ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിനു വീണ്ടും റെക്കോർഡ്. ഫുൾഹാമിനെ സിറ്റി 2–1നു തോൽപിച്ച മത്സരത്തിൽ ആദ്യഗോൾ നേടിയ ഹാളണ്ട് സീസണിലെ ഗോൾ നേട്ടം 34 ആക്കി. ഒരു പ്രിമിയർ ലീഗ് സീസണിൽ കൂടുതൽ ഗോളുകൾ എന്ന നേട്ടത്തിൽ ആൻഡി കോളിനും (ന്യൂകാസിൽ, 1993–94) അലൻ ഷിയറർക്കും (ബ്ലാക്ക്ബേൺ, 1994–95) ഒപ്പം.
പ്രിമിയർ ലീഗിൽ 42 മത്സരങ്ങളായിരുന്ന കാലത്താണ് ഇരുവരും റെക്കോർഡ് കൈവരിച്ചത്. എന്നാൽ ഇത്തവണ സീസണിലെ 38 മത്സരങ്ങൾ പൂർത്തിയാകുന്നതിനു മുൻപാണ് ഹാളണ്ടിന്റെ നേട്ടം. സിറ്റിക്ക് ഇനിയും 6 കളികൾ ബാക്കിയുണ്ട്.
36–ാം യൂലിയൻ അൽവാരസാണ് സിറ്റിയുടെ 2–ാം ഗോൾ നേടിയത്. ഫെബ്രുവരിക്കു ശേഷം ആദ്യമായി പോയിന്റ് പട്ടികയിൽ ആർസനലിനെ മറികടന്ന് സിറ്റി ഫഒന്നാം സ്ഥാനത്തെത്തി– 32 കളികളിൽ 76 പോയിന്റ്. ആർസനലിന് 33 കളികളിൽ 75 പോയിന്റ്.