Friday, June 19, 2026
Home Blog Page 154

സംസ്ഥാനങ്ങളുടെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടു; നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തൽ

0

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യമായി ഇടപെട്ടുവെന്ന് നീതി ആയോഗ് സിഇഒ. നരേന്ദ്രമോദി നേരിട്ട് ധനകാര്യ കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ബിവിആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഫിനാന്‍സിങ് റിപ്പോര്‍ട്ടിങ് ഇന്‍ ഇന്ത്യ എന്ന സെമിനാറിലാണ് ബിവിആര്‍ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍.

2014ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ ഇടപെടല്‍. നികുതി വിഹിതത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അധികാരം ധനകാര്യ കമ്മിഷനുണ്ട്. എന്നാല്‍ ഇത് മറികടന്ന് പ്രധാനമന്ത്രി ഇടപെട്ടു. 42 ശതമാനം കേന്ദ്ര നികുതി വിഹിതം നല്‍കണമെന്നായിരുന്നു ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ. ഇത് 33 ശതമാനമായി വെട്ടി കുറച്ചുവെന്ന് ബിവിആര്‍ സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ആയിരിക്കെ താന്‍ ഇതിന് ഇടനിലക്കാരനായി. ധനകാര്യ കമ്മിഷന്റെ നികുതി വിഹിതം സംബന്ധിച്ച ശുപാര്‍ശകളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മോദി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ സത്യത്തെ മറച്ചുപിടിക്കാനുള്ള ആവരണങ്ങളാക്കി ബജറ്റിനെ മാറ്റി. ക്ഷേമ പദ്ധതികള്‍ക്കുള്ള പണവും കേന്ദ്ര സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ത്തന്നെ വെട്ടിക്കുറച്ചു എന്നും അദ്ദേഹം പറഞ്ഞു. നികുതി വിഹിതം വെട്ടിക്കുറച്ചതില്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കെന്ദ്രതിനെത്തിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിവിആര്‍ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍. അധികാര കേന്ദ്രീകരണവും സമ്പൂര്‍ണ്ണ നിയന്ത്രണവുമാണ് സംഭവിക്കുന്നതെന്ന് കോൺഗ്രസ്സ് ആരോപിച്ചു. ഇത് ഇന്ത്യയുടെ ഫെഡറലിസത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു.

അടുപ്പം മുതലെടുത്ത് സ്വത്ത് തട്ടിയെടുത്തു; അമല പോളിന്റെ മുൻ പങ്കാളിയുടെ ജാമ്യം റദ്ദാക്കി

0

വഞ്ചനക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന് അനുവദിച്ച ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി.വി. കാർത്തികേയന്റെ ഉത്തരവ്. ഭവ്‌നീന്ദർ ഒരാഴ്ചയ്‌ക്കുള്ളിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

2017 ൽ ഇരുവരും ഒരുമിച്ച് താമസമാരംഭിച്ച ശേഷം ഭവ്‌നീന്ദറും കുടുംബവും തന്നെ വഞ്ചിക്കുകയായിരുന്നു. ഭവിന്ദർ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവിന്ദർ സിങ്ങിനെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ, വിഴുപുരത്തെ മജിസ്ട്രേറ്റ് കോടതി ഭവിന്ദറിന് ജാമ്യമനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യ ഭർത്താവ് എഎൽ വിജയിയുമായി വേർപിരിഞ്ഞ ശേഷമായിരുന്നു ഭവ്‌നീന്ദറുമായി അമല പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്; റിസര്‍വ് ബാങ്കും അവധി പ്രഖ്യാപിച്ചു; ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല

0

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കമ്പോളം അന്ന് ഉച്ചയ്ക്ക് 2.30 മുതൽ മാത്രമേ ആരംഭിക്കുകയുള്ളു. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന വിപണികൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 5 മണി വരെയെ പ്രവർത്തിക്കുകയുള്ളു. കോൾ/നോട്ടിസ്/ ടേം മണി, മാർക്കറ്റ് റിപ്പോ ഇൻ ഗവൺമെന്റ് സെക്യൂരിറ്റീസ്, ട്രൈ-പാർട്ടി റിപ്പോ ഇൻ ഗവൺമെന്റ് സെക്യൂരിറ്റീസ്, കൊമേഴ്‌സ്യൽ പേപ്പർ ആന്റ് സർട്ടിഫിക്കറ്റ്‌സ് ഓഫ് ഡെപ്പോസിറ്റ്, റിപ്പോ ഇൻ കോർപൊറേറ്റ് ബോണ്ട്‌സ്, ഗവൺമെന്റ് സെക്യൂരിറ്റീസ്, വിദേശ കറൻസി എന്നിവയാണ് സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന മാർക്കറ്റുകളിൽ ഉൾപ്പെടുന്നവ.

