Saturday, August 1, 2026
Home Blog Page 169

പാർലമെൻ്റ് വിഷയം രാഷ്ട്രീയ വൽകരിക്കരുതെന്ന് പ്രധാനമന്ത്രി

0

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി. ലോക്‌സഭാ സ്പീക്കര്‍ അതീവ ഗൗരവത്തോടെ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും സംഭവത്തെ ലാഘവത്തോടെ കാണുന്നില്ലെന്നും മോദി പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.

പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങളെ ഒരുഘട്ടത്തില്‍ പോലും ലാഘവത്തോടെ സമീപിച്ചിട്ടില്ല. അതിനാലാണ് സ്പീക്കര്‍ അതീവഗൗരവത്തോടെ വിഷയത്തില്‍ നടപടി സ്വീകരിച്ചത്. ഇതിന് പിന്നിലെ ഘടകങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതും ഒരുപോലെ പ്രധാനമാണ്. തുറന്ന മനസ്സോടെ അന്വേഷണം നടത്തണം. വിവാദങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പിന്മാറണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 13നാണ് സന്ദര്‍ശക ഗാലറിയിൽ നിന്ന് രണ്ട് യുവാക്കള്‍ ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളര്‍ സാനിസ്റ്റര്‍ പ്രയോഗിച്ച് ഭീതിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് യുവാക്കളുടെ അതിക്രമം. പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടിയിരുന്നതായാണ് കേസ് അന്വേഷിക്കുന്ന ദില്ലി പൊലീസ് പറയുന്നത്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന് നാലാം ദിവസമാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്

നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിൽ സ്ഫോടനം; ഒമ്പത് മരണം

0

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ബസാർഗാവ് ഗ്രാമത്തിലുള്ള സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. ആറുപേർ സ്ത്രീകൾ ഉൾപ്പടെ ഉള്ളവരാണ് കൊല്ലപ്പെട്ടത്.

രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലുപേരെ ഗുരുതരാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് നാഗ്പൂർ (റൂറൽ) പൊലീസ് സൂപ്രണ്ട് പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും കുടുംബങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേരളത്തിൽ വീണ്ടും അതിശക്തമായ മഴ വരുന്നു; 4 ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ

0

സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പത്തനംതിട്ടയിലും ഇടുക്കിയിലും മാത്രമായിരുന്നു ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴക്ക് കാരണം .

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്ത് മറ്റന്നാളും (18.12.2023) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡിസംബർ മുതൽ 18 ഡിസംബർ വരെ നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും നാളെ (17 ഡിസംബർ) അതിശക്തമായ മഴക്ക് സാധ്യതയെന്നുമാണ് അറിയിപ്പ്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഉണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19.12.2023 വരെ തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 17 മുതൽ 19 വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയും ആണ് ഉള്ളത്.

‘ഗവർണർ കീലേരി അച്ചു, പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല’: പി എം ആര്‍ഷോ

0

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല. പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാദമിക കാര്യങ്ങൾ തടസ്സപ്പെടുത്തിയാണ് ഗവർണർ സർവകലാശാലയിൽ താമസിക്കുന്നതെന്നും ആർഷോ കോഴിക്കോട് പറഞ്ഞു.

കേരളത്തിലെ സർവകാലാശാലകളുടെ ചാൻസലർ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ട്. ഇദ്ദേഹം നിലവിൽ അവകാശപ്പെടുന്നത് എസ്.എഫ്.ഐ ഉയർത്തിയ വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു എന്നാണ്. വെല്ലുവിളി ഏറ്റെടുക്കാനുള്ള ആർജവം ചാൻസിലർക്കുണ്ടെങ്കിൽ എസ്.എഫ്.ഐ ചോദിച്ച വലിയ രാഷ്ട്രീയ ചോദ്യമുണ്ട്. ഈ രണ്ട് സർവകലാശാലയുടെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ ലിസ്റ്റ് ഏത് കേന്ദ്രത്തിൽ നിന്നും അദ്ദേഹത്തിന് ലഭ്യമായി എന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ ചാൻസലർ തയ്യാറായിട്ടില്ലെന്ന് ആർഷോ പറഞ്ഞു.

സെനറ്റിൽ യൂ ഡി എഫ് പ്രതിനിധികളെ നിയമിക്കാൻ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവർണർക്ക് ലിസ്റ്റ് നൽകിയത് ബിജെപി ഓഫീസ് വഴിയാണെന്നും ആർഷോ കൂട്ടിച്ചേർത്തു. സർവകലാശാലകളെ സംഘപരിവാർ വത്ക്കരിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് തയ്യാറാക്കിയ അജണ്ട കേരളത്തിൽ നടക്കില്ല. അതിന് ഒരു തരത്തിലും സർവകലാശാലകളെ ഞങ്ങൾ വിട്ടുതരില്ലെന്നും ആർഷോ പറഞ്ഞു.

