Friday, June 19, 2026
Home Blog Page 149

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾക്ക് 90 വർഷം തടവ്, 40000 രൂപ പിഴ

0

ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിൽ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്‍പതിനായിരം രൂപ പിഴയും ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടെതാണ് വിധി. പ്രതികളായ തമിഴ്നാട് സ്വദേശി സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി. വിവിധ വകുപ്പുകള്‍ പ്രകാരം മൊത്തം 90 വര്‍ഷമാണ്തടവ്. ശിക്ഷകളെല്ലാം 25 വര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി.

കേസിൽ പ്രതികൾക്ക് മേൽ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റം മൂന്നു പ്രതികളും ചെയ്തുവെന്ന് ഇന്നലെ ദേവികുളം അതിവേഗ കോടതി കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍, സാഹചര്യം തെളിവുകൾ തുടങ്ങിയവ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ കണ്ടെത്തില്‍. പ്രതികള്‍ ചെറുപ്പക്കാരായത്തിനാൽ പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

2022 മെയ്‌ 29ന് വൈകിട്ടാണ് പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി സുഹൃത്തിനെ മർദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ രണ്ടുപേർ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരുടെ കേസ് തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ്‍ ബോര്‍ഡാണ് പരിഗണിക്കുന്നത്.

രണ്‍ജിത്ത് ശ്രീനിവാസൻ കൊലപാതകം; മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ

0

ആലപ്പുഴയിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് പിഴയും കോടതി ചുമത്തി. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ആദ്യം ഉണ്ടായ ഷാൻ കൊലക്കേസിൽ ഇപ്പോഴും വിചാരണ ആരംഭിച്ചിട്ടില്ല.കഴിഞ്ഞ ആഴ്ചയാണ് പ്രോസിക്യൂട്ടറേ നിയമിച്ചത്. കേസ് ആലപ്പുഴ സെഷൻസ് കോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും.ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

രണ്‍ജിത്ത് കൊലയ്ക്ക് പിന്നാലെ ഒരു മാസം പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 90 ദിവസത്തിനുള്ളില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 15 കുറ്റവാളികളെയും പ്രതിയാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ മേല്‍ കോടതിയെ സമീപിച്ചതോടെ നടപ്പടികള്‍ നീണ്ടുപ്പോവുകയായിരുന്നു. പിന്നീടാണ് നടപടികളും വിചാരണയും പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്നും കൊലപാതകത്തിലും ഗൂഡാലോചനയിലും ഒരുപോലെ പങ്കുള്ളവരാണെന്നും ജഡ്ജി വിജി ശ്രീദേവി വിധി പ്രഖ്യാപിച്ചു. 25 ന് ശിക്ഷാവിധിയില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിരുന്നു. ഇതിനുശേഷമാണ് കോടതി അന്തിമ ശിക്ഷാ വിധി പ്രഖ്യാപിച്ചത്. നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ജസീബ് രാജ, നവാസ്, ഷമീർ, നസീർ എന്നിവർക്കെതിരെ കൊലപാതകത്തിന് സഹായം ചെയ്തുനൽകിയതിനും തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് എന്നിവർ പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുകയും ചെയതു.കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ഖത്തര്‍

0


ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ മികച്ച പുരോഗതി ഉണ്ടെന്ന് ഖത്തര്‍. ബന്ദികളുടെ മോചനത്തിനും താത്കാലിക വെടിനിര്‍ത്തലിനും ആണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതെസമയം ഗാസയിലെ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് പണം നല്‍കുന്നത് കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു.ഖത്തര്‍ അമേരിക്ക ഈജിപ്ത് എന്നി രാഷ്ട്രങ്ങള്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഡിസംബര്‍ അവസാനം മുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത്. അമേരിക്കയുടെയും ഈജിപ്തിന്റെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്‍മാര്‍ കഴിഞ്ഞ ദിവസം പാരിസീല്‍ യോഗം ചേര്‍ന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്തിരുന്നു.

