Tuesday, September 10, 2024
HomeSportsകോലിയെ ‘കളിയിലെ താരമാക്കിയ’ സീനിയർ; 2013ല്‍ ഔട്ട് ആഘോഷിച്ചതിൽ തർക്കം; കോലി vs ഗംഭീർ ചരിത്രം

കോലിയെ ‘കളിയിലെ താരമാക്കിയ’ സീനിയർ; 2013ല്‍ ഔട്ട് ആഘോഷിച്ചതിൽ തർക്കം; കോലി vs ഗംഭീർ ചരിത്രം

2009 ലെ ഇന്ത്യ–ശ്രീലങ്ക ഏകദിന പരമ്പര. ആദ്യ 3 മത്സരങ്ങളിൽ രണ്ടും ജയിച്ച് പരമ്പര വിജയത്തിന്റെ തീരത്തുനിൽക്കുന്ന ഇന്ത്യ. നാലാം മത്സരത്തിനു വേദിയായത് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയമായിരുന്നു. ശ്രീലങ്ക ഉയർത്തിയ 315 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 6 ഓവറിനുള്ളിൽ ഓപ്പണർമാരായ സച്ചിനെയും സേവാഗിനെയും നഷ്ടപ്പെടുന്നു. നാലാമനായി ക്രീസിലെത്തിയ ഒരു ഇരുപതുകാരൻ പയ്യനൊപ്പം ഗൗതം ഗംഭീർ പടുത്തുയർത്തിയ 224 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ 7 വിക്കറ്റ് ജയവും പരമ്പരയും സമ്മാനിച്ചത്.

മത്സരശേഷം മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഗംഭീർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തനിക്കു ലഭിച്ച പുരസ്കാരം തന്റെ കൂടെ ബാറ്റ് ചെയ്ത ആ പയ്യന് നൽകണമെന്നാവശ്യപ്പെട്ടു. ‘ഇത് അവന്റെ കന്നി സെഞ്ചറിയാണ്, ഇനിയങ്ങോട്ടുള്ള അവന്റെ കരിയറിന് ഈ അംഗീകാരം ആവശ്യമാണ്’ എന്നുപറ‍ഞ്ഞായിരുന്നു ഗംഭീർ പുരസ്കാരം കൈമാറിയത്. 14 വർഷത്തിനിപ്പുറം ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡായി ആ പയ്യൻ വളർന്നു– സാക്ഷാൽ വിരാട് കോലിയായിരുന്നു അത്! പക്ഷേ, ‘തലതൊട്ടനുഗ്രഹിച്ച’ ഗംഭീറും അതേറ്റു വാങ്ങിയ കോലിയും തമ്മിൽ അന്നു തൊട്ട് ഇങ്ങോട്ട് അത്ര നല്ല ബന്ധമായിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്നത്

കഴിഞ്ഞ മാസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിലുണ്ടായ പോർവിളിയുടെ ബാക്കിയാണ് തിങ്കളാഴ്ച ലക്നൗ സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ലക്നൗ ജയിച്ചത്. അതിനു ശേഷം ലക്നൗ താരം ആവേശ് ഖാൻ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിക്കുകയും ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീർ ചിന്നസ്വാമിയിലെ കാണികളോട് നിശബ്ദരായിരിക്കണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കോലിയെ ചൊടിപ്പിച്ചിരുന്നു.

ഇതിനു മറുപടിയെന്നോണം കഴി‍ഞ്ഞ ദിവസത്തെ മത്സരത്തിൽ കൂടുതൽ അഗ്രസീവായ കോലിയെയാണ് ഗ്രൗണ്ടിൽ കണ്ടത്. കൈൽ മെയേഴ്സ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരെ ഗ്രൗണ്ടിൽ വച്ച് കോലി പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മത്സരശേഷം നവീനും കോലിയും തമ്മിൽ കയർത്തു. ഇതിനിടയിലേക്കാണ് ഗംഭീർ വരുന്നത്. കെ.എൽ.രാഹുലും അമിത് മിശ്രയും ഉൾപ്പെടെയുള്ള താരങ്ങൾ പിടിച്ചു മാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്.

ഐപിഎൽ തല്ല്, രണ്ടാം ഭാഗം

ഇത് ആദ്യമായിട്ടല്ല ഗംഭീറും കോലിയും ഐപിഎലിൽ നേർക്കുനേർ വരുന്നത്. 2013ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അന്ന് കോലി ഔട്ട് ആയതിനു പിന്നാലെ ഗംഭീർ നടത്തിയ ആഘോഷ പ്രകടനം കോലിയെ ചൊടിപ്പിക്കുകയും ഇരുവരും നേർക്കുനേർ വരുകയും ചെയ്തിരുന്നു. കൊൽക്കത്ത താരം രജത് ഭാട്യ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അന്ന് രംഗം ശാന്തമാക്കിയത്.

അടിക്കു പഞ്ഞമില്ലാത്ത ഐപിഎൽ

വാക്കേറ്റത്തിനും പോർവിളികൾക്കും അന്നും ഇന്നും ഐപിഎലിൽ പഞ്ഞമില്ല. 2008ൽ ഹർഭജൻ സിങ്– ശ്രീശാന്ത്, 2013ൽ കോലി– ഗംഭീർ, 2014ൽ കയ്റൻ പൊള്ളാർഡ്– മിച്ചൽ സ്റ്റാർക്, 2016ൽ ഹർഭജൻ സിങ്–അമ്പാട്ടി റായിഡു, 2019ൽ ജോസ് ബട്‌ലർ– ആർ.അശ്വിൻ, ഈ വർഷം നിതീഷ് റാണ– ഹൃതിക് ഷ‌ോക്കീൻ തുടങ്ങി അടിപ്പട്ടിക അങ്ങനെ നീളുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments