Friday, June 19, 2026
Home Blog Page 153

ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം

0

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. സന്ദർശനത്തിനായി അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദർശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി ഇന്നലെ അറിയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ത‍ടഞ്ഞതിനെതുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. അസമിലെ നാഗോണ്‍ ജില്ലയിലെ ബോര്‍ഡോവയിലാണ് ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം. ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസമായ ഇന്ന് ക്ഷേത്ര ദര്‍ശനം നടത്തിയശേഷം യാത്ര തുടരാനാണ് നിശ്ചയിച്ചിരുന്നത്.

അതേസമയം, അസമിലെ എംപിയെയും എംഎല്‍എയെയും മാത്രം ക്ഷേത്രത്തിലേക്ക് കടത്തിവിടാമെന്നും രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ കടത്തിവിടാനാകില്ലെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഗൗരവ് ഗോഗോയ് എംപിയും കോണ്‍ഗ്രസിന്‍റെ അസം എംഎല്‍എയും ക്ഷേത്രത്തിലേക്ക് കയറി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് രാഹുല്‍ഗാന്ധി മുന്നോട്ട് പോകുന്നത് തടഞ്ഞു. കെസി വേണുഗോപാല്‍, ജയ്റാം രമേശ് അടക്കമുള്ള നേതാക്കളും യാത്രയിൽ ഒപ്പമുണ്ട്.

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്

0

കൊയിലാണ്ടിയിൽ ആന ഇടഞ്ഞു. കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. പാപ്പാന് പരുക്കേറ്റു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഇന്നലെ രാത്രിയാണ് ഇടഞ്ഞത്. പാപ്പാനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധ രാത്രി 12 മണിയോടെയാണ് സംഭവം.

പാപ്പച്ചൻ ശ്രീകുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ടാരങ്ങളും വിളക്കുകാലുകളും ആന തകർത്തു. ഏറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. ആളുകൾ കുറഞ്ഞ സമയമായതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.

സന്ദര്‍ശകര്‍ വര്‍ദ്ധിച്ചു ; സൗദിയുടെ വിനോദസഞ്ചാര രംഗത്ത് വന്‍ വളര്‍ച്ച

0


കോവിഡിന് ശേഷം സൗദി അറേബ്യയില്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2019-നെ അപേക്ഷിച്ച് 156 ശതമാനത്തിന്റെ വര്‍ദ്ധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് സൗദിയുടെ വിനോദസഞ്ചാര മേഖല അതിവേഗ വളര്‍ച്ച കൈവരിക്കുന്നുവെന്ന് വ്യക്തമാക്കുന്നത്.
കോവിഡ് മഹാമാരിക്കാലത്തിന് ശേഷം സൗദിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് വേഗത കൂടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡ് അവസാനിച്ചപ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ദൃശ്യമായിരിക്കുന്നത്. സഞ്ചാരികളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന് മുന്‍പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോള വിനോദസഞ്ചാര രംഗത്ത് വളര്‍ച്ച എണ്‍പത്തിയെട്ട് ശതമാനം മാത്രമാണ്.മധ്യപൂര്‍വ്വേഷ്യയില്‍ ഏറ്റവും വലിയ വളര്‍ച്ച വിനോദസഞ്ചാരരംഗത്ത് സ്വന്തമാക്കിയിരിക്കുന്നതും സൗദി അറേബ്യ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിനോദസഞ്ചാര രംഗത്തെ പുതിയ പദ്ധതികളും വൈവിധ്യവത്കരണത്തിനുള്ള നടപടികളും ആണ് കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്.

മഴ വര്‍ദ്ധിപ്പിക്കും ; കൂടുതല്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ക്ക് ഒരുങ്ങി യുഎഇ

0


2024-ല്‍ മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ക്ക് ഒരുങ്ങി യുഎഇ. മുന്നൂറോളം ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ക്കാണ് ദേശീയകാലാവസ്ഥാ കേന്ദ്രം ഒരുങ്ങുന്നത്. ക്ലൗഡ് സീഡിംഗിലൂടെ പ്രതിവര്‍ഷം ലഭിക്കുന്ന മഴയില്‍ പതിനഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുന്നത്.കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് യുഎഇ ക്ലൗഡ് സീഡിംഗ് നടത്തുന്നുണ്ട്. പ്രതിവര്‍ഷം ശരാശരി തൊള്ളായിരം മണിക്കര്‍ ക്ലൗഡ് സീഡിംഗ് ദൗദ്യങ്ങളാണ് എന്‍.സി.എം വിമാനങ്ങള്‍ നടത്തുന്നത്.

