Friday, June 19, 2026
Home Blog Page 151

നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ണിക മാത്രം വായിച്ച് അവസാനിപ്പിച്ച് ഗവര്‍ണര്‍; സഭ ഇന്നത്തേക്ക് പിരിഞ്ഞു

0

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിച്ചില്ല. നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. മുഖ്യമന്ത്രി പൂച്ചെണ്ട് നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു.

സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്ന് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് തുടക്കമായത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്

വയനാട്ടിലെ ജനവാസമേഖലയില്‍ മണിക്കൂറുകൾ ഭീതിവിതച്ച കരടിയെ കാടുകയറ്റി

0

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.രണ്ടു ദിവസം മുൻപ് നാട്ടിൽ ഇറങ്ങിയ കരദിയെ നെയ്ക്കുപ്പാ മേഖയിൽ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് വച്ചാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്.

മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് കരടിയെ നാട്ടുകാർ ആദ്യം കണ്ടത്. ഇതിന് ശേഷം ആണ് മാനന്തവാടി നഗരസഭയിലെ വള്ളിയൂർക്കാവ് ക്ഷേത്ര സമീപത്തു കരടി എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. തോണിച്ചാലിലും എടവക പഞ്ചായത്തിലെ മറ്റ് പലയിടത്തുമെത്തിയ കരടി പിന്നീട് വെള്ളമുണ്ട പഞ്ചായത്തിലുമെത്തുകയായിരുന്നു. 90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയത്. 70 കിലോമീറ്റർ അധികം ദൂരം കരടി സഞ്ചരിച്ചു.

വിവരമറിഞ്ഞെത്തിയ വനപാലകർ കരടിയുള്ള സ്ഥലം കണ്ടെത്തിയെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറഞ്ഞു. പിന്നീട് പടക്കം പൊട്ടിച്ച് കരടിയെ വയലിലേക്കെത്തിച്ചെങ്കിലും മയക്കു വെടിവയ്ക്കാൻ കഴിഞ്ഞില്ല. രാത്രിയും പകലും നിർത്താതെ സഞ്ചരിക്കുമായിരുന്നതിനാല്‍ കരടിയെ പിടികൂടുന്നതിൽ വലിയ പ്രതിസന്ധിയാണ് വനംവകുപ്പ് നേരിട്ടത്. കരടി തിരിച്ച് നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്ക ഉള്ളതായി വനപാലകർ പറഞ്ഞു.

ഗാസയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ചര്‍ച്ച ; മധ്യസ്ഥരായി ഖത്തറും യുഎസും ഈജിപ്തും

0

ഗാസയില്‍ മുപ്പത് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിലെ ഭിന്നതയാണ് വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തുന്നതിന് തടസ്സം. ഇതിനിടെ ഖാന്‍ യൂനിസ് പട്ടണം പൂര്‍ണ്ണമായും വളഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തര്‍ അമേരിക്ക ഈജിപിത് എന്നി രാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ ആണ് ഇസ്രയേലും ഹമാസുമായി ചര്‍ച്ച നടത്തുന്നത്.

ഡിസംബര്‍ അവസാനം ആരംഭിച്ച ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലി ബന്ദികളേയും പലസ്തീന്‍ തടവുകാരേയും പരസ്പരം കൈമാറുന്നതിനും മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും ഇസ്രയേലും ഹമാസും ഏകദേശം ധാരണയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ താത്കാലിക വെടിനിര്‍ത്തല്‍ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിലേക്കുള്ള ചര്‍ച്ചകളില്‍ ഇസ്രയേലിലും ഹമാസിനും ഇടയില്‍ സമവായമുണ്ടാക്കാന്‍ മധ്യസ്ഥ രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഹമാസ് നേതാക്കള്‍ ഗാസ വിടുമെങ്കില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ എന്നാണ് ഇസ്രയേല്‍ മുന്നോട്ട് വെയ്ക്കുന്ന ഉപാധി. ഇത് അംഗീകരിക്കാന്‍ ഹമാസ് നേതൃത്വം തയ്യാറല്ല. ഇസ്രയേലിനും ഹമാസിനും ഇടയിലെ ഈ ഭിന്നതകള്‍ പരിഹരിക്കുന്നതിനാണ് മധ്യസ്ഥ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.അതെസമയം ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ സൈന്യം ബോംബാക്രമണം ശക്തിപ്പെടുത്തി. ഖാന്‍ യൂനിസ് പൂര്‍ണ്ണമായും വളഞ്ഞെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഖാന്‍ യൂനിസില്‍ ശേഷിക്കുന്ന ജനങ്ങളോട് വേഗത്തില്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശിച്ചു.

