മുംബൈ∙ അപ്രതീക്ഷിത നീക്കത്തിലൂടെ എൻസിപി അധ്യക്ഷ സ്ഥാനം രാജിവച്ച തീരുമാനം പാർട്ടി സ്ഥാപക നേതാവ് ശരദ് പവാർ പുനഃപരിശോധിക്കുമെന്നു സൂചന. തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ശരദ് പവാർ ഉറപ്പുനൽകിയതായി ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ അറിയിച്ചു. പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി പവാർ അറിയിച്ചതിനു പിന്നാലെ അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. രാജി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ അദ്ദേഹം രണ്ടു മൂന്നു ദിവസത്തെ സാവകാശം തേടിയതായി അജിത് പവാർ വ്യക്തമാക്കി.
‘‘രാജി വച്ച തീരുമാനം പുനഃപരിശോധിക്കാനും അന്തിമ തീരുമാനം അറിയിക്കാനും അദ്ദേഹം രണ്ടോ മൂന്നോ ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്’’ – രാജിക്കെതിരെ പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകരോടായി അജിത് പവാർ പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന് പവാറിന്റെ രാജി പ്രഖ്യാപനം. ഇതോടെ ഞെട്ടിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനം മാറ്റാതെ വേദി വിടില്ലെന്നു വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. ആരുമായും ആലോചിക്കാതെയാണു പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വിശദീകരിച്ചിരുന്നു.
രാജ്യസഭയിൽ ഇനിയും മൂന്ന് വർഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശരദ് പവാർ വ്യക്തമാക്കിയിരുന്നു. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാർ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാർ കൂട്ടിചേർത്തു.
1999ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയെയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി ബിജെപിക്കു വൻ തിരിച്ചടി നൽകിയതിനു പിന്നിലെ ബുദ്ധികേന്ദ്രം ശരദ് പവാര്‍ ആയിരുന്നു.