Wednesday, June 17, 2026
Home Blog Page 168

നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുത്; ഗവർണർക്ക് എതിരെ പിണറായി വിജയൻ

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം? മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി? എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.നായനാരെയും കെ. കരുണാകരന്റേയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ലെന്നും പിണറായി പറഞ്ഞു.

ഗവര്‍ണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. താൻ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്. അത് കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും പിണറായി വിജയന്‍ നവകേരള സദസ്സില്‍ പറഞ്ഞു.

‘എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി’; ആരോപണവുമായി രാജ്ഭവൻ വാര്‍ത്താകുറിപ്പ് ഇറക്കി

0

മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്‍റെ വാർത്താകുറിപ്പ്. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനർ ഉയർത്താനാകില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രി ബോധപൂർവം ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചക്ക് ശ്രമിക്കുകയാണെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി.

ക്യാമ്പസിൽ ഗവർണർ താമസിച്ച ഗസ്റ്റ് ഹൗസിനു മുന്നിലാണ് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത്. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ തനിക്കെതിരെ എസ്.എഫ്.ഐ. പ്രവർത്തകർ ഉയർത്തിയ ബാനറുകൾ പോലീസിനെക്കൊണ്ടാണ് ഗവർണർ അഴിപ്പിച്ചത്. എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയർത്തുകൊണ്ടുമാണ് ഞായറാഴ്ച രാത്രിയോടെ ഗവർണർ ബാനറുകൾ അഴിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയത്. സാഹചര്യത്തിൽ ആണ് രാജ്ഭവൻ്റെ വാർത്താക്കുറിപ്പ്. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവൻ ഇത്തരത്തില്‍ വാർത്താകുറിപ്പിറക്കുന്ന പതിവില്ല.

‘ജീവൻ നഷ്ടപ്പെട്ടാലും കുഴപ്പമില്ല, ഒരു ബാനര്‍ നീക്കിയാല്‍ നൂറു ബാനറുകള്‍ വേറെ ഉയരും’: പിഎം ആര്‍ഷോ

0

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകള്‍ നീക്കം ചെയ്തതിന് പിന്നാലെ ക്യാമ്പസില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തിന് പിന്നാലെ ബാനറുകള്‍ നീക്കം ചെയ്തിരുന്നു. പിന്നാലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനമായി ക്യാമ്പസിലെത്തി. പൊലീസുകാരോട് കയര്‍ത്ത് സംസാരിച്ച പിഎം ആര്‍ഷോയും പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ വീണ്ടും കറുത്ത ബാനര്‍ ഉയര്‍ത്തുകയായിരുന്നു.

ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍ എന്നെഴുതിയ ബാനറാണ് ഉയര്‍ത്തിയത്. ഇതിനുശേഷം ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പൊലീസുകാരോടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയര്‍ത്തു. ഞങ്ങളെ തടയരുതെന്നും ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതിയെന്നും പൊലീസിനോട് പറഞ്ഞു. ശേഷമാണ് ബാനര്‍ ഉയര്‍ത്തിയത്.

നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന്‍റെ ബാനര്‍ കീറിയെടുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകള്‍ ക്യാമ്പസില്‍ തന്നെയുണ്ടാകുമെന്നും പിആര്‍ഷോ പറഞ്ഞു. നാളെ നേരം പുലരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനറുകള്‍ ഉയരും. ഗവര്‍ണറെ പിന്തുണച്ചുകൊണ്ടുള്ള ആര്‍എസ്എസിന്‍റെ ഒരു ബാനര്‍ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും ആര്‍ഷോ പറഞ്ഞു.

ഗവര്‍ണര്‍ കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നിലയിലേക്ക് പൊലീസുകാര്‍ മാറരുതെന്നും ആര്‍ഷോ പറഞ്ഞു. ആരിഫ് ഖാന്‍ വന്ന് തന്‍റെ ബാത്ത് റൂം കഴുകാന്‍ പറയുമ്പോള്‍ പോയി കഴുകുന്ന തരത്തില്‍ പൊലീസിന്‍റെ അന്തസ് കളയരുതെന്നും ആര്‍ഷോ ആരോപിച്ചു.

