറ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. യുഎഇയില്‍ ഏറ്റവും അധികം കാണപ്പെടുന്ന മരങ്ങളില്‍ ഒന്നാണ് ഖാഫ് മരം. സമാനമായി അല്‍സിദര്‍, ബാസില്‍, അല്‍ഫാഗ്ഗി, അല്‍സമര്‍,അല്‍ഷരിഷ് എന്നിങ്ങനെ എല്ലാം സ്ട്രീറ്റുകള്‍ക്ക് പേര് നല്‍കും.

പൊതുജനങ്ങളില്‍ നിന്നും റോഡുകള്‍ക്കുള്ള പേരുകള്‍ സ്വീകരിക്കും. അടുത്തഘട്ടങ്ങളിലാണ് പൊതുജനങ്ങളില്‍ നിന്നും പേരുകള്‍ സ്വീകരിക്കുക.

രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ജാമ്യഹർജി കോടതി തള്ളി, രാഹുൽ റിമാന്റിൽ

0

സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമകേസിൽ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻ്റ് ചെയ്തു. രാഹുൽ നൽകിയ ജാമ്യഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതിയാണ് ഹർജി തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തിരിക്കുന്നത്.

ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി. രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ വൈദ്യ പരിശോധനയിൽ രാഹുലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.

നിയമവിരുദ്ധമായി സംഘം ചേരൽ, കലാപാഹ്വാനം, പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു തുടങ്ങി നിരവധി വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. രാഹുലിന് ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിൻ്റേതും സംഘത്തിൻ്റേതും നിയമവിരുദ്ധ സംഘം ചേരലെന്ന് കോടതി നിരീക്ഷിച്ചു. പട്ടികകളുമായി എന്തിനാണ് മാർച്ചിന് വന്നതെന്നും കോടതി ചോദിച്ചു. പട്ടികകളല്ല കൊടികെട്ടുന്ന വടിയാണെന്ന് രാഹുലിൻ്റെ അഭിഭാഷകൻ പറഞ്ഞതെങ്കിലും കോടതി ആ വാദം അംഗീകരില്ലില്ല.

സംഘർഷത്തിൻ്റെ തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ രാഹുലിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതി സമാന കുറ്റകൃത്യം അവർത്തിക്കുമെന്നും ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

രക്തം കട്ട പിടിക്കുന്ന അസുഖമാണെന്നും ചികിത്സയിലാണെന്നും ആരോഗ്യവസ്ഥ പരിഗണിക്കണമെന്നുമായിരുന്നു കോടതിയിൽ രാഹുലിൻ്റെ അഭിഭാഷകൻ്റെ വാദം. പൊതു മുതൽ നശിപ്പിച്ചതിൽ രാഹുലിൻ്റെ പങ്ക് തെളിയിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ജനാധിപത്യപരമായ പ്രതിഷേധം നിയമ വിരുദ്ധ പ്രവർത്തി അല്ല. പോലീസുകാർ മാത്രം സാക്ഷികളായ കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ സാഹചര്യമില്ല. കസ്റ്റഡിയിൽ എടുത്ത ശേഷമാണ് നോട്ടീസ് നൽകുന്നത്. തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്.