Saturday, August 1, 2026
Home Blog Page 170

സമാന്തര യോഗം: രഞ്ജിത്തിന്റെ വാദം പൊളിച്ച് കത്ത് പുറത്ത്; ‘കുക്കുവിനോട് ജോലി നിര്‍ത്തി വീട്ടില്‍ പോകാൻ പറഞ്ഞു

0

ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേർയോഗത്തിൽ പങ്കെടുത്തു. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.

ഒന്‍പത് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞെന്നു മിനുട്സില്‍ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമത യോഗം ചേർന്നു എന്ന വാർത്തയും തള്ളിയിരുന്നു.

അതേസമയം 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

കൊമ്പുകോർക്കാൻ തുനിഞ്ഞ് തന്നെ എസ്എഫ്ഐ; ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ പോസ്റ്ററുകൾ

0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഗവര്‍ണര്‍ക്കെതിരെ പോസ്റ്റര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകിട്ട് സര്‍വ്വകലാശാലയില്‍ എത്താനിരിക്കെയാണ് ‘ചാന്‍സലര്‍ ഗോ ബാക്ക്’ പോസ്റ്റര്‍ പതിച്ചത്. ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നെഴുതിയ കറുത്ത ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്.

കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വ്വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്. ഇന്ന് ദില്ലിയിൽ നിന്നും നേരിട്ട് കോഴിക്കോട് എത്തുന്ന ഗവര്‍ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ പൊലീസ് ശക്തമാക്കി. ഇന്ന് മുതല്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു.

ക്യാംപസില്‍ മാത്രമല്ല, ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായി നിയമിക്കും. ‘Z+’ കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ സുരക്ഷ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സന്നാഹത്തിലടക്കം കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പൊലീസ് തീരുമാനിച്ചത്.വൈകിട്ടാണ് ഗവര്‍ണര്‍സര്‍വ്വകലാശാല ക്യാംപസില്‍ എത്തുക. ക്യാംപസിലെ വിവിഐപി ഗസ്റ്റ്ഹൗസില്‍ ഗവര്‍ണര്‍ തങ്ങും. വൈകിട്ട് 6.30 ന് കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍ റോഡ് മാര്‍ഗമാണ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എത്തുക. മൂന്ന് ദിവസം യൂണിവേഴ്‌സിറ്റി ക്യാംപസില്‍ തങ്ങും. 18 ന് സര്‍വ്വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി.വൈകിട്ട് 6.30ന് കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന ഗവർണർ, റോഡ് മാർഗ്ഗം യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. മൂന്നുദിവസം ഗവർണർ ക്യാമ്പസിൽ തങ്ങും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎൽഎക്ക് 25 വർഷം തടവ്

0

ഉത്തർപ്രദേശിൽ പീഡനക്കേസ് പ്രതിയായ ബിജെപി എംഎൽഎക്ക് 25 വർഷം തടവ്. സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിലെ എംഎൽഎ രാംദുലർ ഗോണ്ടിനാണ് തടവുശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയോടെ സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിൽനിന്നുള്ള രാംദുലാർ ഗോണ്ട് അയോഗ്യനാവുകയും ചെയ്തു. 10.5 ലക്ഷം പിഴയും നൽകണം. സോന ഭദ്ര് കോടതിയാണ് തടവുശിക്ഷ വിധിച്ചത്.

രാംദുലാർ ഗോണ്ടിന്റെ ഭാര്യ ദുദ്ദിയിലെ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ മ്യോർപുർ പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. 2014 നവംബറിൽ നടന്ന സംഭവത്തിൽ ഒൻപതു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഇതിനിടെ നിരവധി തവണ എംഎൽഎ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ സഹോദരൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി–എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധിപ്രസ്താവം നടത്തിയത്. പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റംചെയ്തെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് ത്രിപാഠി പറഞ്ഞു. പിഴയായി ഈടാക്കുന്ന 10 ലക്ഷംരൂപ അതിജീവിതയ്ക്ക് നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

തൃപ്രയാറിൽ ആന ഇടഞ്ഞു, ടെംപോ ട്രാവലറുകൾ കുത്തിമറിച്ചു, ഇടഞ്ഞത് പൂതൃക്കോവിൽ പാർഥസാരഥി