ദുബൈ വികസനം ; ഉന്നതസര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാന്‍

0

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ദുബൈയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ജനക്ഷേ പദ്ധതികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എമിറേറ്റിന്റെ സുസ്ഥിര വികസനത്തിനായി വിവിധ പദ്ധതികളാണ് ദുബൈ നടപ്പിലാക്കുന്നത്. വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചേര്‍ന്നത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തും ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തന മേഖലയില്‍ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച ഷെയ്ഖ് ഹംദാന്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിലാണ് ദുബൈ വികനസത്തിന്റെ പാതയില്‍ എത്തിയത്. വിവിധ ആഗോള മത്സര സൂചകങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടി. പ്രധാന മേഖലകളില്‍ അന്താരാഷ്ട്ര നേതൃത്വം സ്ഥാപിക്കുന്നതിലേക്ക് ദുബൈ എത്തിരിക്കുകയാണ്. ജനങ്ങളുടെ സന്തോഷം, സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് ദുബൈ നല്‍കുന്ന മുന്‍ഗണനയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

ദുബൈ ഇക്കണോമിക് അജണ്ട ഡി 33, ദുബൈ സോഷ്യല്‍ അജണ്ട 33, ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ എന്നിവ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മികച്ച ജീവിത നിലവാരം ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. ഗതാഗത സേവനങ്ങള്‍, തൊഴിലാളികള്‍ക്കുള്ള സേവനങ്ങള്‍, ബോധവത്കരണം, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സേവനങ്ങള്‍ എന്നിവയും ഷെയ്ഖ് ഹംദാന്‍ വിലയിരുത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി.


ഗതാഗതനിയമലംഘനം ; വിദേശികള്‍ക്ക് എതിരെ കടുത്ത നടപടിക്ക് കുവൈത്ത് ഭരണകൂടം

0

കുവൈത്തില്‍ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത
നടപടിക്ക് ഒരുങ്ങി ആഭ്യന്തരമന്ത്രാലയം. ഗുരുതര നിയമലംഘനം നടത്തുന്ന
വിദേശികളെ നാടുകടത്തും എന്നാണ് സൂചന. ഗതാഗതനിയമലംഘകര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ക്കാണ് കുവൈത്ത്ഭരണകൂടം ഒരുങ്ങുന്നത്. ഗുരുതര നിയമലംഘനം നടത്തുന്നവരെ നാടുകടത്തും എന്ന സൂചനയാണ് പുതിയ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നത്. നിയമലംഘകരായ വിദേശികളെ സ്വദേശങ്ങളിലേക്ക് തിരികെ അയക്കുന്നതിനുള്ള ചിലവ് സ്‌പോണ്‍സര്‍ വഹിക്കണം എന്ന വ്യവസ്ഥ നിലവില്‍ വന്നേക്കും. വിദേശതൊഴിലാളിയുടെ
നിയമലംഘന പിഴയും സ്ഥാപന ഉടമ അടയ്‌ക്കേണ്ടിവരും.

ഇതിന് ആഭ്യന്തരമന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് സെന്റര്‍, വിദ്യാഭ്യാസ മന്ത്രാലയം ,കുവൈത്ത് യൂണിവേഴ്‌സിറ്റി ,ഉന്നത വിദ്യാഭ്യാസ കാര്യാലയം എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പണം അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നോട്ടീസ് നല്‍കി. ഓരോ സ്ഥാപനത്തിലേയും തൊഴിലാളികള്‍ നടത്തിയ നിയമലംഘനപ്പിഴകളും നാടുകടത്തുന്നതിനുള്ള ചിലവും അടയ്ക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് ക്രമേണ രാജ്യത്തെ മറ്റ് സ്ഥാപനങ്ങള്‍ക്കും ബാധകമാകും എന്നാണ് വിവരം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ട്രംപ്

0

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിന് വിജയം. ഇതോടെ മുൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും എന്ന് ഉറപ്പായി.