ഈ ചര്‍ച്ചകളില്‍ മികച്ച പുരോഗതിയുണ്ടെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി വ്യക്തമാക്കുന്നത്. ഘട്ടഘട്ടമായുളള വെടിനിര്‍ത്തല്‍ ആണ് ആലോചിക്കുന്നത്. ആദ്യഘട്ടത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുമ്പോള്‍ ഹമാസ് ബന്ദികളാക്കിയിട്ടുള്ള സ്ത്രീകളേയും കുട്ടികളേയും മോചിപ്പിക്കും. ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കുന്നതിന് ഇസ്രയേലും വഴിയൊരുക്കും. താത്കാലിക വെടിനിര്‍ത്തല്‍ ക്രമേണ സ്ഥിരമാക്കുന്നതിന് ആണ് ശ്രമം. എന്നാല്‍ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കണം എന്ന നിലപാടാണ് ഹമാസ് മുന്നോട്ട് വെച്ചിരിക്കുന്നത് എന്നും ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു.

ഇതിനിടെ ഗാസയിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്കുള്ള സഹായം ജപ്പാനും ഓസ്ട്രിയയും നിര്‍ത്തിവെച്ചു. അമേരിക്ക അടക്കം പത്തോളം രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് സഹായം നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന ഇസ്രയേല്‍ ആരോപണത്തെ തുടര്‍ന്നാണ് ഇത്. ഇതെ തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥരെ ഏജന്‍സി പുറത്താക്കിയിരുന്നു.

ഒമാന്‍ എയര്‍ തിരുവനന്തപുരം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

0

തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്റെ ദേശീയ വിമാന കമ്പനി ഒമാന്‍ എയര്‍. ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. ആഴ്ചയില്‍ നാല് ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ നടത്തുക.
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ തിരുവനന്തപുരം സെക്ടറില്‍ സര്‍വീസ് തുടങ്ങിയതോടെ ഒമാന്‍ എയര്‍ ഈ റൂട്ടില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. നിര്‍ത്തി വെച്ച സര്‍വ്വീസുകളാണ് ഒമാന്‍ എയര്‍ വീണ്ടും പുനരാരംഭിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതെന്നാണ് വിവരം. ഞായര്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വ്വീസ് ഉണ്ടായിരിക്കുക. ശരാശരി 100 റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് മസ്‌കത്തില്‍ നിന്നും ഒമാന്‍ എയറിന് പുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസും സലാം എയറും നിലവില്‍ സര്‍വീസ് നടത്തിവരുന്നുണ്ട്.

തിരുവനന്തപുരത്തിന് പുറമെ ലഖ്‌നൗവിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിയാല്‍കോട്ടിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇസ്‌ലാമാബാദ്, ലാഹോര്‍, കൊളംബോ, ചിറ്റാഗോഗ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് ട്രാബ്‌സോണിലേക്കും, ശൈത്യകാലത്ത് സൂറിക്, മാലി സെക്ടറുകളിലേക്കും സര്‍വീസുകള്‍ നടത്തും.


സൗദിയില്‍ മോശം കാലാവസ്ഥാ: ജാഗ്രതാ നിര്‍ദ്ദേശം

0


സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ മോശം കാലാവസ്ഥ എന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും ആണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചില ഗവര്‍ണറേറ്റുകളില്‍ സര്‍വ്വകലാശാലകള്‍ ഇന്ന് അവധി നല്‍കി.ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ രാജ്യത്ത് മോശം കാലാവസ്ഥ അനുഭവപ്പെടും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. പൊടിക്കാറ്റിനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

മക്കയില്‍ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും ആണ് മുന്നറിയിപ്പ്. തായിഫ്,മെയ്‌സാന്‍, എന്നിവടങ്ങളില്‍ പൊടിക്കാറ്റടിക്കും. അസീര്‍,ജിസാന്‍ തബൂക്ക്, മദീന,ശര്‍ഖിയ തുടങ്ങിയ പ്രദേശങ്ങളിലും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ വെള്ളക്കെട്ടുകള്‍ക്ക് സമീപത്തും താഴ്വാരങ്ങളിലും പേകരുതെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.മോശം കാലാവസ്ഥാ സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സമൂഹമാധ്യമങ്ങളിലൂടെ അടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് അല്‍നമാസ്,ബല്‍കാന്‍ ഗവര്‍ണറേറ്റുകളിലെ കോളജുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഷ യൂണിവേഴ്‌സിറ്റിയും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കി

ചെങ്കടല്‍ പ്രതിസന്ധി:ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ദ്ധന

0

രാജ്യാന്തരവിപണിയില്‍ അംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വില വര്‍ദ്ധന. ബ്രെന്‍ഡ് ക്രൂഡിന്റെ വില എണ്‍പത്തിരണ്ട് ഡോളറായിട്ടാണ് വര്‍ദ്ധിച്ചത്. ചെങ്കടല്‍ പ്രതിസന്ധിയാണ് എണ്ണവില വര്‍ദ്ധനയ്ക്ക് പ്രധാനകാരണം.പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം വര്‍ദ്ധിക്കുമ്പോള്‍ എണ്ണവിലയിലും അത് പ്രതിഫലിക്കുകയാണ്. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് അസംസ്‌കൃത എണ്ണവില എത്തിയിരിക്കുന്നത്.

ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് യെമനിലെ ഹൂത്തി വിമതര്‍ തടസ്സം സൃഷ്ടിക്കുന്നതാണ് എണ്ണവില വര്‍ദ്ധനവിന് കാരണമായത്. ആഗോളതലത്തിലുള്ള മൊത്തം എണ്ണനീക്കത്തിന്റെ പന്ത്രണ്ട് ശതമാനത്തിലധികം ചെങ്കടല്‍ വഴിയായിരുന്നു നടന്നത്. ഹൂത്തികള്‍ തുടര്‍ച്ചയായി ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നത് എണ്ണനീക്കത്തെ തടസ്സപ്പെടുത്തി. ഇതാണ് വില വര്‍ദ്ധനവിന് കാരണം. ബാരലിന് എഴുപത്തിയഞ്ച് ഡോളറില്‍ താഴെ നിന്ന എണ്ണവിലയാണ് എണ്‍പതിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ജോര്‍ദ്ദാനില്‍ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ എണ്ണയ്ക്ക് വീണ്ടും വില വര്‍ദ്ധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഒന്‍പത് ശതമാനത്തോളം ആണ് അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ദ്ധിച്ചത്. 2024-ല്‍ ക്രൂഡ് ഓയില്‍ വില എണ്‍പത് ഡോളറിന് മുകളിലായിരിക്കും എന്നാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.
എന്‍ടിവി,

കൂടത്തായി കൂട്ടക്കൊലപാതകം: പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും

0

കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളിൽ ഇന്ന് ഹൈക്കോടതി വിധി പറയും. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകണം എന്നാണ് ജോളിയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം.

സ്ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ഹീനകുറ്റകൃത്യം നടത്തിയ ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ ജോളിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ എതിര്‍ വാദമുയര്‍ത്തി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് വിധി പറയുന്നത്.

പി സി ജോർജ് ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച നടത്തും

0

ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ജോർജ് ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേസമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് പി സി ജോർജ് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുനാളുകളായി എൻ.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടയുടേത്.ബിജെപി യിൽ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിൻ്റേത്. ബിജെപിയെ ഇക്കാര്യം അറിയിച്ചു. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും പി സി ജോർജ് പറഞ്ഞു. ‘ജനപക്ഷമില്ലാതാകും. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ല. ബി ജെ പി തീരുമാനിക്കും.’ :പി സി ജോർജ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താൽപര്യം ജോർജ് അറിയിച്ചപ്പോൾ ലയനമെന്ന നിബന്ധനയാണ് ബിജെപി മുന്നോട്ടുവെച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്‍റെ വരവ്‌ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ്‌ ബിജെപി നേതൃത്വം. 2017 ലാണ് സ്വന്തമായി ജനപക്ഷം എന്ന പാർട്ടി രൂപവത്കരിച്ചത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ജോര്‍ദ്ദാനില്‍ ഡ്രോണ്‍ ആക്രമണം: മൂന്ന് യു.എസ് സൈനികര്‍ കൊലപ്പെട്ടു

