Thursday, June 18, 2026
Home Blog Page 159

സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താൽക്കാലിക വിസിമാര്‍ ആണ് ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ആണ് ഹർജിയിലെ ആക്ഷേപം. സാമ്പത്തിക വിദഗ്ധയും യൂണിവേഴ്സിറ്റി കോളജ് മുന്‍ പ്രൊഫസറുമായ ഡോ. മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

സ്ഥിരം വൈസ് ചാന്‍സലര്‍മാരുടെ നിയമനം വൈകുന്നത് എന്തുകൊണ്ട് എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. ഗവർണറെ കുറ്റപ്പെടുത്തിയാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത്. സര്‍വകലാശാല നിയമങ്ങളില്‍ നിയമസഭ ഭേദഗതി വരുത്തി. ഭേദഗതി അനുസരിച്ച് എക്‌സ് ഒഫിഷ്യോ ചാന്‍സലര്‍ ആയ ഗവര്‍ണ്ണര്‍ ആവില്ല പുതിയ ചാന്‍സലര്‍. വൈസ് ചാന്‍സലര്‍മാരുടെ നിയമന അധികാരം ഗവര്‍ണറില്‍ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാല്‍ നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്. മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളില്‍ സര്‍വകലാശാലകള്‍ക്ക് അനുസരിച്ച് വ്യത്യാസമുണ്ടെന്നും ആണ് അഡ്വക്കറ്റ് ജനറല്‍ നൽകിയ മറുപടി.

സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്; ജനുവരി 29 മുതൽ 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ ചർച്ച

0

സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുളള ചർച്ച നടക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെ നീളുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.

ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. ഫെബ്രുവരി 14 വരെ ബജറ്റിന്മേലുളള ചർച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. മാർച്ച് ഒന്ന് മുതൽ 27 വരെയുളള ദിവസങ്ങളിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ സമ്മേളനം വെട്ടിച്ചുരുക്കി വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ നേരത്തേ പിരിയും.

പുതുവർഷത്തിലെ ആദ്യസഭാ സമ്മേളനമാണ് ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നത്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കവെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്താൻ വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. പ്രസംഗിക്കാനെത്തുമ്പോൾ ഗവർണ്ണർക്കെതിരെ ഭരണ-പ്രതിപക്ഷ പ്രതിഷേധം ഉയർന്നേക്കാം. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണ്ണർക്കെതിരെ വിമർശനങ്ങൾ ഉയരാനും സാധ്യതയുണ്ട്. സർക്കാർ തയാറാക്കി നൽകുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര വിമർശനം ഉൾപ്പെടെയുള്ളവ കടന്നുവന്നേക്കാം. ഇതിൽ ഗവർണർ ഏതെങ്കിലും ഭാഗം വായിക്കാതെ വിടുമോ എന്നതടക്കം നിർണായകമാണ്.

നവകേരള സദസ്സും അതിനിടയിലുണ്ടായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും സാമ്പത്തിക പ്രശ്നവും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വരെ ഉള്ള സംഭവങ്ങളും സഭയിൽ ചർച്ചയായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള ബജറ്റ് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

അധ്യാപകന്‍റെ കൈവെട്ടിയ കേസ്; മുഖ്യപ്രതി സവാദ് റിമാൻഡിൽ

0

അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സവാദിനെ റിമാൻഡില്‍ വിട്ടത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെന്നും സവാദിനെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നുമുള്ള എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

13 വർഷമായി ഒളിവിലായിരുന്ന സവാദിനെ ഇന്ന് രാവിലെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2010 ജൂലൈ 4 ന് ആണ് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാലം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

രാഹുലിന് പക്ഷാഘാതത്തിന്റെ തുടക്കം, ഇടതുവശത്തിന് ബലക്കുറവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; രാഹുൽ ജാമ്യാപേക്ഷ നൽകി

0

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പക്ഷാഘാതം പലതവണ വന്നു പോയെന്നും ഇടതുവശത്തിന് ബലക്കുറവുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ജനുവരി 22വരെ റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ ഇപ്പോൾ പൂജപ്പുര ജയിലിലാണ്.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ജാമ്യാപേക്ഷ നൽകി. ഏതാനും ദിവസം മുമ്പ് മാത്രം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട രാഹുൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യാപേക്ഷ നൽകിയത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും വീണ്ടും ആരോഗ്യപരിശോധനക്ക് അയച്ച ശേഷമാണ് മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. പ്രിൻസിപ്പൽ സെഷൻ കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബുധനാഴ്ച ജയിലിലെത്തി രാഹുലിനെ സന്ദർശിച്ചു.

രാഹുലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ചും നടന്നു. അതേസമയം, ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ ഡോക്ടർക്കുമേൽ സമ്മർദമുണ്ടായെന്ന ആരോപണം ഷാഫി പറമ്പിൽ എം.എൽ.എ ഉന്നയിച്ചിട്ടുണ്ട്.

സിറോ മലബാര്‍സഭാ പുതിയ ആ‍ർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടില്‍

0

സിറോ മലബാർ സഭയുടെ പുതിയ ആ‍ർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. മാ‍ർ ജോർജ് ആലഞ്ചേരി സ്വയം വിരമിച്ച ഒഴിവിലേക്കാണ് മാ‍ർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കും.

തെരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് മാ‍ർ റാഫേൽ തട്ടിൽ. തൃശ്ശൂർ ബസലിക്കാ ഇടവകാംഗമാണ് അദ്ദേഹം. ‌തന്നിലേൽപ്പിച്ച ദൗത്യം ദൈവനിയോഗമാണെന്ന് മാ‍ർ റാഫേൽ തട്ടിൽ പറഞ്ഞു. മെത്രാൻ സ്വകാര്യ സ്വത്തല്ല. എല്ലാവരും ഒരുമിച്ച് നിൽക്കണം. എല്ലാവരുടെയും സഹായം വേണമെന്നും മാ‍ർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ട് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും ആശംസ അറിയിച്ചു. പുതിയ ബിഷപ്പിന് മാ‍ർ ജോർജ് ആലഞ്ചേരി അഭിവാദ്യമർപ്പിച്ചു.

മധ്യപൂര്‍വ്വദേശത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഒമാനില്‍ വരുന്നു

0


മധ്യപൂര്‍വ്വദേശത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഒമാനില്‍ വരുന്നു. 2025-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2030-ല്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനാണ് ലക്ഷ്യം. മൂന്ന് വിക്ഷേപണ തറകള്‍ ആണ് പദ്ധതിയില്‍ ഉള്ളത്.നിലവില്‍ പശ്ചിമേഷ്യയില്‍ യുഎഇ അടക്കമുള്ള രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനും ഭ്രമണപഥത്തില്‍ എത്തിക്കുന്നത് പുറത്തുള്ള മറ്റ് രാഷ്ട്രങ്ങളെ ആശ്രയിച്ചാണ്. ഇതിന് വൈകാതെ തന്നെ മാറ്റം വരും എന്നാണ് ഒമാനില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പശ്ചിമേഷ്യയിലെ ആദ്യ സ്‌പെയ്‌സ് പോര്‍ട്ട് നിര്‍മ്മാക്കാനുള്ള ഒമാന്റെ പദ്ധതി ആസൂത്രണഘട്ടത്തില്‍ നിന്നും നിര്‍മ്മാണഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒരുവര്‍ഷം മുന്‍പാണ് ഒമാന്‍ റോക്കറ്റ് വിക്ഷേപകേന്ദ്രം തുറക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. മസ്‌ക്കത്തില്‍ ഇന്നലെ ആരംഭിച്ച മിഡില്‍ഈസ്റ്റ് സ്‌പെയ്‌സ് കോണ്‍ഫറന്‍സില്‍ പദ്ധതിയുടെ കൂടുതല്‍ വിശദാശങ്ങളും വെളിപ്പെടുത്തി.

തുറമുഖ നഗരമായ ദുഖമില്‍ ആണ് വിക്ഷേപണ കേന്ദ്രം ആരംഭിക്കുക. ഇത്‌ലാഖ് എന്നണ് വിക്ഷേപണ കേന്ദ്രത്തിന് പേര് നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതി 2030-ല്‍ പൂര്‍ത്തിയാക്കും. ഒമാന്‍ കമ്പനിയായ നാസ്‌കോം ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.വലുതും ചെറുതുമായി എല്ലാത്തരം വിക്ഷേപണ വാഹനങ്ങള്‍ക്കും യോജിക്കുന്നതായിരിക്കും ഇത്‌ലാഖ് സ്‌പെയ്‌സ് പോര്‍ട്ട്. റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് കണ്ടാണ് അറബിക്കടലിനോടും ഇന്ത്യന്‍ മഹാസമുദ്രത്തോടും ചേര്‍ന്നുള്ള പ്രദേശം തെരഞ്ഞൈടുത്തിരിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ മാനദണ്ഡങ്ങള്‍ അനുസൃതമായിട്ടായിരിക്കും സ്‌പെയ്‌സ് പോര്‍ട്ടിന്റെ നിര്‍മ്മാണം.

നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും

0

നാല് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും. വിവിധ മേഖലകളിലെ നിക്ഷേപത്തിനാണ് കരാര്‍. യുഎഇ പ്രസിഡന്റെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ യുഎഇ സന്ദര്‍ശനത്തില്‍ ആണ് കരാര്‍ ഒപ്പുവെയ്ക്കല്‍.അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സാക്ഷിയാക്കിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലെ സഹകരണത്തിന് കരാറുകള്‍ ഒപ്പുവെച്ചത്. യുഎഇ നിക്ഷേപ മന്ത്രാലയം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളുമായി മൂന്ന് കരാറുകളില്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്.

ഊര്‍ജ്ജമേഖലയിലെ സഹകരണത്തിനും നിക്ഷേപനത്തിനും ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജമന്ത്രാലയവുമായി ഒപ്പുവെച്ചാണ് കരാറുകളില്‍ ഒന്ന്. യുഎഇ നിക്ഷേപമന്ത്രി മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിലാണ് ഈ കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ ഊര്‍ജപദ്ധതികളില്‍ യുഎഇയുടെ നിക്ഷേപസഹകരണത്തിനാണ് രണ്ടാമത്തെ കരാര്‍. ഭക്ഷ്യപാര്‍ക്കുകളുടെ വികസനത്തിനും ഭക്ഷ്യസംസ്‌കരണ രംഗത്തെ മറ്റ് പദ്ധതികള്‍ക്കും ആണ് കരാര്‍. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതികള്‍. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ ഒന്നാണ് ഇന്ത്യയുടെത്. ആരോഗ്യരംഗത്തെ നിക്ഷേപ സഹകരണത്തിനുള്ളതാണ് മൂന്നാമത്തെ കരാര്‍.

ഇന്ത്യന്‍ ആരോഗ്യമന്ത്രി ഡോ.മന്‍സൂഖ് മാണ്ഡവ്യയും യുഎഇ നിക്ഷേപമന്ത്രി മുഹമ്മദ് ഹസ്സന്‍ അല്‍സുവൈദിയും ആണ് ഈ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.ആരോഗ്യസുരക്ഷാ രംഗത്തെ നവീനരീതികളിലും പദ്ധതികളിലും ഇരുരാജ്യങ്ങളും കരാര്‍ പ്രകാരം സഹകരിക്കും. ജീനോമിക് സെന്റര്‍ സ്ഥാപിക്കുന്നത് അടക്കമുള്ളതാണ് പദ്ധതികള്‍. ദുബൈ പോര്‍ട്ട് വേള്‍ഡും ഗുജറാത്ത് സര്‍ക്കാരും തമ്മിലും ഒരു ധാരണാപത്രം ഒപ്പുവെച്ചു. ഹരിതതുറമുഖങ്ങളുടെ വികസനത്തിനാണ് കരാര്‍.

ഭിന്നശേഷിക്കാര്‍ക്ക് ദുബൈ ടാക്‌സിയില്‍ അന്‍പത് ശതമാനം ഇളവ്

0

നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍. യാത്രകള്‍ക്ക് അമ്പത് ശതമാനം ഇളവ് ലഭിക്കും. ദുബൈ ടാക്‌സി കോര്‍പ്പറേഷന്റെ ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴാണ് ഇളവ് ലഭിക്കുക.നിശ്ചയദാര്‍ഢ്യക്കാര്‍ക്ക് വലിയ നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍. ടാക്‌സികളില്‍ 50 ശതമാനം ഇളവ് നല്‍കും. ഡിടിസി. ആപ്പ് വഴി ടാക്‌സി സേവനം ബുക്ക് ചെയ്യുമ്പോഴാണ് ഇളവ് ലഭിക്കുക.

സനദ് കാര്‍ഡ് കൈവശമുള്ള നിശ്ചയദാര്‍ഢ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വിധമാണ് സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. വീല്‍ച്ചെയര്‍ ഉപയോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ടാക്‌സികള്‍ക്ക് പകരം സാധാരണ ടാക്‌സികള്‍ ഇതുവഴി ബുക്ക് ചെയ്യാം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായ പൊതുഗതാഗത സേവനങ്ങളാണ് ഡിടിസി നല്‍കിവരുന്നത്. ഇത് കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വത്തേയും നിശ്ചയദാര്‍ഢ്യക്കാരെ ശാക്തീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. നിശ്ചയദാര്‍ഢ്യക്കാര്‍ക്കിടയിലും മികച്ചസേവനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദുബൈ ടാക്‌സി കമ്പനിയുടെ ആക്ടിങ് ചീഫ് ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്ല ഇബ്രാഹിം അല്‍ മീര്‍ പറഞ്ഞു.