സജീവമായി മത്സരരംഗത്ത് ഉള്ള നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകള്‍ നേടി. ഇയോവ കോക്കസില്‍ നേടിയ പകുതിയിലധികം വോട്ട് ശതമാനം ന്യൂഹാംഷെയര്‍ പ്രൈമറിയിലും ആവര്‍ത്തിച്ചു. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പോരാട്ടത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇരുവരും ഡൊണള്‍ഡ് ട്രംപിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.എഡിസൺ റിസർച്ച് അനുസരിച്ച് ട്രംപിന് 52.3 ശതമാനം വോട്ട് ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ യോഗ്യമായ മാനസിക നില ട്രംപിനില്ലെന്ന് നിക്കി ഹേലി ന്യൂഹാംഷെയറിലെ പ്രചരണത്തിനിടെ വിമർശിച്ചിരുന്നു. ഒരു രാജ്യം താറുമാറാകുകയും ലോകം തീപിടിക്കുകയും ചെയ്യുമ്പോള്‍ 80 വയസ്സുള്ള രണ്ട് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹേലി ചോദിച്ചു. നിക്കി ഹേലിക്ക് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകാനുളള യോഗ്യത പോരെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ വിമർശനം.

ആദ്യ ഘട്ടത്തില്‍ ട്രംപിനെതിരായ നേരിട്ടുള്ള ആക്രമണങ്ങള്‍ ഹേലി ഒഴിവാക്കിയിരുന്നു. എന്നാൽ മത്സരം കടുത്തതോടെ ട്രംപിന്റെ വിമർശനങ്ങളോട് ഹേലി തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യൻ വംശജയാണ് നിക്കി ഹേലി. പഞ്ചാബിൽ നിന്നു കുടിയേറിയ അജിത് സിങ് രൺധാവയുടെയും രാജ് കൗറിന്റെയും മകളാണ് നിക്കി ഹേലി. സൗത്ത് കാരോലിനയിലെ മുൻ ഗവർണർ കൂടിയായ നിക്കി ഹേലിയുടെ മാതാപിതാക്കൾ വിദേശികളായതു കൊണ്ട് യുഎസ് പ്രസിഡന്റാകാൻ അവർക്കു യോഗ്യതയില്ലെന്നും ട്രംപ് ആരോപിച്ചു.

മാത്യു കുഴൽനാടന്‍റെ റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാൻ അനുമതി, തഹസിൽദാരുടെ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു

0

മാത്യു കുഴൽനാടന്‍റെ ചിന്നക്കനാൽ റിസോർട്ടിലെ അധിക ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടറുടെ അനുമതി. ലാൻഡ് റവന്യു തഹസിൽദാർ നൽകിയ റിപ്പോർട്ട്‌ കളക്ടർ അംഗീകരിച്ചു. 50 സെന്‍റ് സർക്കാർ പുറമ്പോക്ക് മാത്യു കുഴൽനാടൻ കൈവശം ഉണ്ടെന്നാണ് കണ്ടെത്തൽ. സർവ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോർട്ട്‌ വാങ്ങും. ഇതിന് ശേഷം ഹിയറിങ്‌ നടത്തും.

അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവെച്ചത്. ഉടുമ്പൻചോല ലാന്‍ഡ് റവന്യു തഹസിദാറണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചിന്നക്കനാലിൽ മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്‍റ് അധികമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. മാത്യു കുഴൽനാടൻ്റെ മൊഴിയെടുത്ത ശേഷണാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്.

അധിക ഭൂമി സ്ഥിരീകരിക്കുന്നതിന് വിജിലൻസ് സർവേ വിഭാഗത്തിൻ്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കണ്ടെത്തിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെൻറ് ഭൂമിയാണ് മാത്യു കുഴൽനാടന്‍റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്‍റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നത്.

