Saturday, June 20, 2026
Home Blog Page 143

ഖത്തര്‍ എയര്‍വേയ്‌സിന് അന്താരാഷ്ട്ര പുരസ്‌കാരം

0

അന്താരാഷ്ട്ര അംഗീകാരങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ്. രണ്ട് ഹ്യൂമന്‍ റിസോഴ്‌സ് ഗ്ലോബല്‍ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. ബ്രിട്ടണ്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് അവാര്‍ഡിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ നേട്ടം.ആഭ്യന്തര കമ്മ്യൂണിക്കേഷനില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുള്ള ഗോള്‍ഡ് അവാര്‍ഡ്, ജീവനക്കാരുടെ ബ്രില്യന്‍സ് അവാര്‍ഡ് എന്നീ വിഭാഗങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്‌സിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലും മാനവ വിഭവശേഷി വിഭാഗത്തിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള സുപ്രധാന അംഗീകാരങ്ങളിലൊന്നായാണ് അവാര്‍ഡിനെ പരിഗണിക്കുന്നത്. ആഗോള ബിസിനസ് രംഗത്തെ വിദഗ്ധരുടെയും മാനവവിഭശേഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പാനലാണ് ഫലങ്ങള്‍ നിര്‍ണയിക്കുന്നത്. മികച്ച പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ഖത്തര്‍ എയര്‍വേയ്‌സിന്റെ ശ്രമങ്ങള്‍ക്കും പ്രത്യേക അംഗീകാരം ലഭിച്ചു.

ജീവനക്കാര്‍ക്കായി പീപ്ള്‍ എക്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ജീവനക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായിട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നാലു പേരുടെ പരുക്ക് ഗുരുതരം

0

കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. കണ്ടക്ടര്‍ അടക്കം പരുക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്.ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിച്ചുമാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശവും പിൻവശവും തകർന്ന നിലയിലാണ്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്.

കേരളത്തിൽ ഭീകരാക്രമണം പദ്ധതിയിട്ട കേസിൽ റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്

0

കേരളത്തിൽ സ്‌ഫോടന പരമ്പരയും ചാവേർ ആക്രമണവും ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്. എറണാകുളം എൻഐഎ കോടതിയുടേതാണ് വിധി. റിയാസ് കുറ്റക്കാരനെന്ന് എൻഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി.

പ്രതിക്കെതിരെ എൻഐഎ ചുമത്തിയ യുഎപിഎ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. 38ാം വകുപ്പ് പ്രകാരം 10 വർഷവും 39ാം വകുപ്പ് പ്രകാരവും 10 വർഷവും ഗൂഢാലോചനക്ക് (120 ബി) 5 വർഷവുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. 1.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്കണമെന്നും സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും എന്‍ഐഎ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നല്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് റിയാസ് അബൂബക്കർ കേരളത്തിൽ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തൽ. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകൾ അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്തിരുന്നു.

റിയാസ് സ്വയം ചാവേറാകാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഭീകരാക്രമണത്തിലായി കേരളത്തിൽ നിന്നുള്ള യുവാക്കളെ റിയാസ് സോഷ്യൽ മീഡിയ വഴി സ്വാധീനിക്കാൻ ഉൾപ്പെടെ ശ്രമിച്ചിരുന്നു. ഇതിനായുള്ള തെളിവുകളിൽ ഇയാളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കുന്നു.

ഷാര്‍ജ പ്രകാശോത്സവത്തിന് തുടക്കം: ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി 18 വരെ

0

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പിന് തുടക്കം. എമിറേറ്റിലെ പന്ത്രണ്ട് പ്രധാന കേന്ദ്രങ്ങളിലാണ് പ്രകാശോത്സവം നടക്കുന്നത്. പുതുമയേറിയ ഡിസൈനുകളിലാണ് ഇത്തവണ പ്രകാശോത്സവം ഒരുക്കിയിരിക്കുന്നത്.ഇനിയുള്ള പന്ത്രണ്ട് നാളുകള്‍ ഷാര്‍ജയിലെ പ്രധാനകെട്ടിടങ്ങള്‍ പ്രകാശം ചൊരിഞ്ഞ് സന്ദര്‍ശകരെ ആകര്‍ഷിക്കും.ഊര്‍ജ്ജക്ഷമതയുള്ള ദശലക്ഷക്കണക്കിന് ലൈറ്റുകള്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ പ്രകാശോത്സവം.

