Friday, June 19, 2026
Home Blog Page 146

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഗവർണർ റദ്ദാക്കി

0

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഗവർണർ റദ്ദാക്കി. ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് അധ്യാപകരുടെ തെരഞ്ഞെടുപ്പ് നോമിനേഷൻ രജിസ്ട്രാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം. ഗവർണക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ തൽക്കാലം നിർത്തിവയ്ക്കുവാനും നാമനിർദ്ദേശ പത്രിക തള്ളിയത് സംബന്ധിച്ച് വി സിയോട് വിശദീകരണം ആവശ്യപ്പെടാനും ഗവർണർ ഉത്തരവിട്ടു. ഇത് സംബന്ധിച്ച കത്ത് രാജ്ഭവൻ സെക്രട്ടറി വി സി യ്ക്ക് നൽകി.

ഡോ. പി രവീന്ദ്രൻ, ഡോ ടി എം വാസുദേവൻ എന്നിവരുടെ പത്രികയാണ് റിട്ടേണിങ് ഓഫീസർ കൂടിയായ രജിസ്ട്രാർ തളളിയത്. രണ്ടുപേരും അധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിച്ചവരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തള്ളിയത്. എന്നാൽ സർവകലാശാല ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. വാസുദേവനെ വകുപ്പ് മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് നാമനിർദേശം നൽകിയത്.

സിപിഐഎം സ്ഥാനാർത്ഥിയെ എതിരില്ലാതെ തെരഞ്ഞെടുക്കാനാണ് തങ്ങളുടെ പട്ടിക തള്ളിയത് എന്നായിരുന്നു അധ്യാപകരുടെ പരാതി. രണ്ടുപേരുടെയും നാമദേശ പത്രിക തള്ളിയത് ബോധപൂർവമാണെന്നും ഇത് കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി സമർപ്പിച്ചിരുന്നു. പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നൽകാൻ റിട്ടേണിംഗ് ഓഫീസറും വൈസ് ചാൻസലറും വിസമ്മതിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇഡിക്ക് തിരിച്ചടി, ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി

0

ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണ്. അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ബെംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഇഡിക്കായി അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ എം നടരാജ് ആണ് ഹാജരായത്.

കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ബിനീഷിന് 2021 ഒക്ടോബറിലാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ബിനീഷിൻ്റെ ആദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഉണ്ടെന്നായിരുന്നു ഇഡിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് എതിരെയുള്ള കേസിൽ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്.

ചികിത്സ പിഴവെന്ന് ആരോപണം, അഞ്ചര വയസ്സുകാരൻ്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു

0

പത്തനംതിട്ട റാന്നിയിൽ ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് റാന്നി പൊലീസ് കേസെടുത്തു. സംഭവത്തിൽ ചികിത്സ പിഴവെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം. റാന്നി പ്ലാങ്കമൺ സർക്കാർ എൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആരോൺ പി വർഗീസ് ആണ് മരിച്ചത്.

യുകെജി വിദ്യാർത്ഥിയായ ആരോൺ വീണ് പരിക്കേറ്റതായി പ്ലാങ്കമൺ എൽപി സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിരുന്നു. മാതാപിതാക്കളെത്തി സ്കൂളിൽ നിന്ന് ആരോണിനെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് റാന്നി മാർത്തോമ്മാ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. കൈക്കുഴ തെറ്റിയതായും അനസ്തേഷ്യ കൊടുത്ത ശേഷം കുഴ പിടിച്ചിടാമെന്ന് ഡോക്ടർ അറിയിച്ചതായും ആരോണിൻ്റെ അച്ഛൻ പറഞ്ഞു. എന്നാൽ പിന്നീട് ആരോണിൻ്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പ്രത്യേക ആംബുലൻസ് വരുത്തി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പിന്നീട് മകൻ മരിച്ച വിവരമാണ് അറിഞ്ഞതെന്ന് മാതാപിതാക്കൾ പറയുന്നു.

