Friday, June 19, 2026
Home Blog Page 147

മാനന്തവാടി നഗരത്തിൽ ഭീതിപരത്തി കാട്ടാന; കുട്ടികളെ സ്കൂളിലേക്കു വിടരുതെന്ന് നിർദേശം

0

മാനന്തവാടി ടൗണില്‍ കാട്ടാനയിറങ്ങി. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജില്ലാ കലക്ടറുടെ ഏകോപനത്തിൽ ഉദ്യേഗസ്ഥർ ജാഗ്രതയോടെ പ്രവർത്തനം നടത്തുന്നു, സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ അവിടെ തന്നെ തുടരണം. മറ്റ് വിദ്യാർത്ഥികൾ വീടുകളിൽ തുടരണമെന്നും മന്ത്രി പറഞ്ഞു. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു. വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കരുതെന്നും നിർദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചു.

മാനന്തവാടി പായോട് ആണ് പുലർച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. വനം വകുപ്പും പൊലീസും ചേർന്ന് കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്. കർണാടകയിൽ നിന്നുള്ള ആനയായതുകൊണ്ട് അവിടെ നിന്നുള്ള സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടാന മാനന്തവാടി പട്ടണത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

എടവക പഞ്ചായത്തിലെ പായോടിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി പട്ടണത്തിലേയ്ക്ക് എത്തുകയായിരുന്നു. നേരത്തെ തലപ്പുഴ എസ് വളവിലും പിന്നീട് മാനന്തവാടി ടൗണിന് അടുത്തുള്ള ചൂട്ടക്കടവ് ഭാഗത്തും ആനയെ കണ്ടതായാണ് വിവരം. മാനന്തവാടി നഗരത്തിനടുത്തുള്ള കെഎസ്ആർടിസി ഗ്യാരേജിൽ സമീപത്തേക്ക് നീങ്ങിയ ആന മാനന്തവാടി കോടതി പരിസരത്താണ്.

ഗാസ യുദ്ധം :വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളില്‍ ഹമാസ് നിലപാട് നിര്‍ണ്ണായകം

0


ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി മധ്യസ്ഥരാജ്യങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ഹമാസ് നിരാകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഉറപ്പ് ലഭിക്കാതെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതെസമയം ബന്ദികളുടെ മോചനം നീളുന്നതില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുകയാണ്.


117 ദിവസം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഖത്തറും അമേരിക്കയും ഈജിപ്തും ചേര്‍ന്ന് നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഡിസംബര്‍ അവസാനം ആരംഭിച്ച ചര്‍ച്ചകളില്‍ നിന്നും രൂപപ്പെടുത്തിയ നിര്‍ദ്ദേശം ഹമാസിന് സമര്‍പ്പിച്ചിട്ടുണ്ട്. പാരിസില്‍ നടന്ന ചര്‍ച്ചകളില്‍ ആദ്യ ഘട്ടമായി നാല്‍പ്പത് ദിവസത്തെ വെടിനിര്‍ത്തലിനായിട്ടാണ് പദ്ധതി. വെടിനിര്‍ത്തിലിന് പകരമായി ശേഷിക്കുന്നതില്‍ ബന്ദികളില്‍ നൂറ് പേരെ ഹമാസ് മോചിപ്പിക്കണം. ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്നതിന് ആണ് നിര്‍ദ്ദേശം. പിന്നീട് തുടര്‍ഘട്ടങ്ങളില്‍ സൈനികരായ ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കണം. മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നുവെന്നാണ് ഹമാസിന്റെ പ്രതികരണം.

ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കും വരെ ബന്ദികളെ മോചനമില്ലെന്നാണ് ഹമാസ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഹമാസ് പൂര്‍ണ്ണമായും തളളിക്കളയില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അന്തിമ കരാറില്‍ ഹമാസ് ഒപ്പുവെച്ചേക്കില്ല. ബന്ദികളുടെ മോചനത്തിനായി ഇസ്രയേല്‍ ഭരണകൂടത്തിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ബന്ധുക്കള്‍ ചെലുത്തുന്നത്.ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ദോഷം വരും വിധത്തിലുള്ള കരാറിനും ഒരുക്കമല്ലെന്നാണ് ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളോട് ബെന്യാമിന് നെതന്യാഹു നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

