Thursday, June 18, 2026
Home Blog Page 158

യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ആക്രമണം

0

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഹൂത്തികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി അമേരിക്കന്‍ സൈന്യം. യെമനിലെ ഹൂത്തികളുടെ റഡാര്‍ കേന്ദ്രത്തിന് നേരെ ആണ് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയത്.
യെമനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹുത്തികള്‍ മുന്നറിയിപ്പ് നല്‍കി.അമേരിക്കയും യു.കെ ഒടക്കമുളള രാജ്യങ്ങളും ചേര്‍ന്നാണ് യെമനില്‍ ഹൂത്തികള്‍ക്ക് എതിരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. തുടക്കത്തില്‍ ചെങ്കടലില്‍ ആയിരുന്നു ഹൂത്തികള്‍ക്ക് എതിരായ പ്രത്യാക്രമണം എങ്കില്‍ ഇപ്പോള്‍ യെമനിലേക്ക് പ്രവേശിച്ചും അമേരിക്കന്‍ സഖ്യം ആക്രമണം നടത്തുകയാണ്.


ഹൂത്തികളുടെല നിയന്ത്രണത്തിലുള്ള അല്‍ ദൈലാമി ബേസിലേക്കും ഒരു റഡാര്‍ കേന്ദ്രത്തിലേക്കും ആണ് ആക്രമണം. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ആക്രമിക്കാനുള്ള ഹൂത്തികളുടെ ശേഷി ഇല്ലാതാക്കുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യം എന്ന് യു.എസ് സൈന്യം അറിയിച്ചു. യുദ്ധക്കപ്പലായ യു.എസ്.എസ് കാര്‍ണിയില്‍ നിന്നാണ് യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തിയതെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. യു.എസ് യുകെ സഖ്യത്തിന്റെ നടപടിക്ക് എതിരെ വലിയ പ്രതിഷേധം ആണ് യെമനില്‍ അരങ്ങേറിയത്. പതിനായിരങ്ങളാണ് സനായി പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. യെമനിലെ തങ്ങളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സേന നടത്തുന്ന ഓരോ ആക്രമണത്തിനും തക്കതായ തിരിച്ചടികള്‍ നല്‍കുമെന്ന്
ഹൂത്തികള്‍ പ്രതികരിച്ചു. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം ആരംഭിച്ചത്.

കടല്‍ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. യു.എസ്-യുകെ സഖ്യം വീണ്ടും ആക്രമണം ആരംഭിച്ചത് മേഖലയിലെ സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗാസ യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ തുടക്കമായും വിലയിരുത്തലുകള്‍ ഉണ്ട്.
…….

വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

0

കോഴിക്കോട് വടകരയിൽ കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. ആറു മാസം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം. ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി.. ഒരു വർഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു. റൂറല്‍ എസ്.പി എത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കും.

ദേശീയ പാതാ നിർമ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വർഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. എന്നാൽ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതിൽ വ്യക്തത ആയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന് മറ്റൊരു വാതിൽ ഉണ്ടെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

മസാലബോണ്ട് കേസ്: കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

0

മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കുന്ന കേസിൽ കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിനെ കിഫ്ബി ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇ ഡി മുൻപ് ആവശ്യപ്പെടുകയും നൽകിയതുമായ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കിഫ്ബി കോടതിയെ അറിയിച്ചത്.

സമന്‍സില്‍ ഇഡി പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. നോട്ടീസ് നല്‍കാന്‍ ഇ.ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. മസാലബോണ്ട് കേസിൽ നേരത്തെ ആവശ്യപ്പെട്ട രേഖകളാണ് ഇ.ഡി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയത്. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി പുതിയ നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു ഇ ഡിയുടെ ആവശ്യം. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു.

സമൻസ് ചോദ്യം ചെയ്ത് ഐസക് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നേരത്തേ നൽകിയ നോട്ടീസ് ഇ ഡി പിൻവലിച്ചിരുന്നു. വ്യക്തിഗതവിവരങ്ങൾ ചോദിച്ച് ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു നോട്ടീസ് അയയ്ക്കുന്നത് വിലക്കിയത്. എന്നാൽ അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് ഇ ഡിക്ക് അയയ്ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇ ഡി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നൽകിയത്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ കേസിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്നതാണ് ഇ ഡി നിലപാട്.

മന്ത്രിയുടെ ഇടപെടൽ; ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തിന് നൽകിയ ജപ്തി നോട്ടീസ് മരവിപ്പിച്ചു.

0

ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. എസ്.സി – എസ്.ടി വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാനും കോർപറേഷന് മന്ത്രി നിർദേശം നൽകി. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ കോർപറേഷൻ എംഡിയോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടിയിരുന്നു.

തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിൻ്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പ്രസാദിൻ്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു.

