Sunday, August 2, 2026
Home Blog Page 165

സലേഹ് അല്‍ അറൂരിയുടെ കൊലപാതം: കനത്ത തിരിച്ചടിയെന്ന് ഹിസ്ബുള്ള

0

ലബനനില്‍ വെച്ച് ഹമാസ് നേതാവിനെ വധിച്ചതിന് തക്കശിക്ഷ നല്‍കുമെന്ന് ഹിസ്ബുള്ളയുടെ ഭീഷണി. നിശബ്ദരായിരിക്കില്ലെന്നും ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള പറഞ്ഞു. ഹമാസ് നേതാവിന്റെ കൊലപാതകത്തോട് കൂടി ഇസ്രയേല്‍-ഹമാസ് യുദ്ധം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന ആശങ്ക ശക്തിപ്പെട്ടു.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ആണ് ഹമാസിന്റെ ഉപമേധാവി സലേഹ് അല്‍ അറൂരി കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പക്ഷെ ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല.

സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ആരോപണം. അറൂരിയൂടെ കൊലപാതകത്തിന് പകരംവീട്ടും എന്ന മുന്നറിയിപ്പാണ് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള നല്‍കുന്നത്. യുദ്ധത്തെ ഭയക്കുന്നില്ലെന്നും നിശബ്ദരായിരിക്കില്ലെന്നും ഹസ്സ നസ്രള്ള ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് ഖേദിക്കേണ്ടിവരും എന്നും ഹസ്സന്‍ നസ്രള്ള വ്യക്തമാക്കി. സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തോട് കൂടി യുദ്ധം ഗാസയ്ക്ക് പുറത്തേക്കും നീങ്ങുമോ എന്ന ആശങ്ക ശക്തിപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഐക്യരാഷ്ട്രസഭയും എല്ലാം ഈ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.

ഗാസയുദ്ധം മേഖലയില്‍ ആകെ വ്യാപിക്കുന്നതിനോട് ഹിസ്ബുള്ളയ്ക്കും ലബനനും യോജിപ്പില്ലെന്ന് വിദേശകാര്യമന്ത്രി അബ്ദല്ല ബൗ ഹബീബ് പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ചര്‍ച്ചകളും സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തോട് കൂടി റദ്ദാക്കി. ചര്‍ച്ചകള്‍ക്കായി ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്ക് ഇസ്രയേല്‍ പ്രതിനിധി സംഘം എത്താനിരിക്കെയാണ് റദ്ദാക്കിയത്.

പൗരത്വഭേദഗതി നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാനൊരുങ്ങി മോദിസർക്കാർ

0

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും അതിന്‌ ശേഷം രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

‘പൗരത്വഭേദഗതി നിയമങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ നിയമം നടപ്പിലാക്കാനും അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും കഴിയും.’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 ഡിസംബറിലാണ് പൗരത്വഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു. നിയമം പാസാക്കി നാല് വർഷമായിട്ടും സിഎഎക്കായുള്ള ചടങ്ങൾ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാവില്ല. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുമോ എന്ന ചോദ്യത്തിന്, ‘അതെ, അതിനും വളരെ മുമ്പ്’ എന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ പ്രതികരണം.

‘നിയമങ്ങള്‍ തയ്യാറാണ്. ഓണ്‍ലൈന്‍ പോര്‍ട്ടലും നിലവിലുണ്ട്, മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായിരിക്കും. അപേക്ഷകര്‍ ഇന്ത്യയില്‍ പ്രവേശിച്ച വര്‍ഷം അറിയിക്കണം. അപേക്ഷകരില്‍ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ല,’ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

വൈഗ കൊലക്കേസ്: പിതാവ് സനുമോഹന് ജീവപര്യന്തം തടവ്

0

കൊച്ചിയിൽ പത്തു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹനന് ജീവപര്യന്തം തടവും പിഴയും. വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം തടവും 170000 രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 328, 201 വകുപ്പുകളും, ബാലവാകാശ നിയമത്തിലെ 75, 77 വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ജഡ്‌ജ് കെ. സോമനാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്.

പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ശിക്ഷ വിധിക്ക് മുന്നോടിയായുള്ള വാദവും കോടതിയിൽ പൂർത്തിയാക്കായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. ഐപിസി 201 വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപയുമാണ് പിഴ നൽകേണ്ടത്. ഐപിസി 328 പ്രകാരം പത്ത് വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. ബാലാവകാശ നിയമം ജെ ജെ ആക്‌ട് ഇരപത്തിയഞ്ച് പ്രകാരം പത്ത് വർഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ജെ ജെ ആക്‌ട് എഴുപത്തിയേഴ് അനുസരിച്ച് മൂന്ന് വർഷം തടവും പതിനായിരം രൂപയും ശിക്ഷ വിധിച്ചു.