ഖത്തര്‍ സൗദി അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നു

0

കര അതിര്‍ത്തി വഴി ഖത്തിറിലെത്തുന്നവര്‍ക്ക് നടപടികള്‍ വേഗത്തിലാക്കി എമിഗ്രേഷന്‍ വിഭാഗം. ഖത്തര്‍ സൗദി അതിര്‍ത്തിയായ അബൂസംറയിലാണ് അതിര്‍ത്തി കടക്കുന്നതിനായി നടപടികള്‍ വേഗത്തിലാക്കിത്. എമിഗ്രേഷന്‍ കൗണ്ടറുകളുടെ എണ്ണം 166 ആയി വര്‍ദ്ധിപ്പിച്ചു.
എമിഗ്രേഷന്‍ നടപടികള്‍ സെക്കന്റുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തിനകത്തേക്കോ പുറത്തേയ്‌ക്കോ പോകുന്ന ഒരു യാത്രികന്റെ എന്‍ട്രി, എക്‌സിറ്റ് നടപടികള്‍ വെറും 20 മുതല്‍ 40 സെക്കന്റ് വരെ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

എന്‍ട്രി ആവശ്യമുള്ളവരും വിരലടയാളം നല്‍കേണ്ടവരുമായ യാത്രക്കാര്‍ക്ക് നടപടികല്‍ പൂര്‍ത്തിയാക്കാന്‍ അധിക സമയം വേണ്ടി വരും. അതേസമയം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന യാത്രകള്‍ക്ക് എന്‍ട്രി, എക്‌സിറ്റ് നടപടികള്‍ 10 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെട്രോഷ് 2 ലും മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും ഹയ്യ പ്ലാറ്റ്‌ഫോമിലും പ്രീ രജിസ്‌ട്രേഷന്‍ സേവനം ലഭ്യമാണ്. എമിഗ്രേഷനും കസ്റ്റംസിനുമുള്ള കൗണ്ടറുകളുടെ എണ്ണം 172 ആയി വര്‍ദ്ധിപ്പിച്ചു. യാത്രാ നടപടികള്‍ക്കായി പ്രീ രജിസ്‌ട്രേഷന്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2013 ല്‍ അബൂസംറ ബോര്‍ഡര്‍ ക്രോസിംഗ് മാനേജ്‌മെന്റിനായുള്ള സ്ഥിരം സംവിധാനം രൂപീകരിച്ചിട്ടുണ്ട്. കസ്റ്റംസിനായി 12 കൗണ്ടറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 60 വാഹങ്ങള്‍ എന്ന ശേഷിയിലാണ് വാഹനങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായി അധിക അഡ്മിനിസ്‌ട്രേറ്റീവ്, സര്‍വ്വീസ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ തുടരുകയാണെന്ന് സ്ഥിരം സമിതി സെക്രട്ടറി ക്യാപ്റ്റന്‍ ഷാഫി ഖലീവി അല്‍ ഷമ്മാരി പറഞ്ഞു.

സര്‍ക്കാര്‍ സേവന മേഖലയിലെ അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ യുഎഇ

0

യുഎഇയിലെ സര്‍ക്കാര്‍ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥ മേധാവിത്വം കുറയ്ക്കുന്നതിനുമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും. സര്‍ക്കാര്‍ വകുപ്പുകള്‍ അനവാശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കി. സേവനനിലവാരം വര്‍ദ്ധിപ്പിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ബോണസും പ്രഖ്യാപിച്ചു.യുഎഇ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി പ്രകാരം ആണ് രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാര വര്‍ദ്ധനയ്ക്കുള്ള പദ്ധതി നടപ്പാക്കുന്നത്.

സര്‍ക്കാര്‍ സേവന മേഖലയിലെ അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ രണ്ടായിരത്തോളം അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് എടുക്കുന്ന സമയം പകുതിയായി വെട്ടിക്കുറയ്ക്കണം. മുപ്പതോളം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാന്നിധ്യത്തിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എടുക്കുന്ന സമയം വെട്ടിക്കുറയ്ക്കുന്നിതിനുമുള്ള പദ്ധതി ആരംഭിച്ചത്.