നവംബർ 14 ന് കോർപ്പറേഷനിറക്കിയ നോട്ടീസ് രണ്ട് ദിവസം മുൻപാണ് കുടുംബത്തിന് ലഭിച്ചത്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴിൽ വായ്പയായി ഇവർ ലോൺ എടുത്തത്. മന്ത്രി രാധാകൃഷ്ണൻ നിർദേശിച്ചതനുസരിച്ച് കോർപറേഷൻ ആലപ്പുഴ ബ്രാഞ്ചിലെ മാനേജറും ഉദ്യോഗസ്ഥരും പ്രസാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹൻലാലിന് ക്ഷണം; ക്ഷണപത്രം നൽകി ആർ എസ് എസ് പ്രവർത്തകർ

0

ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കാൻ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർ എസ്എസ് പ്രവർത്തകർ. ആർ എസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ അനൂപ് കുമാർ തുടങ്ങിയവരാണ് മോഹൻലാലിനെ നേരിൽ കണ്ട് ക്ഷണിച്ചത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും ക്ഷണപത്രവും കൈമാറി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പ്രമുഖരെ നേരിട്ട് കണ്ടാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. അടുത്തിടെ മലയാളത്തിൽ നിന്ന് ഒട്ടനവധി സിനിമാ താരങ്ങൾ അയോധ്യയിൽ നിന്നെത്തിച്ച അക്ഷതം ഏറ്റുവാങ്ങിയിരുന്നു. ശ്രീനിവാസൻ അടക്കമുള്ള താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനും ആർഎസ്എസ് നേതാക്കൾ നേരിട്ടെത്തി അക്ഷതം കൈമാറുകയും ക്ഷണപത്രം നൽകുകയും ചെയ്‌തിരുന്നു. രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6000ത്തിലധികം വിശിഷ്‌ട വ്യക്തികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സിനിമാ-കായിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരങ്ങൾക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആലിയ-രൺബീർ താര ദമ്പതികളെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ, കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, നടന്മാരായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ എന്നിവരെ ഉൾപ്പെടെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

യുഎഇയില്‍ പ്രമേഹ സാധ്യതയുള്ളവരില്‍ വര്‍ദ്ധന: ജീവിതശൈലിയില്‍ മാറ്റം അനിവാര്യം

0

പ്രമേഹരോഗികളുടെ വര്‍ദ്ധന തടയുന്നതിനായി യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയം നടത്തിവന്നിരുന്ന വ്യാപകപരിശോധനയ്ക്ക് സമാപനം. പരിശോധനയ്ക്ക് വിധേയരായവരില്‍ ഒന്‍പത് ശതമാനത്തോളം പേര്‍ പ്രമേഹഭീഷണിയിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പ്രീഡയബറ്റിക്-ഡയബറ്റിക് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നാണ് യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധന ക്യാമ്പയ്‌ന്റെ കണ്ടെത്തല്‍. നൂറ് ദിവസം കൊണ്ട് അയ്യായിരത്തോളം താമസക്കാരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്യാമ്പയ്‌നില്‍ പന്ത്രണ്ടായിരത്തോളം പേരെയാണ് പരിശോധിച്ചത്.

ആശങ്ക ഉയര്‍ത്തുന്നതാണ് പരിശോധനാ ഫലങ്ങള്‍. പരിശോധനയ്ക്ക് വിധേയമായവരില്‍ 8.9 ശതമാനം പേര്‍ പ്രീഡയബറ്റിക്കാണെന്നാണ് കണ്ടെത്തല്‍. ജീവിതശൈലിയിലെ മാറ്റം അടക്കം അടിയന്തരപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടവര്‍ ആണ് ഇവര്‍. പ്രീഡയബറ്റിക് സ്റ്റേജില്‍ തന്നെ കണ്ടെത്തുകയും വേണ്ടവിധം കൈകാര്യം ചെയ്യുകയും ചെയ്താല്‍ പ്രമേഹത്തെ തടയാമെന്ന് യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയത്തിലെ നോണ്‍കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.ബുത്തൈന ബിന്‍ ബെലൈല പറഞ്ഞു. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റത്തിലൂടെയും ചികിത്സയിലൂടെയും അപകടാവസ്ഥയിലേക്ക് എത്താതെയും പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും എന്നും ഡോ.ബുത്തൈന പറഞ്ഞു.

പരിശോധനയ്ക് വിധേയമായവരില്‍ 1.7 ശതമാനം പേര്‍ പ്രമേഹരോഗികള്‍ ആണെന്നും കണ്ടെത്തി. പ്രീഡയബറ്റിക് കേസുകള്‍ കണ്ടെത്തുക എന്നതായിരുന്നു ആരോഗ്യപ്രതിരോധമന്ത്രാലയത്തിന്റെ പരിശോധന ക്യാമ്പയിന്റെ പ്രഥമലക്ഷ്യം.

