Sunday, August 2, 2026
Home Blog Page 164

BJP-യിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ ഓർത്തഡോക്സ് സഭയുടെ നടപടി; ചുമതലകളില്‍നിന്ന് നീക്കി

0

ബി.ജെ.പി.യിൽ ചേർന്ന ഫാ.ഷൈജു കുര്യനെതിരെ ഓർത്തഡോക്സ് സഭയുടെ നടപടി. നിലയ്ക്കൽ ഭദ്രാസനം ചുമതലയിൽ നിന്നും ഫാ.ഷൈജു കുര്യനെ നീക്കം ചെയ്തു. വെെദികനെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയമിക്കണമെന്നും കൗൺസിൽ ശുപാർശചെയ്തു. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ആയിരുന്നു ഫാ.ഷൈജു.

ഫാ.ഷൈജു കുര്യന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ നടപടി. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽസ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശവും നടപടിയിലേക്ക് വഴിവച്ചു. ശബ്ദസന്ദേശം സഭാ വിശ്വാസികൾക്കിടയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.

നിലയ്ക്കൽ ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി മറ്റൊരു വൈദികനെ വെള്ളിയാഴ്ച മുതൽ നിയമിക്കുമെന്ന് ഭദ്രാസന കൗൺസിൽ കൗൺസിൽ അറിയിച്ചു. ഷൈജു കുര്യനെതിരായ അന്വേഷണത്തിന് ഒരു കമ്മീഷനെ നിയമിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോട് അപേക്ഷിക്കും. കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ചുമതലകളിൽ നിന്നും നീക്കി’ – കൗൺസിൽ വ്യക്തമാക്കി.

വൈദികസ്ഥാനത്തുള്ളവർ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തിൽ നിന്നോ ഭദ്രാസന അധ്യക്ഷൻ്റെ പക്കൽ നിന്നോ അനുമതി വാങ്ങേണ്ടതുണ്ടെന്ന് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും താത്പര്യങ്ങളുടെ പേരിൽ അനുമതിയില്ലാതെ മാധ്യമങ്ങളിൽ ചർച്ചയ്ക്കെത്തുന്നത് സഭയുടെകെട്ടുറപ്പിനെയും അച്ചടക്കത്തേയും ബാധിക്കും. അതിനാൽ, അത്തരം സമീപനങ്ങളിൽ നിന്ന് വെെദികർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരും, സഭയിൽ നിന്നും നിർദേശിക്കുന്നവരും മാത്രം മാധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന രീതി തുടരുന്നതാണ് ഏറ്റവും അഭികാമ്യമെന്നും ഫാ.ഡോ.തോമസ് വർഗീസ് അമയിൽ വ്യക്തമാക്കി.

വ്യാജ സർട്ടിഫിക്കറ്റ്: അൻസിൽ ജലീലിന് ക്ലീൻ ചിറ്റ്

0

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ക്ലീൻ ചിറ്റ്. പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അൻസിലിനെതിരെ പൊലീസ് അന്വേഷണം.

അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് അൻസിൽ നൽകിയ മൊഴി. അൻസിലിന്റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അൻസിൽ ജലീലിന്റെ സർട്ടിഫിക്കറ്റ് വിവാദം ചർച്ചയായത്. ദേശാഭിമാനി വാർത്തയോടെ എസ്എഫ്ഐ ഈ വിവാദം ശക്തമായി ഉന്നയിക്കുകയായിരുന്നു. തുടർന്ന് സെനറ്റ് അംഗം അജിന്ത് സർവ്വകലാശാലക്ക് പരാതി നൽകുകയായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിൽ 2014-17 കാലത്ത് താൻ ബിഎക്കാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. ദേശാഭിമാനി വാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിയും ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. അൻസിലിൻ്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‌യുവിലെ ഗ്രൂപ്പ് പോരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ദുബൈ നോല്‍കാര്‍ഡ്: മിനിമം റിചാര്‍ജ് ഇരുപത് ദിര്‍ഹമാക്കി

0

ദുബൈ ആര്‍ടിഎയുടെ നോല്‍ കാര്‍ഡുകളുടെ കുറഞ്ഞ റീചാര്‍ജിംഗ് തുക 20 ദിര്‍ഹമായി പുതുക്കി നിശ്ചയിച്ചു. നേരത്തെ കുറഞ്ഞ റീചാര്‍ജിംഗ് തുക അഞ്ച് ദിര്‍ഹമായിരുന്നു. ജനുവരി 15 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോരിറ്റിയുടെ സേവനങ്ങള്‍ക്കായാണ് നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഇനി മുതല്‍ നോല്‍ കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്യുന്നതിന് 20 ദിര്‍ഹമായിരിക്കും കുറഞ്ഞ തുക. നേരത്തെ അഞ്ച് ദിര്‍ഹവും, പത്ത് ദിര്‍ഹവും ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നു.

പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞ റീചാര്‍ജിംഗ് തുക 20 ദിര്‍ഹമായി നിശ്ചയിച്ചു. ജനുവരി 15 മുതല്‍ നോല്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കുറഞ്ഞത് 20 ദിര്‍ഹം ഉപയോഗിച്ച് മാത്രമേ റീ ചാര്‍ജ് ചെയ്യാന്‍ കഴിയു. ദുബൈ മെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, എന്നിവിടങ്ങളിലാണ് ആര്‍ടിഎയുടെ പ്രീപെയ്ഡ് നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഇതിനൊപ്പം ദുബൈയില്‍ ടാക്‌സി പാര്‍ക്കിംഗ് ഉള്‍പ്പെടെ രണ്ടായിരത്തിലധികം സേവനങ്ങള്‍ക്കും നോല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും. നാല് തരത്തിലുള്ള നോല്‍ കാര്‍ഡുകളാണ് ആര്‍ടിഎ നല്‍കുന്നത്. ഇതിനൊപ്പെ സാംസങ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിത്തുന്നവര്‍ക്ക് ഡിജിറ്റല്‍ നോല്‍ കാര്‍ഡ് ഉപയോഗിക്കാനും കഴിയും.

നോല്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷമായ നിരവധി ഓഫറുകളും ആര്‍ടിഎ പ്രഖ്യാപിച്ചിരുന്നു. ലോയല്‍റ്റി ആന്‍ഡ് റിവാര്‍ഡ് പ്രോഗ്രാമായ നോല്‍ പ്ലസ് വഴി പോയിന്റുകള്‍ നേടാന്‍ കഴിയും. ഇതിലൂടെ ഷോപ്പിംഗിനും മറ്റും പണം നല്‍കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.


ജബല്‍അലി ഹൈന്ദവക്ഷേത്രത്തില്‍ വിശ്വാസികളുടെ തിരക്കേറി

0


ജബല്‍അലിയിലെ പുതിയ ഹൈന്ദവക്ഷേത്രത്തില്‍ വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിച്ചു. പുതുവര്‍ഷത്തിലെ ആദ്യദിനം മാത്രം നാല്‍പ്പതിനായിരത്തോളം വിശ്വാസികളെയാണ് ക്ഷേത്രം സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ജബലലി ക്ഷേത്രത്തിലേക്ക് സന്ദര്‍ശകര്‍ ഒഴുകുന്നുണ്ട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ജബലലി ക്ഷേത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.പുതുവത്സര ദിനത്തില്‍ മാത്രം പന്ത്രണ്ടായിരത്തോളം ഭക്തരാണ് അധികമായി എത്തിയത്.

മണിക്കുറില്‍ രണ്ടായിരം വരെ ഭക്തര്‍ ജനുവരി ഒന്നിന് ക്ഷേത്രത്തില്‍ എത്തി. സന്ദര്‍ശകരുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും, വയോധികര്‍ക്കും,ഭിന്നശേഷിക്കാര്‍ക്കും,ഗര്‍ഭിണികള്‍ക്കും, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കും എല്ലാം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. അവധി ദിവസങ്ങളില്‍ ആണ് ക്ഷേത്രത്തില്‍ തിരക്കേറുന്നതെന്ന് ജനറല്‍ മാനേജര്‍ മോഹന്‍ നരസിംഹമൂര്‍ത്തി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് ഭക്തരുടെ എണ്ണം.

വാരാന്ത്യഅഴധി ദിവസങ്ങളില്‍ പന്ത്രണ്ടായിരം വരെയായി വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കും. വലിയ തിരക്ക് അനുഭവപ്പെടുന്ന പൊതുഅവധി ദിനങ്ങളില്‍ പ്രത്യേക അര്‍ച്ചനയോ അഭിഷേകമോ ഉണ്ടാകില്ല. ദര്‍ശനം മാത്രമാണ് അനുവദിക്കുക. വിശ്വാസികളെകൂടാതെ വിനോദസഞ്ചാരികളും ജബലലി ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്. ബര്‍ദുബൈ ക്ഷേത്രം അടച്ചതോട് കൂടി ജബലലി ക്ഷേത്രത്തില്‍ വിശ്വാസികളുടെ തിരക്ക് വീണ്ടും വര്‍ദ്ധിക്കും.

