Saturday, August 1, 2026
Home Blog Page 167

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

0

ഷാരൂഖ് ഖാന്റെ പങ്കാളിയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് നോട്ടീസ്. ലക്നൗ ആസ്ഥാനമായ തുളസി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാൻഡ് അമ്പാസിഡർ ആണ് ഗൗരി ഖാൻ.

നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നുമായി 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ കേസ്. ഗൗരി ഖാനുമായുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇഡി നോട്ടീസിനോട് ഗൗരി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാനൊപ്പം റെഡ് ചില്ലീസ് എന്റർടെയൻമെന്റ്സ് എന്ന ചലച്ചിത്ര നിർമ്മാണകമ്പനിയുടെ ഉടമകൂടിയാണ് ഗൗരി.

കേരളത്തിൽ 24 മണിക്കൂറിൽ 115 ആക്റ്റീവ് കോവിഡ് കേസുകൾ; ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം

0

സംസ്ഥാനത്ത് ഇന്നലെ മാത്രം 115 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചത് 142 കേസുകളാണ്. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനവും കേരളത്തിലാണ്.

വ്യാപനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചു. രാജ്യത്താദ്യമായി കോവിഡിന്റെ വകഭേദം ജെഎൻ.1 കേരളത്തിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നുമുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് കേന്ദ്രം ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 90 ശതമാനത്തോളം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടത്തുന്ന സംസ്ഥാനവും കേരളമാണ്.

സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ജാഗ്രത കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിനിച്ചു. പരിശോധന ശക്തമാക്കണം, ആൾക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർധിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നി‌ർദേശങ്ങളാണ് കേന്ദ്രം നൽകിയത്. പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും, കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാഗമാക്കി മുൻകരുതൽ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ പറയുന്നു.

സുരക്ഷാ വിഴ്ചയിൽ പാർലമെൻ്റിൽ പ്രതിഷേധം; കേരളത്തിൽ നിന്നുള്ള എം പിമർക്ക് അടക്കം സസ്പെൻഷൻ

0

ഇന്ന് 78 എംപിമാർക്ക് സസ്പെൻഷൻ; കെസി, ജയറാം രമേശ്, ബിനോയ് വിശ്വവും പുറത്ത്പാർലമെന്‍റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ കൂട്ടനടപടി. പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്സഭയിലും രാജ്യസഭയിലും ഉയർത്തി പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളടക്കമുള്ളവർക്കെതിരെയാണ് നടപടി.

പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നത്. ആദ്യം ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയില്‍ 45 എം പിമാരെയും സസ്പെൻഡ് ചെയ്തു. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി. കോൺഗ്രസിന്‍റെ ലോക്സഭ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള എം പിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍. മൂന്ന് മാസത്തേക്ക് സസ്പെന്‍ഷനിലായവർക്ക് ഉള്ള തുടര്‍നടപടി എത്തിക്സ് കമ്മിറ്റി തീരുമാനിക്കും.

കേരളത്തിൽ നിന്നുള്ള നിരവധി എം പിമാരും സസ്പെൻഷൻ ലഭിച്ചവരിൽ ഉണ്ട്. കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, ജെബി മേത്തർ എന്നിവരാണ് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ.

സുരക്ഷ വീഴ്ചയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാര്‍ അവകാശപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ലോക്സഭ സ്പീക്കറും, രാജ്യസഭ ചെയര്‍മാനും സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടരുകയാണെന്ന് ഇന്നും സഭയെ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയും തടസ്സപ്പെട്ടു.

മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സർക്കാർ നടപടിയാണ് എം പിമാർക്കെതിരായ സംസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമന്‍റിനോട് ഉത്തരവാദിത്വമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

സ്കൂളിലേക്ക് പോയ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

0

പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയതാണ് വിദ്യാര്‍ത്ഥിനികൾ. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചെത്തിയില്ല.

പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ല, ഞാൻ ഞായറാഴ്ചയും കണ്ടിരുന്നു, പ്രചരിക്കുന്നത് വ്യാജം’ ഛോട്ട ഷക്കീൽ

0

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന അഭ്യൂഹം തള്ളി അടുത്ത സഹായി ഛോട്ട ഷക്കീൽ. ദാവൂദ് ജീവനോടെയുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീൽ ദേശീയ മാധ്യമത്തോടു പറഞ്ഞു.

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ദാവൂദിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദെന്നാണ് വാർത്ത. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണെന്നും ആശുപത്രിയിലെ ഉന്നത അധികൃതരെയും അടുത്ത കുടുംബാംഗങ്ങളെയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നതെന്നും ആയിരുന്നു വാർത്ത.

‘ദാവൂദ് ജീവനോടെയുണ്ട്, ആരോഗ്യവാനായി. ഈ കള്ളപ്രചരണം കണ്ട് ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. ഞായറാഴ്ച ഞാൻ പല തവണ അയാളെ കണ്ടിരുന്നു’– ഛോട്ടാ ഷക്കീൽ പറഞ്ഞു. ദാവൂദിനെ കുറിച്ചുള്ള വാർത്ത ഇൻ്റലിജൻസ് വൃത്തങ്ങളും തള്ളിയിരുന്നു.

തിരുവനന്തപുരത്തും എസ്എഫ്ഐയുടെ പ്രതിഷേധം; തന്നെ ആക്രമിച്ചവർക്ക് എതിരെ നടപടി എടുക്കാത്തതിന് ക്ഷുഭിതനായി ഗവർണർ

0

സര്‍വകലാശാലകളിലെ അച്ചടക്കം തിരികെ കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്ന് ഗവർണർ ആരോപിച്ചു. മാധ്യമങ്ങളോടും ഗവർണർ ക്ഷുഭിതനായി.

ബിജെപി നേതാക്കളുടെ നിർദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, താൻ പോയത് മുസ്ലിം ലീഗ് പ്രസിഡൻ്റിൻ്റെ മകൻ്റെ കല്യാണത്തിനാണ് എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഒരു സുരക്ഷാ പ്രശ്നവുമുണ്ടായിരുന്നില്ല. കേരളത്തിൽ ബിജെപി ഒരു പ്രധാന ശക്തിയാണോ എന്ന് ചോദിച്ച ഗവർണർ, മാധ്യമങ്ങൾ ചോദ്യങ്ങൾ വഴിതിരിച്ചുവിടുന്നുവെന്നും വിമര്‍ശിച്ചു. കോഴിക്കോട്ടെ ജനങ്ങള്‍ കാണിച്ചത് വലിയ സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്തും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് ഗവര്‍ണര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. നഗരത്തിൽ ഉടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

നവകേരള സദസ്സ് അലങ്കോലമാക്കാൻ ആളെ അയക്കുന്നു; മാധ്യമങ്ങൾക്ക് എതിരെയും മുഖ്യമന്ത്രിയുടെ വിമർശനം

0

നവകേരള സദസ്സിന് ഇടയിൽ നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. പുനലൂരിൽ നവകേരള സദസ്സിൽ സംസാരിക്കവെ ഒരാൾ പാഞ്ഞടുത്തതിനോടാണ് പിണറായി വിജയൻ പ്രതികരിച്ചത്. പരിപാടി അലങ്കോലമാക്കാൻ വേണ്ടിയാണ് ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. എന്നാൽ എല്ലാവരും സംയമനത്തോടെയാണ് പ്രതികരിച്ചത്. ചിലയിടത്ത് മാധ്യമങ്ങൾ കൂടി പ്രതിഷേധങ്ങളുടെ ആസൂത്രണം നടത്തി. പ്രതിഷേധക്കാർ നിൽക്കുന്നയിടത്ത് മാധ്യമ പ്രവർത്തക ക്യാമറയുമായി നിന്നു. എക്‌സ്‌ക്ലൂസീവ്‌ ആയി ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.

ഇവിടെ ക്യാമറയുടെ മുന്നിലേക്ക് എക്‌സ്‌ക്ലൂസീവ്‌ ആയി ചാടി വീഴുകയായിരുന്നു. ജനങ്ങൾ പ്രകോപനം കൂടാതെ സാഹചര്യം കൈകാര്യം ചെയ്തു. പല രൂപത്തിലും പരിപാടി അലങ്കോലപ്പെടുത്താൻ വരും. വ്യത്യസ്തമായ പ്രതിഷേധത്തിനാണ് ശ്രമം. ഞങ്ങൾ എത്ര പ്രതിഷേധം കണ്ടതാണെന്നും പിണറായി പറഞ്ഞു. പുനലൂരിൽ മുഖ്യമന്ത്രി സംസാരിക്കവെ പാഞ്ഞടുത്തയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നരഭോജി കടുവ കൂട്ടിലായി; വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ

0

വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.

കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. വെടിവെച്ച് കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടുതൽ ആളുകൾ പ്രദേശത്ത് എത്തി പ്രതിഷേധം തുടരുന്നു. എംഎൽഎ എത്തിയശേഷം തീരുമാനം എടുക്കണമെന്ന് ആണ് നാട്ടുകാരുടെ അവശ്യം.എന്നാൽ കടുവയെ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു.

കർഷകൻ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് പോയി. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.

ആര്യനാട് സർക്കാർ ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം; ഒരാൾ കസ്റ്റഡിയിൽ

0

ആര്യനാട് സർക്കാർ ആശുപത്രിയില്‍ ഡോക്ടർക്ക് മർദ്ദനം. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജോയിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഡോക്ടര്‍ വെള്ളനാട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30-ഓടെയായിുന്നു സംഭവം. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റെന്ന് പറഞ്ഞാണ് മൂന്നുയുവാക്കളും ഡോക്ടറെ കാണാനെത്തിയത്. തുടര്‍ന്ന് ഒ.പി. ടിക്കറ്റെടുക്കാന്‍ ഡോക്ടര്‍ ഇവരോട് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു ഇവർ. ഇതിൽ ഒരാളാണ് ഡോക്ടറെ മർദ്ദിച്ചത്. അകാരണമായി ആണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ഡോക്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ യുവാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെയും നഴ്‌സുമാരെയും അസഭ്യം വിളിച്ചു. ഇതിനിടെ പരുക്കേറ്റയാളെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുവരാന്‍ യുവാക്കളോട് പറഞ്ഞിരുന്നു. ഈ സമയത്താണ് യുവാക്കളിലൊരാള്‍ ഓടിയെത്തി ഡോക്ടറെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

0

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധയെ തുടർന്ന് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെ എൻ. വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

ചില രാജ്യങ്ങളിൽ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലെത്തുന്നുണ്ട്. തുടർന്ന് സിംഗപ്പൂരിലടക്കം അധികൃതർ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ മറ്റ് വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്.

പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവർ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുൻകരുതലുകൾ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.