ഷാര്‍ജ പൊലീസ് ആസ്ഥാനത്തായിരുന്നു പ്രകാശോത്സവത്തിന്റെ ഉദ്ഘാടനം. ഡ്രോണ്‍ ഷോ അടക്കം ഉദഘാടനചടങ്ങില്‍ അരങ്ങേറി. സെര്‍ബിയ, റഷ്യ, യു.കെ, ഫ്രാന്‍സ്, ഇറ്റലി ,ലബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളകലാകാരന്‍മാര്‍ ചേര്‍ന്നാണ് പൊലീസ് ആസ്ഥാനത്തെ വര്‍ണ്ണവെള്ളിച്ച മുഖരിതമാക്കിയത്. ഷാര്‍ജ പ്രകാശോത്സവത്തിന്റെ പതിമൂന്നാം പതിപ്പിനാണ് തുടക്കമായിരിക്കുന്നത്. 2010-ല്‍ ആയിരുന്നു ആദ്യ പ്രകാശോത്സവം. പന്ത്രണ്ട് കേന്ദ്രങ്ങളിലായി പതിനഞ്ചിലധികം ലൈറ്റ് ഷോകള്‍ ആണ് ഇത്തവണ ഒരുക്കുന്നത്. ഷാര്‍ജ മോസ്‌ക്ക്, അല്‍നൂര്‍ മോസ്‌ക്ക്,അല്‍മജാസ് വാട്ടര്‍ഫ്രണ്ട്, ദെയദ് ഫോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രകാശോത്സവം അരങ്ങേറുക. ഷാര്‍ജ യൂണിവേസ്റ്റി ഹാളിന് മുന്‍പിലെ ലൈറ്റ് വില്ലേജിലും പ്രകാശോത്സവം അരങ്ങേറും.

വ്യാഴം വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ അര്‍ദ്ധരാത്രി വരെയും മറ്റുള്ള ദിവസങ്ങളില്‍ രാത്രി പതിനൊന്ന് വരെയും ആണ് പ്രകാശോത്സവം. ഷാര്‍ജ വാണിജ്യ വിനോദസഞ്ചാര വകുപ്പാണ് പ്രകാശോത്സവം സംഘടിപ്പിക്കുന്നത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും സ്ഥാപനങ്ങളേയു ക്രോഡീകരിച്ചാണ് പരിപാടി. ഫെബ്രുവരി പതിനെട്ട് വരെയാണ് ലൈറ്റ് ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കുക.

യുഎഇ വിദ്യാലയങ്ങളിലെ പരീക്ഷ ക്രമക്കേട് തടയാന്‍ ഫെഡറല്‍ നിയമം കര്‍ശനമാക്കി

0

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷ ക്രമക്കേട് തടയാന്‍ ഫെഡറല്‍ നിയമം കര്‍ശനമാക്കി യുഎഇ. നിയമ ലംഘകര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. വിദ്യാര്‍ത്ഥികളെ കൂടാതെ മറ്റാര്‍ക്കെങ്കിലും കുറ്റകൃത്യത്തില്‍ പങ്കുണ്ടെങ്കിലും പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.പരീക്ഷകളില്‍ വിവിധതരം ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഫെഡറല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

വിദ്യാഭ്യാസ മന്ത്രാലയം, അതത് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടാകും നടപടി. ചോദ്യം, ഉത്തരം, പരീക്ഷാ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചോര്‍ത്തുക, അച്ചടിക്കുക, വിതരണം ചെയ്യുക, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴയോ 6 മാസം വരെ സാമൂഹിക സേവനം ചെയ്യാനോ ഉത്തരവിടും. കോപ്പിയടിക്കുന്ന വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കും.

