Friday, June 19, 2026
Home Blog Page 148

യുഎഇയില്‍ പെട്രോള്‍ വിലയില്‍ വര്‍ദ്ധന: ഡീസലിന് വില കുറയും

0

യുഎഇയില്‍ പെട്രോള്‍ വിലയില്‍ വര്‍ദ്ധന. ലീറ്ററിന് ആറ് ഫില്‍സ് വരെയാണ് വര്‍ദ്ധന. ഡീസലിന്റെ വിലയില്‍ കുറവും പ്രഖ്യാപിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരും. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ദ്ധിച്ചതിന് പിന്നാലെയാണ് യുഎഇ പ്രാദേശിക വിപണിയില്‍ പെട്രോള്‍ വിലയില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. സൂപ്പര്‍തൊണ്ണൂറ്റിയെട്ട് പെട്രോളിന് ലീറ്ററിന് ആറ് ഫില്‍സ് ആണ് അടുത്ത മാസം വര്‍ദ്ധിക്കുക.

2.82 ഫില്‍സില്‍ നിന്നും 2.88 ഫില്‍സ് ആയി സൂപ്പര്‍ തൊണ്ണൂറ്റിയെട്ടിന്റെ വില വര്‍ദ്ധിക്കും. സ്‌പെഷ്യല്‍ തൊണ്ണൂറ്റിയഞ്ചിന്റെ വില 2 ദിര്‍ഹം 71 ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം എഴുപത്തിയാറ് ഫില്‍സായി അടുത്ത മാസം കൂടും. ഇപ്ലസിനും ഫെബ്രുവരിയില്‍ ലീറ്ററിന് അഞ്ച് ഫില്‍സ് വര്‍ദ്ധിക്കും. അതെസമയം ഡീസലിന്റെ വില മൂന്ന് ദിര്‍ഹത്തില്‍ നിന്നും രണ്ട് ദിര്‍ഹം തൊണ്ണൂറ്റിയൊന്‍പത് ഫില്‍സായി കുറച്ചു. പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ വില കുറച്ചതിന് ശേഷം ആണ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ തൊണ്ണൂറ്റിയെട്ടിന്റെ വില 3.44 ദിര്‍ഹം വരെ ഉയര്‍ന്നിരുന്നു.

യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണ്ണയസമിതിയാണ് അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തില്‍ പ്രതിമാസനിരക്കുകള്‍ പ്രഖ്യാപിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എണ്‍പത് ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ചെങ്കടലില്‍ യെമനിലെ ഹൂത്തി വിമതര്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് എണ്ണവില വര്‍ദ്ധനയ്ക്ക് കാരണം

ഷാര്‍ജയില്‍ കൂടുതല്‍ മേഖലകളില്‍ പെയ്ഡ് പാര്‍ക്കിംഗ് ആക്കുന്നു

0

ഷാര്‍ജയില്‍ ജനസാന്ദ്രത കൂടിയ മേഖലകളില്‍ പാര്‍ക്കിങിന് പണം ഈടാക്കാന്‍ മുനിസിപ്പിലിറ്റിയുടെ തീരുമാനം. വാണിജ്യ വിനോദ രംഗത്തുള്ള എമിറേറ്റിന്റെ പുരോഗതി പരിഗണിച്ചാണ് വാഹന പാര്‍ക്കിങിനു ഫീസ് ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെ എഴുപതിനായിരം പാര്‍ക്കിങുകള്‍ പെയ്ഡ് പാര്‍ക്കിങ് ആക്കിയതായി ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു.
ഓരോ വര്‍ഷവും പേ പാര്‍ക്കിങ് പരിധിയിലേക്ക് പുതിയ മേഖലകള്‍ ഉള്‍പ്പെടുത്തുകയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി. കഴിഞ്ഞ ഡിസംബര്‍ വരെ എഴുപതിനായിരം പാര്‍ക്കിങുകള്‍ പെയ്ഡ് പാര്‍ക്കിങ്ങാക്കി മാറ്റി.

സാധാരണ പാര്‍ക്കിങ് ഇടങ്ങള്‍ക്ക് പുറമേ നിക്ഷേപ അടിസ്ഥാനത്തിലുള്ള 301 ബഹുനില പാര്‍ക്കിങ്ങുകളും നഗരസഭ നല്‍കിയിട്ടുണ്ട്. 24,000 വാഹനങ്ങള്‍ക്ക് ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒഴിഞ്ഞ ഇടങ്ങളില്‍ മാലിന്യം തള്ളുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ പേ പാര്‍ക്കിങ് സംവിധാനത്തിലൂടെ സാധിച്ചതായി മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. പലരും കെട്ടിടാവശിഷ്ടങ്ങളും വീട്ടുപകരണങ്ങളും തള്ളിയിരുന്ന ഇടങ്ങളെല്ലാം പാര്‍ക്കിങ് മേഖലകളാക്കിയതും ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. നിയമം ലംഘിച്ചും മറ്റു വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയും പാര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്താന്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും ഷാര്‍ജ മുനിസിപ്പാലിറ്റി പബ്ലിക് പാര്‍ക്കിങ് ഡയറക്ടര്‍ ഹാമിദ് അല്‍ഖാഇദ് അറിയിച്ചു.

പാര്‍ക്കിങ് പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സ്മാര്‍ട് ക്യാമറകള്‍ വഴി സ്‌കാന്‍ ചെയ്താണു നിയമലംഘകരെ പിടികൂടുന്നത്. മണിക്കൂറില്‍ 3000 വാഹനങ്ങളുടെ നമ്പര്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇ ടിക്കറ്റ്, സീസണ്‍ ടിക്കറ്റ്, മൊബൈല്‍ സന്ദേശങ്ങള്‍ വഴി പണമടച്ച് പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ സ്‌കാനിങ് വഴി അധികൃതര്‍ക്ക് ലഭിക്കും.

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

0

തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളില്‍ കൊടിമരത്തിന് അപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനോട് കോടതി നിർദേശിച്ചു. ഹിന്ദുക്കള്‍ക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ബെഞ്ച് ജസ്റ്റിസ് എസ് ശ്രീമതിയുടെതാണ് നിര്‍ദേശം.

അരുള്‍മിഗു പളനി ധന്‍ഡയുതപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം പരിമിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഡി സെന്തില്‍കുമാറാണ് ഹര്‍ജി നല്‍കിയത്. എല്ലാ പ്രവേശന കവാടങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ടൂറിസം വകുപ്പ്, കമ്മീഷണര്‍, എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ്, പളനി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരാണ് കോടതിയിൽ തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനീധികരിക്കുന്നത്. എച്ച് ആര്‍ ആന്‍ഡ് സിഇ വകുപ്പാണ് തമിഴ്‌നാട്ടിലെ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത്.

അതേസമയം പ്രസ്തുതക്ഷേത്രത്തില്‍ മാത്രം ഉത്തരവ് നടപ്പാക്കാമെന്ന റിട്ട് ഹര്‍ജി കോടതി തള്ളി. ഉയര്‍ത്തികാട്ടിയ പ്രശ്‌നം വലുതാണെന്നും എല്ലാ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി പറഞ്ഞു. ക്ഷേത്രങ്ങള്‍ ടൂറിസ്റ്റ് സ്ഥലങ്ങളോ, പിക്‌നിക് സ്‌പോട്ടുകളോ അല്ലെന്നും കോടതി പറഞ്ഞു. ചില ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു കോടതി പരാമര്‍ശം. ബൃഹദീശ്വര ക്ഷേത്രത്തിൽ അന്യമതത്തിൽപ്പെട്ട ഒരു സംഘം ആളുകൾ ക്ഷേത്രപരിസരത്ത് മാംസാഹാരം കഴിച്ചതായ റിപ്പോർട്ടുകളും, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ ഇതര മതത്തിൽപ്പെട്ടവർ അവരുടെ പുണ്യഗ്രന്ഥവുമായി ശ്രീകോവിലിനു സമീപം പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ചതും ചൂണ്ടികാട്ടിയ ജഡ്ജി ഈ സംഭവങ്ങൾ ഹിന്ദുക്കൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: പി.ജി. മനു കീഴടങ്ങി

0

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സീനിയർ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രീംകോടതിയും പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. സുപ്രീം കോടതി പത്ത് ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കീഴടങ്ങല്‍.

ബുധനാഴ്ച തന്നെ ചോദ്യംചെയ്യൽ പൂർത്തിയാക്കി മനുവിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷയുമായി ആദ്യം മനു ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇയാൾ കീഴടങ്ങിയില്ല. പിന്നാലെ ഇയാൾ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ പുത്തൻകുരിശ് ഡിവൈ.എസ്.പി. മനുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാനെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് ഒക്ടോബർ ഒൻപതിനും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറൽ എസ് പി ക്ക് നൽകിയ പരാതിയിൽ പറയുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പിജി മനുവിനെതിരെ കേസടുത്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ ബജറ്റുമായി മോദി, സ്ത്രീപക്ഷ ബജറ്റെന്ന് സൂചന

0

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് സ്ത്രീപക്ഷ ബജറ്റെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തിക്കായി പ്രതിജ്ഞാബദ്ധമാണെന്നും റിപ്പബ്ലിക് ദിന പരേഡ് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റ് സമ്മേളനതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണ്. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണ ബജറ്റുമായി കാണാമെന്നും മോദി കൂട്ടിച്ചേർത്തു.

പ്രതിപക്ഷം സഹകരിക്കണം. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണം. മാന്യമല്ലാത്ത പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും മോദി പറഞ്ഞു. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം.

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇടക്കാല ബജറ്റ് നാളെ 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുക.രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് നാളെ അവതരിപ്പിക്കുക. ഒൻപതാം തീയതി വരെ സമ്മേളനം തുടരും.

റബ്ബർ വില ഇടിഞ്ഞത് കേന്ദ്രസർക്കാരിന്റെ രാജ്യാന്തര കരാറുകൾ മൂലം: വിമർശനവുമായി മന്ത്രി പി. പ്രസാദ്

0

റബറിന്റെ വിലയിലുണ്ടായ ഇടിവ് കേന്ദ്ര സർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്ത ഫലമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയമാണെങ്കിലും റബ്ബർ കർഷകരെ സഹായിക്കാൻ വേണ്ടതെല്ലാം സംസ്ഥാനം ചെയ്യും. ഉത്പാദന ചെലവിന്റെ വർധനവും വില തകർച്ചയും കാരണം റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് മോൻസ് ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിയോടെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു.

നാടിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന ഒന്നാണ് റബർ കൃഷി. റബറിന് താങ്ങു വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് 2021 ലെ ബജറ്റിൽ താങ്ങു വില ഉയർത്തിയത്. റബ്ബറിന്റെ താങ്ങുവില 150 രൂപയിൽ നിന്ന് 170 രൂപയായാണ് ഉയർത്തിയത്. താങ്ങു വില സംബന്ധിച്ച സഹായം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇത് വരെയും പരിഗണിച്ചില്ലെന്നും മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി. താങ്ങുവില 250 രൂപ ആയി ഉയർത്താൻ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സർക്കാർ ആരംഭിച്ച RPIS സ്കീം ആണ് റബർ കർഷകരെ ഇപ്പോഴും ഈ മേഖലയിൽ തുടരാൻ സഹായിച്ചത്. റബർ കർഷകരുടെ പ്രതിസന്ധിയിലടക്കം കേന്ദ്രത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് വരണം. എന്നാൽ ദൗർഭാഗ്യവശാൽ പ്രതിപക്ഷം യോജിച്ചുള്ള സമരത്തിന് തയ്യാറാകുന്നില്ല.

ഇറക്കുമതി ചുങ്കം കൂട്ടിയാൽ പ്രതിസന്ധി പരിഹരിക്കില്ലേ എന്ന്ധനമന്ത്രി നിർമ്മല സീതാരാമനോട് ചോദിച്ചതാണ്. എന്നാൽ അത് കൊണ്ടു വന്നത് കോൺഗ്രസ്സ് ആണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ശക്തമായ നിലപാട് കേദ്രത്തിനെതിരെ സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല. സംസ്ഥാന സർക്കാർ റബർ ബോർഡുമായി ചർച്ച നടത്തുന്നില്ല എന്ന ആരോപണം ശരിയല്ല. 1993 കോടി രൂപ വിള ഇൻസെന്റീവ് ആയി സംസ്ഥാന സർക്കാർ കർഷകർക്ക് നൽകി. റബർ ബോർഡുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ കയറാനാകാത്തതിനാൽ മാലയൂരി പോയത് കപട ഭക്തരെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

0

നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ ശബരിമല വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായി. ശബരിമലയിൽ ഉണ്ടായത് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ സർക്കാർ കൃത്യമായി ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു.

ശബരിമലയെ തകർക്കാൻ ബോധപൂർവം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ആന്ധ്രയിൽ നടന്ന അക്രമം ശബരിമലയിൽ നടന്നതെന്ന് പ്രചരിപ്പിച്ചു. സൈബർ പൊലീസ്‌ നടപടി കടുപ്പിച്ചപ്പോൾ പ്രചാരണത്തിന് ശമനം ഉണ്ടായെന്നും മന്ത്രി കെ രാധാകൃ‍ഷ്ണൻ വ്യക്തമാക്കി.

ശബരിമലയിൽ കയറാനാകാതെ അയ്യപ്പഭക്തന്മാർക്ക്‌ പന്തളം ക്ഷേത്രത്തിൽ മാല ഊരേണ്ടിവന്നുവെന്ന് എം വിൻസന്റ് നിയമസഭയിൽ പറഞ്ഞു. യഥാർത്ഥ ഭക്തന്മാർ മാല ഊരി പോയിട്ടില്ലെന്നാണ് മന്ത്രി രാധാകൃഷ്ണന്റെ മറുപടി. കപടഭക്തന്മാരാണ് അത് ചെയ്തത്. സന്നിധാനത്ത് നിന്ന് തിരിച്ചിറങ്ങിയ രണ്ടുമൂന്ന് പേരെ എടുത്താണ് ഇത് പ്രചരിപ്പിക്കുന്നത്.

ശബരിമലയിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. എന്നാൽ വരവ് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല. ഇനിയും തുക എണ്ണാനുണ്ട്. 30കോടി രൂപയാണ് ഈ വ‍ർഷം ശബരിമലയ്ക്കായി ചെലവഴിച്ചത്. മറ്റ് വകുപ്പുകളും തുക ചെലവഴിച്ചിട്ടുണ്ട്. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു. അത്തരം സമരക്കാരുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാക്കാമെന്നും കെ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.

റിവ്യൂ ബോംബിങ്: വിവരം നൽകാൻ പ്രത്യേക പോർട്ടൽ; സാധ്യതയാരാഞ്ഞ് ഹൈക്കോടതി

0

ഓൺലൈൻ-യൂട്യൂബ് വ്ളോഗർമാർ നടത്തുന്ന മോശം സിനിമ റിവ്യൂകൾ തടയുന്നതിന് സിനിമാപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാൻ വെബ്പോർട്ടലടക്കം വേണമെന്നുളള നിർദേശങ്ങളിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിർദേശം. റിവ്യൂ ബോംബിങ് തടയാനുളള നിർദേശങ്ങൾ നൽകുന്ന പ്രോട്ടൊക്കോൾ സംസ്ഥാന പൊലീസ് മേധാവി മുൻപ് കോടതിയിൽ നൽകിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറി അഡ്വ. ശ്യാംപത്മനോട് നിർദേശിച്ചത്. അമിക്കസ് ക്യൂറി അഡ്വ. ശ്യാംപത്മൻ സമയം തേടിയതിനെ തുടർന്ന് ഹർജി 13-ന് പരിഗണിക്കാൻ മാറ്റി.

സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2023 സെപ്റ്റംബർ റിലീസിനെത്തിയ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീൻ റൗഫ്. സിനിമ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നായിരുന്നു മുബീൻ റൗഫിന്റെ ആവശ്യം.

റിലീസിന് മുൻപ് സിനിമയുടെ നിർമ്മാതാവിനെയും പിന്നണി പ്രവർത്തരെയും വിളിച്ച് നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കനത്ത സുരക്ഷക്കിടയിലും ‘സംഘി ഗവര്‍ണര്‍ ഗോ ബാക്ക്’ ബാനരുമായി എസ്എഫ്ഐ പ്രതിഷേധം

0

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്എഫ്ഐ. കളമശ്ശേരിയിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് നേരെ കരിങ്കൊടി കാട്ടിയത്. റോഡരികില്‍ ‘സംഘി ഗവര്‍ണര്‍ ഗോ ബാക്ക്’ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു ഇത്. ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് ആണ് സുരക്ഷയൊരുക്കിയത്. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവർണർ റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. അതിനിടെ ആയിരുന്നു പ്രതിഷേധം.

കളമശ്ശേരിയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ എത്തിയിരുന്നു. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാരെ അറിയിക്കുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ, സ്ഥലത്ത് വീണ്ടും പ്രതിഷേധക്കാർ എത്തുകയായിരുന്നു. രാത്രി ഗവർണർ തങ്ങുക ഗസ്റ്റ് ഹൗസിലാണ്.

കേന്ദ്രം വെട്ടിക്കുറച്ച തുക ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും: ധനമന്ത്രി

0

കേന്ദ്രഫണ്ട് ലഭിച്ചാൽ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. ക്ഷേമ പെൻഷൻ കുടിശിക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് പെൻഷൻ വർധിപ്പിക്കുന്ന വിവരം അറിയിച്ചത്.

കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കും. ക്ഷേമ പെൻഷൻ കിട്ടാത്തത് കൊണ്ടാണ് ചട്ടിക്കപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. നവംബറിലും ഡിസംബറിലും ജോസഫ് ക്ഷേമ പെൻഷൻ വാങ്ങിയിട്ടുണ്ട്. ജോസഫ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നികുതി ചോർച്ച തടയാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചുവെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം വെട്ടിച്ച നികുതിയിൽ 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 1590 കോടി വെട്ടിച്ച നികുതി തിരിച്ചുപിടിച്ചു. ഏകപക്ഷീയമായി കേന്ദ്രം നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.