Tuesday, March 31, 2026
Home Blog Page 249

വധിക്കാൻ മൂന്നാമതും പദ്ധതി; സുരക്ഷ നൽകിയാൽ കോടതിയിൽ ഹാജരാകാൻ തയാർ: ഇമ്രാൻ ഖാൻ

0

ലഹോർ∙ തന്നെ വധിക്കാൻ മൂന്നാം വട്ടവും പദ്ധതി ഒരുങ്ങിയെന്ന് പാക്ക് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) മേധാവിയുമായ ഇമ്രാൻ ഖാൻ. ലഹോർ ഹൈക്കോടതിയെ ആണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.

‘‘വസീറാബാദിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടെതാണ്. രണ്ടാമത്തേത് ഇസ്‌ലാമാബാദിലെ ജു‍ഡീഷ്യൽ കോംപ്ലക്സില്‍ വച്ച് നടപ്പാക്കാനിരുന്നതാണ്. എന്നാൽ രക്ഷപ്പെട്ടു. വധിക്കാനുള്ള പുതിയ പദ്ധതി രൂപംകൊള്ളുകയാണ്.

കോടതിക്കു മുന്നിൽ ഹാജരാകാൻ തയാറാണെങ്കിലും ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസ് തയാറാകുന്നില്ല. മുതിർന്ന ഇന്റലിജൻസ് ഓഫിസറാണ് ഈ പദ്ധതിക്കു പിന്നിൽ’’ – അദ്ദേഹം കോടതിയെ അറിയിച്ചു.

രാജി തീരുമാനം പവാർ പുനഃപരിശോധിക്കും, അന്തിമ തീരുമാനം 2–3 ദിവസത്തിനുള്ളിൽ: അജിത് പവാർ

0

മുംബൈ∙ അപ്രതീക്ഷിത നീക്കത്തിലൂടെ എൻസിപി അധ്യക്ഷ സ്ഥാനം രാജിവച്ച തീരുമാനം പാർട്ടി സ്ഥാപക നേതാവ് ശരദ് പവാർ പുനഃപരിശോധിക്കുമെന്നു സൂചന. തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ശരദ് പവാർ ഉറപ്പുനൽകിയതായി ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ അറിയിച്ചു. പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി പവാർ അറിയിച്ചതിനു പിന്നാലെ അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. രാജി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ അദ്ദേഹം രണ്ടു മൂന്നു ദിവസത്തെ സാവകാശം തേടിയതായി അജിത് പവാർ വ്യക്തമാക്കി.

‘‘രാജി വച്ച തീരുമാനം പുനഃപരിശോധിക്കാനും അന്തിമ തീരുമാനം അറിയിക്കാനും അദ്ദേഹം രണ്ടോ മൂന്നോ ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്’’ – രാജിക്കെതിരെ പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകരോടായി അജിത് പവാർ പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന് പവാറിന്റെ രാജി പ്രഖ്യാപനം. ഇതോടെ ഞെട്ടിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനം മാറ്റാതെ വേദി വിടില്ലെന്നു വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. ആരുമായും ആലോചിക്കാതെയാണു പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വിശദീകരിച്ചിരുന്നു.

രാജ്യസഭയിൽ ഇനിയും മൂന്ന് വർഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശരദ് പവാർ വ്യക്തമാക്കിയിരുന്നു. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാർ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാർ കൂട്ടിചേർത്തു.

1999ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയെയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി ബിജെപിക്കു വൻ തിരിച്ചടി നൽകിയതിനു പിന്നിലെ ബുദ്ധികേന്ദ്രം ശരദ് പവാര്‍ ആയിരുന്നു.