നിശ്ചയദാര്‍ഢ്യക്കാര്‍ക്കായി രൂപകല്പന ചെയ്തിരിക്കുന്ന ഡിടിസിയുടെ വാഹനങ്ങള്‍ക്ക് വലിയ ജനപ്രീതിയുണ്ട്. അത്യാധുനിക സംവിധാനങ്ങളാണ് ഇത്തരം വാഹനങ്ങളിലുള്ളത്. സ്മാര്‍ട്ട് ആപ്പിലൂടെയാണ് നിലവില്‍ ഡിടിസി പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ടാക്‌സി സേവനം നല്‍കുന്നത്. ഏത് സമയവും സുരക്ഷിത സേവനം ലഭ്യമാണെന്നും അല്‍ മീര്‍ വ്യക്തമാക്കി.

പലസ്തീന്‍ രാഷ്ട്രം വേണം, പലസ്തീന്റെ രാഷ്ട്രീയാധികാരങ്ങള്‍ ഇസ്രയേല്‍ മാനിക്കണം: ആന്റണി ബ്ലിങ്കന്‍

0

ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഗാസയിലെ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും നല്‍കേണ്ടിവരുന്നത് വലിയ വിലയെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഗാസയില്‍ കൊല്ലപ്പെട്ട സാധരണക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നും ആന്‍ണി ബ്ലിങ്കന്‍ പറഞ്ഞു. ഇതിനിടെ ചെങ്കടലലില്‍ ഹൂത്തികളുടെ ഇരുപതിലധികം ഡ്രോണുകളും യു.എസ്-യു.കെ സുരക്ഷാസേനകള്‍ തകര്‍ത്തു.ഇസ്രയേലിലെ ടെല്‍അവീവില്‍ എത്തി ബെന്യാമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഗാസയിലെ സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

ഗാസയിലെ വന്‍ മാനുഷികപ്രതിസന്ധിയെ കുറിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ആശങ്കകള്‍ പങ്കുവെച്ചെന്നും ബ്ലിങ്കന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ചില കടുത്ത തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും ആവശ്യമാണെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. പലസ്തീന്റെ രാഷ്ട്രീയ അവകാശങ്ങള്‍ പുനസ്ഥാപിക്കപ്പെടണം എന്നും സ്വതന്ത്ര പലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കണം എന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പരിഗണിക്കാന്‍ ഇസ്രയേല്‍ തയ്യാറാകുമോ എന്ന് ആന്റണി ബ്ലിങ്കന്‍ വെളിപ്പെടുത്തിയിട്ടില്ല.അതെസമയം പശ്ചിമേഷ്യയിലെ ചില രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി സാധാരണനിലയ്ക്കുള്ള ബന്ധം സ്ഥാപിക്കുന്നതിന് സമ്മതമറിയിച്ചിട്ടുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഇന്ന് പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായും ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ ചെങ്കടലില്‍ യെമനിലെ ഹൂത്തി വിമര്‍തര്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ നടപടികള്‍ കടുപ്പിച്ചു. ഹൂത്തികളുടെ 21 ഡ്രോണുകള്‍ സൈനിക സഖ്യം തകര്‍ത്തു. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഹൂത്തികള്‍ ചെങ്കടലില്‍ ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയതോടെ അതുവഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ഇതെ തുടര്‍ന്നാണ യു.എസും യുകെയും അടക്കമുള്ള രാഷ്ട്രങ്ങള്‍ പ്രതിരോധം ആരംഭിച്ചത്.

വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ അച്ഛൻ ചുട്ടുകൊന്നു

0

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരി ഐശ്വരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാൾ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂർ സ്വദേശിയായ ബി. നവീനും ഏറെ നാളായി പ്രണയത്തിലായിരുന്നു. പുതുവര്‍ഷത്തലേന്നാണ് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഐശ്വരിയുടെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതിച്ചില്ല. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയിൽ ജീവനക്കാരനായ നവീൻ ഒടുവിൽ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഐശ്വരിയെ വിവാഹം ചെയ്തശേഷം വീരപാണ്ടിയിൽ വീടെടുത്ത് താമസമാക്കി.

ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വരിയുടെ അച്ഛൻ പെരുമാൾ പല്ലടം പൊലീസ് സ്റ്റേഷനിലെത്തി. ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് അച്ഛനൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും നവീനെ വിരട്ടുകയും ചെയ്തു. അഞ്ച് ദിവസത്തിനുശേഷം ഐശ്വരിക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീൻ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വരിയെ ചുട്ടുകൊന്നതായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അച്ഛനുള്‍പ്പടെ അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.