ജനുവരി 22ന് പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക റൂറൽ ബാങ്കുകൾ എന്നിവ ഉച്ചവരെ അടഞ്ഞുകിടക്കും. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. മന്ത്രാലയങ്ങളിലെയും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിനാണ് അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഈ ഉത്തരവു പ്രകാരം ഉച്ചവരെ അവധിയായിരിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈയില്‍ രണ്ട ടോള്‍ ഗേയ്റ്റുകള്‍ കൂടി വരുന്നു: നവംബറില്‍ പ്രവര്‍ത്തനം തുടങ്ങും

0


ദുബൈയില്‍ രണ്ട് പുതിയ ടോള്‍ ഗെയ്റ്റുകള്‍ കൂടി വരുന്നു. ഈ വര്‍ഷം നവംബറില്‍ ആയിരിക്കും പുതിയ ടോള്‍ ഗെയ്റ്റുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുക.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ടോള്‍ ഗെയ്റ്റുകള്‍ എന്ന് സാലിക്ക് കമ്പനി അറിയിച്ചു.ദുബൈയില്‍ അല്‍ഖൈല്‍ റോഡിലും ഷെയ്ഖ് സായിദ് റോഡിലും ആണ് പുതിയ ടോള്‍ ഗെയ്റ്റുകള്‍ സ്ഥാപിക്കുന്നത്. അല്‍ഖൈല്‍ റോഡില്‍ ബിസിനസ്സ് ബേ ക്രോസിംഗില്‍ ആണ് പുതിയ ടോള്‍ ഗെയ്റ്റ് വരിക. ഷെയ്ഖ് സായിദ് റോഡില്‍ അല്‍സഫ സൗത്തില്‍ മെയ്ദാന്‍ സ്ട്രീറ്റിനും അല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലായിട്ടാണ് ടോള്‍ ഗെയ്റ്റുകള്‍ വരിക.

അല്‍സഫ സൗത്തിലും നോര്‍ത്തിലും ഉള്ള ടോള്‍ ഗെയ്റ്റുകള്‍ കടന്നുപോകുന്നത് ഒരു മണിക്കൂറിനുള്ളില്‍ ആണെങ്കില്‍ ഒറ്റത്തവണ മാത്രമായിരിക്കും നിരക്ക് ഈടാക്കുക. ഈ വര്‍ഷം നവംബറില്‍ രണ്ട് സാലിക്ക് ഗെയ്റ്റുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും എന്ന് ആര്‍ടിഎ അറിയിച്ചു. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ടോള്‍ ഗേയ്റ്റുകള്‍. ഷെയ്ഖ് സായിദ് റോഡിലേയും അല്‍ഖൈല്‍ റോഡിലേയും വാഹനങ്ങള്‍ മറ്റ് റോഡുകളിലേക്ക് കൂടി തിരിച്ച് വിടുന്നതിനാണ് ടോള്‍ ഗെയ്റ്റുകള്‍ സ്ഥാപിക്കുന്നതെന്നും ആര്‍ടിഎ അറിയിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ദുബൈ-അലൈന്‍ റോഡ്, റാസ് അല്‍ഖോര്‍ റോഡ് അല്‍ മനാമ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നതിനാണ് ടോള്‍ ഗെയ്റ്റുകള്‍ സ്ഥാപിക്കുന്നതെന്നും ആര്‍ടിഎ വ്യക്തമാക്കി. ക്രിക്ക് മുറിച്ച് കടക്കുന്നതിന് ഇന്‍ഫിനിറ്റി ബ്രിഡ്ജും ഷിന്ദഗ ടണലും ഉപയോഗിക്കാന്‍ വാഹനയാത്രാകരെ പ്രേരിപ്പിക്കുകയും ലക്ഷ്യമാണ്.

ബഹ്‌റൈനില്‍ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്താന്‍ ശുപാര്‍ശ

0


ബഹ്‌റൈനിലും വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ ശുപാര്‍ശ. ശനി ഞായര്‍ ദിവസങ്ങളിലേക്ക് അവധി മാറ്റുന്നതിന് ആണ് പാര്‍ലമെന്റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.അഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ആണ് വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. ശനി ഞായര്‍ ദിവസങ്ങളില്‍ അവധി നല്‍കണം എന്നും വെള്ളിയാഴ്ച പകുതി അവധി നല്‍കണം എന്നും പാര്‍ലമെന്റ് അംഗങ്ങളുടെ ശുപാര്‍ശയില്‍ പറയുന്നു.

