Saturday, June 20, 2026
Home Blog Page 145

ദുബൈ ക്രീക്ക് ഹാര്‍ബറില്‍ മനോഹരമായ പുതിയ ടവര്‍ വരും: ഒരു കിലോമീറ്റര്‍ പദ്ധതി ഉപേക്ഷിച്ചു

0


ദുബൈ ക്രിക്ക് ഹാര്‍ബറില്‍ ഒരു കിലോമീറ്റര്‍ ഉയരമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത് അബദ്ധമായി പോയെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലാബര്‍. കീക്ക് ഹാര്‍ബറില്‍ നിര്‍മ്മിക്കുന്ന ടവറിന്റെ പുതിയ രൂപകല്‍പ്പന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തുവിടുമെന്നും അലാബര്‍ പറഞ്ഞു. ദുബൈയില്‍ ഒരു ഡ്രൈവ് ത്രൂ മാള്‍ മാള്‍ നിര്‍മ്മിക്കുമെന്നും മുഹമ്മദ് അലാബര്‍ പറഞ്ഞു.ദുബൈ ക്രീക്കില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായിരുന്നു ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പദ്ധതി.

2016-ല്‍ ക്രീക്ക് ടവറിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ ക്രീക്ക് ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിച്ചതെന്ന് വിശദീകരിക്കുകയാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലാബര്‍. ആ തീരുമാനം തെറ്റാണെന്ന് മനസിലാക്കിയാണ് പിന്‍മാറ്റം. ക്രീക്ക് ടവറിന് അഭിമുഖമായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ലാഭം ഉണ്ടാക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ ചുറ്റും നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പരമാവധി അന്‍പത് നില മാത്രമാണ് ഉയരം. പിന്നെ എന്തിനാണ് ഒരു കിലോമീറ്റര്‍ ഉയരുള്ള ടവര്‍ നിര്‍മ്മിക്കുന്നതെന്ന് അലാബര്‍ ചോദിച്ചു. ക്രീക്ക് ടവറിന്റെ പുതിയ രൂപകല്‍പ്പനയ്ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. വൈകാതെ തന്നെ നിര്‍മ്മാണം ആരംഭക്കും. ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരം കുറഞ്ഞ മനോഹരമായ ടവര്‍ ആയിരിക്കും നിര്‍മ്മിക്കുക. ബുര്‍ജ് ഖലീഫയുടെ ഒരു പെണ്‍പതിപ്പായിരിക്കും ക്രീക്കില്‍ നിര്‍മ്മിക്കുന്ന പുതിയ ടവര്‍.

ഇലക്ട്രിക് കാറുകളില്‍ ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പുതിയൊരു മാളും ക്രിക്ക് ഹാര്‍ഹറില്‍ നിര്‍മ്മിക്കും എന്നും മുഹമ്മദ് അലാബര്‍ പറഞ്ഞു. ഇമാറിന്റ അഞ്ച് ഹോട്ടലുകള്‍ 2018-ല്‍ വിറ്റത് വിവേകശൂന്യമായിപ്പോയെന്നും അലാബര്‍ പറഞ്ഞു. അഡ്രസ് ദുബൈ മാളും അഡ്രസ് ബൊലേവാര്‍ഡും അടക്കമുള്ള ഹോട്ടലുകള്‍ ആണ് ഇമാര്‍ 2018-ല്‍ അബുദബി നാഷണല്‍ ഹോട്ടല്‍സിന് വിറ്റത്.

ലഗേജ് വില്‍പ്പനയ്ക്ക്: ദുബൈ വിമാനത്താവളത്തിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്‌

0

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടുകിട്ടിയ ലഗേജുകള്‍ വില്‍പ്പനയ്ക്ക് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പ്. ഉടമസ്ഥര്‍ ഇല്ലാത്ത ലഗേജുകള്‍ ചെറിയ വിലയ്ക്ക് ില്‍പ്പനയ്ക്ക് എന്ന പേരിലുള്ള തട്ടിപ്പുകളില്‍ വീഴരുതെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പേരില്‍ സമൂഹമാധ്യങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ രൂപപ്പെടുത്തിയാണ് പുതിയ തട്ടിപ്പ്.

യാത്രക്കാര്‍ മറന്നുവെച്ചതും വിമാനത്താവളത്തില്‍ നിന്നും കണ്ടുകിട്ടയതുമായ ലഗേജുകള്‍ വില്‍പ്പനയ്ക്ക് എന്നാണ് വ്യാജ പ്രൊഫൈലുകളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ആറ് മാസം കഴിഞ്ഞിട്ടും ഉടമസ്ഥര്‍ എത്താത്ത ലഗേജുകളാണ് ഇവ എന്നും വിമാനത്താവള വെയര്‍ഹൗസ് ക്ലിയറന്‍സിന്റെ ഭാഗമായിട്ടാണ് വില്‍പ്പന എന്നും ആണ് തട്ടിപ്പ് പ്രൊഫൈലുകള്‍ അവകാശപ്പെടുന്നത്. ലഗേജുകളുടെ ചിത്രങ്ങള്‍ അടക്കമാണ് പരസ്യം.

എട്ട് ദിര്‍ഹം മുതലാണ് ലഗേജിന് തട്ടിപ്പുകാര്‍ വിലയിട്ടിരിക്കുന്നത്. ഇത് വന്‍ തട്ടിപ്പാണെന്നും വ്യാജ പ്രൊഫൈലുകള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്തണം എന്നും ദുബൈ രാജ്യാന്തര വിമാനത്താവളം ആവശ്യപ്പെട്ടു. ഫെയ്‌സ് ബുക്കിലും ഇന്‍സ്റ്റാഗ്രിമിലും പരസ്യം നല്‍കി വെബ്‌സൈറ്റില്‍ എത്തി പണം അടയ്ക്കാന്‍ ആണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.
….

ഈ വര്‍ഷവും സുസ്ഥിരതാ വര്‍ഷാചരണം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്‌

0

യുഎഇയുടെ സുസ്ഥിരതാ വര്‍ഷാചരണം 2024ലേക്ക് കൂടി നീട്ടി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഭാവി തലമുറയ്ക്കായി പരിസ്ഥിയെ സംരക്ഷിച്ച് കാത്തുസൂക്ഷിക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.യുഎഇ ദേശീയ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് 2024ലേക്കുള്ള രാജ്യത്തിന്റെ പ്രമേയം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ പ്രഖ്യാപിച്ചത്.

സുസ്ഥിരതാവര്‍ഷാചരണം 2024-ലും തുടരും എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നഹ്യാന്റെ പ്രഖ്യാപനം. ഭാവിതലമുറകള്‍ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള യുഎഇ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് സുസ്ഥിരതാവര്‍ഷാചരണം 2024-ലും തുടരുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. ദുബൈയില്‍ നടന്ന കോപ്പ്-28 കാലാവസ്ഥാ ഉച്ചകോടി നിര്‍ണ്ണായക തീരുമാനങ്ങളിലേക്കാണ് എത്തിയത്. കൂടുതല്‍ സുസ്ഥിരമായ ഭാവിക്കായി ആഗോള സമൂഹത്തിന് ഒപ്പം കൈകോര്‍ത്ത് നമുക്കും പ്രയത്‌നിക്കാം എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരി ഇരുപതിന് ആണ് യുഎഇ സുസ്ഥിരതാവര്‍ഷാചരണം പ്രഖ്യാപിച്ചത്. സുസ്ഥിരചാവര്‍ഷാചരണത്തിന്റെ ഭാഗമായി ലക്ഷ്യമിട്ടതൊക്കെയും കൈവരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് ഒരു വര്‍ഷം കൂടി അതെ പ്രമേയം തുടരുന്നത്.

സംഘര്‍ഷഭരിതമായി പശ്ചിമേഷ്യ: യെമനിലും ഇറാഖിലും സിറിയയിലും അമേരിക്കന്‍ പ്രത്യാക്രമണങ്ങള്‍

0

പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം വര്‍ദ്ധിപ്പിച്ച് ഇറാഖിലും സിറിയയിലും യെമനിലും അമേരിക്കന്‍ ആക്രമണം. ഇറാഖിലും സിറിയയിലുമായി ആക്രമണങ്ങളില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടു.അമേരിക്കയുടെത് തന്ത്രപരമായ പിശക് എന്ന് വിശേഷിപ്പിച്ച ഇറാന്‍ നടപടി മേഖലയിലെ സംഘര്‍ഷസാഹചര്യം വര്‍ദ്ധിപ്പിക്കും എന്നും പ്രതികരിച്ചു.ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഉണ്ടായ ആക്രണത്തിന് തിരിച്ചടിയായിട്ടാണ് ഇറാഖിലും സിറിയയിലും ആക്രമണം ആരംഭിച്ചത്. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണ നല്‍കുന്ന സായുധ സംഘങ്ങള്‍ ആണെന്നാണ് അമേരിക്കയുടെ ആരോപണം.

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള എണ്‍പത്തിയഞ്ച് കേന്ദ്രങ്ങള്‍ക്ക് നേരെ ആണ് അമേരിക്ക പ്രത്യാക്രമണം പ്രഖ്യാപിച്ചത്. ഇതില്‍ സിറിയയില്‍ 4 കേന്ദ്രങ്ങളിലും ഇറാഖില്‍ മൂന്ന് കേന്ദ്രങ്ങളിലും ആണ് അമേരിക്കന്‍ സൈന്യം ഇതുവരെ ആക്രമണം നടത്തിയത്.അമേരിക്കന്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ നാല്‍പത് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ പ്രത്യാക്രമണ നടപടി പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇറാഖിലേയും സിറിയയിലേയും ആക്രമണം കൊണ്ട് അമേരിക്ക ഒന്നും നേടാന്‍ പോകുന്നില്ലെന്നും മേഖലയുടെ അസ്ഥിരതയ്ക്ക് യു.എസ് നടപടി കാരണമാകുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നടപടിയ്ക്ക് എതിരെ ഇറാഖ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇറാഖിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണ് അമേരിക്കന്‍ നടപടി എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇതിനിടെ യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക-യുകെ സംഖ്യം വീണ്ടും ആക്രമണം നടത്തി. യെമിലെ പതിമൂന്ന് കേന്ദ്രങ്ങള്‍ക്ക് നേരെ ആയിരുന്നു ആക്രമണം. ചെങ്കടലില്‍ ഹൂത്തികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് മറുപടിയായിട്ടാണ് യെമനിലെ യു.സ്-യുകെ പ്രത്യാക്രമണം. കപ്പലുകള്‍ ആക്രമിക്കുന്നതിനായി ഹൂത്തകള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ തകര്‍ത്തു എന്നാണ് സംഖ്യസേനയുടെ അവകാശവാദം

ശൈത്യകാലം: യുഎഇയില്‍ കുറഞ്ഞ താപനില 3.4 ഡിഗ്രി സെല്‍ഷ്യസ്

0

യുഎഇയില്‍ കുറഞ്ഞ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിന് അരികില്‍. ജബല്‍ ജയ്‌സില്‍ 3.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ വാരാന്ത്യത്തില്‍ ആണ് യുഎഇ ഈ ശൈത്യകാലത്തിലെ ഏറ്റവും കടുത്ത തണുപ്പിലേക്ക് കടന്നത്. വെള്ളി ശനി ദിവസങ്ങളില്‍ രാജ്യത്ത് തണുപ്പ് ശക്തിപ്പെട്ടു. പകല്‍ സമയത്തുപോലും തണുപ്പ് അനുഭവപ്പെട്ടിരുന്നു.

ഈ ശൈത്യകാലത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് ജബല്‍ ജയിസില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് 3.4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ 4.2 ആയിരുന്നു ജബല്‍ ജയ്‌സിലെ താപനില. വാരാന്ത്യ അവധി ദിനത്തില്‍ തണുപ്പുകൂടി വര്‍ദ്ധിച്ചതോടെ ജബല്‍ജയിസും ഹത്തയും അടക്കമുള്ള പ്രദേങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചു. രാത്രി ക്യാമ്പിംഗിന് എത്തിയവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് പല കേന്ദ്രങ്ങളിലും ഇന്നലെ ദൃശ്യമായത്. തണുപ്പിന് ഒപ്പം കാറ്റിന്റെ വേഗതയ്ക്കും രാജ്യത്ത് ശക്തി കൂടിയിട്ടുണ്ട്.

വെള്ളി ശനി ദിവസങ്ങളില്‍ ശക്തമായ കാറ്റാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. ചെവ്വാഴ്ച വരെ ശക്തമായ കാറ്റ് അനുഭവപ്പെട്ടേക്കാണ് ഇന്നാണ് കാലാകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദുബൈ ഷെയ്ഖ് സായിദ് റോഡില്‍ നിന്നും ഹാര്‍ബറിലേക്ക് പുതിയ പാലം വരുന്നു

0

ദുബൈ ഷെയ്ഖ് സായിദ് റോഡില്‍ നിന്നും ദുബൈ ഹാര്‍ബറിലേക്ക് പൂതിയ പാലം നിര്‍മ്മിക്കുന്നു.ഒന്നരക്കിലോമീറ്റര്‍ ദൂരത്തിലാണ്. പുതിയ പാലനിര്‍മ്മിക്കുന്നതിനായി കരാര്‍ ഒപ്പുവെച്ചെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി അറിയിച്ചു.ഷെയ്ഖ് സായിദ് റോഡില്‍ നിന്നും ദുബൈ ഹാര്‍ബറിലേക്ക് കുറഞ്ഞസമയത്തിനുള്ളില്‍ നേരിട്ടെത്തുന്നതിന് ആണ് ആര്‍ടിഎ പുതിയ പാലം നിര്‍മ്മിക്കുന്നത്.

1500 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മ്മിക്കുന്നതിന് ഷമാല്‍ ഹോള്‍ഡിംഗുമായി കരാര്‍ ഒപ്പുവെച്ചെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഷെയ്ഖ് സായിദ് റോഡില്‍ നിന്നും മൂന്ന് മിനുട്ടുകള്‍ കൊണ്ട് ഹാര്‍ബറില്‍ എത്താന്‍ കഴിയും എന്ന് ആര്‍ടിഎ അറിയിച്ചു. ഇരുവശത്തേക്കുമായി നാല് വരികള്‍ ആണ് പുതിയ പാലത്തില്‍ ഉള്ളത്. മണിക്കൂറില്‍ ആറായിരം വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് ശേഷിയുള്ളതാണ് പാലം.

ഷെയ്ഖ് സായിദ് റോഡില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഹാര്‍ബറിലേക്ക് പാലം നിര്‍മ്മിക്കുന്നത്. അല്‍ നസീം സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍, അല്‍ഫലക്ക് സ്ട്രീറ്റ്, കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് പാലം കടന്ന് പോകുന്നത്.


ഉറക്കിയശേഷം അമ്മ അലക്കാൻ പോയി; തിരികെയെത്തിയപ്പോൾ 3 വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ

0

‌കോഴിക്കോട് പേരാമ്പ്രയിൽ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആൽബിൻ-ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുളിമുറിയിലെ ബക്കറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി അലക്കാൻ പോയി, തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ആൽബിന്റെ മാതാപിതാക്കൾ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് അറിഞ്ഞില്ല. ഉടൻതന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

‘വെറും 2400 രൂപ! ഇതാണ് എനിക്കിട്ട വില, നന്ദിയുണ്ട്’; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

0

സാഹിത്യ അക്കാദമിയിൽ നടന്ന അന്താരാഷ്ട്ര സാഹിത്യോൽസവത്തിൽ തനിക്ക് നൽകിയ പ്രതിഫലത്തിൽ പ്രതിഷേധവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് ലഭിച്ചത് വെറും 2400 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്.

‘എന്റെ വില’ എന്ന തലക്കെട്ടിലാണു അദ്ദേഹം എഴുതി സുഹൃത്തുക്കൾക്ക് സന്ദേശമായി അയച്ചിരിക്കുന്നത്. കേരളജനത തനിക്ക് നൽകുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായത് കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. പ്രതിഫലമായി നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റിൽ പറയുന്നു. എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്.

സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട് എന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

0

സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കാന്‍ സഹായിക്കുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ആദ്യ ക്ലിനിക് പ്രവർത്തനം ആരംഭിക്കുക.

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന സ്തനാര്‍ബദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയില്‍ സ്ത്രീകളിലെ കാന്‍സര്‍ കണ്ടുപിടിക്കുന്നതിതിനുള്ള എച്ച്.പി.വി. സ്‌ക്രീനിങ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്‌വാക്‌സിനേഷന്‍ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാന്‍സര്‍ ദിനമായി ആചരിക്കപ്പെടുന്നത്. ‘Close the Care Gap’ എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിന സന്ദേശം. കാന്‍സര്‍ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സയില്‍ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0

മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. ഇതും മരണ കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ആനയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായിരുന്നു. ആനയുടെ പിൻ കാലിലെ മുഴയിൽ‌ പഴുപ്പ് നിറഞ്ഞിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മയക്കുവെടിയേറ്റതിന് ശേഷം മണിക്കൂറുകളോം ആന വെള്ളം കിട്ടാതെ നിന്നിരുന്നുവെന്നും ഇതേ തുടർന്ന് നിർജലീകരണം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബന്ദിപ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ രാമപുര ബേസ് ക്യാമ്പിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. കർണാടക വെറ്റിനറി സർജന്മാരുടെ സംഘം ബന്ദിപ്പൂരിലെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള 5 അംഗ വിദഗ്ദ സംഘവും എത്തിയിരുന്നു. കർണാടക വെറ്റിനറി സർജൻ ഡോക്ടർ വസീം മിർജായുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്.

ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. നേരത്തെ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ടതായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ കാട്ടാന തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുമായി അതിരിടുന്ന വനത്തിൽ നിന്നാണ് ഇന്നലെ പുലർച്ചയോടെ മാനന്തവാടിയിൽ എത്തിയത്. 15 മണിക്കൂറോളം മാനന്തവാടിയിലും സമീപപ്രദേശങ്ങളിലും ഭീതിവിതച്ചു. കണിയാരം, പായോട് ഭാഗങ്ങളിൽ സഞ്ചരിച്ച ആന എട്ടോടെയാണ് മാനന്തവാടി നഗരത്തിലെത്തിയത്. കോഴിക്കോട് റോഡിനും താഴെയങ്ങാടി റോഡിനും ഇടയിലുള്ള ചതുപ്പിലും വാഴത്തോട്ടത്തിലും നിലയുറപ്പിച്ച ആന വൈകീട്ടുവരെ ഇവിടെ തമ്പടിച്ചു. ഇന്നലെ രാത്രി ബന്ദിപ്പൂരിൽ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് മുമ്പ് തന്നെ ചരിയുകയായിരുന്നെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. നടുക്കമുണ്ടാക്കുന്ന വാർത്തയാണിതെന്നും എല്ലാ കാര്യങ്ങളും സുതാര്യമായാണ് ഇന്നലെ മാനന്തവാടിയിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടാന ചരിഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് ‍അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും വനം മന്ത്രി അറിയിച്ചിരുന്നു.