ദുബൈയുടെ ചില മേഖലകളില്‍ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിച്ചു: എല്ലായിടത്തും നിരക്ക് വര്‍ദ്ധന ഇല്ല

0


ദുബൈയുടെ ചില മേഖലകളില്‍ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിച്ചു. ഗ്ലോബല്‍ വില്ലേജ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ടാക്‌സി നിരക്കുകളില്‍ ആണ് വര്‍ദ്ധന. പ്രാഥമിക നിരക്ക് പന്ത്രണ്ട് ദിര്‍ഹത്തില്‍ നിന്നും ഇരുപത് ദിര്‍ഹത്തിലേക്കാണ് വര്‍ദ്ധിച്ചത്.ദുബൈയിലെ മുഴുവന്‍ ടാക്‌സികളിലും നിരക്കുവര്‍ദ്ധനയില്ല. എമിറേറ്റില്‍ പ്രധാന പരിപാടികള്‍ നടക്കുന്ന ചിലമേഖലകളില്‍ നിന്നും വിളിക്കുന്ന ടാക്‌സികള്‍ക്ക് മാത്രമാണ് നിരക്ക് വര്‍ദ്ധന. വേള്‍ഡ് ട്രെഡ് സെന്റര്‍, എക്‌സ്‌പോ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ആണ് ടാക്‌സി നിരക്കില്‍ വര്‍ദ്ധന വന്നിരിക്കുന്നത്.

ഈ മേഖലകളില്‍ നിന്നും ടാക്‌സി വിളിക്കുമ്പോള്‍ മീറ്ററുകളിലെ പ്രാഥമിക നിരക്ക് ഇരുപത് ദിര്‍ഹം ആയിട്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്. നേരത്തെ ഇത് പന്ത്രണ്ട് ദിര്‍ഹം ആയിരുന്നു. ഇവിടെ പ്രത്യേക പരിപാടികള്‍ ഒന്നുമില്ലെങ്കില്‍ നിരക്ക് പന്ത്രണ്ട് ദിര്‍ഹം തന്നെ ആയിരിക്കും. ഈ മേഖലകളില്‍ നിന്നും വിളിക്കുന്ന സാധാരണമീറ്റര്‍ ടാക്‌സികള്‍ക്കും ഹലാ ടാക്‌സികള്‍ക്കും പ്രാഥമിക നിരക്കിലെ വര്‍ദ്ധന ബാധകമാണ്.

കഴിഞ്ഞ പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് എമിറേറ്റില്‍ ബുര്‍ജ്ഖലീഫയും പാം ജുമൈറയും അടക്കമുള്ള പ്രദേശങ്ങളില്‍ സമാനമാം വിധത്തില്‍ താത്കാലിക നിരക്ക് വര്‍ദ്ധന വരുത്തിയിരുന്നു. ദുബൈ രാജ്യാന്തരവിമാനത്താവളത്തിലും റാഷിദ് പോര്‍ട്ടിലും ടാക്‌സികള്‍ക്ക് അധികനിരക്കാണ് ഈടാക്കുന്നത്. ഇവിടെ രണ്ടിടത്തും ഇരുപത് ദിര്‍ഹം ആണ് ടാക്‌സികള്‍ക്ക് പ്രാഥമിക നിരക്ക്.

കുടിയേറ്റത്തിന് ഇമാറാത്തികള്‍ ഇല്ല: പ്രിയം മാതൃരാജ്യത്ത് തന്നെ തുടരാന്‍

0

സ്വദേശികളുടെ കുറഞ്ഞകുടിയേറ്റ നിരക്കില്‍ യുഎഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത് എന്ന് പഠനം. നൂറ് ശതമാനം ഇമാറാത്തികളും രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.ടോപ് മൂവിന്റെ പഠനറിപ്പോര്‍ട്ടില്‍ ആണ് യുഎഇയിലെ സ്വദേശികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനോട് താത്പരരല്ലെന്ന് വ്യക്തമാക്കുന്നത്. യുഎഇയിലെ 99.37 ശതമാനം ഇമാറാത്തികളും രാജ്യത്ത് തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