കാലിക്കറ്റ്‌ സർവകലാശാലയിൽ ഉയർത്തിയ ബാനറുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നു. ഒരു ബാനർ നീക്കിയാൽ നൂറു ബാനറുകൾ വേറെ ഉയരും. ഗവർണർ രാജാവും സർവകലാശാല രാജപദവിക്കു കീഴിലുള്ളസ്ഥലവുമല്ല. ഗവർണർ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്‍റെ ആവശ്യം. അത് നടക്കാത്തത് കൊണ്ടാണ് ഗവർണർ ക്യാമ്പസിൽ ഇറങ്ങി നടന്നു ബാനറിനെതിരെ സംസാരിച്ചത്. ഗവർണറേ ആക്രമിക്കുക എന്നതല്ല എസ് എഫ് ഐ സമര രീതി. ലാത്തിയടിയേറ്റാൽ ഞങ്ങളെ തല്ലുന്നു എന്ന് വിലപിക്കുന്ന കെ എസ് യു കാരെ പോലെ അല്ല എസ് എഫ് ഐയെന്നും ഇന്നലെ നിരവധി പേർക്കാണ് സമരത്തിൽ പരിക്കേറ്റതെന്നും പിഎം ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

അല്‍ ശിഫ ആശുപത്രിയുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കണമെന്ന് WHO

0

ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകർന്ന ഗാസയിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രത്തിലെ അടിയന്തര ചികിത്സാ വിഭാഗത്തെ എത്രയും പെട്ടെന്ന് പുനരുജ്ജീവിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബറില്‍ ഇസ്രയേല്‍ സേന ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണങ്ങള തുടർന്ന് അല്‍-ശിഫ ആശുപത്രിയ്ക്ക് ഏറെ നാശനഷ്ടം സംഭവിച്ചിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് വിശദീകരിച്ച ലോകാരോഗ്യസംഘടന ആശുപത്രിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും ആവശ്യപ്പെട്ടു.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകള്‍ ആശുപത്രിസമുച്ചയത്തില്‍ അഭയം തേടിയിട്ടുണ്ടെന്നും കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ പ്രയാസപ്പെടുകയാണെന്നും ലോകാരോഗ്യസംഘടന എമര്‍ജന്‍സി മെഡിക്കല്‍ ടീംസ് കോഓഡിനേറ്റര്‍ സീന്‍ കാസേ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. അടിയന്തര ചികിത്സാവിഭാഗത്തിൽ നൂറുകണക്കിന് രോഗികളുണ്ട്. ഓരോ നിമിഷവും കൂടിതല്‍ രോഗികള്‍ ചികിത്സ തേടിയെത്തുകയാണെന്നും കാസേ പറഞ്ഞു. ഗുരുതര പരിക്കുകളോടെയെത്തുന്ന രോഗികളെ പോലും നിലത്താണ് കിടത്തുന്നതെന്നും വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകളോ സംവിധാനങ്ങളോ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തിര ഇടപെടൽ നടത്തണം. അല്ലാത്തപക്ഷം ഇനിയും നിരവധി ജീവനുകള്‍ നഷ്ടമാകാനിടയുണ്ടെന്നും ഔദ്യോഗികപ്രസ്താവനയിൽ പറയുന്നു.ശനിയാഴ്ച ആശുപത്രിയില്‍ അവശ്യ മരുന്നുകളും മറ്റു ചികിത്സാ സംവിധാനങ്ങളും എത്തിച്ച ശേഷമായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സംഘടനയുടെ പ്രതികരണം.

വീട്ടുപരിസരത്ത് മൂത്രം ഒഴിച്ചുവന്ന് ആരോപിച്ച് യുവതിയെ തല്ലിച്ചതച്ചു; യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

0

തങ്ങളുടെ വീട്ടുപരിസരത്ത് മൂത്രമൊഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മൂപ്പത്തഞ്ചുകാരിയെ അയല്‍വാസികള്‍ ക്രൂരമര്‍ദനത്തിനിരയാക്കി. സ്വകാര്യഭാഗങ്ങളിൽ ഇരുമ്പുദണ്ഡുപയോഗിച്ച് മര്‍ദിച്ചതോടെ യുവതി ബോധരഹിതയായതായി. ഷാജഹാന്‍പുര്‍ രാം ചന്ദ്ര മിഷന്‍ പോലീസ് സ്‌റ്റേഷനുസമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.