2024-ലും കൂടുതല്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ക്കാണ് യുഎഇയുടെ തയ്യാറെടുപ്പ്. പ്രതിവര്‍ഷം മുന്നൂറോളം ക്ലൗഡ് സീഡിംഹ് ദൗത്യങ്ങള്‍ ആണ് യുഎഇ നടത്തുന്നതെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ മഴമേഘങ്ങള്‍ രൂപപ്പെടുന്നതിന്റെയും കാലാവസ്ഥയുടെയും അടിസ്ഥാനത്തില്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം വരാം എന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. 2024-ലും മുന്നൂറോളം ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ. യുഎഇയുടെ വാര്‍ഷിക വര്‍ഷപാദത്തില്‍ കാര്യമായ വര്‍ദ്ധന വരുത്തുന്നതിന് ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ക്ക് കഴിയുന്നുണ്ട്.

പതിനഞ്ച് ശതമാനത്തോളം വര്‍ദ്ധനയാണ് മഴയില്‍ പ്രതിവര്‍ഷം രേഖപ്പെടുത്തുന്നത്. ഇത് ഇരുപത്തിയഞ്ച് ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും എന്നും ഗവേഷകര്‍ പറയുന്നു. ക്ലൗഡ് സീഡിംഗ് നടത്തുന്നതിന് നിലവില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ കാര്യക്ഷമത കൂടിയ മറ്റ് മാര്‍ഗ്ഗങ്ങളും യുഎഇ പരിക്ഷിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്ലൗഡ് സീഡിംഗ് പരീക്ഷ ദൗത്യം എന്‍.സി.എം നടപ്പാക്കിയിരുന്നു.

പശ്ചിമേഷ്യ സംഘര്‍ഷഭരിതം: കൂടുതല്‍ ഇടങ്ങളില്‍ ആക്രമണങ്ങള്‍

0


ഗാസ യുദ്ധം മേഖലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായി സിറിയയിലേയും ലബനനിലേയും ആക്രമണങ്ങള്‍. സിറിയയില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ 4 സൈനികര്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിനിടെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലന്ന നിലപാട് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്ത് എത്തി.ഗാസ യുദ്ധം നൂറ് ദിവസം പിന്നിട്ട് പുരോഗമിക്കുമ്പോള്‍ മധ്യപൂര്‍വ്വേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്. സിറിയ,ലബനന്‍,ഇറാഖ്, യെമന്‍ എന്നി രാജ്യങ്ങളില്‍ എല്ലാം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. സിറിയന്‍ തലസ്ഥാനമായ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനിക ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.

ഒരു സിറിയന്‍ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് യൂണിറ്റിന് നേരെ ആയിരുന്നു ആക്രമണം.ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഒരു പോരാളി കൊല്ലപ്പെട്ടെന്ന് ഹിസ്ബുള്ളയും അറിയിച്ചു. ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന് എതിരെ ഇറാനും ആക്രമണം നടത്തി.

അതെസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം ഇരുപത്തിയ്യായിരം കവിഞ്ഞു. 25105 പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് ഹമാസ് ഭരണകൂടത്തിന്റെ കണക്കുകള്‍, 622681-ആയി പരുക്കേറ്റവരുട എണ്ണവും വര്‍ദ്ധിച്ചു. ഇന്നലെ മാത്രം 178 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതിനിടെ പലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ തള്ളി വീണ്ടും ബെന്യാമിന്‍ നെതന്യാഹു രംഗത്ത് എത്തി. പലസതീന്‍ രാഷ്ട്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം എന്ന അമേരിക്കന്‍ നിലപാചും നെതന്യാഹു തള്ളി.

പുറമ്പോക്ക് ഭൂമി കയ്യേറി, രജിസ്ട്രേഷനിലും ക്രമക്കേട്; മാത്യു കുഴൽനാടനെതിരെ ഗുരുതര കണ്ടെത്തൽ

0

ഭൂമി കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ.ക്കെതിരേ ചിന്നക്കനാൽ ഭൂമിയിലെ ക്രയവിക്രയങ്ങളിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടെന്ന് കണ്ടെത്തൽ. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണ് ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പുറത്തുവിട്ടിരിക്കുന്നത്. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ അടയാളപ്പെടുത്തിയിട്ടില്ല. മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ പേരിലുള്ള ഭൂമിയായിരുന്നു. എന്നാൽ മാത്യു കുഴൽനാടൻ്റെ കൈവശമുള്ള ഭൂമിയിൽ ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെൻറ് അധിക ഭൂമിയുണ്ട്. ഇത് തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ശുപാർശ ചെയ്യുമെന്നും വിജിലൻസ് വ്യക്തമാക്കി.

മിച്ചഭൂമി ആണെന്ന കാര്യം മറച്ചു വെച്ചാണ് രജിസ്ട്രേഷൻ നടന്നതെന്നും വിജിലൻൻസ് വ്യക്തമാക്കി. ബിനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഢംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്ന സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ മാത്യു കുഴൽനാടനോട് ഹാജരാകൻ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. മുട്ടം വിജിലൻസ് ഓഫീസിൽ ഹാജരായാണ് കുഴൽനാടൻ മൊഴി നൽകിയത്.

2023 സെപ്തംബറിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ചിന്നക്കനാലിലെ ഒരേക്കര്‍ പതിനൊന്നര സെന്റ് സ്ഥലമിടപാടിലാണ് അന്വേഷണം. സ്ഥലം വില്‍പ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. അതേസമയം ഭൂമി അളന്ന് നോക്കാതെയാണ് പുറമ്പോക്ക് കയ്യേറി എന്ന ആരോപണം ഉന്നയിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. അധിക ഭൂമി ഉണ്ടെങ്കിൽ തുടർ നടപടി സ്വീകരിക്കട്ടെ. കെട്ടിടനമ്പർ ഇല്ലാത്തതിനാൽ ഒരു കെട്ടിടത്തിന്റെ മൂല്യം കണക്കാക്കിയിരുന്നില്ല. അതുകൊണ്ടാണ് രജിസ്ട്രേഷൻ സമയത്ത് ഈ കെട്ടിടം കാണിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

0

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധത്തിൽ 15 പ്രതികളും കുറ്റക്കാർ. എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എല്ലാ പ്രതികളും ഗൂഡാലോചനയുടെ ഭാഗമാണെന്നും കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തിങ്കളാഴ്ചയാണ് പ്രതികളുടെ ശിക്ഷാവിധി.

കോമളപുരം സ്വദേശി നൈസാമാണ് ഒന്നാം പ്രതി. മണ്ണഞ്ചേരി സ്വദേശി അജ്മൽ, വട്ടയാൽ സ്വദേശി അനൂപ്, ആര്യാട് തെക്ക് സ്വദേശി മുഹമ്മദ് അസ്‌ലം, പൊന്നാട് സ്വദേശി അബ്ദുൾകലാം, മണ്ണഞ്ചേരി സ്വദേശി അബ്ദുൾകലാം, മുല്ലാത്ത് സ്വദേശി സഫറുദ്ദീൻ സലീം, മണ്ണഞ്ചേരി സ്വദേശി മൻഷാദ്, ജസീം, കല്ലൂപ്പാല സ്വദേശി നവാസ്, ഷമീർ, ആര്യാട് വടക്ക് സ്വദേശി നസീർ, എന്നിവരാണ് 15 പ്രതികൾ. ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോയിൽ പങ്കെടുത്തു.

2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. എന്നാൽ ആദ്യം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക അഭിഭാഷകനെ നിയമിച്ചത്. എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു. പിറ്റേന്ന് രാവിലെ രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു. എസ്.ഡി.പി.ഐ പ്രവർത്തകരായ പതിനഞ്ചു പേരാണ് പ്രതികൾ. ഇവർ മാവേലിക്കര ജില്ലാ ജയിലിലാണ്.