2021 മാർച്ച് 22നാണ് കേസിന് ആസ്‌പദമായ സംഭവം. ആലപ്പുഴയിലെ വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് മകൾ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹൻ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശീതള പാനീയത്തിൽ മദ്യം നൽകിയ ശേഷം മയങ്ങി പോയ മകളെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതി കുട്ടിയെ കിടക്ക വിരിപ്പിൽ പൊതിഞ്ഞ് രാത്രി പത്തര മണിയോടെ മുട്ടാർ പുഴയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പുഴയിൽ മുങ്ങിയായിരുന്നു യഥാർഥത്തിൽ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. മകൾ തനിച്ചായി പോകുമെന്ന ഭയത്തിലാണ് കൊല നടത്തിയതെന്ന വിചിത്രമായ മൊഴിയാണ് പ്രതി പൊലീസിന് നൽകിയത്.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ പ്രതിയായ കേസിൽ സമൂഹത്തിന് പാഠമാക്കുന്ന ശിക്ഷ തന്നെ നൽകണയെന്നായിരുന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്. സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷപെടാൻ രാജ്യം വിടാനൊരുങ്ങിയ പ്രതി മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

യൂത്ത് കോൺഗ്രസ് സമരം; പ്രതികളുടെ ജാമ്യപേക്ഷ കോടതി തളളി

0

സെക്രട്ടറിയേറ്റ് മാർച്ചിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. പൊലീസിനെതിരെ നടത്തിയ ആക്രണം അതീവ ഗൗരവമുള്ളതെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതുൽ, പ്രേംലാൽ, ബിനുകുമാർ, അക്‌സര്‍ ഷാ രാഹുൽ, ജോഫിൻ, റമീസ് ഹുസൈൻ, വിവേക്, നോയൽ ടോമിൻ, സജിത്ത്, ജിഷ്‌ണു, അദ്വൈത, സനൽ, വൈശാഖ്, ചൈത്ര, പവിത്രൻ, മുഹമ്മദ് റഫീഖ്, അജയൻ, ജനീഷ് എന്നീ 19 പ്രതികളുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്.

പരുക്ക് പറ്റിയില്ലങ്കിലും സമരം നിയമ വ്യവസ്‌തകളെ വെല്ലുവിളിക്കുന്നത് അല്ലേ എന്ന് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തി. ഹെൽമറ്റ്, ഷീൽഡ് എന്നിവ നശിപ്പിച്ചതിലൂടെ അരലക്ഷം രൂപയുടെ നഷ്‌ടവും വരുത്തി എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ്.

അതേസമയം, ഡി ജി പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. 10 കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ അപേക്ഷയാണ് നാളെ പരിഗണിക്കുക. മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള പൊലീസ് അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്ത് കാര്യത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് കോടതി ചോദിച്ചു. മാർച്ച് സംഘർഷമായതോടെ പ്രവർത്തകർ പോലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നായിരുന്നു പൊലീസ് നിലപാട്. മുളകുപൊടിയും ചീമുട്ടയും ഗോലിയും വാങ്ങിയതിന്റെ ഉറവിടം അടക്കം മനസ്സിലാക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.ആയുധം വലിച്ചെറിഞ്ഞത് ഗൂഢലക്ഷ്യത്തോടെ ആണെന്നായിരുന്നു പൊലീസ് നിലപാട്. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ ഇത് തള്ളിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്ന് കോടതിയുടെ വിധി.

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; നാളെ സംസ്ഥാന കൗൺസിൽ

0

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിൻെറ പേര് നിർദേശിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻേറതാണ് തീരുമാനം. എക്സിക്യൂട്ടീവിൽ മറ്റ് പേരുകളൊന്നും നിർദ്ദേശിക്കപ്പെടാത്തതിനേ തുടർന്ന് ആണ് ബിനോയ് വിശ്വം തന്നെ തുടരണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. നാളെ ചേരുന്ന സംസ്ഥാന കൗൺസിലിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.

കാനം രാജേന്ദ്രന്റെ വിയോഗത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ സിപിഐയുടെ താത്ക്കാലിക സെക്രട്ടറിയാക്കിയത്. എന്നാലും ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയതിൽ സിപിഐയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് ആയിരുന്നു ആരോപണം. തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാർട്ടിയിലുണ്ട്.

സ്വത്ത് സമ്പാദന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരായ നടപടി നടപ്പാക്കാനും തീരുമാനമായി. ജയനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. എ പി ജയന് പകരം ജില്ലാ സെക്രട്ടറിയായ മുല്ലക്കര രത്നാകരൻ ചുമതലയിൽ നിന്ന് ഒഴിഞ്ഞു. മുല്ലക്കര രത്നാകരന് പകരം എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരനെ സിപിഐ ജില്ലാ സെക്രട്ടറിയാക്കി. പത്തനംതിട്ട സിപിഐയിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.

പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ; പത്മശ്രീ തിരിച്ചു നൽകുമെന്ന് ബജരംഗ് പൂനിയ

0

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഭ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പത്മശ്രീ തിരിച്ചു നൽകുമെന്ന് ഒളിംപിക് മെഡൽ ജേതാവ് ബജരംഗ് പൂനിയ പ്രഖ്യാപിച്ചു. പത്മശ്രീ തിരിച്ച് നൽകുമെന്ന് അറിയിച്ച് ബജരംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തങ്ങൾ നേരിടുന്ന കടുത്ത അനീതി പരാതിപ്പെട്ട താരങ്ങളെ ബ്രിജ് ഭൂഷൻ രാഷ്ട്രീയ പിൻബലത്തോടെ പിന്തിരിപ്പിക്കുന്നുവെന്നും ബജരംഗ് പൂനിയ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആരോപിച്ചു.

അതിനിടെ, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ലൈംഗികാതിക്രമ കേസിൽ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷൻ അധ്യക്ഷനാക്കിയതിനെതിരെ വിമർശനം ശക്തമാണ്. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ സർക്കാർ മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. വരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനർജി ഇന്ത്യ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു.

മനുഷ്യക്കടത്ത് എന്ന് സംശയം; 303 ഇന്ത്യക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു

0

303 ഇന്ത്യൻ യാത്രക്കാരുമായി യുഎഇയിൽ നിന്ന് നിക്കാരഗ്വയിലേക്കു പോവുകയായിരുന്ന വിമാനം ഫ്രാൻസിൽ തടഞ്ഞ് വച്ചു. വിമാനത്തിലെ യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാവാം എന്ന സംശയത്തെ തുടർന്നാണ് അധികൃതർ തടഞ്ഞത്. റുമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണിത്.

യാത്രക്കാരായ ഇന്ത്യക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് സംശയിക്കുന്നതായി പാരിസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു.യുഎഇയിൽ നിന്ന് പുറപ്പെട്ട എ-340 വിഭാഗത്തില്‍പെട്ട വിമാനം ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയപ്പോൾ ആണ് ഫ്രാന്‍സ് അധികൃതര്‍ തടഞ്ഞുവെച്ചത്. അമേരിക്കയിലോ കാനഡയിലോ എത്തിക്കാമെന്ന വാക്ക് വിശ്വസിച്ചു പുറപ്പെട്ടവർ ആകാമെന്നാണ് സംശയം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

അർജുനെ വെറുതെ വിട്ട വിധി റദ്ദാക്കണം: വണ്ടിപ്പെരിയാർ പീഡനക്കേസിൽ സർക്കാർ അപ്പീൽ നൽകി

0

വണ്ടിപ്പെരിയാര്‍ കേസിൽ പ്രതിയെ വെറുതെ വിട്ടത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ ഹര്‍ജി നൽകി. ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി വിധിക്ക് എതിരെയാണ് ഹര്‍ജി. വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുൻ സുന്ദറിനെ വെറുതേ വിട്ട ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നും അപ്പീലിൽ പറയുന്നു.

2021 ന് ജൂൺ 30 നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.

തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടുവെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ വിധിയിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് പ്രോസിക്യൂഷനും പൊലീസും വാദിക്കുന്നത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മരിച്ച കുട്ടിയുടെ പിതാവും നേരത്തെ പറഞ്ഞിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു.

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം

0

തിരുവനന്തപുരം മെഡിക്കൽ കോളേജ് പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കേണ്ടത്തുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു.

ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കൂടി വ്യക്തമാക്കികൊണ്ടാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നേരത്തെ നീട്ടിവെച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ഉപാധികളോടെ ഇന്ന് ജാമ്യം അനുവദിച്ചത്

വസ്ത്രവും ഭക്ഷണവും വ്യക്തിപരമായ കാര്യം; കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

0

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാം. വസ്ത്രവും ഭക്ഷണവും വ്യക്തിപരമായ കാര്യങ്ങളാണ്. ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സിദ്ധരാമയ്യ പറഞ്ഞു. 2022ൽ ബിജെപി സർക്കാരാണ് കർണാടകയിൽ ഹിജാബ് നിരോധനം കൊണ്ടുവന്നത്.

‘ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഹിജാബ് നിരോധനം പിൻവലിക്കാൻ ഞാൻ നിർദ്ദേശം നൽകി. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗമനം ലക്ഷ്യം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പാണ്. ബിജെപി വസ്ത്രത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണ്’ സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.

2022 ഫെബ്രുവരിയിൽ ഉഡുപ്പിയിലെ ഒരു സർക്കാർ കോളേജിൽ ക്ലാസ്മുറിയിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നു. തുടർന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതേ നടപടിയെടുത്തു. അന്നത്തെ ബസവരാജ് ബൊമ്മൈ സർക്കാർ കാമ്പസുകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു. പൊതുനിയമത്തിനും തുല്യതയ്ക്കും വിഘാതം സൃഷ്ടിക്കുന്ന ഒരു വസ്ത്രവും അനുവദിക്കാനാവില്ലെന്നാണ് അന്ന് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പറഞ്ഞത്.