വീടിന് സമീപത്തുള്ള ഓവുചാലില്‍ യുവതി മൂത്രമൊഴിച്ചതായാണ് അയല്‍വാസികളുടെ ആരോപണം. ഇതെത്തുടര്‍ന്ന് യുവതിയും അയല്‍വാസികളും തമ്മില്‍ കലഹമുണ്ടായതായും സര്‍ക്കിള്‍ ഓഫീസര്‍ ബി.എസ്. വീര്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ അയല്‍ക്കാള്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഗുരുതരമായ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂളിലെ വൈദ്യപരിശോധനയിൽ 15കാരി 8 മാസം ഗർഭിണി; കാമുകൻ അറസ്റ്റിൽ

0

സ്‌കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ 15 വയസുകാരി എട്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ഗോവയിലാണ് സംഭവം. ബന്ധം ആരംഭിക്കുമ്പോൾ ആൺകുട്ടിക്കും പ്രായപൂർത്തിയായിട്ടുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ കാമുകന് 18 വയസ്സ് തികഞ്ഞതായി പൊലീസ് പറഞ്ഞു.

പെൺകുട്ടിയും ആൺകുട്ടിയും വടക്കൻ ഗോവയിലെ സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയും ആൺകുട്ടിയും ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്നവരാണ്. വോളിബോൾ കളിക്കുന്നതിനിടെയാണ് ഇരുവരും സുഹൃത്തുക്കളായത്. ഗെയിമിന് ശേഷം ഇരുവരും ജനറേറ്റർ റൂമിൽ സ്വാകാര്യ നിമിഷങ്ങൾ പങ്കിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. പെൺകുട്ടി അമ്മയോടൊപ്പവും ആൺകുട്ടി പിതാവിനൊപ്പവുമാണ് താമസിച്ചിരുന്നത്.

മെഡിക്കൽ ക്യാമ്പിനിടെ പെൺകുട്ടിയുടെ ഗർഭാവസ്ഥ ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപിക ഉടൻ തന്നെ പെൺകുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ബോസ്യൂട്ട് സിൽവ പറഞ്ഞു. പിന്നീട് ഡോക്ടർമാർ ഗൈനക്കോളജിസ്റ്റിനെ റഫർ ചെയ്തു. പെൺകുട്ടി എട്ടുമാസം ഗർഭിണിയാണെന്നും അടുത്ത മാസം പ്രസവിക്കുമെന്നും ഡോക്ടർ സ്ഥിരീകരിച്ചു. അടുപ്പത്തിലാകുമ്പോൾ ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ആൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സായതിനാൽ ശിശുഭവനിൽ പാർപ്പിക്കാൻ കഴിയാത്തതിനാൽ പിതാവിനൊപ്പം വിട്ടു.

വണ്ടിപ്പെരിയാര്‍ കേസ്: മഹിളാ കോൺഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

0

വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന്റെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലെത്തിയത്. ബാരിക്കേഡ് മറിച്ചുകിടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക, അന്വേഷണം സി ബി ഐയ്ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധമാർച്ച്‌. മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

2021 ജൂൺ 30നാണ് വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടത്.

ആപ്പിൾ, സാംസങ് ഡിവൈസുകളിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി ഐടി മന്ത്രാലയം

0

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രണ്ട് പ്രമുഖ ബ്രാൻഡുകളാണ് ആപ്പിൾ, സാംസങ് എന്നീ വിദേശ കമ്പനികൾ. എന്നാൽ ഉപയോക്താക്കളിൽ ആശങ്ക പരത്തുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഉപയോക്താക്കളുടെ ഡിവൈസിനേയും ഡാറ്റകളെയും അപഹരിച്ചേക്കാവുന്ന ഒന്നിലധികം പിഴവുകളെക്കുറിച്ചാണ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നോഡൽ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി ടീം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആപ്പിൾ (Apple) ഉപകരണങ്ങളിൽ ഉപയോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ഹാക്കർമാരെ അനുവദിക്കുന്ന നിരവധി പിഴവുകൾ ഉണ്ട്. ഐഓഎസ്, ഐപാഡ്ഓസ്, മാക്ഒഎസ്, ടിവിഓഎസ്, വാച്ച്ഓഎസ്, സഫാരി ബ്രൗസർ സേവനങ്ങൾ അപകട ഭീഷണിയിലാണ്. ആൻഡ്രോയിഡ് 11,12,13,14 തുടങ്ങിയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളെ പ്രശ്നം ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പു നൽകി.