ആഴ്ച്ചയില്‍ നാലര ദിവസമാക്കി പ്രവര്‍ത്തി ദിനം ചുരുക്കണം എന്നും ശൂപാര്‍ശയില്‍ പറയുന്നു. അംഗങ്ങളുടെ ശുപാര്‍ശ സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം വിശദമായ പഠനത്തിനായി നിയമനിര്‍മ്മാണ സമിതിക്ക് കൈമാറി. അവധി ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്നത് സാമ്പത്തിക ഇടപാടുകള്‍ക്കും വാണിജ്യ-വ്യാപാര ഇടപാടുകള്‍ക്കും ഗുണകരമാകും എന്നാണ് എംപിമാരുടെ വാദം.

പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കില്ല; ഗാസയില്‍ തുടരും : നെതന്യാഹു

0


പലസ്തീന്‍ രാഷ്ട്ര രൂപികരിക്കണം എന്ന അമേരിക്കന്‍ നിര്‍ദ്ദേശം തള്ളി ഇസ്രയേല്‍. ഗാസയുടെ പൂര്‍ണ്ണനിയന്ത്രണം ഇസ്രയേല്‍ തുടരുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കും വരെ ഗാസയിലെ യുദ്ധം നിര്‍ത്തില്ലെന്നും നെതന്യാഹു അറിയിച്ചു. അമേരിക്കയും അറബ് രാഷ്ട്രങ്ങളും മുന്നോട്ട് വെക്കുന്ന ദ്വിരാഷ്ട്രവാദത്തെ പൂര്‍ണ്ണമായും തള്ളുകയാണ് ഇസ്രയേല്‍. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്നും അത് അമേരിക്കയെ അറിയിച്ചെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.

ജോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറുള്ള മുഴുവന്‍ പ്രദേശങ്ങളും ഇസ്രയേല്‍ സുരക്ഷയിലായിരിക്കും എന്നും നെതന്യാഹു പറഞ്ഞു. ഗാസയില്‍ ഇപ്പോള്‍ നടത്തിവരുന്ന യുദ്ധം വിജയം കണ്ടാലും ഇസ്രയേല്‍ പിന്‍വാങ്ങില്ലെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്. എന്നാല്‍ ഗാസ യുദ്ധത്തില്‍ ഇസ്രയേലിനെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിന് വിരുദ്ധമാണ് ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട്. മേഖലയില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതും സ്വതന്ത്രപലസ്തീന്‍ രാഷ്ട്രം എന്ന നിലപാടാണ്.

പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം എന്നാണ് യുഎഇയുടെ സൗദി അറേബ്യയും അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഗാസ യുദ്ധം ഉടനൊന്നും അവസാനിക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കും എന്നും മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതിന് എത്രകാലം എടുത്താലും യുദ്ധം തുടരും എന്നും നെതന്യാഹു പറഞ്ഞു

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന് സ്ഥിരം ജാമ്യം

0

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടക്കാല ജാമ്യത്തിലായിരുന്നു ശിവശങ്കര്‍. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന ഗുരുതര അസുഖമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. രോഗം സുഷ്മനാനാ‍ഡിയെയും ബാധിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ദീർഘനേരം നിൽക്കുന്നത് ശരീരത്തെ ബാധിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയയുടെ ആവശ്യവും ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം പുതുച്ചേരി ജിപ്മറിൽ നടത്തിയ മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ടാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ശിവശങ്കറിന് ഗുരുതര രോഗമില്ലെന്നായിരുന്നു ഇ.ഡിയുടെ വാദം.

ചികിത്സാ കാരണങ്ങളാല്‍ ജാമ്യം അനന്തമായി നീട്ടരുതെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ഓഗസ്റ്റ് രണ്ടിനാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയത്. ഇതിന് ശേഷം രണ്ട് തവണ സുപ്രിംകോടതി ശിവശങ്കറിന് ഇടക്കാല ജാമ്യം നീട്ടി നല്‍കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടത്.

യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി കോഴയായി നൽകിയാണ് യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണ് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽ കണ്ടെത്തിയതെന്നുമാണ് ആരോപണം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രിംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കമുള്ള യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ ശിവശങ്കർ പറഞ്ഞിരുന്നു.

സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലർ നിയമനം: പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

0

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താത്കാലിക വിസിമാരാണ് ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹര്‍ജിയിൽ പറയുന്നത്.

