Sunday, August 2, 2026
Home Blog Page 166

പ്രതിപക്ഷത്തിന് നവകേരള സദസ്സിനോട് പക; സർക്കാരിന് ലഭിക്കുന്ന പിന്തുണ ചിലരെ അസ്വസ്ഥരാക്കുന്നു: പിണറായി

0

പ്രതിപക്ഷത്തിന് നവകേരള സദസ്സിനോട് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്താനുള്ള മാനസികാവസ്ഥ നേതൃത്വം ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതെല്ലാം തരത്തിൽ വർഗീയതയുമായി സമരസപ്പെട്ട് പോകാൻ കഴിയുമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കോൺഗ്രസിനകത്തുണ്ട്. ഇത്തരക്കാർക്ക് എതിരെ നീങ്ങാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും മുഖ്യമന്ത്രി അരുവിക്കരയിൽ നവകേരള സദസ്സിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന് പുതിയ തലമുറ നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നു. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും നടത്തുന്ന അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നെങ്കിൽ പിന്നീട് ബസിന് നേരെ ഷൂ എറിയുന്ന നിലയിലേക്കെത്തി. പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക. നവകേരള സദസ്സിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും പിണറായി പറഞ്ഞു.

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; തീരുമാനം സഞ്ജയ് കുമാര്‍ സിങ്ങിന്റെ വിജയത്തിന് പിന്നാലെ

0

ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തേരഞ്ഞെടുത്തതിന് പിന്നാലെയാണ് സാക്ഷിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് വൈകാരികമായി സാക്ഷി പ്രഖ്യാപിച്ചത്.

താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയാ പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ബജ്രംഗ് പുനിയ ചൂണ്ടിക്കാട്ടി. ഗുസ്തിയെ രക്ഷിക്കണമെന്ന് താരം വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടു. ഈ രാജ്യത്ത് എങ്ങനെ നീതി ലഭിക്കും എന്നറിയില്ല. സമരം സംഘടിപ്പിക്കുന്നതിന് ഒപ്പം പ്രശ്‌നങ്ങള്‍ എല്ലാവരിലേക്കും ഞങ്ങള്‍ എത്തിച്ചതാണ്. അതിക്രമം നേരിട്ട താരങ്ങള്‍ കേന്ദ്ര കായിമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞതാണ്. പുതിയ നേതൃത്വത്തിന് കീഴിലും സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നും വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങ് തെരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗിന്റെ ജയം. ഡബ്ല്യുഎഫ്ഐ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപണമുന്നയിച്ച് രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങളുടെ പിന്തുണയോടെയാണ് അനിത മത്സരിച്ചത്.

ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പീഡന പരാതിക്ക് പിന്നാലെ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അഡ്‌ഹോക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണിനെതിരെ പരാതി നല്‍കിയ ഗുസ്തി താരങ്ങളും കായിക മന്ത്രി അനുരാഗ് താക്കൂറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ബ്രിജ് ഭൂഷണ്‍ സിങോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുള്ളവരോ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ധാരണയായിരുന്നു. ലൈംഗികാതിക്രമ കേസില്‍ ജൂലൈ 20-ന് ഡല്‍ഹി കോടതി ബ്രിജ്ഭൂഷണ് സ്ഥിര ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്നായിരുന്നു ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആവശ്യം.

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ചുമതല നിര്‍വഹിക്കുന്നില്ലെന്ന് വിമര്‍ശനം

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കേരള സര്‍ക്കാര്‍ കത്ത് അയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് ആരോപണം. രാ‌ഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.

ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന തര്‍ക്കത്തിൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഗവർണർ ഉത്തര വാദിത്തം മറന്നു പെരുമാറിയാൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് നടപടി.

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുൻനിര്‍ത്തിയാണ് ഇപ്പോൾ കത്ത് അയച്ചത്.

തനിക്ക് ഭയമുണ്ടോയെന്ന് സതീശൻ സുധാകരനോട് ചോദിക്കൂ, തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്: പിണറായി

0

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്‍റെ മറുപടി. സതീശന്‍റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. ഒറ്റയ്ക്ക് പോകുമ്പോള്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയിട്ടുണ്ടെന്നും അത്തരം ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് താൻ. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട് എന്നും പിണറായി പറഞ്ഞു.

ഞാൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണം ജനം തന്നതിൽ കോണ്‍ഗ്രസിന് കലിപ്പുണ്ടാകുമെന്ന് പറഞ്ഞ പിണറായി വിജയന്‍, 2021ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചുവെന്നും ആരോപിച്ചു. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവർണർ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോൺഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നവകേരള സദസ്സിന്റെ വിജയം ചിലരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. കല്യാശ്ശേരിയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ നില്‍ക്കുന്ന കവലയില്‍ രണ്ട് ചെറുപ്പക്കാര്‍ കരിങ്കൊടിയുമായി ബസിന് മുന്നിലേക്ക് ചാടിവീണു. അവിടെയുള്ള ചില ചെറുപ്പക്കാര്‍ ഇവര്‍ അപകടത്തില്‍പ്പെടുമെന്ന് കണ്ട് ചാടിവീണവരെ തള്ളിമാറ്റി. അവരുടെ ജീവന്‍ രക്ഷിക്കുക എന്നത് എല്ലാവരുടേയും ബാധ്യതയല്ലേ. പ്രതിഷേധം ആസൂത്രണം ചെയ്ത ആള്‍ തന്നെ ഇന്ന് രംഗത്ത് വന്നിരിക്കുന്നു. അത് നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാണെന്നും പിണറായി പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംഘർഷം: വി ഡി സതീശൻ ഒന്നാം പ്രതി, ചുമത്തിയിരിക്കുന്നത് പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ ജാമ്യമില്ലാക്കുറ്റം

0

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതി. ഷാഫി പറമ്പിലും എം. വിൻസന്റും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന് നേരെ ആക്രമണം, കലാപാഹ്വനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എ ആർ ക്യാംപിൽ നിന്ന് ചാടിപ്പോയതിന് ഉൾപ്പെടെ നാല് കേസുകളാണ് ഇന്നത്തെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘംചേരൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പിങ്ക് പൊലീസ് വാഹനം അടിച്ചുതകർത്തതിനും കേസ് എടുത്തിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നതായി ആരോപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലുമായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും ഉൾപ്പെടെ 20 പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിൽ വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

മ്യൂസിയം പൊലീസ് സ്റ്റേഷൻ, കന്റോൺമെന്റ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കേസ്. കന്റോൺമെന്റ് സ്റ്റേഷനിൽ 23 പേർക്കെതിരെയും മ്യൂസിയം സ്റ്റേഷനിൽ 15 പേർക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന മുന്നൂറോളം പേരും കേസിൽ പ്രതികളാണ്.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; പ്രതിരോധ പ്രവർത്തനം അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി അടിയന്തര യോഗം ചേർന്നു

0

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളിൽ മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രിലുകൾ നടത്തണം. ഇപ്പോൾ ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണിത്. ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് വകഭേദം ജെഎൻ 1 രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയും ശ്വാസകോശ അസുഖങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

സംസ്ഥാനത്ത് ജാഗ്രത വേണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകളില്‍ കേരളത്തില്‍ പ്രതിദിനം വലിയ വർധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. രാജ്യമൊട്ടാകെ 24 മണിക്കൂറിനിടെ 614 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണും ഉപ വകഭേദമായ ജെഎൻ1 ഉം ആണ് കേരളത്തിൽ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതൽ രോഗികളും ആശുപത്രിയിൽ എത്തുന്നത്. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങൾ ഉള്ള എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

‘സർവകലാശാലയുടെ പ്രതിഛായ നശിപ്പിക്കുന്നു’: ഗവർണർക്ക് എതിരായ എസ്എഫ്ഐ ബാനർ നീക്കണമെന്ന് വിസി

0

ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണരെ ഹിറ്റ്ലറും മുസോളിനിയും ആയി താരതമ്യം ചെയ്യുന്നതാണ് ബാനര്‍.

സര്‍വകലാശാല ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കെയാണ് ബാനര്‍ പ്രദര്‍ശനം തുടരുന്നതെന്ന് വി.സി. ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയാണ് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്.

ചൊവ്വാഴ്ച തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വി.സിയുടെ ശ്രദ്ധയില്‍പ്പെട്ടതും മാറ്റാനുള്ള നിര്‍ദ്ദേശം രജിസ്ട്രാര്‍ക്കു നല്‍കിയതും. സര്‍വ്വകലാശാലയുടെപ്രതിച്ഛായ നശിപ്പിക്കുന്ന ബാനര്‍ ഉടനടി അഴിച്ചു മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് വി.സിയുടെ ഉത്തരവ്.