നാലാം തോൽവി, പോയിന്റ് പട്ടികയിൽ രാജസ്ഥാൻ താഴേക്ക്; ജയിച്ചുകയറാൻ സഞ്ജുവിന്റെ റോയൽസ്

0

മുംബൈ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റതോടെ പോയിന്റ് പട്ടികയിൽ താഴേക്കുവീണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. നാലാം തോൽവി വഴങ്ങിയ രാജസ്ഥാൻ 10 പോയിന്റുകളുമായി പട്ടികയിൽ മൂന്നാമതാണ്. ഒൻപതു കളികളിൽനിന്ന് രാജസ്ഥാന് അഞ്ച് വിജയമാണുള്ളത്. എട്ട് മത്സരങ്ങളിൽനിന്ന് 10 പോയിന്റുള്ള ലക്നൗവാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

ഒൻപതു കളികളിൽനിന്ന് അഞ്ച് വിജയവും നാലു തോൽവിയുമായി ചെന്നൈ സൂപ്പർ കിങ്സ് നാലാം സ്ഥാനത്താണ്. ഞായറാഴ്ച പഞ്ചാബ് കിങ്സിനോടു തോറ്റതാണ് ചെന്നൈയ്ക്കു തിരിച്ചടിയായത്. ‌പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് ഇനിയുള്ള കളികൾ നിർണായകമാകും. കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് അഞ്ചിന് രാത്രി രാജസ്ഥാന്റെ അടുത്ത പോരാട്ടം.

പിന്നീട് ഹൈദരാബാദ്, കൊൽക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ് ടീമുകൾക്കെതിരെയും രാജസ്ഥാനു ഈ സീസണിലെ മത്സരങ്ങൾ ബാക്കിയുണ്ട്. ഇനിയുള്ള അഞ്ചു കളികളും ജയിച്ചാൽ രാജസ്ഥാന് 20 പോയിന്റാകും. അങ്ങനെ സംഭവിച്ചാൽ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് പ്ലേ ഓഫിലെത്തും. അല്ലെങ്കില്‍ പിന്നീട് എലിമിനേറ്റർ, ക്വാളിഫയര്‍ മത്സരങ്ങളും രാജസ്ഥാൻ കളിക്കേണ്ടിവരും.

സൗദി അറേബ്യയിൽ വിനോദ സഞ്ചാരത്തിനെത്തി ലയണൽ മെസ്സിയും കുടുംബവും

0

റിയാദ്∙ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി  മെസ്സിയും കുടുംബവും എത്തിയിരിക്കുന്നത്.

2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. അംബാസഡർ എന്ന നിലയിൽ തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ മെസ്സി രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷം മുൻപ് തന്റെ ആദ്യ സന്ദർശന വേളയിൽ ചെങ്കടലിന്റെ തീരത്തുള്ള ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ മെസ്സി സന്ദർശിച്ചിരുന്നു.

സൗദിയിലേയ്ക്ക്‌ എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് മെസ്സി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു. ‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്?’എന്ന് അദ്ദേഹം കുറിച്ചു. മെസ്സിയുടേയും കുടുംബത്തിന്റേയും സൗദി സന്ദർശനത്തിന്റെ ചിത്രങ്ങൾ അർജന്റീന ഫുട്ബോൾ ടീമും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

എർലിങ് ഹാളണ്ടിനു റെക്കോർഡ്: ഫുൾഹാമിനെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്

0

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിനു വീണ്ടും റെക്കോർഡ്. ഫുൾഹാമിനെ സിറ്റി 2–1നു തോൽപിച്ച മത്സരത്തിൽ ആദ്യഗോൾ നേടിയ ഹാളണ്ട് സീസണിലെ ഗോൾ നേട്ടം 34 ആക്കി. ഒരു പ്രിമിയർ ലീഗ് സീസണിൽ കൂടുതൽ ഗോളുകൾ എന്ന നേട്ടത്തിൽ ആൻഡി കോളിനും (ന്യൂകാസിൽ, 1993–94) അലൻ ഷിയറർക്കും (ബ്ലാക്ക്ബേൺ, 1994–95) ഒപ്പം.

പ്രിമിയർ ലീഗിൽ 42 മത്സരങ്ങളായിരുന്ന കാലത്താണ് ഇരുവരും റെക്കോർഡ് കൈവരിച്ചത്. എന്നാൽ ഇത്തവണ സീസണിലെ 38 മത്സരങ്ങൾ പൂർത്തിയാകുന്നതിനു മുൻപാണ് ഹാളണ്ടിന്റെ നേട്ടം. സിറ്റിക്ക് ഇനിയും 6 കളികൾ ബാക്കിയുണ്ട്. 

36–ാം യൂലിയൻ അൽവാരസാണ് സിറ്റിയുടെ 2–ാം ഗോൾ നേടിയത്.  ഫെബ്രുവരിക്കു ശേഷം ആദ്യമായി പോയിന്റ് പട്ടികയിൽ ആർസനലിനെ മറികടന്ന് സിറ്റി ഫഒന്നാം സ്ഥാനത്തെത്തി– 32 കളികളിൽ 76 പോയിന്റ്. ആർസനലിന് 33 കളികളിൽ 75 പോയിന്റ്. 

കോലിയെ ‘കളിയിലെ താരമാക്കിയ’ സീനിയർ; 2013ല്‍ ഔട്ട് ആഘോഷിച്ചതിൽ തർക്കം; കോലി vs ഗംഭീർ ചരിത്രം

0

2009 ലെ ഇന്ത്യ–ശ്രീലങ്ക ഏകദിന പരമ്പര. ആദ്യ 3 മത്സരങ്ങളിൽ രണ്ടും ജയിച്ച് പരമ്പര വിജയത്തിന്റെ തീരത്തുനിൽക്കുന്ന ഇന്ത്യ. നാലാം മത്സരത്തിനു വേദിയായത് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയമായിരുന്നു. ശ്രീലങ്ക ഉയർത്തിയ 315 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 6 ഓവറിനുള്ളിൽ ഓപ്പണർമാരായ സച്ചിനെയും സേവാഗിനെയും നഷ്ടപ്പെടുന്നു. നാലാമനായി ക്രീസിലെത്തിയ ഒരു ഇരുപതുകാരൻ പയ്യനൊപ്പം ഗൗതം ഗംഭീർ പടുത്തുയർത്തിയ 224 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ 7 വിക്കറ്റ് ജയവും പരമ്പരയും സമ്മാനിച്ചത്.

മത്സരശേഷം മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഗംഭീർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തനിക്കു ലഭിച്ച പുരസ്കാരം തന്റെ കൂടെ ബാറ്റ് ചെയ്ത ആ പയ്യന് നൽകണമെന്നാവശ്യപ്പെട്ടു. ‘ഇത് അവന്റെ കന്നി സെഞ്ചറിയാണ്, ഇനിയങ്ങോട്ടുള്ള അവന്റെ കരിയറിന് ഈ അംഗീകാരം ആവശ്യമാണ്’ എന്നുപറ‍ഞ്ഞായിരുന്നു ഗംഭീർ പുരസ്കാരം കൈമാറിയത്. 14 വർഷത്തിനിപ്പുറം ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡായി ആ പയ്യൻ വളർന്നു– സാക്ഷാൽ വിരാട് കോലിയായിരുന്നു അത്! പക്ഷേ, ‘തലതൊട്ടനുഗ്രഹിച്ച’ ഗംഭീറും അതേറ്റു വാങ്ങിയ കോലിയും തമ്മിൽ അന്നു തൊട്ട് ഇങ്ങോട്ട് അത്ര നല്ല ബന്ധമായിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്നത്

കഴിഞ്ഞ മാസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിലുണ്ടായ പോർവിളിയുടെ ബാക്കിയാണ് തിങ്കളാഴ്ച ലക്നൗ സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ലക്നൗ ജയിച്ചത്. അതിനു ശേഷം ലക്നൗ താരം ആവേശ് ഖാൻ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിക്കുകയും ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീർ ചിന്നസ്വാമിയിലെ കാണികളോട് നിശബ്ദരായിരിക്കണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കോലിയെ ചൊടിപ്പിച്ചിരുന്നു.

ഇതിനു മറുപടിയെന്നോണം കഴി‍ഞ്ഞ ദിവസത്തെ മത്സരത്തിൽ കൂടുതൽ അഗ്രസീവായ കോലിയെയാണ് ഗ്രൗണ്ടിൽ കണ്ടത്. കൈൽ മെയേഴ്സ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരെ ഗ്രൗണ്ടിൽ വച്ച് കോലി പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മത്സരശേഷം നവീനും കോലിയും തമ്മിൽ കയർത്തു. ഇതിനിടയിലേക്കാണ് ഗംഭീർ വരുന്നത്. കെ.എൽ.രാഹുലും അമിത് മിശ്രയും ഉൾപ്പെടെയുള്ള താരങ്ങൾ പിടിച്ചു മാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്.

ഐപിഎൽ തല്ല്, രണ്ടാം ഭാഗം

ഇത് ആദ്യമായിട്ടല്ല ഗംഭീറും കോലിയും ഐപിഎലിൽ നേർക്കുനേർ വരുന്നത്. 2013ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അന്ന് കോലി ഔട്ട് ആയതിനു പിന്നാലെ ഗംഭീർ നടത്തിയ ആഘോഷ പ്രകടനം കോലിയെ ചൊടിപ്പിക്കുകയും ഇരുവരും നേർക്കുനേർ വരുകയും ചെയ്തിരുന്നു. കൊൽക്കത്ത താരം രജത് ഭാട്യ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അന്ന് രംഗം ശാന്തമാക്കിയത്.

അടിക്കു പഞ്ഞമില്ലാത്ത ഐപിഎൽ

വാക്കേറ്റത്തിനും പോർവിളികൾക്കും അന്നും ഇന്നും ഐപിഎലിൽ പഞ്ഞമില്ല. 2008ൽ ഹർഭജൻ സിങ്– ശ്രീശാന്ത്, 2013ൽ കോലി– ഗംഭീർ, 2014ൽ കയ്റൻ പൊള്ളാർഡ്– മിച്ചൽ സ്റ്റാർക്, 2016ൽ ഹർഭജൻ സിങ്–അമ്പാട്ടി റായിഡു, 2019ൽ ജോസ് ബട്‌ലർ– ആർ.അശ്വിൻ, ഈ വർഷം നിതീഷ് റാണ– ഹൃതിക് ഷ‌ോക്കീൻ തുടങ്ങി അടിപ്പട്ടിക അങ്ങനെ നീളുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചു, വമ്പൻ വിജയവുമായി അല്‍ നസർ; കിരീട പ്രതീക്ഷ

0

റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ റെയ്ദിനെ 4–0നു തോൽപിച്ച് അൽ നസ്ർ കിരീട പ്രതീക്ഷ നിലനിർത്തി. 4–ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നസ്റിന്റെ ആദ്യ ഗോൾ നേടിയത്. 25 കളികളിൽ 56 പോയിന്റുമായി ലീഗിൽ ഇപ്പോൾ രണ്ടാമതാണ് അൽ നസ്ർ. ഒന്നാമതുള്ള അൽ ഇത്തിഹാദിന് 24 കളികളിൽ 59 പോയിന്റുണ്ട്.

സീസണിൽ അൽ നസ്റിന് 5 കളികളും അൽ ഇത്തിഹാദിന് 6 കളികളുമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ 3 മത്സരങ്ങളി‍ൽ ജയിക്കാനാവാതെ പോയതാണ് അൽ നസ്റിനെ രണ്ടാം സ്ഥാനത്താക്കിയത്.

3 മത്സരങ്ങളിലും ഒരു ഗോൾ പോലും സ്കോർ ചെയ്യാനുമായില്ല. കോച്ച് റൂഡി ഗാർഷ്യയെ പുറത്താക്കിയതിനുശേഷം കിങ് കപ്പിന്റെ സെമിഫൈനലിൽ പരാജയപ്പെട്ട ക്ലബ് സൗദി സൂപ്പർ കപ്പിൽ നിന്നു നേരത്തേ പുറത്തായിരുന്നു.

