Friday, June 19, 2026
Home Blog Page 152

വ്യാജരേഖ നിർമിച്ചത് വിദ്യ ഒറ്റക്ക്, കേസിൽ കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

0

കരിന്തളം കോളജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യക്കെതിരെ പൊലീസിൻ്റെ കുറ്റപത്രം. കേസിൽ കെ വിദ്യ മാത്രമാണ് പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിർമിച്ച് സമർപ്പിച്ചുവെന്നും വ്യാജരേഖ നിർമിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

വ്യാജ രേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ കെ വിദ്യ സർക്കാർ ശമ്പളം കൈപ്പറ്റി. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

നേരത്തെ കേസിൽ കെ വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലെടുത്ത കേസിൽ അഗളി പൊലീസും വിദ്യയുടെ അറസ്റ്റ്രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ വിദ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിലേശ്വരം പൊലീസ് നോട്ടീസ് നൽകുകയായിരുന്നു. സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നൽകിയിരുന്ന മൊഴി.

2018 ജൂൺ നാല് മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസ് കോളേജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായിരുന്നു എന്ന് തെളിയിക്കുന്ന രണ്ട് സർട്ടിഫിക്കറ്റുകളാണ് വിദ്യ ഹാജരാക്കിയത്. സർട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ ഇന്റർവ്യൂ പാനൽ കോളേജുമായി ബന്ധപ്പെട്ടതോടെ കഴിഞ്ഞ 10 വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായി. മഹാരാജാസ് കോളേജ് പ്രിൻസിപ്പലാണ് വിദ്യയ്ക്കെതിരെ ആദ്യമായി പരാതി നൽകിയത്. പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസെടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറുകയായിരുന്നു.

മൂന്നാറില്‍ വീണ്ടും പടയപ്പ, കടകള്‍ തകര്‍ത്തു, വിൽപനക്ക് വെച്ച കരിക്കും കരിമ്പുമെല്ലാം അകത്താക്കി

0

മുന്നാറിൽ ഭീതിപരത്തി വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം. ഇക്കോ പോയിന്റിലിറങ്ങിയ പടയപ്പ താത്‌കാലിക കടകൾ തകർത്തു. കോൺക്രീറ്റ് കടയുടെ ഷട്ടർ തകർത്ത് അകത്തുകയറി സാധനങ്ങൾ ഭക്ഷിച്ചു. പ്രദേശത്ത് ഏറെ നേരം ഗതാഗതതടസ്സവുമുണ്ടാക്കി. എക്കോ പോയിന്റില്‍ വൈകുന്നേരത്തോടെയാണ് പടയപ്പയിറങ്ങിയത്.

ഗതാഗതം തടസ്സപ്പെട്ടതോടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആളുകള്‍ക്ക് യാത്ര ദുരിതം നേരിട്ടു. ഇതേസ്ഥലത്ത് രാവിലെയും പടയപ്പ ഇറങ്ങിയിരുന്നു. രണ്ടു കടകള്‍ തകര്‍ത്തു പഴങ്ങള്‍ എടുത്തു കഴിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി 5 തവണ പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കി. കഴിഞ്ഞ ദിവസം പെരിയവര ടോപ്പ്, കന്നിമല ലോവർ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വീടുകൾക്ക് സമീപമുണ്ടായിരുന്ന കൃഷി നശിപ്പിച്ചു. പടയപ്പ ജനവാസ മേഖലിയില്‍ കറങ്ങി നടക്കുന്നതിനാല്‍ ആശങ്കയിലാണ് വ്യാപാരികളും നാട്ടുകാരും.

കിഫ് ബി മസാല ബോണ്ട്; തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല, തോമസ് ഐസക് ഇ ഡിക്ക് കത്ത് നൽകി

0

മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡിന്റേതാണ് മസാല ബോണ്ട് തീരുമാനമെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തം ഇല്ലെന്നും ഇ.ഡിക്ക് മറുപടി നൽകി മുൻ ധനമന്ത്രി തോമസ് ഐസക്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഐസക് വ്യക്തമാക്കി. ഏഴു പേജുള്ള കത്താണ് അദ്ദേഹം കൈമാറിയത്.

മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസമായിരുന്നു തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ടിയിരുന്നത്. ഹാജരാകാത്തതിനെ തുടർന്നാണ് മറുപടി കത്ത് നല്‍കിയത്. ‘‘കിഫ്‌ബി മസാലബോണ്ടിൽ എനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്തവുമില്ല. കിഫ്‌ബി രൂപീകരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡിൻ്റെ മേൽനോട്ടത്തിലാണുള്ളത്. മുഖ്യമന്ത്രിയാണ് അതിന്റെ ചെയർമാൻ. കൂട്ടായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ധനമന്ത്രികിഫ്‌ബിയുടെ വൈസ് ചെയർമാൻ, കിഫ്‌ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിച്ചവയാണ്. മന്ത്രി എന്ന നിലയിൽ ചുമതല ഒഴിഞ്ഞതോടെ കിഫ്‌‍ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’’ എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇത് തന്നെ ആണ് കത്തിലും വ്യക്തമാക്കിയിരിക്കുന്നത്.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറൽ എവിഡൻസ് നൽകുന്നതിനായി ഹാജരാകണം എന്നാണ് ഇപ്പോഴത്തെ സമൻസിലൂടെ ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഇ.ഡിയുടെ പുതിയ സമൻസിനെയും കോടതിയിൽ നേരിടുമെന്നു തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു: ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി നരേന്ദ്രമോദി

0


അയോധ്യാ രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രമുഖരുടെ വന്‍നിരയാണ് എത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ട് ഇരുപതിനും പന്ത്രണ്ട് മുപ്പതിനും ഇടയിലായിരുന്നു വിഗ്രഹ പ്രതിഷ്ഠ. കാശിയിലെ വേദപണ്ഡിതന്‍ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വിഗ്രഹപ്രതിഷ്ഠാ സമയത്ത് സൈനിക ഹെലികോപ്ടര്‍ അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി.

പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ക്ക് പതിനൊന്നരയ്ക്കാണ് തുടക്കമായത്.മൈസൂരൂവിലെ ശില്‍പി അരൂണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത അഞ്ച് വയസുള്ള ബാലനായ രാമന്റെ വിഗ്രഹം ആണ് പ്രതിഷ്ഠിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. അമിതാഭ് ബച്ചന്‍, രജനി കാന്ത്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാംചരണ്‍ ചിരഞ്ജീവി തുടങ്ങിയ ചലച്ചിത്ര-സാംസ്‌കാരിക-കായിക-മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.പൊതുജനങ്ങള്‍ക്ക് നാളെ മുതല്‍ ആണ് ദര്‍ശനം അനുവദിക്കുന്നത്.

ചാന്ദ്രദൗത്യം: ലൂണാര്‍ ഗെയ്റ്റ്‌വേ എയര്‍ലോക്കിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ട് യുഎഇ

0


യുഎഇയുടെ ബഹിരാകാശഗവേഷണ രംഗത്തെ നിര്‍ണ്ണായക ചുവടുവെയ്പ്പായ ലൂണാര്‍ ഗെയ്റ്റ്‌വേ എയര്‍ലോക്കിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചന്ദ്രനെ വലം വെയ്ക്കുന്ന ബഹിരാകാശ നിലയത്തിന്റെ നിര്‍ണ്ണായക ഘടകം ആണ് യുഎഇ നിര്‍മ്മിക്കുന്നത്. നാസ അടക്കമുള്ള രാജ്യാന്തര ബഹിരാകാശ ഏജന്‍സികളുമായി ചേര്‍ന്നാണ് പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ യുഎഇ ആരംഭിച്ചിരിക്കുന്നത്. ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ എത്തിക്കുന്നതിനുള്ള നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായുള്ള ബഹിരാകാശ നിലയത്തിന്റെ ഒരു ഭാഗം ആണ് യുഎഇ നിര്‍മ്മിക്കുന്നത്. ചന്ദ്രനെ വലംവെയ്ക്കാന്‍ പോകുന്ന ഈ പേടകത്തിന്റെ ഏകപ്രവേശന കവാടമാണ് ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍ നിര്‍മ്മിക്കുന്ന എയര്‍ലോക്.

ലൂണാര്‍ ഗെയ്റ്റ്‌വേ എയര്‍ലോക്കിന്റെ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തികള്‍ ഈ ആഴ്ച്ച ആരംഭിച്ചെന്ന് എം.ബി.ആര്‍.സി ഡയറക്ടര്‍ ജനറല്‍ സലേം അല്‍ മര്‍റി അറിയിച്ചു. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന നാസയുടെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററിലെ ലൂണാര്‍ ഗെയ്റ്റ്‌വേ സംഘവുമായി എം.ബി.ആര്‍.എസ്.സി സംഘം നിരവധി തവണ ഇതിനകം ചര്‍ച്ചകള്‍ നടത്തിയെന്നും സലേം അല്‍ മര്‍റി അറിയിച്ചു.പദ്ധതിയുടെ തുടക്കം മാത്രമേ ആയിട്ടുള്ളുവെന്നും അത് വിജയത്തില്‍ എത്തുമെന്ന് ഉറപ്പാണെന്നും സലേം അല്‍ മര്‍റി വ്യക്തമാക്കി. ലൂണാര്‍ ഗെയ്റ്റ്‌വേ മാതൃകയുടെ ചിത്രങ്ങളും എം.ബി.ആര്‍.സി പുറത്തുവിട്ടിട്ടുണ്ട്. ലൂണാര്‍ ഗെയ്റ്റ്‌വേയുടെ പത്ത് ടണ്‍ ഭാരമുള്ള എയര്‍ലോക്ക് ആണ് യുഎഇ നിര്‍മ്മിക്കുക.

പത്ത് മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമാണ് എയര്‍ലോക്കിന് ഉണ്ടാവുക. നാസയും യൂറോപ്യന്‍ കനേഡിയന്‍ സ്‌പെയ്‌സ് എജന്‍സിയും ജപ്പാനും ചേര്‍ന്നാണ് ചന്ദ്രനെ വലംവെയ്ക്കുന്ന നിലയം നിര്‍മ്മിക്കുന്നത്. 2025-ല്‍ ലൂണാര്‍ ഗെയ്റ്റ്‌വേയുടെ ആദ്യഘടകങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് ആണ് പദ്ധതി. 2030-ല്‍ ആയിരിക്കും യുഎഇ നിര്‍മ്മിക്കുന്ന എയര്‍ലോക് ബഹിരാകാശത്ത് എത്തിക്കുക.

ദുബൈയില്‍ വസ്തുവാങ്ങുന്നതില്‍ ഒന്നാമത് ഇന്ത്യക്കാര്‍

0


ദുബൈയില്‍ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവരില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്. റഷ്യന്‍ നിക്ഷേപകരെ പിന്തള്ളിയാണ് ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ദുബൈയില്‍ വസ്തുവിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വന്‍വില വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.ബെറ്റര്‍ഹോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ഇന്ത്യക്കാര്‍ ദുബൈയില്‍ വന്‍തോതില്‍ വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും വാങ്ങിക്കൂട്ടുവെന്ന് ചൂണ്ടിക്കാട്ടുന്നത്. ബെറ്റര്‍ഹോംസിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നിക്ഷേപകര്‍, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ബ്രിട്ടീഷ് റഷ്യന്‍ നിക്ഷേപകരാണ്. മുന്‍വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്ന റഷ്യന്‍ നിക്ഷേപകര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2022-ല്‍ മൂന്നാം സ്ഥാത്തായിരുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ 2023-ല്‍ ഒന്നാം സ്ഥാനത്തേക്കും എത്തി. 2022-ലും 2022-ലും ദുബൈയില്‍ വില്ലകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും അഭൂതപൂര്‍വ്വമായ ഡിമാന്‍ഡ് ആണ് അനുഭവപ്പെട്ടത്. ഇത് വസ്തുവില ഉയരുന്നതിന് കാരണമായി. എമിറേറ്റില്‍ പ്രവാസികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും വില ഉയരുന്നതിന് കാരണമായി. വേഗത്തില്‍ മുടക്കുമുതലും വന്‍ലാഭവും തിരികെ ലഭിക്കുന്നു എന്നത് ദുബൈയുടെ റിയല്‍ എസ്റ്റേറ്റിലേക്ക് ശതകോടികളുടെ വിദേശനിക്ഷേപം എത്തിച്ചു. ഒരുലക്ഷത്തിലധികം പുതിയ പാര്‍പ്പിടങ്ങളാണ് ദുബൈയില്‍ 2023-ല്‍ ഉയര്‍ന്നത്.

യുഎഇയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് ; ആഗോളതലത്തില്‍ രണ്ടാമത്‌

0

നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വന്‍ മുന്നേറ്റം കുറിച്ച് യുഎഇ. 2023-ല്‍ യുഎഇയിലേക്ക് എത്തിയ വിദേശനിക്ഷേപത്തില്‍ ഇരുപത്തിയെട്ട് ശതമാനം വര്‍ദ്ദനരേഖപ്പെടുത്തിയെന്ന് ഐക്യരാഷ്ട്രഭാ റിപ്പോര്‍ട്ട്. ഇരുനൂറോളം രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ.

യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേയ്ഡ് ആന്റ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആണ് നേരിട്ടുള്ള വിദേശനിക്ഷപത്തില്‍ പോയവര്‍ഷം യുഎഇ വന്‍ കുതിപ്പ് നടത്തിയെന്ന് വ്യക്തമാക്കുന്നത്. യു.എന്‍.സി.റ്റി.എ.ഡിയുടെ പട്ടികയില്‍ ആഗോളതലത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ. ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിലെ വളര്‍ച്ചയില്‍ പതിനെട്ട് ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോള്‍ ആണ് യുഎഇയിലേക്ക് ഇരുപത്തിയെട്ട് ശതമാനം അധികം നിക്ഷേപം എത്തിയത്.

