Saturday, June 20, 2026
Home Blog Page 141

വ്യാജ വാഗ്ദാനങ്ങളും പരസ്യങ്ങളും പാടില്ല : റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ക്ക് ദുബൈ ഡിഎല്‍ഡി നിര്‍ദ്ദേശം

0

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നല്‍കിയിരിക്കുന്ന വ്യാജവാഗ്ദാനങ്ങള്‍ ഉടന്‍ നീക്കണം എന്ന് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യങ്ങള്‍ നീക്കം ചെയ്യണം എന്നാണ് നിര്‍ദ്ദേശം.വില്‍പ്പനയ്‌ക്കോ വാടകകയ്‌ക്കോ നിലവില്‍ ലഭ്യമല്ലാത്ത വസ്തുക്കളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങള്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ നീക്കം ചെയ്യണം എന്നാണ് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പരിശോധനകളില്‍ ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഡി.എല്‍.ഡി അറിയിച്ചു. റിയല്‍എസ്റ്റേറ്റ് ഓഫീസുകള്‍ വേഗത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിട്ടുള്ള വിവരങ്ങള്‍ പുതുക്കണം എന്നും ഡി.എല്‍.ഡി നിര്‍ദ്ദേശം നല്‍കി.പോര്‍ട്ടലുകളില്‍ നിന്നും തെറ്റായ വിവരങ്ങള്‍ നീക്കയതിന് ശേഷം ഡി.എല്‍.ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയര്‍എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടിക്ക് അതിന്റെ തെളിവ് സമര്‍പ്പിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

വ്യാജവാഗ്ദാനങ്ങളും പരസ്യങ്ങളും നല്‍കിയതിന് മുപ്പത് റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ക്ക് അന്‍പതിനായിരം ദിര്‍ഹം വീതം പിഴ ചുമത്തിയതിന് പിന്നാലെയാണ് ഡി.എല്‍.ഡിയുടെ പുതിയ നിര്‍ദ്ദേശം. റിയല്‍എസ്റ്റേറ്റ് പരസ്യങ്ങളില്‍ നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കാത്തതിനും വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനും ആയിരുന്നു പിഴ.

തൃശ്ശൂരിൽ ഗവർണർക്ക് നേരെ പ്രതിഷേധം; ഏഴ് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

0

തൃശ്ശൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. ഏഴ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ്വാലിഹ്, വിഷ്ണു ആർ എന്നിവരുൾപ്പടെ ഉള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ സർവകലാശാല ബിരുദ ദാന ചടങ്ങിനെത്തിയതായിരുന്നു ഗവർണർ. മെഡിക്കൽ കോളജിന് മുന്നിൽ വച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സി ആർ പി എഫ് സുരക്ഷ ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ഗവർണർ ഇന്നലെ ജില്ലയിൽ എത്തിയത്.

ഇന്ന് പേരകം വിദ്യാനികേതൻ സ്കൂൾ വാർഷികത്തിലും നാളെ വാടാനപ്പള്ളി എങ്ങണ്ടിയൂരിൽ ചരിത്രകാരൻ വേലായുധൻ പണിക്കശേരിയുടെ നവതിയാഘോഷം ഉദ്ഘാടനച്ചടങ്ങിലും ഗവർണർ പങ്കെടുക്കും. ഇന്നലെ വൈകിട്ട് ടൗൺഹാൾ പരിസരത്ത് നിന്ന് അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയിരുന്നു.

സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചനിലയില്‍; സംഭവം ചടയമംഗലത്ത്

0

ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനു (41)ആണ് മരിച്ചത്. ഔട്ട് ഹൗസിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ചടയമംഗലം കലയം സ്വദേശിയാണ് ബിനു. ബുധനാഴ്ച രാവിലെയാണ് സംഭവം.