വിഷയത്തിൽ ഗവര്‍ണറെ കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്. സര്‍വകലാശാല നിയമങ്ങളില്‍ നിയമസഭ ഭേദഗതി വരുത്തി. ഭേദഗതി അനുസരിച്ച് എക്സ് ഒഫിഷ്യോ ചാന്‍സലര്‍ ആയ ഗവര്‍ണ്ണര്‍ ആവില്ല പുതിയ ചാന്‍സലര്‍. വൈസ് ചാന്‍സലര്‍മാരുടെ നിയമന അധികാരം ഗവര്‍ണ്ണറില്‍ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാല്‍ നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്. മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളില്‍ സര്‍വകലാശാലകള്‍ക്കനുസരിച്ച് വ്യത്യാസമുണ്ടെന്നുമാണ് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ മറുപടി.

സാമ്പത്തിക വിദഗ്ധയും യൂണിവേഴ്സിറ്റി കോളജ് മുന്‍ പ്രൊഫസറുമായ ഡോ. മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം, 5 പേര്‍ കൊല്ലപ്പെട്ടു

0

കലാപങ്ങളും സംഘർഷങ്ങളും അടങ്ങാതെ മണിപ്പൂർ. തെങ്നൂപലില്‍ അക്രമികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാർ കൂടി കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ വിവിധ ജില്ലകളിലായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ 8 മാസമായി തുടരുന്ന സംഘ‍ർഷങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും സർക്കാരും ശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ സാഹചര്യം കൂടുതൽ കലുഷിതമായിരിക്കുന്നത്. തൗബാൽ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്.

ഇന്നലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ട നാല് പേരെ ആയുധധാരികളായ അക്രമികൾ കൊലപ്പെടുത്തിയതായി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ആക്രമണത്തിനിരയായ നാലുപേരും കർഷകരാണ്. ഇവർ കൃഷിയിടത്തിൽ കൃഷിയിറക്കുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ഇവരു‌ടെ മരണത്തെ തുടർന്ന് ഇംഫാൽ താഴ്വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

ശമ്പളം ഒറ്റ ഗഡുവായി മാസം ആദ്യം തന്നെ കൊടുക്കും, കെഎസ്ആർടിസി ലാഭത്തിലാക്കുമെന്ന് ഗണേഷ് കുമാർ

0

ആധുനികവത്കരണത്തിലൂടെ കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ചെലവുകൾ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായ തോതിൽ നടപ്പിലാക്കും. പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗണേഷ് കുമാർ. കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ഓഫീസ് മുറിയുടെയും ജീവനക്കാർക്ക് ഉള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഡ്രൈവര്‍മാരുടെയും കണ്ടക്ടറുടെയും നീല യൂണിഫോമുകള്‍ക്ക് പകരം ഇനി കാക്കി യൂണിഫോമുകളാകും. മെക്കാനിക്കല്‍ വിഭാഗം നീല യൂണിഫോമിലേക്ക് മാറും. യൂണിഫോമുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. യൂണിഫോമിനൊപ്പം നെയിം ബോര്‍ഡുമുണ്ടാകും.

ജീവനക്കാർക്കും യാത്രക്കാർക്കും കാലോചിതസൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഗതാഗത വകുപ്പിന്റെ പ്രഥമ പരിഗണന. ഇനി സ്റ്റേ ബസുകൾ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസ സൗകര്യം ഉൾപ്പടെ പഞ്ചായത്തോ റെസിഡൻസ് അസ്സോസിയേഷനുകളോ നൽകുന്ന സ്ഥലങ്ങളിൽ മാത്രം ആയിരിക്കും. ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന. അർഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കപ്പെടുന്നതും വരവിനേക്കാൾ കൂടുതൽ ചിലവ് ഉണ്ടാകുന്നതുമാണ് പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ ഈ സാമ്പത്തിക ഞെരുക്കങ്ങൾക്ക് ഇടയിലും കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം നൽകാൻ ഉള്ള വഴികളാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. അതിനായി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണ്. സംസ്ഥാനത്തുടനീളം കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളും ഡിപ്പോകളും കമ്പ്യൂട്ടർ വത്കരിച്ച് ആധുനീകരിക്കും. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം പ്രാദേശിക റൂട്ടുകൾ ഫോർമുലേറ്റ് ചെയ്യുന്ന ചർച്ചകൾ നടക്കുകയാണ്. അതുവഴി ചെറു വഴികളിൽ ചെറു ബസുകൾ പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനകരമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.