അതേസമയം കുട്ടിക്ക് അനസ്തേഷ്യ നൽകിയിരുന്നതായും രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതായും ചികിത്സാ പിഴവല്ല മരണത്തിന് കാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ക്ലാസ്സ് മുറിയിൽ ആരോൺ വീണ് പരിക്കേറ്റതായും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പ്ലാങ്കമൺ സർക്കാർ എൽപി സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു പറഞ്ഞു. ആരോണിൻ്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അബുദബി അല്‍ഐന്‍ റോഡില്‍ ഞായറാഴ്ച വരെ ഗതാഗതനിയന്ത്രണം

0


അബുദബി അല്‍ ഐന്‍ റോഡില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം. അല്‍ ഐനിലേക്കുള്ള വശത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനയാത്രികര്‍ നിയന്ത്രങ്ങള്‍ ശ്രദ്ധിക്കണം എന്ന് സംയോജിത ഗതാഗതകേന്ദ്രം ആവശ്യപ്പെട്ടു.
ഇ-22 അലൈന്‍ റോഡില്‍ ആണ് ഇന്ന് മുതല്‍ ഞായറാഴ്ച വരെ ഭാഗിക ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ഐനിലേക്കുള്ള പാതയില്‍ ഇടതുവശത്തുള്ള രണ്ട് ലെയ്‌നുകള്‍ ആണ് ഇന്ന് മുതല്‍ അടച്ചിടുക. ഇന്ന് രാത്രി പത്ത് മുതല്‍ ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണി വരെയാണ് ഇരുലെയ്‌നുകളും അടച്ചിടുക.

അബുദബി അല്‍ഐന്‍ റോഡില്‍ ഇരുവശങ്ങളിലും മറ്റ് ലെയ്‌നുകളില്‍ ഈ ദിവസങ്ങളിലും ഗഗതാഗതം തുടരും. വാഹനം ഓടിക്കുന്നവര്‍ ഗതാഗതനിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും സൈന്‍ ബോര്‍ഡുകളിലെ നിര്‍ദ്ദേശം ശ്രദ്ധിക്കണം എന്ന് അബുദബി സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു.

ഇറാനിലേക്ക് ജിസിസിയില്‍ നിന്നും വീസയില്ലാതെ പറക്കാം

0

ഞായറാഴ്ച മുതല്‍ യുഎഇ അടക്കം അഞ്ച് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ ഇറാന്‍ സന്ദര്‍ശിക്കാം. വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. ഇന്ത്യക്കാര്‍ക്കും ഫെബ്രവരി നാല് മുതല്‍ ഇറാന്‍ വീസരഹിത പ്രവേശനം നല്‍കും എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.അഞ്ച് ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ അടക്കം ഇരുപത്തിയെട്ട് രാജ്യക്കാര്‍ക്കാണ് ഇറാന്‍, വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്,ഖത്തര്‍ എന്നി ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇറാന്‍ വീസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒമാന്‍ പൗരന്‍മാര്‍ക്ക് നേരത്തെയും വീസയില്ലാതെ ഇറാനിലേക്ക് സഞ്ചരിക്കാം. രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് പതിനഞ്ച് ദിവസം ആണ് അനുമതി നല്‍കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ രഹിതമ പ്രവേശനം നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മന്ത്രിസഭാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമമാര്‍ഗ്ഗം രാജ്യത്ത് പ്രവേശിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് വീസ ഒഴിവാക്കിയത്. എന്നാല്‍ കര-കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ എത്തുന്നവര്‍ക്ക് വീസ നിര്‍ബന്ധമാണ്.

സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിച്ച് അടുത്ത കാലത്താണ് ഇറാന്‍ നയതന്ത്രം പുനസ്ഥാപിച്ചത്. യുഎഇയ്ക്കും ഇറാനും ഇടയിലുള്ള വ്യോമഗതാഗതവും പുനസ്ഥാപിച്ചിട്ടുണ്ട്. ലോകത്തിന്റെ ഇറാനോഫോബിയ മാറ്റി കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ വിവിധയിടങ്ങളില്‍ ഇന്നും മഴ : ഷാര്‍ജയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ്

0

യുഎഇയില്‍ വാരാന്ത്യം വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. ഏഴ് എമിറേറ്റുകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് പുലര്‍ച്ചെ ലഭിച്ച മഴ വിവിധ എമിറേറ്റുകളിലായി പെയ്തിറങ്ങുകയാണ്. റാസല്‍ഖൈമയിലാണ് പുലര്‍ച്ചെ മഴ ആരംഭിച്ചത്. ഷവ്ക്ക, ദയ, റാസല്‍ഖൈമ വിമാനത്താവളം എന്നിവിടങ്ങളിവും വിവിധ ഉള്‍പ്രദേശങ്ങളിലും മഴ അനുഭവപ്പെട്ടു. അബുദബിയില്‍ ഖലീഫ സിറ്റി ശക്തമായ മഴ ലഭിച്ചു.

മുസഫ, അല്‍ മിര്‍ഫ, ഹബ്ഷാന്‍, അല്‍ അബിയാദ് ഐലന്റ്, അല്‍ ദഫ്ര, ഷെയ്ഖ് ഖലീഫ ബിന്‍ ഇന്റര്‍നാഷണല്‍ റോഡ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, എന്നിവിടങ്ങളില്‍ മഴ പെയ്തിറങ്ങി. ഫുജൈറയില്‍ അല്‍ ബാഹ്, വിമാനത്താവളം, ഷാര്‍ജയില്‍ വിമാനത്താവളം, ദെയ്ദ്, അല്‍ ഷീസ്, എന്നിവിടങ്ങളില്‍ ഇന്ന് മഴ ലഭിച്ചു. ദുബൈ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മിതമായ മഴ ലഭിച്ചു. ഉംഅല്‍ഖുവൈനില്‍ ഫലാജ് അല്‍ മുഅല്ല, യാബ്‌സ, ദിബ്ബ, അല്‍ ഹന്യഹ് എന്നിവിടങ്ങളാണ് ഇന്ന് മഴ പെയ്തത്. പുലര്‍ച്ച അറേബ്യന്‍ കടലില്‍ അനുഭവപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് വിവിധ എമിറേറ്റുകളില്‍ മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് എമിറേറ്റുകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അബുദബി, ഫുജൈറ എമിറേറ്റുകളുടെ ചില മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് രാജ്യത്ത് താപനില വീണ്ടും കുറഞ്ഞു. 11.1 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്

എക്സാലോജിക് വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

0

എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷം പ്രധാനസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളം കൊള്ളയടിച്ച് പി വി & കമ്പനി എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം ബാനറുയര്‍ത്തി.

മാത്യു കുഴല്‍നാടന്‍ നല്‍കിയ അടിയന്തര പ്രമേയനോട്ടീസാണ് സ്പീക്കര്‍ തള്ളിയത്. ചട്ടം 53 പ്രകാരം അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ജുഡീഷ്യല്‍, അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ചട്ടം 53. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികള്‍ ശ്രദ്ധക്ഷണിക്കലിലേയ്ക്ക് കടന്നു. ഇതിനിടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

മടിയില്‍ കനം ഇല്ലെങ്കില്‍ തെളിയിക്കാന്‍ എന്ത് ഭയം എന്നെഴുതിയ പ്ലക്കാര്‍ഡും പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പണം കൈപറ്റിയ വിഷയത്തില്‍ ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും ആര്‍ഓസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടിരുന്നു. പ്രതിപക്ഷ എംഎല്‍എമാരുടെ സ്റ്റാഫിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സഭയിൽ തർക്കവും ഉണ്ടായി.