ഒരു മതേതരവാദിയെ സംഘപരിവാർ ചാപ്പകുത്തി തകർക്കാൻ കുത്സിത ശ്രമം; വിശദീകരിച്ച് കെ സുധാകരൻ

0

സംഘപരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ പാർലമെന്റിൽ നിന്ന് സസ്പെൻഷൻ വാങ്ങിയ ദിനംതന്നെ സംഘപരിവാറിന്റെ ചാപ്പകുത്താൻ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സെനറ്റിലേക്ക് യോഗ്യത ഇല്ലാത്തവരെ നോമിനേറ്റ് ചെയ്താൽ എതിർക്കും എന്നാണ് പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു. നേരത്തെ ഗവ‍ർണറുടെ വിഷയത്തിലുള്ള പ്രതികരണം വലിയരീതിയിൽ വിമ‍ശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.

നരേന്ദ്ര മോദിക്കെതിരെ നാവു ചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍ പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ല. സംഘപരിവാര്‍ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണറെ ഒരുകാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടവരാണ് ഞങ്ങളെന്നും സുധാകരൻ പറഞ്ഞു.

ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്ലികാർജുൻ ഖാർഗെയെ നിർദ്ദേശിച്ച് മമത ബാനർജി

0

പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗം അവസാനിച്ചു. സീറ്റ് വിഭജനത്തെ കുറിച്ചായിരുന്നു ഇന്നത്തെ പ്രധാന ചര്‍ച്ച. സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തിനിടെ ആണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ആവശ്യമുയർന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജിയും എ എ പി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും ആണ് ആദ്യം ഖാര്‍ഗെയുടെ പേര് മുന്നോട്ട് വെച്ചത്. മറ്റ് പാര്‍ട്ടികളുടെ നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു.

മുന്നണി യോഗത്തില്‍ 28 പാര്‍ട്ടികള്‍ പങ്കെടുത്തെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഖാര്‍ഗെ വിശദീകരിച്ചു. പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനില്‍ മുന്നണി ശക്തമായി അപലപിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടും. പ്രധാനമന്ത്രി അല്ലെങ്കില്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ സുരക്ഷ വീഴ്ച വിശദീകരിക്കണം എന്നാണ് ആവശ്യമെന്നും ഖാര്‍ഗെ പറഞ്ഞു.

സുരക്ഷ വീഴ്ചയില്‍ ഇന്‍ഡ്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധം വെള്ളിയാഴ്ച നടക്കും. ബിജെപി അജണ്ട ജനാധിപത്യത്തെ അവസാനിപ്പിക്കലാണ്. തെരഞ്ഞെടുപ്പ് വിജയം മുഖ്യമാണ്. പ്രധാനമന്ത്രി ആരെന്നതില്‍ തീരുമാനം പിന്നീട് ഉണ്ടാകും. തെരഞ്ഞെടുപ്പ് നേരിടുന്നതിലാണ് ഇപ്പൊൾ ശ്രദ്ധ. ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ യോഗത്തില്‍ ആരും എതിര്‍ത്തില്ലെന്ന് എംഡിഎംകെ അദ്ധ്യക്ഷന്‍ വൈക്കോ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർക്കെതിരെയുള്ള പ്രതിഷേധം; സുരക്ഷ വീഴ്ചയില്ല, എസ്എഫ്ഐക്കാ‍ർ അപ്രതീക്ഷിതമായി ചാടിയെന്ന് റിപ്പോർട്ട്

0

തിരുവനന്തപുരത്ത് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ പൊലീസിന് ബോധപൂർവ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപി. വാഹനാം കടന്നു പോകാൻ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളിൽ നിന്നും എസ്എഫ്ഐക്കാർ വാഹനത്തിന്റെ മുന്നിൽ വീഴുകയായിരുന്നുവെന്നാണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു.

ഡിജിപിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി വിശദീകരണം നൽകുക. 7 പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. കമ്മീഷണറോട് വിശദീകരണം ചോദിച്ചിരുന്നുവെന്നും റൂട്ടിലുണ്ടായിരുന്ന കന്റോൺമെന്റ് അസിസ്റ്റൻറ് കമ്മിഷണർ, എസ്ഐ എന്നിവരിൽ നിന്നും വിശദീകരണം തേടിയെന്നും റിപ്പോർട്ടിലുണ്ട്.

ഇന്നലെ തിരുവനന്തപുരത്തും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കോഴിക്കോട് നടന്ന പ്രതിഷേധത്തിന് പുറമെയാണിത്. കോഴിക്കോട്ട് നിന്ന് വിമാനമാ‍ർഗം തിരുവനന്തപുരത്തെത്തിയ ഗവ‍ർണ‍ർക്കാണ് തിരുവനന്തപുരത്തും എസ്എഫ്ഐയുടെ പ്രതിഷേധം. തന്നെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ലെന്നും വിമര്‍ശിച്ച ഗവര്‍ണര്‍, ഇന്നലെ മാധ്യമങ്ങളോടും ക്ഷുഭിതനായി.