0

തൃശൂർ തൃപ്രയാറിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം ആന ഇടഞ്ഞു. ഏകാദശിയോടനുബന്ധിച്ച് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ടെംപോ ട്രാവലറുകൾ കുത്തി മറിച്ചിടുകയും മറ്റൊരു കാറിന് കേടുപാട് വരുത്തുകയും ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്നതായിരുന്നു ആനയെ. ലോറിയിൽ നിന്നും ഇറക്കുന്നതിനിടെയാണ് ഇടഞ്ഞോടിയത്. അയ്യപ്പ ഭക്തൻമാരുമായി എത്തിയ ട്രാവലറുകൾ ആണ് തകര്‍ത്തത്. വാഹനത്തിൽ ആളുണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ആർക്കും പരുക്കില്ലെന്നുമാണ് വിവരം. വഴിവാണിഭ കച്ചവടം നടത്തിയിരുന്ന ഒരു കടയും തകർത്തു.

ആനയെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളയ്ക്കായത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചാണ് ആനയെ തളച്ചത്. സംഭവത്തെ തുടര്‍ന്ന് തൃപ്രയാർ – തൃശൂർ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ ‘സ്ത്രീശക്തി സംഗമ’ത്തിൽ പങ്കെടുക്കും

0

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

രണ്ട് ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയിൽ അംഗനവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗം സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാനെത്തും. പ്രധാനമന്ത്രി വരുമ്പോൾ കള്ളപ്രചരണങ്ങൾ പൊളിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അസ്വസ്ഥത വർദ്ധിക്കുന്നത്. സംസ്ഥാന സർക്കാരിന് ധൂർത്തടിക്കാൻ കേന്ദ്രം പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർ‍ശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ തീരുമാനമായിരുന്നു.

‘ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ല’; അച്ഛൻ നൽകിയ ഹേബിയസ് കോർപസ് ഹർജി തളളി ഹൈക്കോടതി

0

ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചത് അല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു.

മലപ്പുറത്ത് ക്ലിനിക് നടത്തുകയായിരുന്ന മകളെ ഏതാനും ആഴ്ചകളായി കാണാനില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ചൂണ്ടികാട്ടിയാണ് അച്ഛൻ അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. സത്യസരണി ഭാരവാഹിയായ സൈനബ അടക്കമുള്ളവർ മകളെ തടങ്കലിലാക്കിയെന്ന് സംശയമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഹാദിയ അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം ആണ് പുനർവിവാഹം ചെയ്തെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ഹാദിയയുടെ മൊഴിയിൽ തന്‍റെ സ്വകാര്യത തകർക്കാനാണ് ഹർജിയെന്ന് ആരോപിച്ചിട്ടുണ്ട്. ഹ‍ർജിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ചാണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശിയെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നേരത്തെ നിയപ്രശ്നത്തിലേക്ക് നീണ്ടത്. സുപ്രീം കോടതിയാണ് ആദ്യ വിവാഹം ശരിവെച്ചത്.

മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് അഞ്ചു മരണം

0

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഓ‌ട്ടോയിലുണ്ടായിരുന്ന നാലു പേരും ഓ‌ട്ടോ ഡ്രൈവറുമാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്.

വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ കുട്ടിപ്പാറ സ്വദേശികളാണെന്നാണ് വിവരം. ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്.

മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് അയച്ചു.

പുന്നമൂട്ടിലെ ആറുവയസുകാരിയെ കൊന്നപ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്ന് ചാടി മരിച്ചു

0

പുന്നമൂട്ടിൽ ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കൊണ്ടുവന്ന ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും ശ്രീമഹേഷ് പുറത്തേക്ക് ചാടുകയായിരുന്നു.

2023 ജൂൺ ഏഴിന് രാത്രിയാണ് കേസിന് ആസ്പമായ സംഭവം. മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തി. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേൽപ്പിച്ചു. കൊലപാതകത്തിന് തൊട്ടടുത്ത ദിവസം റിമാൻഡിലായ പ്രതി ജയിലിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

രണ്ടാം വിവാഹത്തിന് മകൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് നക്ഷത്രയെ ശ്രീമഹേഷ് കൊലപ്പെടുത്തിയത്. 76 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി ശ്രീജിത്‌ ആണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിന് ശേഷം ജനുവരി 16ന് സാക്ഷിവിസ്താരം ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു.

‘ഇത് വരിക്കാശ്ശേരി, മനയല്ല ചലച്ചിത്ര അക്കാദമിയാണ്’: രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി അക്കാദമി അംഗങ്ങൾ

0

ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ ആരോപിച്ചു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു.

രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം സമാന്തര യോഗം ചേർന്ന എൻ. അരുൺ, മനോജ് കാന എന്നിവരടക്കമുള്ള അംഗങ്ങളാണ് പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്. കള്ളത്തരമാണ് രഞ്ജിത്ത് പറയുന്നത്. മീറ്റിംഗ് കൂടിയെന്ന് നമ്മളാരോടും പറഞ്ഞിട്ടില്ല. ഉള്ളവർ യോഗം ചേർന്ന് തീരുമാനമെടുത്ത് അക്കാര്യം സർക്കാരിനെ അറിയിക്കുകയായിരുന്നെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ചെയര്‍മാന്‍, അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അവർ പറഞ്ഞു.

അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് രഞ്ജിത്ത് നടത്തിയത്. പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്‍റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ മോശമായ, മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല. ചലച്ചിത്ര അക്കാദമി ആണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോൾ ഞങ്ങൾ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഒന്നുകിൽ അദ്ദേഹം തിരുത്തണം, അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. ഇതിലൊരു വിട്ടുവീഴ്ചയും ഇല്ലെന്നും ഇത് അക്കാദമി സുഗമമായി മുന്നോട്ടുപോകാൻവേണ്ടിയാണെന്നും മനോജ് പറഞ്ഞു.

സര്‍ക്കാരിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്സിക്യുട്ടീവ് മെമ്പര്‍മാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയര്‍മാന്‍ അല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാല്‍ ചെയര്‍മാന്‍റെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

കൊല്ലത്ത് ക്ഷേത്ര മൈതാനിയിൽ നവ കേരള സദസ് നടത്താൻ അനുമതിയില്ല: ഉത്തരവിട്ട് ഹൈക്കോടതി

0

കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ തടഞ്ഞ് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്.

ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 18 നാണ് കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ് കൊല്ലത്തെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനത്ത് നടത്താൻ സംഘാടകർ നിശ്ചയിച്ചത്.

ക്ഷേത്രം ഭൂമി ആരാധനാ ആവശ്യങ്ങൾക്കല്ലാതെ രാഷ്ട്രീയ പാർട്ടി പരിപാടികൾക്ക് വിട്ടു നൽകുന്നത് നിയമ വിരുദ്ധമണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഇത് വ്യക്തമാക്കുന്നുവെന്നും ഹർജിക്കാർ വ്യക്തമാക്കി. നവകേരള സദസിനായ പന്തൽ ഒരുക്കിയത് ക്ഷത്ര മതിലിനോട് ചേർന്നാണ്. ഭക്തർക്ക് സ്വതന്ത്രമായി ക്ഷേത്രത്തിലെത്തുന്നതിന് പരപാടി തടസ്സമാകുമെന്നും ഹർജിക്കാർ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി റദ്ദാക്കിയത്.ക്ഷേത്രത്തിനോട് ചേർന്നുള്ള പരിപാടി ആരാധനാക്രമങ്ങളെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പരിപാടി നിശ്ചയിച്ചത് ക്ഷേത്രത്തിലെ ആരാധനയെ ബാധിക്കില്ലെന്നും കോടതി നിർദ്ദേശം അനുസരിച്ച് വ്യവസ്ഥകൾ പാലിച്ച് പരിപാടി സംഘടിപ്പിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു സർക്കാർ വാദം. ഈ വാദം അംഗീകരിച്ചില്ല. ഇത് രണ്ടാം തവണയാണ് നവകേരള സദസ് വേദി ഹൈക്കോടതി ഇടപെടലിൽ മാറ്റേണ്ടിവരുന്നത്.