യുഎഇയുടെ നിക്ഷേപസൗഹദാന്തരീക്ഷവും മത്സരക്ഷമതയും ആശയങ്ങളും ആണ് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം എത്തിച്ചതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ശുഭാപ്തിവിശ്വാസത്തിന്റെ പുതിയൊരു വര്‍ഷത്തിലേക്ക് യുഎഇ കടന്നിരിക്കുകയാണ്. യുഎഇയുടെ ഭാവി കൂടുതല്‍ ശോഭനമായിരിക്കും എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ സൗദി അറേബ്യയും പോയവര്‍ഷം മികച്ച നിലയില്‍ വിദേശനിക്ഷേപം ആകര്‍ഷിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ദശരഥ് മഹലും സരയു നദിയും; രാമക്ഷേത്രത്തിന്റെ ബഹിരാകാശ ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ

0

അയോധ്യ രാമക്ഷേത്രത്തിന്റെ ബഹിരാകാശാത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ. തദ്ദേശീയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബഹിരാകാശത്ത് നിന്ന് കാണുന്ന ദൃശ്യങ്ങളാണ് ഐഎസ്ആർഒ പകർത്തിയത്. 2.7 ഏക്കർ വിസ്തൃതിയുള്ള രാമക്ഷേത്രം ചിത്രത്തിൽ പൂർണമായും കാണാൻ കഴിയും. കൂടാതെ ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇതിന്റെ വിപുലീകൃത കാഴ്ചയും കാണാൻ സാധിക്കും.

സാറ്റലൈറ്റ് ചിത്രങ്ങളിൽ ദശരഥ് മഹലും സരയു നദിയും വ്യക്തമായി കാണാം. പുതുതായി നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും ചിത്രത്തിൽ കാണാം. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലാണ് ചിത്രം പ്രോസസ് ചെയ്തത്. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്‌സി) പ്രോസസ്സ് ചെയ്ത കാർട്ടോസാറ്റ് ആണ് രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രം പകർത്തിയത്. ഇൻ-ഓർബിറ്റ് സ്റ്റീരിയോ ഇമേജുകൾ നൽകാൻ കഴിവുള്ള ഒരു വിദൂര സംവേദന ഉപഗ്രഹമാണ് കാർട്ടോസാറ്റ്.

ഉപയോക്താക്കൾക്കുള്ള ഡാറ്റ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റ് -2 സീരീസ് ഉപഗ്രഹമാണ് പിഎസ്എൽവി-സി40 വഹിക്കുന്നതെന്ന് ഐഎസ്ആർഒയുടെ വെബ്സൈറ്റ് പറയുന്നു. ക്ഷേത്രനിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആർഒ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ

0

സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല. ഫയൽ ഇന്ന് രാജ്ഭവൻ സർക്കാരിന് കൈമാറും. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. നയപ്രഖ്യാപനത്തിന് ഗവർണറെ രാജ്ഭവനിലെത്തി സ്പീക്കർ ക്ഷണിച്ചിരുന്നു. സർക്കാരിൽ പുതുതായി രണ്ടു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ നിയമസഭയിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സമ്മേളനം എന്ന പ്രത്യേകത കൂടെ ഉണ്ട്.

വീട് നിർമ്മാണത്തിന് മണ്ണ് നീക്കിയപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും

0

തൃപ്പൂണിത്തുറയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തു നിന്ന് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു തലയോട്ടി. കണ്ണൻകുളങ്ങര ശ്രീനിവാസ കോവിൽ റോഡിലെ കിഷോർ എന്നയാളുടെ വീടിന്റെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. രാവിലെ ഒൻപതരയോടെ വീട് നിർമ്മാണത്തിന് വേണ്ടി എത്തിയ തൊഴിലാളികളാണ് ഇവ ആദ്യം കണ്ടത്.

വീടിന്റെ മുന്നിൽ വൃത്തിയാക്കാനായി പുല്ലും മറ്റും നീക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ തലയോട്ടി കണ്ടത്. സമീപത്തായി കൈ, അരക്കെട്ട് എന്നീ ഭാഗങ്ങളിലെ അസ്ഥികളും കണ്ടു. തുടർന്ന് ഉടമയെ അറിയിച്ചു. സ്ഥലം ഉടമ നൽകിയ വിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തി പരിശോധന നടത്തി.

കഴിഞ്ഞ ഏപ്രിൽ മാസമാണ് വീടിന്റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ ജൂൺ മാസത്തോടെ പണി നിലച്ചു. കഴിഞ്ഞ മാസമാണ് പുനഃരാരംഭിച്ചത്. അസ്ഥികൾ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ട് വന്ന് ഉപേക്ഷിച്ചതാണോ എന്നാണ് സംശയം. എസിപിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.