156 സാക്ഷികളാണ് കേസിലുളളത്. ജില്ലയിലാകമാനം കനത്ത പൊലീസ് ജാഗ്രത ഏർപ്പെടുത്തിയിരുന്നു. വിധിപ്രസ്താവം നടത്തുന്ന മാവേലിക്കര കോടതിയിലും പരിസരത്തും നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വിധി പ്രസ്താവത്തിനായി പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നതു മുതൽ കോടതി നടപടികൾ പൂർ‌ത്തിയാക്കി മടങ്ങുംവരെ ജാഗ്രത പാലിക്കാനാണ് നിർദേശം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.15 പ്രതികൾക്കും കൊലപാതക കുറ്റം ബാധകമാണ്. ഇവർ സംശയാസ്പദമായി കുറ്റവാളികൾ ആണെന്ന് തെളിയിക്കപ്പെട്ടു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾ നേരിട്ടു കൊലപാതകത്തിൽ പങ്കെടുത്തു. എട്ടു മുതൽ 12 വരെയുള്ളവർ വീടിന്റെ മുൻപിൽ നിന്നും സഹായിച്ചു. 13, 14, 15 പ്രതികൾ ഗൂഢാലോചന നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ പ്രതാപ് ജി പടിക്കൽ പറഞ്ഞു.

ശ്രീനിവാസന്റെ ശരീരത്തിൽ 56 ഓളം മുറിവുകൾ ഉണ്ടായി. ശവസംസ്കാര ചടങ്ങ് പോലും നടത്താൻ പറ്റാത്ത രീതിയിൽ ശരീരം വികൃതമായി. കൊല്ലപ്പെടേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയത് പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു എന്നും പ്രതാപ് ജി പടിക്കൽ പറഞ്ഞു.

ഗാസയില്‍ ആശുപത്രികള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം

0


ഗാസയില്‍ ഒരു ആശുപത്രിക്ക് നേരെ കൂടി ഇസ്രയേല്‍ ആക്രമണം. ഗാസയില്‍ ശേഷിക്കുന്ന ആശുപത്രികള്‍ കൂടി ഇസ്രയേല്‍ സൈന്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. ഇതിനിടെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ബെന്യാമിന്‍ നെതന്യാഹു പറയുന്നത് കളവാണെന്ന വാദവുമായി ഇസ്രയേല്‍ യുദ്ധ ക്യാബിനറ്റ് മന്ത്രി തന്നെ രംഗത്ത് എത്തി.ഖാന്‍ യൂനിസിലെ അല്‍ അമാല്‍ ആശപുത്രിക്ക് നേരെ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് പലസ്തീനിയന്‍ റെഡ് ക്രെസന്റിന്റെ ആരോപണം. ആക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയാണെന്നും റെഡ്‌ക്രെസന്റ് ആരോപിച്ചു.

ഖാന്‍ യൂനിസില്‍ തന്നെയുള്ള നാസര്‍ ആശുപത്രിക്ക് സമീപത്തും രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്. ഗാസയിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണ് നാസര്‍. ഖാന്‍ യൂനിസ് നഗരം പൂര്‍ണ്ണമായും ഹമാസില്‍ നിന്നും പിടിച്ചെടുക്കുന്നതിനുള്ള നീക്കങ്ങളാണ് ഇസ്രയേല്‍ സൈന്യം നടത്തുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ മാത്രം 142 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതിനിടെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് എതിരെ യുദ്ധക്യാബിനറ്റ് മന്ത്രിയും മുന്‍ കരസേന മേധാവിയുമായ ഗാഡി ഐസന്‍കോട്ട് രംഗത്ത് എത്തി. നെതന്യാഹു യുദ്ധത്തിലെ വിജയം എന്ന പേരില്‍ പറയുന്നത് എല്ലാം നുണയാണെന്നാണ് ഐസന്‍കോട്ടിന്റെ ആരോപണം. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച യുദ്ധം 105 ദിവസം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും ഇസ്രയേല്‍ പ്രതിരോധ സേനയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഐസന്‍കോട്ട് പറഞ്ഞു. ഗസ്സയില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഐസന്‍കോട്ട് പറഞ്ഞു.