ഓണ്‍ലൈന്‍ വഴി പരീക്ഷാ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറുക, ഫലങ്ങളില്‍ കൃത്രിമം കാണിക്കുക, ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പരീക്ഷാ ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുക, പരീക്ഷാ കേന്ദ്രങ്ങളിലും മറ്റു നിയമവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നിവയ്‌ക്കെതിരെയും നടപടി ശക്തമാക്കും. അനുകമ്പയോടെ കുട്ടികളെ പഠിപ്പിക്കാനും ശരിയായ പാതയിലേക്ക് നയിക്കാനുമുള്ള അവസരമായാണ് ശിക്ഷാ നടപടികളെ കാണുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.

അഹ്‌ലന്‍ മോദി ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസികള്‍

0

പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം വിപുലമാക്കാന്‍ വിവിധ പരിപാടികളുമായി ഇന്ത്യന്‍ എംബസി. ഫെബ്രുവരി 13ന് നടക്കുന്ന അഹ്‌ലന്‍ മോദി പരിപാടിയ്ക്കായി തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലെത്തി. 150 ലേറെ സംഘടനകള്‍ സംയുക്തമായാണ് പരിപാടിയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നത്.അബുദബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ പ്രവാസി സമൂഹം.

ഫെബ്രുവരി 13നാണ് അബുദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ അഹ്‌ലന്‍ മോദി എന്ന പേരില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടി നടക്കുക. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150 ലെറെ സംഘടനകളുടെ നേതൃത്വത്തിലാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അറുപത്തിയയ്യായിരം കടന്നതോടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണൂറിലധികം കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഒരുക്കും.

വിവിധ സംസ്ഥാനങ്ങളുടെ തനത് കലകളായിരിക്കും അവതരിപ്പിക്കപ്പെടുക. അബുദബിയില്‍ നിന്നുമാത്രം മുന്നൂറോളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെയും യുഎഇയുടെയും ചരിത്രാതീത കാലത്തെ ബന്ധങ്ങളും പരപാടിയില്‍ നിറയും. യുഎഇയില്‍ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സമ്മേളനത്തിനാകും അബുദബി സാക്ഷ്യം വഹിക്കുക. രണ്ടായിരത്തിലേറെ വളണ്ടിയര്‍മാര്‍ സഹായത്തിനുണ്ടാകും. ഫെബ്രുവരി 14 നാണ് അബുദബിയിലെ ക്ഷേത്രത്തിന്റെ സമര്‍പ്പണം നടക്കുന്നത്.

ഗാസ വെടിനിര്‍ത്തല്‍: ഹമാസിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി ബെന്യാമിന്‍ നെതന്യാഹു

0

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഹമാസ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തള്ളി. ഹമാസിന്റെ വ്യവസ്ഥകള്‍ വിചിത്രവും വഞ്ചനാപരവും ആണെന്ന് നെതന്യാഹു പറഞ്ഞു. അതെസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ഹമാസ് ആരോപിച്ചു.മൂന്ന് ഘട്ടങ്ങളിലായി 135 ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ആണ് ഹമാസ് മുന്നോട്ട് വെച്ചത്. പലസ്തീന്‍ തടവുകാരുടെ മോചനം ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്‍മാറ്റം തുടങ്ങിയവ ആയിരുന്നു പ്രധാന വ്യവസ്ഥകള്‍.

എന്നാല്‍ ഹമാസ് മുന്നോട്ട് വെച്ച ഉപാധികള്‍ വിചിത്രം എന്ന് വിശേഷിപ്പിച്ച് തള്ളുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഗാസയിലെ സമ്പൂര്‍ണ്ണവിജയം അല്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല. ഗാസ യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യം വിജയത്തിന് അരികിലാണെന്നും ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരെ മോചിപ്പിക്കുന്നതിനായി സൈനിക സമ്മര്‍ദ്ദം തുടരേണ്ടത് അനിവാര്യതയാണെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ പശ്ചിമേഷ്യയിലാകെ സംഘര്‍ഷം വ്യാപിപ്പിക്കുന്നതിനാണ് നെതന്യാഹുവിന്റെ ശ്രമം എന്ന് മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്രി പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്കയും ഖത്തറും ഈജിപ്തും നടത്തിയ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് ഹമാസ് മൂന്ന് ഘട്ടങ്ങളിലായി നാലര മാസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

മധ്യസ്ഥ രാഷ്ട്രങ്ങള്‍ മുന്നോട്ട് നിര്‍ദ്ദേശങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ഹമാസിന്റെ വ്യവസ്ഥകള്‍. ഹമാസിന്റെ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ തള്ളിയെങ്കിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്നാണ് അമേരിക്കയും ഈജിപ്തും വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ തുടരുമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകണം എന്ന് ഈജിപ്തും ആവശ്യപ്പെട്ടു

ഗാസ യുദ്ധം:വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്ന്ഖത്തര്‍ ; വ്യവസ്ഥകളില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് ഹമാസ്‌

0

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുളള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്ന് മധ്യസ്ഥ രാഷ്ട്രങ്ങള്‍. മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളോട് ഹമാസ് അനുകൂലമായി പ്രതികരിച്ചെന്ന് ഖത്തര്‍. വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്ന് അമേരിക്ക. ഹമാസിന്റെ പ്രതികരണം ഇസ്രേയലിനെ അറിയിക്കും എന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

ഗാസയില്‍ ആദ്യഘട്ടമായി ഏതാനും ആഴ്ച്ചകള്‍ നീളുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി മധ്യസ്ഥരാഷ്ട്രങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഫലം ഉണ്ടെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി വ്യക്തമാക്കുന്നത്. മധ്യസ്ഥ രാജ്യങ്ങളുടെയും ഇസ്രയേലിന്റെയും ഉന്നത പ്രതിനിധികള്‍ പാരീസില്‍ യോഗം ചേര്‍ന്ന് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഹമാസിന് നല്‍കിയിരുന്നു. ഇതിനോട് ഹമാസ് പൊതുവെ അനുകൂലമായി പ്രതികരിച്ചുവെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേങ്ങളുടെ വിശദാംശങ്ങളോ ഹമാസിന്റെ പ്രതികരണത്തിന്റെ കൂടുതല്‍ പ്രതികരണങ്ങളോ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി വെളിപ്പെടുത്തിയിട്ടില്ല.

മധ്യസ്ഥ രാഷ്ട്രങ്ങള്‍ ഒരുമാസത്തിലധികമായി നടത്തിവരുന്ന വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ആണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനും പശ്ചിമേഷ്യയില്‍ പര്യടനം നടത്തുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ അനിവാര്യമാണെന്നും അതിന് സാധിക്കും എന്നാണ് പ്രതീക്ഷയെന്നും ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു.

ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തലിനും ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് മധ്യസ്ഥ രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് നേരത്തെ പുറത്ത് വന്ന വിവരം. അതെസമയം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളില്‍ ഹമാസ് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പക്ഷെ ഇസ്രയേല്‍ അംഗീകരിക്കാന്‍ സാധ്യതയില്ല