സ്കൂൾ കലോത്സവം: അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തും: വി ശിവൻകുട്ടി

0

അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. മാനുവൽ പരിഷ്കരണത്തിൽ അത് ഉൾപ്പെടുത്തും. കോടതികളിൽ നിന്ന് അനിയന്ത്രിതമായി അപ്പീലുകൾ അനുവദിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലകളിൽ വന്നിട്ടുള്ള റിസൾട്ട് വെച്ചുണ്ടാക്കുന്ന ടൈം ഷെഡ്യൂൾ അനുസരിച്ച് മുന്നോട്ട് പോയാൽ സമയം തെറ്റില്ല. പക്ഷേ ഇപ്പോൾ മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്നേയാണ് അപ്പീലുമായി എത്തുന്നത്. അതിന്റെ നടപടിക്രമങ്ങൾ കൂടി മണിക്കൂറുകളെടുക്കുന്നു. മത്സരങ്ങൾ വൈകി ആരംഭിക്കുന്ന അവസ്ഥ ഇത് മൂലമുണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.

62 -ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ നിരവധി മത്സരാർഥികള്‍ അപ്പീലില്‍ മത്സരിക്കാന്‍ എത്തിയിരുന്നു. ഏറെ വൈകിയാണ് ഇന്നലെ മത്സരങ്ങൾ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലിൽ ഇന്നലെ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോൽക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലർച്ചെ രണ്ട് മണിവരെ നീണ്ടു. സംഘ നൃത്തത്തിന് 32 ഓളം അപ്പീലുകൾ വന്നിട്ടുണ്ട്. ജില്ല മത്സരത്തിന് ഏറ്റവും താഴെ ഗ്രേഡുള്ളവരും ഇത്തരത്തിൽ എത്തിയിട്ടുണ്ട്. ശരിയായിപരിശോധിച്ച് കാര്യങ്ങൾ നീക്കിയതിനാലാണ് കഴിഞ്ഞ വർഷം കോഴിക്കോട് അപ്പീലുകൾ കുറവായിരുന്നത്.

ആദ്യദിനത്തിലെ മത്സരഫലങ്ങള്‍ പുറത്തു വരുമ്പോള്‍ 212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്. മോഹിനിയാട്ടത്തോടെ രണ്ടാം ദിന മത്സരങ്ങള്‍ ആരംഭിച്ചു. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വിവിധ വേദികളിൽ അരങ്ങേറും.

മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

0

മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥലം കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കുന്നതിനും മസ്ജിദ് നീക്കം ചെയ്യുന്നതിനുമുള്ള ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ വിഷയത്തില്‍ നിരവധി ഹർജികള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി പൊതുതാൽപര്യ ഹർജി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ മഹെക് മഹേശ്വരി സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഒരേ വിഷയത്തിൽ നിരവധി സിവിൽ കേസുകൾ നിലനിൽക്കുന്നതിനാൽ പൊതുതാൽപര്യ ഹർജി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. ഏത് നിയമനിർമ്മാണത്തിന്റെയും വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്ത് ഹർജിക്കാരന് പ്രത്യേക ഹർജി നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

‘ നമുക്ക് കേസുകളുടെ ബാഹുല്യം ഉണ്ടാകരുത്. നിങ്ങൾ ഇത് ഒരു പൊതുതാൽപ്പര്യ ഹർജിയായി ഫയൽ ചെയ്തു, അതിനാലാണ് തള്ളിയത്. അല്ലാത്ത വിധത്തിൽ ഫയൽ ചെയ്യുക, ഞങ്ങൾ നോക്കാം’ എന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഹർജിക്കാരന് പ്രത്യേകം ഫയൽ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടോയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹർജിക്കാരൻ്റെ അഭിഭാഷകനോട് ‘ഇത് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്’ എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി. ഇത് ഒരു പ്രത്യേക ഹർജിയായി സമർപ്പിക്കാമോ എന്ന് അഭിഭാഷകൻ വീണ്ടും ചോദിച്ചപ്പോൾ ‘അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊതുതാൽപര്യ ഹർജിയായിട്ടല്ല’, എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി.

ഹർജിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ ഇതിനകം തീർപ്പുകൽപ്പിക്കാത്ത സ്യൂട്ടുകൾ പരിഗണനയിലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ മഹേശ്വരിയുടെ പൊതുതാൽപ്പര്യ ഹർജി തള്ളിയത്.

രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര ജനുവരി 14 മുതല്‍

0


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരതയാത്രയ്ക്ക് ജനുവരി പതിനാലിന് തുടക്കമാകും. ഭാരത് ജോഡോ ന്യായ് യാത്ര എന്നാണ് പര്യടനത്തിന് പേര് നല്‍കിയിരിക്കുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര കടന്നു പോവുക.
ജനുവരി പതിനാലിന് മണിപ്പൂരിലെ ഇംഫാലില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുക. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 110 ജില്ലകളിലൂടെയും 110 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. അറുപത്തിയേഴ് ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആണ് തീരുമാനം.

യു.പിയില്‍ ആണ് രാഹുല്‍ ഏറ്റവും കൂടുതല്‍ ദിവസം യാത്ര നടത്തുക. ഉത്തര്‍പ്രദേശില്‍ ഇരുപത് ജില്ലകളിലൂടെ 1074 കിലോമീറ്റര്‍ ദൂരം രാഹുല്‍ ഗാന്ധി സഞ്ചരിക്കും. പതിനൊന്ന് ദിവസം ആണ് രാഹുല്‍ ഉത്തര്‍പ്രദേശില്‍ ചെലവഴിക്കുക. മണിപ്പൂരില്‍ ഒരു ദിവസവും
നാഗാലാന്‍ഡില്‍ രണ്ട് ദിവസവും അസമില്‍ എട്ട് ദിവസവും രാഹുല്‍ പര്യടനം നടത്തും. പശ്ചിമബംഗാളില്‍ അഞ്ച് ദിവസവും ജാര്‍ഖണ്ഡില്‍ എട്ട് ദിവസവും ഒഡീഷയില്‍ നാല് ദിവസവും ആണ് പര്യടനം. ബിഹാറില്‍ നാല്, മധ്യപ്രദേശില്‍ ഏഴ്, ഗുജറാത്തില്‍ അഞ്ച്, മഹാരാഷ്ട്രയില്‍ അഞ്ച് എന്നിങ്ങനെയാണ് പര്യടനം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേതൃത്വത്തില്‍ ഉന്നത നേതാക്കളുടെ യോഗത്തില്‍ ആണ് യാത്രയുടെ റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. മാര്‍ച്ച് ഇരുപതിന് മുംബൈയില്‍ ആയിരിക്കും രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര സമാപിക്കുക.
എന്‍ടിവി,

യുഎഇയിലെ പ്ലാസ്റ്റിക് നിരോധനം: പിഴശിക്ഷ 2000 ദിര്‍ഹം വരെ

0

യുഎഇയില്‍ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴശിക്ഷ. ഇരുനൂറ് ദിര്‍ഹം ആണ് ഏറ്റവും കുറഞ്ഞ പിഴ ശിക്ഷ. ജനുവരി ഒന്നിനാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം പ്രാബല്യത്തില്‍ വന്നത്.ദുബൈ അടക്കം യുഎഇയുടെ മുഴുവന്‍ എമിറേറ്റുകളിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസിറ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള യുഎഇ മന്ത്രിസഭാ തീരുമാനം ആണ് വിവിധ എമിറേറ്റുകളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

പ്ലാസ്റ്റിക് കവറുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇരുപത്തിയഞ്ച് ഫില്‍സ് ഈടാക്കിയാണ് സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും നല്‍കുന്നത്. യുഎഇ ഭരണകൂടം നിശ്ചയിച്ച നിരക്കാണ് ഇരുപത്തിയഞ്ച് ഫില്‍സ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള നിരോധനം ലംഘിക്കുന്നവര്‍ക്ക് ഇരുനൂറ് ദിര്‍ഹം ആണ് പിഴശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പരമാവധി രണ്ടായിരം ദിര്‍ഹം വരെയാണ് പിഴശിക്ഷ ലഭിക്കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റികിന്റെ ഉപയോഗം ഒഴിവാക്കുന്നതിനാണ് യുഎഇ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് 2026 ജനുവരി ഒന്നിന് നിരോധനം ബാധകമാകും. പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, കണ്ടയ്‌നറുകള്‍,സ്പൂണ്‍ ഫോര്‍ക്ക്,സ്‌ട്രോ തുടങ്ങിയവയാണ് 2026-ല്‍ നിരോധിക്കപ്പെടുക.

ഇമറാത്തിവത്കരണം: പതിമൂവായിരത്തിലധികം സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം

0

യുഎഇയില്‍ സ്വദേശിവത്കരണം രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയത് 13508 സ്വകാര്യ സ്ഥാപനങ്ങളിലെന്ന് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയം. നാഫിസ് പദ്ധതി വഴിയാണ് ഇമറാത്തികള്‍ക്ക് നിയമം നല്‍കിയിരിക്കുന്നത്. 2023 ല്‍ മാത്രം 6491 സ്വകാര്യ സ്ഥാപനങ്ങളാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുടെ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ഇമറാത്തികള്‍ക്ക് തൊഴില്‍ നല്‍കണമെന്നായിരുന്നു യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ തീരുമാനം. 2022 ല്‍ 7,017 ഇമറാത്തികള്‍ക്കും 2023 ല്‍ 6491 ഇമറാത്തികള്‍ക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം നല്‍കിയത്.

നാഫിസ് പ്രോഗ്രാമിലൂടെയാണ് നിയമനം നടപ്പിലാക്കിയത്. 61,000 ല്‍ ധികം ഇമറാത്തികല്‍ നാഫിസ് പദ്ധതി വഴി ആനുകൂല്യം നേടുന്നതായും മന്ത്രാലയം അറിയിച്ചു. 2023 ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 82,000 ആയി വര്‍ദ്ധിപ്പിക്കുയായിരുന്നു ലക്ഷ്യം. 79000 ഇമറാത്തികളാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ ജോലി നേടിയത്. 2024 മുതല്‍ സ്വദേശിവത്കണം ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ 2024-ല്‍ ഒരു സ്വദേശിയേയും 2025-ല്‍ രണ്ടാമത് ഒരു സ്വദേശിയേയും നിയമിക്കണം. സ്വദേശി നിയമനം നടപ്പിലാക്കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നടപടികാളാണ് മന്ത്രാലയം സ്വീകരിക്കുന്നത്.

നേരത്തെ വ്യാജ സ്വദേശിവത്കരണം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. 2025 നുള്ളില്‍ പുതിയ അനുപാതം അനുസരിച്ച് സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കും. ഇതിനുപുറമേ കൃത്യമായി നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവത്കരണത്തന് ഇമറാത്തികളെ പ്രോത്സാഹിപ്പിക്കുന്നതായി നാഫിസ് പദ്ധതി വഴി ഗൈഡുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വൈവിധ്യമുള്ള തൊഴില്‍ മേഖലകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തൊഴില്‍ അന്വേഷകര്‍ക്കും നാഫിസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.


ചെങ്കടല്‍ ഗതാഗതം: ഹൂത്തികള്‍ക്ക് മുന്നറിയിപ്പുമായി യു.എസും യുകെയും

0

ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികളുടെ ആക്രമണം തുടര്‍ന്നാല്‍
വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍. പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചെങ്കടലിലെ ഹൂത്തി ഭീഷണിയെ തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ദ്ധിച്ചു.

ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് യെമനിലെ ഹൂത്തി വിമതര്‍ ഭീഷണി ഉയര്‍ത്തിത്തുടങ്ങിയത്. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകും എന്നായിരുന്നു ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നത് എങ്കിലും മറ്റ് കപ്പലുകള്‍ക്ക് നേരേയും ഹുത്തികളുടെ ആക്രമണം ഉണ്ടായി. ഇതോടെ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് അമേരിക്കയും യു.കെയും അടക്കം പന്ത്രണ്ട് രാഷ്ട്രങ്ങള്‍ ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ചെങ്കടലില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും പന്ത്രണ്ട് രാജ്യങ്ങളുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹൂത്തികള്‍ ആക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ആഗോള തലത്തിലുള്ള ചരക്കുനീക്കത്തിന്റെ പതിനഞ്ച് ശതമാനത്തിലധികവും ചെങ്കടലിലൂടെയാണ്. ഹുത്തി ഭീഷണിയെ തുടര്‍ന്ന് അസംസ്‌കൃത എണ്ണയ്ക്ക് വില വീണ്ടും വര്‍ദ്ധിച്ച് തുടങ്ങി. ബ്രെന്റ് ക്രൂഡിനും ഡബ്ല്യുടിഐ ക്രൂഡിനും മൂന്ന് ശതമാനത്തോളം ആണ് വില വര്‍ദ്ധിച്ചത്. ബ്രെന്റ് ക്രൂഡിന് ഒരു ബാരലിന്റെ വില വീണ്ടും എണ്‍പത് ഡോളറിലേക്ക് അടുത്തു.