യുഎഇയിലെ ആദ്യ വെര്‍ട്ടിക്കല്‍ റിസോര്‍ട്ട് ദുബൈയില്‍

0


യുഎഇയിലെ ആദ്യ വെര്‍ട്ടിക്കല്‍ റിസോര്‍ട്ട് ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. റിസോര്‍ട്ടില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സന്ദര്‍ശനം നടത്തി.വണ്‍ ആന്റ് ഒണ്‍ലി വണ്‍ സബില്‍ വെര്‍ട്ടിക്കല്‍ റിസോര്‍ട്ടാണ് ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പതിനഞ്ച് നിലകളിലായി 229 അത്യാഢംബര മുറികള്‍ ആണ് വെര്‍ട്ടിക്കല്‍ റിസോര്‍ട്ടില്‍ ഉള്ളത്.

ലോകോത്തര ഷെഫുമാര്‍ ഒരുക്കുന്ന രുചിവൈവിധ്യവും അറബന്‍ വെര്‍ട്ടിക്കല്‍ റിസോര്‍ട്ടില്‍ ആസ്വദിക്കാം. റിസോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മ്ദ് ബിന്‍ റാഷിദ് അല്‍ മക്തും നടന്നു കണ്ടു. ദുബൈയുടെ സാമ്പിത്തക വളര്‍ച്ചില്‍ ടൂറിസ്സം മേഖലയുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. സമീപകാലത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു.

ദുബൈ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും തുടങ്ങിയവരും ഷെയ്ഖ് മുഹമ്മദിന് ഒപ്പം വെര്‍ട്ടിക്കല്‍ റിസോര്‍ട്ടില്‍ സന്ദര്‍ശനം നടത്തി. ദുബൈയിലെ ഹോട്ടല്‍ മുറികളില്‍ അതിവേഗത്തിലാണ് വര്‍ദ്ധന വരുന്നത്.2023 നവംബറിലെ കണക്കുകള്‍ പ്രകാരം ദുബൈയില്‍ 149680 ഹോട്ടല്‍ മുറികളാണ് ഉള്ളത്.

വന്‍ലാഭമുണ്ടാക്കി ദുബൈയിലെ ഗതാഗത സംവിധാനങ്ങള്‍

0


അടിസ്ഥാനസൗകര്യം വികസിപ്പിച്ചും ഗതാഗതസംവിധാനങ്ങള്‍ നവീകരിച്ചും 2006-2023 കാലയവളില്‍ ദുബൈ ലാഭിച്ചത് ഇരുപത്തിയാറായിരം കോടി ദിര്‍ഹം എന്ന് ആര്‍ടിഎ. കഴിഞ്ഞ വര്‍ഷം മാത്രം ആര്‍ടിഎയുടെ വരുമാനം 890 കോടി ദിര്‍ഹമായിരുന്നുവെന്ന് ഡയറക്ടടര്‍ ജനറല്‍ മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.ദുബൈയില്‍ നടന്ന രാജാന്തര പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തില്‍ ആണ് എമിറേറ്റില്‍ നടപ്പാക്കിയ പശ്ചാത്തലസൗകര്യവികസനവും അതുവഴിയുണ്ടായ നേട്ടങ്ങളും ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചത്.

ഗതാഗത സൗകര്യങ്ങളുടെ വികസനത്തിനായി ദുബൈ ഭരണകൂടം പതിനാലായിരം കോടി ദിര്‍ഹം ആണ് ചെലവഴിച്ചതെന്ന് മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2006-ല്‍ ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിച്ചിരുന്നത് പ്രതിവര്‍ഷം 9.5 കോടി യാത്രക്കാരായിരുന്നു. 2022-ല്‍ ഇത് അന്‍പത് കോടിയായി വര്‍ദ്ധിച്ചു.

റോഡ് അപകടങ്ങളും മരണനിരക്കും വന്‍തോതില്‍ കുറയ്ക്കാനും ഈ കാലയളവില്‍ കഴിഞ്ഞു. റോഡഅപകട മരണനിരക്കില്‍ തൊണ്ണൂറ് ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. സാലിക്ക് കമ്പനിയില്‍ നിന്നും 2400 കോടിയുടെ ലാഭമാണ് ഉണ്ടായതെന്നും മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.