അനാവശ്യ നടപടിക്രമങ്ങളില്‍ കുറവ് വരുത്തുന്ന ഉദ്യോഗസ്ഥ സംഘത്തിനും ഉദ്യോഗസ്ഥര്‍ക്കും ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ വരെ വാര്‍ഷിക ബോണസും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സേവനരംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതും രാജ്യത്തെ ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മികച്ച സേവനം ലഭ്യമാക്കുകയും ആണ് ലക്ഷ്യം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

യു.എസ് യൂറോപ്യന്‍ ഇന്ത്യക്കാര്‍ക്കുള്ള ഓണ്‍അറൈവല്‍ വീസനടപടിക്രമങ്ങള്‍ ലളിതമാക്കി എമിറേറ്റ്‌സ്‌

0


യൂറോപ്യന്‍-അമേരിക്കന്‍ വീസകള്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ദുബൈയിലേക്കുള്ള ഓണ്‍അറൈവല്‍ വീസ നടപടിക്രമങ്ങള്‍ ലളിതമാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വീസയും സ്വന്തമാക്കാനുള്ള ക്രമീകരണം ആണ് ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.ആറ് മാസം കാലാവധിയുള്ള അമേരിക്കന്‍ വീസയോ, ഗ്രീന്‍കാര്‍ഡോ, യൂറോപ്യന്‍ യൂണിയന്‍-യൂകെ താമസവീസയോ ഉള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇ ഓണ്‍അറൈവല്‍ വീസ അനുവദിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള വീസ നടപടിക്രമങ്ങള്‍ ആണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലളിതമാക്കിയിരിക്കുന്നത്.

ഓണ്‍അറൈവല്‍ വീസയ്ക്ക് മുന്‍കൂര്‍ അനുമതി നേടുന്നതിന് ആണ് സംവിധാനം. പതിനാല് ദിവസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വീസ ആണ് അനുവദിക്കുന്നത്. വീസ സേവനദാതാക്കളായ വി.എഫ്.എസ് ഗ്ലോബല്‍ വഴിയാണ് മുന്‍കൂര്‍ ഓണ്‍അറൈവല്‍ വീസ അനുവദിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ എമിറേറ്റസിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും വി.എഫ്.എസ് ഗ്ലോബലിന്റെ വീസ ആപ്ലിക്കേഷന്‍ സൈറ്റിലേക്ക് പ്രവേശിക്കും വിധത്തിലാണ് ക്രമീകരണം. ഇവിടെ ഓണ്‍അറൈവല്‍ വീസയ്ക്കുളള നടപടിക്രമങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പൂര്‍ത്തിയാക്കാം. ദുബൈ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം ഓണ്‍അറൈവല്‍ വീസയ്ക്കായി കാത്തിരിക്കുന്നതും വരിനില്‍ക്കുന്നതും എല്ലാം ഒഴിവാക്കുന്നതിനായിട്ടാണ് എമിറേറ്റസ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ദുബൈയിലേക്ക് എത്തുന്ന വിദേശവിനോദസഞ്ചാരികള്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം ഇരുപത് ദശലക്ഷത്തിലധികം ഇന്ത്യക്കാരെ ആണ് ദുബൈ സ്വാഗതം ചെയ്തത്. ഇന്ത്യയിലെ ഒന്‍പത് കേന്ദ്രങ്ങളിലേക്കായി ആഴ്ച്ചയില്‍ 167 സര്‍വീസുകള്‍ ആണ് എമിറേറ്റസ് ദുബൈയില്‍ നിന്നും നടത്തുന്നത്.

ദുബൈ വിമാനത്താവളത്തിലെ ടാക്‌സികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിക്കും

0

ദുബൈയില്‍ വിമാനത്താവളങ്ങളിലെ ടാക്‌സികളുടെ എണ്ണം ഇരട്ടയായി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍. 350 പരിസ്ഥിതി സൗഹൃദ ടാക്‌സികളാണ് അധികമായി ഉള്‍പ്പെടുത്തുന്നത്. സേവന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗായാണ് തീരുമാനം.ദുബൈയില്‍ താമസക്കാരുടെയും സന്ദര്‍ശകരുടെയും ദൈനംദിന യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വിപുലീകരണം നടപ്പിലാക്കുന്നത്.