ഗവർണർ രണ്ട് ദിവസം താമസിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും വേദികളിലും തന്നെ കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 150 ലേറെ പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാർ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്‍റെ പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്‍റെ വിവാഹച്ചടങ്ങിലും പങ്കെടുക്കും.

കൊച്ചിയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; സ്വകാര്യഭാഗങ്ങളിലടക്കം പരിക്ക്

0

കൊച്ചിയിൽ സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു. റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ജോലിചെയ്ത് ഉപജീവനം നടത്തുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി.

അസം സ്വദേശി ഫിർദൗസാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ബലാത്സംഗത്തിന് ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. കൈതകൾ നിറഞ്ഞ് നിൽക്കുന്ന റെയിൽ ട്രാക്കിന് സമീപത്ത് നിന്നും കരച്ചിൽ ശബ്ദം കേട്ടാണ് നാട്ടുകാർ റെയിൽവേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തി. ഉടനെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രൂര പീഡനത്തെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൌത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്ന പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. വണ്ടിയിൽ നിന്നും ഇറക്കാതെ പ്രതി സ്ത്രീയെ റെയിൽവേ സ്റ്റേഷന് സമീപത്തെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ച് മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചു. ശബ്ദം വെച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഉപേക്ഷിച്ച് പോകുകയായിരുന്നു.

എല്ലാ യൂണിവേഴ്സിറ്റികളും എകെജി സെൻ്ററിൽ നിന്ന് ഭരിക്കാം എന്ന് കരുതേണ്ടെന്ന് കെ സുരേന്ദ്രന്‍

0

എല്ലാ യൂണിവേഴ്സിറ്റികളും എകെജി സെൻ്ററിൽ നിന്ന് ഭരിക്കാം എന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍‌ കെ സുരേന്ദ്രന്‍. ഗവർണറെ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിൽ കാല് കുത്തിക്കില്ലെന്നാണ് എസ്എഫ്ഐ പറഞ്ഞത്. എന്നാല്‍ ക്യാമ്പസില്‍ കണ്ടത് എസ്എഫ്ഐ നാടകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

നിയമവും നിയമവാഴ്ചയും ഉറപ്പാക്കാനാണ് ഗവർണർ വന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് കലാപത്തിന് പിന്നിലെന്നും നവകേരള സദസ്സ് ഇനിയും ജില്ല കടക്കാനുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതുവരെ സ്വീകരിച്ചത് മാന്യതയുടെ രീതിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ക്ക് ഗോ ബാക്ക് വിളിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ കനത്ത സുരക്ഷയില്‍ ഗവര്‍ണര്‍ ക്യാമ്പസില്‍ പ്രവേശിക്കുകയായിരുന്നു. ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ താമസിക്കുന്നത്. കനത്ത സുരക്ഷയാണ് ക്യാമ്പസിലൊരുക്കിയിരിക്കുന്നത്.

ജാഗ്രത വേണം; സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

0

കോഴിക്കോട് കോവിഡ് മരണം. കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശ്വാസ തടസ്സത്തെ തുടർന്നാണ് കുമാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം വഷളായി കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി . ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

അതേ സമയം, കൊവിഡ് 19 ന് കാരണമായ സാർസ് കോവ് 2 വൈറസ് അണുബാധ ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന പഠനം പുറത്തു വന്നിരുന്നു. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ് ആറ്റോമിക് എനർജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിൽ നിന്നുള്ള ഒരു സംഘമാണ് പഠനം നടത്തിയത്. അണുബാധയ്ക്ക് ശേഷം18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ SARS-CoV-2 കാണപ്പെടുന്നുവെന്നും പ്രതിരോധശേഷി കുറയുന്നതായും ഗവേഷകർ പറയുന്നു.

ചില വൈറസുകൾ ശരീരത്തിൽ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും നിലനിൽക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. അണുബാധയ്ക്ക് ശേഷം 6 മുതൽ 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ വൈറസുകൾ കണ്ടെത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിന്റെ എച്ച്ഐവിയിലെ ഇൻഫ്ലമേഷൻ ആൻഡ് പെർസിസ്റ്റൻസ് യൂണിറ്റ് വിഭാഗം മേധാവി മൈക്കിള മുള്ളർ-ട്രൂട്വിൻ പറഞ്ഞു.

മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, സേലം സ്വദേശി അറസ്റ്റിൽ

0

പാലക്കാട് കഞ്ചിക്കോട്ടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെ (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശുകാരനായ ഖുർഷിത്തിന്റെയും സൽമയുടെയും മകനായ 3 വയസ്സുകാരനെയാണു തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. കുട്ടിയുമായി കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ സെന്തിലിനെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു പിടികൂടി പൊലീസിനു കൈമാറി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനി തൊഴിലാളിയായ ഖുർഷിത്തും കുടുംബവും 10 വർഷത്തോളമായി അതിഥി തൊഴിലാളികളുടെ കോളനിയായ കഞ്ചിക്കോട് കിഴക്കുമുറിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഉച്ചയ്ക്കു ശേഷം കിഴക്കുമുറിയിലെത്തിയ സെന്തിൽകുമാർ കുറേനേരം ഇവിടെ തങ്ങി. വീട്ടുമുറ്റത്തു കളിക്കുകയായിരുന്നകുട്ടിക്ക് ആദ്യം ചോക്ലേറ്റ് നൽകി. ആളുകളുടെ ശ്രദ്ധ മാറിയെന്ന് ഉറപ്പാക്കി കുട്ടിയുടെ കൈപിടിച്ചു നടന്നു. സത്രപ്പടിയിലെത്തി ഓട്ടോ പിടിച്ച് കഞ്ചിക്കോടു റെയിൽവേ സ്റ്റേഷനിലേക്കും പോവാൻ ആവശ്യപ്പെട്ടു.

കുട്ടി അതിഥിത്തൊഴിലാളിയുടെ മകനാണെന്നും എന്നാൽ സെന്തിൽകുമാർ തമിഴിലാണു സംസാരിക്കുന്നതെന്നും മനസ്സിലാക്കിസംശയം തോന്നിയ ഓട്ടോ ഡ്രൈവർ ആളുകളെ വിളിച്ചുവരുത്തി പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

‘പാര്‍ലമെന്‍റ് സുരക്ഷാ വീഴ്ച: കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവും’; വിമർശനവുമായി രാഹുല്‍ ഗാന്ധി

0

പാര്‍ലമെൻ്റിൽ ഉണ്ടായ പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിന് വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പാര്‍ലമെന്‍റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.‘

‘ശരിക്കും സുരക്ഷാ വീഴ്ച സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്? പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. മോദിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ജനങ്ങൾക്കു തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് പാർലമെന്റിലെ സുരക്ഷാ വീഴ്ചയ്ക്കു കാരണമായത്’’ – രാഹുൽ ഗാന്ധി.

‘അയ്യപ്പഭക്തർക്ക് മതിയായ സൗകര്യം ഒരുക്കണം’; മുഖ്യമന്ത്രിക്ക് കേന്ദ്രത്തിൻെറ കത്ത്

0

ശബരിമലയിലെ തീര്‍ത്ഥാടക തിരക്കില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ദർശനത്തിന് വേണ്ടി കാത്തിരിക്കുന്ന സമയം കുറയ്ക്കാൻ മതിയായ ആളുകളെ നിയോഗിക്കണം. ഭക്തർക്ക് ഭക്ഷണവും വെളളവും വൃത്തിയുളള ശുചിമുറി സൗകര്യവും ഒരുക്കണമെന്നും കേന്ദ്ര മന്ത്രി അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വർഷത്തിൽ 15 ലക്ഷത്തോളം ഭക്തർ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തെലങ്കാന ബിജെപി പ്രസിഡന്റാണ് കേന്ദ്ര സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രിയായ കിഷൻ റെഡ്ഡി. ദർശനത്തിന് എത്തുന്ന ഭക്തർക്ക് സുരക്ഷിത മാർഗം ഒരുക്കണം. ഇക്കാര്യത്തിൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. സന്നിധാനത്തും പാതയിലും സന്നദ്ധ സംഘടനകളെ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതെസമയം, ശബരിമലയിൽ 2015 ലും 15 മണിക്കൂർ ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടായിരുന്നു, എന്നാൽ അന്നൊന്നും ഇങ്ങനെയുള്ള പ്രതിഷേധമുണ്ടായില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. തീർത്ഥാടനത്തെ മോശപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. ക്യൂവുണ്ടായ ചില സ്ഥലങ്ങളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

എരുമേലിയിലെ സമരം ബോധപൂർവ്വം ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കലിൽ കുട്ടി കരയുന്ന വീഡിയോ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ കണ്ണീർ വീഴ്ത്തി എന്ന പ്രചാരണം നടത്തി. ശബരിമലയുടെ നന്മയെ തല്ലിത്തകർക്കാന്‍ ശ്രമം നടത്തരുതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് സമരങ്ങൾ. വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും സൈബർ സെൽ നടപടി ആരംഭിച്ചുവെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിൽ വിമര്‍ശനങ്ങൾ ഉയർന്നതോടെ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തി ഡിജിപി ഷേഖ് ദർവേഷ് സാഹിബ് സർക്കുലർ ഇറക്കിയിരുന്നു