ഫീൽഡിങ്ങിനിടെ കാലിനു പരുക്ക്, രാഹുൽ കളിക്കുന്ന കാര്യം സംശയം; ലക്നൗവിന് തലവേദന

0

ലക്നൗ∙ ഐപിഎലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ നിരാശാജനകമായ തോൽവിക്കു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടിയായി ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ പരുക്കും.

ഫീൽഡിങ്ങിനിടെ കാലിനു പരുക്കേറ്റ് മൈതാനം വിട്ട രാഹുൽ പിന്നീട് ലക്നൗ ഇന്നിങ്സിൽ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. 3 പന്ത് നേരിട്ട രാഹുൽ റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു. സ്കോർ: ബാംഗ്ലൂർ– 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126. ലക്നൗ–19.5 ഓവറിൽ 108നു പുറത്ത്.

സ്ലോ പിച്ചിൽ 40 പന്തിൽ 44 റൺസെടുത്ത ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിരാട് കോലി 30 പന്തിൽ 31 റൺസെടുത്തു. ചെന്നൈയ്ക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തിൽ രാഹുലിന്റെ പങ്കാളിത്തം സംശയമാണ്.

ഏഷ്യൻ ബാഡ്മിന്റൻ: സാത്വിക് – ചിരാഗ് ഷെട്ടി സഖ്യത്തിന് പുരുഷ ഡബിൾസ് കിരീടം

0

ദുബായ് ∙ ഏഷ്യൻ ബാഡ്മിന്റൻ പുരുഷ ഡബിൾസിന് ആദ്യമായി ഇന്ത്യൻ ചാംപ്യന്മാർ! കഴിഞ്ഞ വർഷത്തെ ലോകചാംപ്യൻഷിപ്പിൽ വെങ്കല നേട്ടം വരെയെത്തിയ ഇന്ത്യൻ ജോടികളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യമാണ് ഉജ്വലമായ പ്രകടനത്തിലൂടെ ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ സ്വർണ ജേതാക്കളായത്. മലേഷ്യയുടെ ഓങ് യു സിൻ– തിയോ ഇ യി സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ: 16-21, 21-17, 21-19.

58 വർഷത്തിനു ശേഷമാണ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ കിരീടവിജയം. 1965ൽ ലക്നൗവിൽ നടന്ന ചാംപ്യൻഷിപ്പിലെ പുരുഷ സിംഗിൾസിൽ തായ്‌ലൻഡിന്റെ സാൻഗോബ് ററ്റനുസോണിനെ തോൽപിച്ച ദിനേഷ് ഖന്ന മാത്രമാണ് ഏഷ്യൻ വിഭാഗത്തിൽ സ്വർണം നേടിയിട്ടുള്ളത്.

1971ൽ ഇന്ത്യൻ താരങ്ങളായ ദീപു ഘോഷും രമൺ ഘോഷും വെങ്കലം നേടിയതാണു പുരുഷ ഡബിൾസിൽ ഇതിനു മുൻപത്തെ മികച്ച ഏഷ്യൻ നേട്ടം. ഈ സീസണിൽ സാത്വിക്– ചിരാഗ് സഖ്യത്തിന്റെ 2–ാം കിരീടമാണിത്. നേരത്തേ, സ്വിസ് ഓപ്പൺ സൂപ്പർ 300ലും ഇരുവരും ജേതാക്കളായിരുന്നു.

അനുവാദമില്ലാതെ സൗദി സന്ദർശിച്ചു; മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി

0

പാരിസ്∙ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് ഫുട്ബോൾ താരം ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി ഫുട്ബോൾ ക്ലബ്. രണ്ടാഴ്ചത്തേക്കാണ് മെസ്സിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഷൻ കാലയളവിൽ ക്ലബ്ബിനു വേണ്ടി മെസിക്ക് കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല.

സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. സൗദി യാത്രയ്ക്കായി മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നെന്നും എന്നാൽ ക്ലബ് അത് നിരസിച്ചെന്നുമാണ് വിവരം.