വിമാനത്താവളങ്ങളിലെ ടാക്‌സികളുടെ എണ്ണം നൂറ് ശതമാനം വര്‍ദ്ധിപ്പിക്കും. ആകെ മൊത്തം വാഹനങ്ങളുടെ ശേഷി 700 ആക്കി ഉയര്‍ത്തും. 350 പരിസ്ഥിതി സൗഹൃദ ടാക്‌സികള്‍ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവും അന്താരാഷ്ര ഇവന്റുകളും കണക്കിലെടുത്താണ് പൊതുഗതാഗത സേവനങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇതിലൂടെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ടാക്‌സി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ മുപ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ദുബൈ ടാക്‌സി കമ്പനി സിഇഒ മന്‍സൂര്‍ റഹ്മ അല്‍ ഫലാസി അറിയിച്ചു. വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ വേഗത്തില്‍ യാത്രാ സൗകര്യമൊരുക്കുയാണ് ലക്ഷ്യം. ഈ വര്‍ഷം വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം 88 ശലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

വിമാനത്താവളങ്ങളില്‍ ആഡംബര ലിമോസിനുകളും ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ യാത്രകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദുബൈ ടാക്‌സി കമ്പനിയുടെ നിയന്ത്രണത്തിലാണ് എല്ലാ വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നത്.

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 53 വര്‍ഷം കഠിന തടവ്

0

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി തൊടുപുഴ കാരിക്കോട് തെക്കുംഭാഗം മലങ്കര ഭാഗത്ത് പുറമാടം വീട്ടില്‍ അജിയെ 53 വര്‍ഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു. തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി നിക്‌സണ്‍ എം ജോസഫ് ആണ് ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലെ ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി, 38 വര്‍ഷമാണ് കഠിനതടവ് അനുഭവിക്കേണ്ടി വരിക. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബി വാഹിദയാണ് ഹാജരായത്.2016 ഡിസംബറിലാണ് സംഭവം. സ്‌കൂളിൽവെച്ച് സംശയം തോന്നിയ അധ്യാപകർ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്.

38 വർഷമാണ് തടവ് അനുഭവിക്കേണ്ടത്. പിഴത്തുക അടച്ചില്ലെങ്കിൽ 200 ദിവസംകൂടി ശിക്ഷ നീളും. പെൺകുട്ടിയുടെ പുനരധിവാസത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. കാഞ്ഞാർ സി.ഐ. ആയിരുന്ന മാത്യു ജോർജാണ് കുറ്റപത്രം സമർപ്പിച്ചത്.

ദുബൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഹ്രസ്വകാല പെര്‍മിറ്റ്

0


ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഹ്രസ്വകാല പെര്‍മിറ്റ് അവതരിപ്പിച്ച് ദുബൈ ഹെല്‍ത്ത് അഥോറിട്ടി. മൂന്ന് മാസം വരെ കാലാവധിയുള്ളതാണ് പെര്‍മിറ്റ്. വിദഗദ്ധ ഡോക്ടര്‍മാരുടെ ഹ്രസ്വകാല സേവനങ്ങള്‍ക്കായി എമിറേറ്റിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്കാണ് പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ കഴിയുക.ദുബൈയില്‍ നടക്കുന്ന അറബ് ഹെല്‍ത്തിന്റെ നാല്‍പ്പത്തിയൊന്‍പതാം പതിപ്പില്‍ ആണ് ഡിഎച്ച്എ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഹ്രസ്വകാല പ്രാക്ടീസ് പെര്‍മിറ്റ് അവതരിപ്പിച്ചത്.