എക്സാലോജിക്ക് സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

അബുദബി ക്ഷേത്രദര്‍ശനത്തിന് രാജ്യത്തിന് പുറത്ത് നിന്നും ആയിരങ്ങള്‍

0

അബുദബിയില്‍ ഫെബ്രുവരി പതിനാലിന് തുറക്കുന്ന ഹിന്ദു ക്ഷേത്രം സന്ദര്‍ശിക്കാന്‍ രാജ്യത്തിന് പുറത്ത് നിന്നും ആയിരങ്ങള്‍ എത്തുമെന്ന് ബാപ്‌സ് സ്വാമി നാരായണ്‍ സന്‍സ്ത. ക്ഷേത്രസന്ദര്‍ശനത്തിനായി യുഎഇയ്ക്ക് പുറത്ത് നിന്നും വന്‍ ഡിമാന്‍ഡ് ആണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ യുഎഇയില്‍ ഉള്ളവര്‍ മാര്‍ച്ച് ഒന്നിന് ശേഷം ക്ഷേത്ര ദര്‍ശനത്തിന് നടത്തണം എന്നാണ് ബാപ്‌സിന്റെ അഭ്യര്‍ത്ഥന

മധ്യപൂര്‍വ്വദേശത്തെ ആദ്യ പരമ്പരാഗത ശിലാക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ വന്‍ തിരക്ക് അനുഭവപ്പെടും എന്ന് ചുമതലക്കാരായ ബാപ്‌സ് സ്വാമിനാരായണന്‍ സന്‍സ്ത നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ ക്ഷേത്രസന്ദര്‍ശനത്തിന് ബാപ്‌സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. രാജ്യത്തിന് പുറത്ത് നിന്നും വലിയ പ്രതികരണം ആണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ദൃശ്യമായത്. യുഎഇയില്‍ നിന്ന് എന്ന പോലെ തന്നെ രാജ്യത്തിന് പുറത്ത് നിന്നും വന്‍തോതില്‍ സന്ദര്‍ശകര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തും എന്നാണ് ബാപ്‌സ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ആണ് യുഎഇയില്‍ ഉള്ളവര്‍ മാര്‍ച്ച് ഒന്നിന് ശേഷം ക്ഷേത്രദര്‍ശനത്തിന് ശ്രമിക്കണം എന്ന് ബാപ്‌സ് അഭ്യര്‍ത്ഥിക്കുന്നത്. ഇനിയും രജിസ്ട്രര്‍ ചെയ്യാനുള്ളവരോട് ആണ് ഈ അഭ്യര്‍ത്ഥന.

തിക്കുംതിരക്കും ഒഴിവാക്കുന്നതിനായിട്ടാണ് ഈ അഭ്യാര്‍ത്ഥന എന്ന് ബാപ്‌സ് ഹിന്ദുക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസ് വ്യക്തമാക്കി. ഫെബ്രുവരി പതിനാലിന് ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രത്തില്‍ പതിനെട്ട് മുതല്‍ ആണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

ആഗോള തലത്തില്‍ കുപ്പിവെള്ള ഉപയോഗത്തില്‍ യുഎഇ താമസക്കാര്‍ മുന്നില്‍

0

ലോകത്തിലെ ഏറ്റവും വലിയ കുപ്പിവെള്ള ഉപഭോക്താക്കള്‍ യുഎഇ താമസക്കാര്‍ എന്ന് ഊര്‍ജ്ജമന്ത്രാലയ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ശരാശരി അഞ്ചൂറ് ലീറ്റര്‍ കുപ്പിവെള്ളം ആണ് ഒരാള്‍ കുടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലം പാഴാക്കുന്നതിനായി ദേശീയ കാമ്പയിന്‍ നടപ്പാക്കുകായണ് യുഎഇ ഊര്‍ജ്ജ-പശ്ചാത്തല സൗകര്യമന്ത്രാലയം.വലിയ ബോട്ടിലുകളിലും കുപ്പികളിലും ഉള്ള ജല ഉപയോഗത്തിലാണ് ആഗോളതലത്തില്‍ തന്നെ യുഎഇ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്ന് ഊര്‍ജ്ജമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിവര്‍ഷം ബോട്ടിലുകളില്‍ ലഭിക്കുന്ന 497.3 ലീറ്റര്‍ ജലം ആണ് ഒരു യുഎഇ താമസക്കാരന്‍ ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ ഇത് നൂറ്റിയമ്പത് മുതല്‍ മുന്നൂറ് ലീറ്റര്‍ വരെ മാത്രാമാണ്. ഉപ്പുവെള്ള ശുദ്ധീകരിച്ചെത്തുന്നതാണ് ഭൂരിഭാഗം കുപ്പിവെള്ളവും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജലശുദ്ധീകരണത്തിനായി യുഎഇയില്‍ പ്രതിവര്‍ഷം 1180 കോടി ദിര്‍ഹം ആണ് ചിലവാകുന്നത്. രാജ്യത്തെ മൊത്തം ജല ഉപയോഗത്തില്‍ ഒന്‍പത് ശതമാനം മാത്രമാണ് വ്യവസായ മേഖലയില്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീടുകളില്‍ വ്യക്തികള്‍ പാഴാക്ക്ി കളയുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ജലം പാഴാക്കുന്നത് ഒഴിവാക്കുന്നതിനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കണം.

ചെങ്കടല്‍ ഹൂത്തി ഭീഷണി; ഫലം കാണാതെ യു.എസ്-യുകെ പ്രത്യാക്രമണം

0

ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂത്തികള്‍ക്ക് എതിരായ യു.എസ്-യു.കെ പ്രതിരോധം പാളുന്നു. അമേരിക്കന്‍ സഖ്യം തിരിച്ചടി ആരംഭിച്ചതിന് ശേഷം ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം കൂടിയെന്നാണ് കണക്കുകള്‍. അതെസമയം ഇറാഖിനേയും സിറിയയിലെയേും ഇറാനിയന്‍ സൈനിക സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ സൈന്യത്തിന് അമേരിക്ക അനുമതി നല്‍കി.ഗാസ യുദ്ധത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ നവംബറില്‍ ആണ് യെമനിലെ ഹൂത്തി സായുധസേന ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്.

ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കും എന്നായിരുന്നു ഹൂത്തികളുടെ ഭീഷണി എങ്കിലും ചെങ്കടല്‍ വഴി സഞ്ചരിച്ച പല കപ്പലുകളും ആക്രമണത്തിന് ഇരയായി. ഇതോടെ ഏഷ്യയ്ക്കും യുറോപ്പിനും ഇടയില്‍ ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്ത്യരാജ്യങ്ങളുടെ സംഖ്യം ഹൂത്തികള്‍ക്ക് എതിരെ പ്രത്യാക്രമണം പ്രഖ്യാപിച്ചത്. ജനുവരി പതിനൊന്നിന് ആണ് മെയനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സംഖ്യം ആക്രമണം നടത്തിയത്. പിന്നീട് പലതവണ ഹൂത്തികളുടെ ആയുധകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇന്നലെ മാത്രം പത്തോളം ഹൂത്തി ഡ്രോണുകള്‍ ആണ് അമേരിക്കയുടെ വ്യോമാക്രമണത്തില്‍ തകര്‍ത്തത്. പക്ഷെ അമേരിക്കന്‍ സഖ്യത്തിന്റെ പ്രത്യാക്രമണം ഹൂത്തികളെ പിന്തിരിപ്പിച്ചില്ലെന്ന് മാത്രമല്ല ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കിടയില്‍ ഒന്‍പത് കപ്പലുകള്‍ ആണ് ഹുത്തികള്‍ ആക്രമിച്ചത്.

അമേരിക്കന്‍ സംഖ്യം തിരിച്ചടി ആരംഭിക്കുന്നതിന് മുന്‍പുള്ള മൂന്നാഴ്ചകളില്‍ ഹൂത്തികള്‍ ആറ് കപ്പലുകള്‍ ആണ് ആക്രമിച്ചത്. അമേരിക്കന്‍ സംഖ്യം പ്രത്യാക്രമണം ആരംഭിച്ചതിന് ശേഷം ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ മുപ്പത് ശതമാനത്തോളം കുറവും വന്നു. മാത്രമല്ല അമേരിക്കന്‍ ബ്രിട്ടീഷ് കപ്പലുകളും ഹൂത്തികള്‍ ആക്രമിക്കാന്‍ തുടങ്ങി. ഇതുവരെ ഇരുപത്തിയെട്ട് കപ്പലുകള്‍ ആണ് ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമിച്ചത്. ഇതില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇസ്രയേല്‍ ബന്ധമുള്ളത്.