ദിവസവും പ്രഭാതസവാരിക്കായി പോകുന്ന പതിവുണ്ട്. പതിവുപോലെ വീട്ടിൽനിന്നിറങ്ങിയതിന് പിന്നാലെയാണ് മരിച്ചനിലയിൽ കണ്ടത്. സംഭവസമയത്ത് വീട്ടിൽ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍

0

രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിഅബുദബിയില്‍ എത്തി. അല്‍ബത്തിന്‍ വിമാനത്താവളത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് യുഎഇ പ്രസിഡന്റുമായി മോദി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ഉന്നതപ്രതിനിധി സംഘവും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഇന്ന് വൈകിട് ആറ് മണിക്കാണ് മോദിക്ക് സ്വീകരണം നല്‍കുന്ന അഹ്ലന്‍ മോദി അബുദബിയില്‍ നടക്കുക. പരിപാടിയില്‍ പങ്കെടുക്കുന്നതിന് അറുപത്തിയയ്യായിരത്തിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അബുദബി സായിദ് സ്‌പോര്‍ട്‌സ് സ്റ്റി സ്‌റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. 12 മണി മുതല്‍ സ്‌റ്റേഡിയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവതിച്ചു തുടങ്ങി. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാണ് അഹ്‌ലന്‍ മോദി നടക്കുന്നത്. നാളെയാണ് മിഡില്‍ ഈസ്റ്റിലെ ആദ്യഹിന്ദു ശിലാക്ഷേത്ര സമര്‍പ്പണം നടക്കുന്നത്. അബുദബിയിലെ അബുമുറൈഖയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം വൈകിട്ട് പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനമാണിത്. ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ നരേന്ദ്ര മോദി അതിഥിയായി പങ്കെടുക്കും. യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഖത്തറിലേക്ക് എത്തും.


യുഎഇയില്‍ അസ്ഥിര കാലാവസ്ഥയ്ക്ക് മാറ്റം: കനത്ത മഴയ്ക്ക് ശമനം

0

യുഎഇയില്‍ അനുഭവപ്പെട്ട കനത്ത മഴയ്ക്കും അസ്ഥിരകാലാവസ്ഥയ്ക്കും ശമനം. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ദുബൈയില്‍ ഇന്നും നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ദുബൈയിലും ഷാര്‍ജയിലും സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ ഇന്നും വിദുരപഠനം ഏര്‍പ്പെടുത്തി.
ശനിയാഴ്ച രാത്രി മുതല്‍ യുഎഇയില്‍ അനുഭവപ്പെട്ട അസ്ഥിര കാലാവസ്ഥയ്ക്കാണ് ശമനമായിരിക്കുന്നത്.

ഷാര്‍ജ, ഫുജൈറ,അബുദബി എമിറേറ്റുകളുടെ ചില പ്രദേശങ്ങളില്‍ ഇന്ന് രാവിലെയും നേരിയ മഴ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ നിറഞ്ഞ വെള്ളം മുന്‍സിപ്പാലിറ്റികളും സിവില്‍ഡിഫന്‍സും എല്ലാം ചേര്‍ന്ന് നീക്കം ചെയ്യുകയാണ്. രാജ്യാവ്യാപകമായി ഏര്‍പ്പെടുത്തിയിരുന്ന യെല്ലോ അലര്‍ട്ട് ദേശീയകാലവസ്ഥാ കേന്ദ്രം പിന്‍വലിച്ചു.രാജ്യത്തിന്റെ വടക്കന്‍ എമിറേററുകളിലും കിഴക്കന്‍ പ്രദേശങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു.രാജ്യത്ത് ഇന്നും നിരവധി സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് ഇന്നും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.

അസ്ഥിരകാലാവസ്ഥ തുടരുന്നതിനാല്‍ ആവശ്യമെങ്കില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം എന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. ദുബൈ,ഷാര്‍ജ, ഫുജൈറ, എമിറേറ്റുകളില്‍ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ ഇന്നും വിദൂരപഠനം ആണ് അനുവദിച്ചിരിക്കുന്നത്.ശക്തമായ മഴയെ തുടര്‍ന്ന് യുഎഇയില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച മുതല്‍ വീണ്ടും താപനില വര്‍ദ്ധിച്ച് തുടങ്ങും എന്നാണ് കാലാവസ്ഥാ പ്രവചനം.

ഷാര്‍ജയില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ ലേലം ചെയ്യും

0

ഷാര്‍ജയില്‍ കണ്ടുകെട്ടി ആറ് മാസം പിന്നിട്ട വാഹനങ്ങള്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം ലേലം ചെയ്യുമെന്ന് മുന്‍സിപ്പാലിറ്റി. വാഹന ഉടമകള്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വാഹനങ്ങള്‍ വിട്ടുനല്‍കും എന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി അറിയിച്ചു.വിവിധ നിയമലംഘനങ്ങള്‍ക്ക് ഷാര്‍ജ മുന്‍സിപ്പിലാറ്റി പിടിച്ചെടുത്ത കാറുകളും മറ്റ് വാഹനങ്ങളും യന്ത്രസാമഗ്രികളും ആണ് ലേലത്തില്‍ വില്‍ക്കുന്നത്.

കണ്ടുകെട്ടി ആറ് മാസം കഴിഞ്ഞിട്ടും ഉടമകള്‍ തിരികെ എടുക്കാത്തവയാണ് ലേലത്തില്‍ വെയ്ക്കുന്നത്. പിടിച്ചെടുത്തിട്ടുള്ള മോട്ടോര്‍ സൈക്കിളുകലും ലേലം ചെയ്യും. വാഹനങ്ങളും യന്ത്രസാമഗ്രികളും തിരികെ എടുക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ ഇന്ന് മുതല്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദ്ദേശം. ഫെബ്രുവരി പതിനഞ്ചിനാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്.

വാഹനങ്ങള്‍ തിരികെ എടുക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫൈവിലെ ഷാര്‍ജ മുന്‍സിപ്പാലിറ്റിയുടെ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ആണ് സമീപിക്കേണ്ടത്. കണ്ടുകെട്ടാന്‍ കാരണമായ നിയമലംഘനം തിരുത്തുകയും പിഴ അടച്ച് തീര്‍ക്കുകയും ചെയ്യുന്നവര്‍ക്കാണ് വാഹനം വിട്ടുനല്‍കുക.

ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പ്പസമയത്തിനകം യുഎഇയില്‍

0

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍ എത്തും. വൈകിട്ട് അബുദബിയില്‍ നടക്കുന്ന അഹ്‌ലന്‍ മോദിയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെയാണ് മിഡില്‍ ഈസ്റ്റിലെ ആദ്യ ഹിന്ദുശിലാക്ഷേത്രത്തിന്റെ സമര്‍പ്പണം.യുഎഇയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുവുമായും കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുകന്നതാകും കൂടിക്കാഴ്ച. വൈകിട്ട് ആറരയ്ക്കാണ് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ കാണുന്ന അഹ്‌ലന്‍ മോദി പരിപാടി നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് അറുപത്തിയയ്യായിരത്തിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അബുദബി സായിദ് സ്‌പോര്‍ട്‌സ് സ്റ്റി സ്‌റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. 12 മണി മുതല്‍ സ്‌റ്റേഡിയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവതിച്ചു തുടങ്ങി. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാണ് അഹ്‌ലന്‍ മോദി നടക്കുന്നത്.

നാളെയാണ് മിഡില്‍ ഈസ്റ്റിലെ ആദ്യഹിന്ദു ശിലാക്ഷേത്ര സമര്‍പ്പണം നടക്കുന്നത്. അബുദബിയിലെ അബുമുറൈഖയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം വൈകിട്ട് പ്രധാനമന്ത്രി നിര്‍വ്വഹിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനമാണിത്. ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ നരേന്ദ്ര മോദി അതിഥിയായി പങ്കെടുക്കും. ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക എന്ന പ്രമേയത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയുടെ വികസന കാഴ്ചപ്പാടും ഭരണനേട്ടങ്ങളും അവതരിപ്പിക്കപ്പെടും. യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഖത്തറിലേക്ക് എത്തും.


ഗാസ യുദ്ധം ; വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന് ജോ ബൈഡന്‍

0

ഗാസയില്‍ ഉടന്‍വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്ക ശ്രമങ്ങള്‍ നടത്തുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് ആണ് ശ്രമം.റഫായില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങളെ സംരക്ഷിക്കണം എന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ചെങ്കടലില്‍ ഒരു അമേരിക്കന്‍ ചരക്ക് കപ്പല്‍ കൂടി ഹൂത്തികള്‍ ആക്രമിച്ചു.
ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം
ഗാസയില്‍ സുസ്ഥിര വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി രാവും പകലും പ്രവര്‍ത്തിക്കുകയാണെന്ന് ജോബൈഡന്‍ വ്യക്തമാക്കിയത്.

ബന്ദികളുടെ മോചനത്തിനും ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. ശാശ്വതമായി നിലനില്‍ക്കുന്ന പരിഹാരങ്ങള്‍ക്കുളള അടിത്തറപാകലായിട്ടാണ് താത്കാലിക വെടിനിര്‍ത്തലിന് ശ്രമിക്കുന്നതെനും ബൈഡന്‍ പറഞ്ഞു.തെക്കന്‍ ഗാസയില്‍ ഒന്നരലക്ഷ ദശലക്ഷത്തോളം പലസ്തീനികള്‍ തിങ്ങിപാര്‍ക്കുന്ന റഫായില്‍ ഇസ്രയേല്‍ ആക്രമണം നടത്തരുതെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. പലതവണ പലായനം ചെയ്യേണ്ടിവന്നവരാണ് ഗാസയില്‍ ഉള്ളത്. അവരെ സംരക്ഷിക്കണം എന്നും ബൈഡന്‍ ആവശ്യപ്പെട്ടു.ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വീടുകള്‍ വിട്ടിറങ്ങേണ്ടി വന്നവര്‍ അഭയം തേടിയിരിക്കുന്ന റഫായില്‍ ആക്രമണം നടത്താനുള്ള തീരുമാനത്തിന് എതിരെ ആഗോളതത്തിലും വലിയ പ്രതിഷേധം ഉയര്‍ന്നുണ്ട്.ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യം യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.

ഇതിനിടയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഈജിപ്ത് ഖത്തര്‍ അമേരിക്ക എന്നി രാജ്യങ്ങലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ തലവന്‍ ബില്യം ബേര്‍ണ്‍സ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കെയ്‌റോയില്‍ എത്തി. ഇതിനിടെ ചെങ്കടലില്‍ ഹൂത്തികളുടെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ ചരക്ക് കപ്പലിന് നേരിട കേടുപാടുകള്‍ സംഭവിച്ചു. ഇറാനിലോക്ക് പോയ കപ്പലിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു.

യുഎഇയില്‍ കനത്ത മഴയും അസ്ഥിര കാലാവസ്ഥയും: ജാഗ്രത നിര്‍ദ്ദേശംനല്‍കി ആഭ്യന്തരമന്ത്രാലയം

0

യുഎഇ വ്യാപകമായി കനത്തയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും.
അസ്ഥിരകാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് റെഡ്-ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കനത്ത മഴയെ തടുര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് നിരവധി സ്ഥലങ്ങളില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചു.ശക്തി കുറഞ്ഞെങ്കിലും വൈകിട്ട് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നത്.

ഇന്ന് പുലര്‍ച്ചെ മുതല്‍ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. രാവിലെ ഒന്‍പത് വരെ ദുബൈ അബുദബി റാസല്‍ഖൈമ,ഫുജൈറ,ഷാര്‍ജ എമിറേറ്റുകളുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടു. യുഎഇ ആഭ്യന്തര മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകളും മൊബൈല്‍ ഫോണുകളിലൂടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. റാസല്‍ഖൈമയിലും ഫുജൈറയിലും താഴ്‌വാരങ്ങളില്‍ മഴവെള്ളപ്പാച്ചിലും രൂപ്പെട്ടു.അലൈനിലും അബുദബി മറ്റ് ചില ഭാഗങ്ങളിലും ആലിപ്പഴ വര്‍ഷവും ഉണ്ടായി. മഞ്ഞ് വീഴ്ച്ചയ്ക്ക് സമാനമായ കാഴ്ച്ചയാണ് ആലിപ്പഴ വര്‍ഷം സൃഷ്ടിച്ചത്. രാജ്യവ്യാപകമായി നിരവധി റോഡുകളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്കുള്ള പാതകളിലെ ഗതാഗതത്തേയും കനത്ത മഴ ബാധിച്ചു. ഇത്തിഹാദ് റോഡിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും ഗതാഗതം മന്ദഗതിയിലായി.അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് ഭൂരിഭാഗം സ്വകാര്യകമ്പനികളും ജീവനക്കാര്‍ക്ക് ഇന്ന് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ദുബൈയിലും ഷാര്‍ജയിലും സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ ഇന്ന് വിദൂരപഠനം ഏര്‍പ്പെടുത്തി. അസ്ഥിരകാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ റെഡ് ഓറഞ്ച് അലര്‍ട്ടുകളും രാജ്യവ്യാപകമായി യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ നാളെ ഉച്ചക്ക് പന്ത്രണ്ട് വരെ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.

ദുബൈയില്‍ ആകാശടാക്‌സി 2026-ല്‍; പറക്കും ടാക്‌സി നാല് കേന്ദ്രങ്ങളില്‍ നിന്നും

0

2026-ല്‍ പറക്കും ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിന് കരാര്‍ ഒപ്പുവെച്ച് ദുബൈ ഭരണകൂടം. ആദ്യഘട്ടത്തില്‍ നഗരത്തിലെ നാല് കേന്ദ്രങ്ങളില്‍ നിന്നായിരിക്കും ആകാശ ടാക്‌സി സര്‍വീസ്. ഇതിനായി പ്രത്യേക വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മ്മിക്കും.ദുബൈയില്‍ ആരംഭിച്ച ലോകസര്‍ക്കാര്‍ ഉച്ചകോടിയോട് അനുബന്ധിച്ചാണ് പറക്കും ടാക്‌സി സര്‍വീസിനായി കരാര്‍ ഒപ്പുവെച്ചത്. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി, ദുബൈ സിവില്‍ ഏവിയേഷന്‍, ജോബി ഏവിയേഷന്‍, സ്‌കൈപോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായിട്ടാണ് ആകാശ ടാക്‌സി സര്‍വീസിനായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു കരാര്‍ ഒപ്പുവെയ്ക്കല്‍.

കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പറക്കും ടാക്‌സി വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ആദ്യ ലോകനഗരമായി ദുബൈ മാറും. ജോബി എവിയേഷന്റെ എസ്-4 മോഡല്‍ ആയിരിക്കും പറക്കും ടാക്‌സി സേവനങ്ങള്‍ക്ക് ഉപയോഗിക്കുക. നാല് യാത്രക്കാര്‍ക്കും പൈലറ്റിനും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്നതാണ് ജോബി ഏവിയേഷന്റെ എസ്‌ഫോര്‍ മോഡല്‍. ആറ് പ്രൊപ്പല്ലറുകളും നാല് ബാറ്ററി പാക്കുകളും ഉള്ള എസ്‌ഫോര്‍ 161 കിലോമീറ്റര്‍ ദൂരത്തില്‍ പറക്കും. മണിക്കൂറില്‍ 321 കിലോമീറ്റര്‍ വരെയാണ് വേഗത. ആദ്യഘട്ടത്തില്‍ ദുബൈ രാജ്യാന്തര വിമാനത്താവളം, ഡൗണ്‍ടൗണ്‍, മറീന, പാംജുമൈറ എന്നിങ്ങനെ നാല് കേന്ദ്രങ്ങളില്‍ ആയിരിക്കും പറക്കും ടാക്‌സി സര്‍വീസ് ആരംഭിക്കുക.

ആകാശ ടാക്‌സിക്ക് പറന്നിറങ്ങുന്നതിനും ടേക്ക്ഓഫ് ചെയ്യുന്നതിനും ഉള്ള വെര്‍ട്ടിപോര്‍ട്ടുകള്‍ സ്‌കൈപോര്‍ട്‌സ് ആണ് നിര്‍മ്മിക്കുക. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി അടുത്ത വര്‍ഷം പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ ദുബൈയില്‍ ആരംഭിക്കും എന്ന് ജോബി ഏവിയേഷന്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ വെര്‍പോര്‍ട്ടുകളുടെ നിര്‍മ്മാണം ദുബൈയില്‍ ആരംഭിക്കും. പറക്കും ടാക്‌സി സേവനങ്ങള്‍ക്കുള്ള നിയമപരവും പ്രവര്‍ത്തനപരവുമായ ചട്ടക്കൂട് സിവില്‍ ഏവിയേഷന്‍ അഥോറിട്ടികളും ദുബൈ എയര്‍നാവിഗേഷന്‍ സര്‍വീസസ് കോര്‍പ്പറേഷനും ചേര്‍ന്ന് രൂപപ്പെടുത്തും.