വിദഗദ്ധരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹ്രസ്വകാലത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതിനുള്ള താത്കാലിക പെര്‍മിറ്റ് ആണ് ഡിഎച്ച്എ അനുവദിക്കുന്നത്. പ്രാദേശിക ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുന്നതിനായിട്ടാണ് ഡിഎച്ച്എയുടെ പുതിയ നീക്കം. അടിയന്തരസാഹചര്യങ്ങളിലും പ്രതിസന്ധികളിലും ദുരന്തങ്ങളിലും ഹ്രസ്വകാല പെര്‍മിറ്റ് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് സഹായകമാകും. വിവിധ മേഖലകളില്‍ വിദഗദ്ധരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നതിന് ആശുപത്രികള്‍ക്ക് പുതിയ പെര്‍മിറ്റിലൂടെ സാധിക്കും. ഹ്രസ്വകാലത്തേക്ക് വിദഗദ്ധരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനം ആണ് താത്കാലിക പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരിട്ട് ഹ്രസ്വകാലപെര്‍മിറ്റിനായി അപേക്ഷിക്കാന്‍ കഴിയില്ല. ആരോഗ്യസ്ഥാപനത്തിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ആണ് ഇലക്ട്രോണിക് സംവിധാനവമായ ഷെര്‍യാന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കിയാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ പെര്‍മിറ്റ് അനുവദിക്കും എന്നും ഡിഎച്ച്എ അറിയിച്ചു.

ഡിഎച്ച്എ അവതരിപ്പിച്ച പുതിയ പെര്‍മിറ്റ് ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും സങ്കീര്‍ണ്ണശസ്ത്രക്രീയകള്‍ക്കും വിദേശങ്ങളില്‍ നിന്നും വിദഗദ്ധ ഡോക്ടര്‍മാരെ എമിറേറ്റിലേക്ക് എത്തിക്കുന്നതിന് സഹായകമാകും.

സൗദി കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത് 170 വധശിക്ഷകള്‍: ഡിസംബറില്‍ മാത്രം 38 പേരെ വധിച്ചു

0

സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത് 170 വധശിക്ഷകള്‍. ഭീകരവാദക്കേസുകളിലും ലഹരിമരുന്ന് കേസുകളിലും പിടിയിലായവരാണ് വധശിക്ഷയ്ക്ക് വിധേയമായവരില്‍ ഭൂരിഭാഗവും. ഇന്നലേയും ഒരു വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാത്രം മുപ്പത്തിയെട്ട് പേരുടെ വധശിക്ഷയാണ് സൗദി അറേബ്യയില്‍ നടപ്പാക്കിയത്. ഡിസംബര്‍ മുപ്പത്തിയൊന്നിന് മാത്രം നാല് പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പാക്കിയ 170 പേരില്‍ മുപ്പത്തിമൂന്ന് പേര്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിടിക്കപ്പെട്ടവരാണ്. രാജ്യദ്രോഹക്കുറ്റത്തിന് രണ്ട് സൈനികരേയും കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്ക് വിധേയമായി. ലഹരിമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടവരും കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരായി. ലഹരിമരുന്ന് കടത്തും വില്‍പ്പനയും സൗദി അറേബ്യയില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ വര്‍ഷത്തെ ആദ്യ വധശിക്ഷയാണ് ഇന്നലെ നടപ്പാക്കിയത്.

ഭീകരവാദപ്രവര്‍ത്തനത്തിന് പിടിയിലായ സൗദി പൗരന്റെ വധശിക്ഷയാണ് ചൊവ്വാഴ്ച നടപ്പിലാക്കിയത്. ഔന്‍ ബിന്‍ ഹസ്സന്‍ അബ്ദുള്ള എന്ന വ്യക്തിയേയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചതിനും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി കുറ്റവാളികള്‍ക്ക് കൈമാറിയതിനും ആണ് ശിക്ഷ. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.

എട്ട് ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണംമോഷ്ടിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമം: പരാജയപ്പെടുത്തി ഷാര്‍ജ പൊലീസ്

0

മോഷ്ടിച്ച സ്വര്‍ണം വിദേശത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഷാര്‍ജ പൊലീസ് . ഖോര്‍ഫക്കാനിലെ ജ്വല്ലറിയില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാണ് രാജ്യത്തു നിന്നും കടത്താന്‍ ശ്രമം നടത്തിയത്. 8 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണവുമായി മോഷ്ടാക്കളെ പിടികൂടിയത്.

ഖോര്‍ഫക്കാനിലെ ജ്വല്ലറിയില്‍ നിന്നുമാണ് പ്രതികള്‍ സ്വര്‍ണം മോഷ്ടിച്ചത്. വിവരം ലഭിച്ചയുടന്‍ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സ്വര്‍ണവുമായി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. 8 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപകമായ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും ഷാര്‍ജ പൊലീസ് അറിയിച്ചു.