യുഎഇയിലെ ഉയര്‍ന്ന ജീവിതനിലവാരം ആണ് കുടിയേറ്റത്തോട് ഇമാറാത്തികള്‍ വിമുഖത കാട്ടാന്‍ കാരണം എന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളുടെ ഡാറ്റാബേസില്‍ നിന്നുള്ള കുടിയേറ്റവിവരങ്ങള്‍ വിശകലനം ചെയ്താണ് ടോപ് മൂവ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റത്തോട് താത്പര്യമില്ലാത്ത ജനതയുള്ള പത്ത് രാഷ്ട്രങ്ങളുടെ പട്ടികയാണ് വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ജപ്പാനാണ്. ഇവിടുത്തെ 98.5 ശതമാനം ജനങ്ങളും മാതൃരാജ്യത്ത് തന്നെ തുടരാന്‍ താത്പര്യപ്പെടുന്നവര്‍ ആണ്. അമേരിക്കന്‍ ജനതയും മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തോട് താത്പര്യം പ്രകടിപ്പിക്കാത്തവരാണെന്ന് ടോപ് മൂവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലക്ഷ്യം നിക്ഷേപകരും പ്രതിഭകളും: പുതിയ വീസകള്‍ അവതരിപ്പിച്ച് സൗദി അറേബ്യ

0


നിക്ഷേപകരേയും വിവിധ മേഖലകളിലെ വിദഗദ്ധരേയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി അഞ്ച് തരം വീസകള്‍ കൂടി സൗദി അറേബ്യ പ്രഖ്യാപിച്ചു. സ്‌പോണ്‍സര്‍ ഇല്ലാത്ത പ്രീമിയം വീസകള്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.സൗദി വിഷന്‍ 2030-ന്റെ ഭാഗമായിട്ടാണ് പുതിയ വീസകള്‍ അവതരിപ്പിച്ചിരിക്കുന്നത്.സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുന്നതിനും രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരേയും പ്രതിഭകളേയും ആകര്‍ഷിക്കുന്നതിനുമായി സൗദി ഭരണകൂടം നടത്തിവരുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് പ്രീമിയ വിഭാഗത്തിലുള്ള അഞ്ച് പുതിയ വീസകള്‍.

പ്രത്യേക കഴിയുള്ളവര്‍, പ്രതിഭകള്‍, നിക്ഷേപകര്‍, സംരംഭകര്‍,റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നി വിഭാഗത്തിലാണ് സൗദി പൂതിയ വീസകള്‍ അനുവദിക്കുന്നത്.ശാസ്ത്രം, ഗവേഷണം, ആരോഗ്യം എന്നി രംഗങ്ങളില്‍ പ്രത്യേക കഴിവ് തെളിയിച്ചവര്‍ക്കാണ് ഒന്നാം വിഭാഗത്തില്‍ പ്രീമിയം വീസ ലഭിക്കുക . സാംസ്‌കാരിക -കായിക രംഗങ്ങളിലെ പ്രതിഭകള്‍ ആണ് രണ്ടാം വിഭാഗം. സൗദി അറേബ്യയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളോ നൂതന സ്ഥാപനങ്ങളോ ആരംഭിക്കുന്നവര്‍ക്കും പ്രീമിയം വീസ അനുവദിക്കും. രാജ്യത്തെ റിയല്‍എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുന്നവര്‍ ആണ് അഞ്ചാമത്തെ വിഭാഗം.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സൗദി പ്രീമിയം റെസിഡന്‍സി സെന്റര്‍ ആണ് വീസകള്‍ അനുവദിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍വാണിഭ റാക്കറ്റ്; തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

0

സാമൂഹിക മാധ്യമങ്ങളില്‍ ഡേറ്റിങ്ങ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പെണ്‍വാണിഭ റാക്കറ്റ് നടത്തിവന്ന സംഘം ബംഗളുരുവിൽ പോലീസ് പിടിയിൽ. തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അള്‍സൂര്‍ പോലീസും ബൈയപ്പനഹള്ളി പോലീസും നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. ഇടപാടുകാരനായി സംഘത്തെ സമീപിച്ച് ഡെംളൂരിലെ ഒരു ഹോട്ടലിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൂക്ക് ടൗണില്‍ താമസിക്കുന്ന തുര്‍ക്കി സ്വദേശി ബിയൊയ്‌നിസ് സ്വാമി ഗൗഡ(40), നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂര്‍ (22), മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ. പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാര്‍(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്. തുര്‍ക്കിഷ് വനിതയാണ് സംഘത്തിലെ മുഖ്യ കണ്ണി. 15 വര്‍ഷമായി ഇവർ ഇന്ത്യയിലെത്തിയിട്ട്. തുര്‍ക്കിയില്‍നിന്ന് ബെംഗളൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്താണ് ഇവർ ഇവിടെയെത്തിയത്. പത്ത് വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. അതിനുശേഷമാണ് പെണ്‍വാണിഭത്തിലേര്‍പ്പെട്ടു തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയില്‍ ബെംഗളൂരു ഡേറ്റിങ് ക്ലബ്ബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ റാക്കറ്റില്‍ കണ്ണികളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഘത്തിന് ജയ്പുര്‍, ചെന്നൈ, മൈസൂരു, ഡല്‍ഹി, ഉദയ്പുര്‍, മുംബൈ എന്നിവിടങ്ങളിലും കണ്ണികളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.