“ആപ്പിൾ ഉൽപ്പന്നങ്ങളിൽ ഒന്നിലധികം കേടുപാടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ആക്രമണകാരിയെ സെൻസിറ്റീവ് വിവരങ്ങൾ ആക്സസ് ചെയ്യാനും ആർബിറ്റ്രറി കോഡ് നടപ്പിലാക്കാനും സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും സേവന നിഷേധത്തിന് (DoS) വ്യവസ്ഥകൾ ഉണ്ടാക്കാനും ഒതന്റിക്കേഷൻ മറികടക്കാനും എലിവേറ്റഡ് പ്രവിലേജ് നേടാനും ടാർഗെറ്റഡ് സിസ്റ്റത്തിനെ കബളിപ്പിക്കുന്ന ആക്രമണങ്ങൾ നടത്താനും അനുവദിക്കുന്നു,” സി ഇ ആർ റ്റി- ഇൻ ഉദ്ധരിച്ചു.

വെബ് ബ്രൗസ് ചെയ്യുമ്പോഴോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ അറ്റാച്ച്‌മെന്റുകൾ തുറക്കുമ്പോഴോ ജാഗ്രത പാലിക്കാനാണ്, പൂർണ്ണമല്ലെങ്കിലും പ്രശ്നപരിഹാരമായി വിദഗ്ധർ നിർദ്ദേശിക്കുന്നത്. എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനമോ സന്ദേശങ്ങളോ ഉണ്ടോയെന്നും ശ്രദ്ധിക്കണം. ഏതെങ്കിലും അപ്‌ഡേറ്റുകൾ വന്നിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കണം, കാരണം ഇതിൽ നിർണായകമായ പരിഹാരങ്ങൾ ഉൾപ്പെടാമെന്നും പറയുന്നു.

പാർലമെൻ്റ് വിഷയം രാഷ്ട്രീയ വൽകരിക്കരുതെന്ന് പ്രധാനമന്ത്രി

0

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി. ലോക്‌സഭാ സ്പീക്കര്‍ അതീവ ഗൗരവത്തോടെ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും സംഭവത്തെ ലാഘവത്തോടെ കാണുന്നില്ലെന്നും മോദി പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.

പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങളെ ഒരുഘട്ടത്തില്‍ പോലും ലാഘവത്തോടെ സമീപിച്ചിട്ടില്ല. അതിനാലാണ് സ്പീക്കര്‍ അതീവഗൗരവത്തോടെ വിഷയത്തില്‍ നടപടി സ്വീകരിച്ചത്. ഇതിന് പിന്നിലെ ഘടകങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതും ഒരുപോലെ പ്രധാനമാണ്. തുറന്ന മനസ്സോടെ അന്വേഷണം നടത്തണം. വിവാദങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പിന്മാറണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 13നാണ് സന്ദര്‍ശക ഗാലറിയിൽ നിന്ന് രണ്ട് യുവാക്കള്‍ ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളര്‍ സാനിസ്റ്റര്‍ പ്രയോഗിച്ച് ഭീതിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് യുവാക്കളുടെ അതിക്രമം. പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടിയിരുന്നതായാണ് കേസ് അന്വേഷിക്കുന്ന ദില്ലി പൊലീസ് പറയുന്നത്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന് നാലാം ദിവസമാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്

നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിൽ സ്ഫോടനം; ഒമ്പത് മരണം

0

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ബസാർഗാവ് ഗ്രാമത്തിലുള്ള സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. ആറുപേർ സ്ത്രീകൾ ഉൾപ്പടെ ഉള്ളവരാണ് കൊല്ലപ്പെട്ടത്.

രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലുപേരെ ഗുരുതരാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് നാഗ്പൂർ (റൂറൽ) പൊലീസ് സൂപ്രണ്ട് പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും കുടുംബങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.