റിസോർട്ട് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമുള്ള കാര്യം രജിസ്ട്രേഷൻ സമയത്ത് മറച്ചുവെച്ചു. കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സർക്കാരിന് കിട്ടേണ്ട നികുതി നഷ്ടമായി. 50 സെന്റ് സർക്കാർ ഭൂമി കൈയേറി സംരക്ഷണഭിത്തി നിർമിച്ചു, മിച്ചഭൂമി ഉൾപ്പെട്ട ഭൂമിയിലാണ് റിസോർട്ട് നിൽക്കുന്നത്. കേസിൽ ഉൾപ്പെട്ടതിനാൽ രജിസ്ട്രേഷനോ പോക്കുവരവോ സാധ്യമല്ലെന്നും ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വിജിലൻസിന്റെ വിലയിരുത്തലിൽ കണ്ടെത്തിയിരുന്നു. സ്ഥലം തിരികെ പിടിക്കാൻ ശുപാർശ നൽകുമെന്ന് വിജിലൻസും വ്യക്തമാക്കിയിരുന്നു. കേസിൽ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടർന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.

ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വീസയില്ലാതെ പ്രവേശിക്കാം എന്നത് വ്യാജപ്രചാരണം

0


ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വീസയില്ലാതെ പ്രവേശിക്കാന്‍ കഴിയുമെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ്. വീസനടപടിക്രമങ്ങളില്‍ മാറ്റം വന്നിട്ടെന്നും പൊലീസ് അറിയിച്ചു.ഹെന്‍ലി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ അടക്കം അറുപത്തിരണ്ട് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വീസയില്ലാതെ യാത്ര ചെയ്യാം
എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്നും വീസ നടപടിക്രമങ്ങളില്‍ ഒമാന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വീസ നടപടിക്രമങ്ങള്‍ നേരത്തെയുള്ളതു പോലെ തന്നെ തുടരുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി അറിയിച്ചു.

അതെസമയം യൂ.എസ് യൂറോപ്യന്‍ യൂണിയന്‍ കനേഡിയന്‍ വീസകള്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഓണ്‍ അറൈവല്‍ വീസ അനുവദിക്കുന്നുണ്ട്. പതിനാല് ദിവസത്തേക്കാണ് ഈ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വീസ അനുവദിക്കുന്നത്. ഒമാനില്‍ എത്തുന്നവര്‍ക്ക് വേഗത്തില്‍ തന്നെ വീസ ലഭ്യമാക്കുന്നുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ദുബൈ സാലിക്ക് ഓഹരി മൂല്യത്തില്‍ വീണ്ടും വര്‍ദ്ധന

0


എമിറേറ്റില്‍ രണ്ട് ടോള്‍ ഗെയ്റ്റുകള്‍ കൂടി വരുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ദുബൈ സാലിക്കിന്റെ ഓഹരി മൂല്യം ഉയര്‍ന്നു. പതിനൊന്ന് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഓഹരി മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ദുബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയതതിന് ശേഷം ഇതുവരെ എഴുപത്തിയഞ്ച് ശതമാനത്തോളം ആണ് സാലിക്ക് ഓഹരിയുടെ മൂല്യം ഉയര്‍ന്നത്.
ദുബൈയില്‍ രണ്ട് സാലിക്ക് ഗെയ്റ്റുകള്‍ കൂടി സ്ഥാപിക്കുന്നുവെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയും സാലിക്ക് കമ്പനിയും ജനുവരി പത്തൊന്‍പതിന് ആണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സാലിക്ക് ഓഹരി മൂല്യത്തില്‍ പതിനൊന്ന് ശതമാനത്തോളം വര്‍ദ്ധന രേഖപ്പെടുത്തിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യം ആണ് സാലിക്ക് ഓഹരികള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മാത്രം സാലിക്ക് ഓഹരികള്‍ക്ക് മുപ്പത്തിയഞ്ച് ശതമാനത്തോളം മൂല്യം ഉയര്‍ന്നു. ഒരു ഓഹരിയുടെ മൂല്യത്തില്‍ ഒരു ദിര്‍ഹത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി വില 3.72 ദിര്‍ഹമായി മാറി. 2022 സെപ്റ്റംബര്‍ ഇരുപത്തിയൊന്‍പതിനാണ് സാലിക്ക് കമ്പനി ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തത്. അതിന് ശേഷം ഇതുവരെയായി എഴുപത്തിയഞ്ച് ശതമാനത്തോളം ആണ് സാലിക്ക് ഓഹരികളുടെ മൂല്യം ഉയര്‍ന്നത്. കൂടുതല്‍ നിക്ഷേപകര്‍ സാലിക്ക് ഓഹരികളിലേക്ക് ആകൃഷ്ടരായി എത്തുന്നുണ്ട്.

സാലിക്കിന്റെ വികസനകൂടി പ്രഖ്യാപിച്ചതോടെ ഇതില്‍ വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തി. ഈ വര്‍ഷം നവംബറോട് കൂടി ദുബൈയില്‍ രണ്ടിടത്ത് കൂടി സാലിക്ക് ഗെയ്റ്റ് പ്രവര്‍ത്തിച്ച് തുടങ്ങും എന്നാണ് പ്രഖ്യാപനം. ഇതോടെ എമിറേറ്റിലെ ടോള്‍ ഗെയ്റ്റുകളുടെ എണ്ണം പത്തായി വര്‍ദ്ധിക്കും. സാലിക്കിന് വ്യത്യസ്ഥ നിരക്ക് ഈടാക്കുന്നത് പരിഗണനയില്‍ ഉണ്ടെന്നും ആര്‍ടിഎ വ്യക്തമാക്കിയിട്ടുണ്ട്. തിരക്കേറുന്ന സമയങ്ങളില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതിന് ആണ് ആലോചന.

യെമനില്‍ ഹൂത്തികള്‍ക്ക് എതിരെ തിരിച്ചടിച്ച് യുഎസ്-യുകെ സഖ്യം


ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നതിന് യെമനിലെ ഹൂത്തികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി യു.എസ്-യു.കെ സഖ്യം. യെമനിലെ എട്ട് കേന്ദ്രങ്ങള്‍ക്ക് നേരെ ആണ് ആക്രമണം. ഇതിനിടെ ഹൂത്തി ഭീഷണി നേരിടുന്നതിന് ചെങ്കടലില്‍ സൈന്യത്തെ വിന്യസിക്കും എന്ന് ന്യൂസിലന്‍ഡും അറിയിച്ചു.ചെങ്കടല്‍ വഴി സഞ്ചരിക്കുന്ന ചരക്ക് കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി വിമതര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആണ് അമേരിക്കന്‍ സഖ്യം പ്രത്യാക്രമണം കടുപ്പിക്കുന്നത്. യെമന്‍ തലസ്ഥാനമായ സനായിലെ എട്ട് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് യു.എസ്-യുകെ സഖ്യം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഹൂ്ത്തികളുടെ ഒരു ഭൂഗര്‍ഭ സംഭരണകേന്ദ്രം അടക്കമാണ് യു.എസ് സഖ്യം ആക്രമിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു. ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം സുഗമമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം എന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. സനായില്‍ വ്യോമാക്രണം ഉണ്ടായെന്ന് ഹൂത്തി ടി.വിയും സ്ഥിരീകരിച്ചു.ജനുവരി പതിനൊന്നിന് ശേഷം യുഎസ്-യുകെ സഖ്യം ഹൂത്തികള്‍ക്ക് നേരെ നടത്തുന്ന രണ്ടാമത്തെ സംയുക്ത ആക്രമണം ആണ് ഇത്.

ഓസ്‌ട്രേലിയ,കാനഡ,ബഹ്‌റൈന്‍, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അമേരിക്കന്‍ സഖ്യത്തില്‍ ഉണ്ട്. സഖ്യത്തിന്റെ ഭാഗമാകുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലുക്‌സന്‍ അറിയിച്ചു. കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തി നിര്‍ണ്ണായകമായ സമൂദ്രപാദ അടയ്ക്കുന്നതിനാണ് ഹൂത്തികള്‍ ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.