0


ജോര്‍ഡാനില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.നിരവധി അമേരിക്കന്‍ സൈനികര്‍ പരുക്കേറ്റു. ഇറാന്‍ പിന്തുണയ്ക്കുന്ന തീവ്രവാദികള്‍ ആണ് ആക്രമണത്തിന് പിന്നില്‍ എന്ന് അമേരിക്ക ആരോപിച്ചു. എന്നാല്‍ ഡ്രോണ്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍ മറുപടി നല്‍കി.സിറിയന്‍ അതിര്‍ത്തിക്ക് സമീപം വടക്കുകിഴക്കന്‍ ജോര്‍ദ്ദാനില്‍ ആണ് അമേരിക്കന്‍ സൈനിക ക്യാംപിന് നേരെ ഡ്രോണ്‍ ആക്രണം ഉണ്ടായത്. മുപ്പത്തിനാല് പേര്‍ക്കാണ് പരുക്കേറ്റത്. വടക്കുകിഴക്കന്‍ ജോര്‍ദാനിലെ ടവര്‍ 22 എന്ന സൈനിക താവളം ആണ് ആക്രമിക്കപ്പെട്ടത്.

ചില സൈനികര്‍ക്ക് ഗുരുതരമായിട്ടാണ് പരുക്കേറ്റിരിക്കുന്നത്. ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് പിന്നില്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. ശക്തമായ തിരിച്ചടി നല്‍കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിശദാംശങ്ങള്‍ക്ക് അമേരിക്ക പുറത്തുവിട്ടിട്ടില്ല. ജോര്‍ദ്ദാനിലുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമാണ്. നേരത്തെ സിറിയയിലും ഇറാക്കിലും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. ജോര്‍ദ്ദന്‍ അതിര്‍ത്തിയിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഉണ്ടായ ആക്രമണം പശ്ചിമേഷ്യയില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷസാഹചര്യം കൂടുതല്‍ വര്‍ദ്ധിക്കുന്നതിന്റെ സൂചനയായിട്ടാണ് ആക്രമണം വിലയിരുത്തപ്പെടുന്നത്.

കുവൈത്തില്‍ കുടുംബ വീസയ്ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി ; ആദ്യ ദിനം 1800 അപേക്ഷകള്‍

0


കുവൈത്തില്‍ കുടുംബവീസയ്ക്കായി ആദ്യദിനം ലഭിച്ചത് ആയിരത്തിലധികം അപേക്ഷകള്‍. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തിരിച്ചയച്ചായി അധികൃതര്‍ അറിയിച്ചു.ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്നലെ മുതലാണ് കുവൈത്തില്‍ കുടുംബവീസകള്‍ക്ക് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ഇന്നലെ രാജ്യത്തെ വിവിധ താമസകാര്യാലയങ്ങളിലായി 1800 അപേക്ഷകള്‍ ആണ് ലഭിച്ചത്.ഇവയില്‍ 1165 അപേക്ഷകളും നിബന്ധനകള്‍ പാലിക്കാത്തവയായിരുന്നു. ഇക്കാരണത്താലാണ് അവ തിരിച്ചയത്. അറബ് വംശജരില്‍ നിന്നാണ് ഏറ്റവും അധികം അപേക്ഷകള്‍ ലഭിച്ചത് .

ബിരുദ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ നാട്ടിലെ കുവൈത്ത് എംബസിയില്‍ നിന്നും കുവൈത്തിലെ വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്യണം.ഗവര്ണറേറ്റ് അടിസ്ഥാനത്തില്‍ ഫര്‍വാനിയ, ഹവല്ലി ഗവര്ണറേറ്റ് കാര്യാലയങ്ങളിലാണ് കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടത്. വിദേശിയുടെ ഭാര്യക്കും 14 വയസ്സിനു താഴെയുള്ള മക്കള്‍ക്കുമല്ലാതെ മറ്റു ബന്ധുക്കള്‍ക്ക് കുടുംബ വിസ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മാതാപിതാക്കള്‍ക്ക് വേണ്ടിയും ചിലര്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ , ആരോഗ്യ , നീതിന്യായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുടെ ആവശ്യം പരിഗണിച്ചാണ് കുടുംബ വിസ പുനരാരംഭിക്കുവാന്‍ കുവൈത്ത് തീരുമാനിച്ചത്.