ദുബൈ ലോകസര്‍ക്കാര്‍ ഉച്ചകോടി: ഇന്ത്യ അതിഥി രാജ്യം

0

ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ അതിഥി രാജ്യമായി ഇന്ത്യ. ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്.ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.ഇന്ത്യ, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിലെ അതിഥി രാജ്യങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കും. തുര്‍ക്കി പ്രസിഡന്റ് രജബ്ബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി എന്നിവരും പങ്കെടുക്കും. അതിഥി രാജ്യങ്ങള്‍ തങ്ങളുടെ വിജയകരമായ സര്‍ക്കാര്‍ സംവിധാനങ്ങളും അനുഭവങ്ങളും ഉച്ചകോടിയില്‍ പങ്കുവെക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 4000 പേരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. 25-ല്‍ അധികം സര്‍ക്കാര്‍ ഭരണ തലവന്മാരും, 120 സര്‍ക്കാര്‍ പ്രതിനിധികളും, വിവിധ മേഖലകളിലെ വിദഗ്ധര്‍, അന്താരാഷ്ട്ര പ്രദേശിക കൂട്ടായ്മകളുടെ പ്രതിനിധികള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ആറ് വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. വിവിധ മേഖലകളില്‍ ഭാവി തന്ത്രങ്ങളും മാറ്റങ്ങളും ചര്‍ച്ചയാകുന്ന 15 ആഗോള ഫോറങ്ങള്‍ ഉച്ചകോടിയില്‍ അരങ്ങേറും.

പ്രസിഡന്റുമാരും മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രമുഖ പ്രഭാഷഖര്‍, മൂന്നൂറിലധികം മന്ത്രിമാര്‍ പങ്കെടുക്കുന്ന എക്‌സിക്യൂട്ടീവ് സെഷനുകള്‍ എന്നിവയും ഇത്തവണത്തെ ഉച്ചകോടിയുടെ പ്രത്യേകതയാണ്.



കുവൈത്തില്‍ കുടുംബ സന്ദര്‍ശനവീസകള്‍ നല്‍കുന്നത് പുന:രാരംഭിച്ചു

0

വിവിധതരം വീസ സേവനങ്ങള്‍ പുനരാരംഭിച്ച് കുവൈത്ത്. കുടുംബ, ടൂറിസ്റ്റ്, സന്ദര്‍ശന വീസകളാണ് പുതിയ വ്യവസ്ഥകളോടെ ഇന്ന് മുതല്‍ പുനരാരംഭിച്ചത്. മെറ്റ പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി അപ്പോയിമെന്റ് ബുക്ക് ചെയ്തവര്‍ക്ക് സന്ദര്‍ശന വീസയ്ക്ക് അപേക്ഷിക്കാം.പുതിയ വ്യവസ്ഥകളോടെയാണ് കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രവേശന വീസകള്‍ പുനരാരംഭിക്കുന്നത്. വിവിധ റെസിഡന്‍സ് അഫയേഴ്‌സ് വകുപ്പുകള്‍ ഇന്ന് മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ദീര്‍ഘകാലമായ നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശന വീസയും ടൂറിസ്റ്റ് വീസയും വീണ്ടും ആരംഭിക്കുന്നത് പ്രവാസികള്‍ക്കും ഗുണകരമാകും.

കുടുംബ സന്ദര്‍ശന വീസയില്‍ അപേക്ഷകരുടെ പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവരെ പരിഗണിക്കും. അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദിനാറില്‍ കുറവാകരുത് എന്ന് വ്യവസ്ഥയുണ്ട്. മറ്റ് ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകന് പ്രതിമാസ ശമ്പളം 800 ദിനാറില്‍ കുറയരുത്. താമസകാലയളവ് ലംഘിക്കുന്ന സന്ദര്‍ശകനും സ്‌പോണ്‍സര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കും. സന്ദര്‍ശകര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല.

ഇവര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ആശ്രയിക്കണം. സന്ദര്‍ശകര്‍ കാലയളവ് പാലിക്കുമെന്ന് രേഖാമൂലം സത്യാവാങ്മൂലവും നല്‍കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് ടൂറിസ്റ്റ് സന്ദര്‍ശന വിസക്ക് അപേക്ഷിക്കേണ്ടത്. സന്ദര്‍ശനവിസയില്‍ 53 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം.