Saturday, May 18, 2024
HomeHealthപ്രമേഹം ചര്‍മത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം

പ്രമേഹം ചര്‍മത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം

രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണം വിട്ടുയരുന്നത് ഹൃദയത്തെയും രക്തകോശങ്ങളെയും കണ്ണുകളെയും വൃക്കകളെയും നാഡീവ്യൂഹത്തെയും മാത്രമല്ല ബാധിക്കുന്നത്. ചര്‍മത്തിലും ഇതിന്‍റെ പ്രതിഫലനങ്ങള്‍ പ്രത്യക്ഷമാകും. തൊലിപ്പുറത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെ സൂചനയായി എടുക്കാവുന്നതാണ്. നിലവില്‍ ചര്‍മരോഗം ഉള്ളവര്‍ക്ക് ലക്ഷണങ്ങള്‍ വഷളാകാനും പ്രമേഹം കാരണമാകാം. 

പ്രമേഹം മൂലം ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇനി പറയുന്നവയാണെന്ന് ദ ഏസ്തെറ്റിക് ക്ലിനിക്സ് കണ്‍സൽറ്റന്‍റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂര്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

1. ബാക്ടീരിയല്‍ അണുബാധ

കണ്‍പോളകളിലും നഖത്തിലും ചര്‍മത്തിലുമുള്ള ബാക്ടീരിയല്‍ അണുബാധകള്‍ക്ക് പ്രമേഹം കാരണമാകും. കണ്ണും ചര്‍മവുമെല്ലാം ചുവന്ന് തടിക്കാന്‍ ഈ അണുബാധ മൂലം സാധ്യതയുണ്ട്. 

2. ചര്‍മത്തില്‍ പാടുകള്‍

മഞ്ഞ, ചുവപ്പ്, തവിട്ട് നിറങ്ങളിലെ തിണര്‍പ്പുകള്‍ പ്രമേഹത്തിന്‍റെ ഭാഗമായി ചര്‍മത്തില്‍ ഉണ്ടാകാം. ചെറിയ കുരു പോലെ ആരംഭിച്ച് തടിച്ച തിണര്‍പ്പുകളായി ഇവ മാറുന്നതാണ്. ചൊറിച്ചിലും വേദനയും ഉണ്ടാക്കാം.

3. വെല്‍വെറ്റ് പോലുള്ള ചര്‍മം

പ്രമേഹത്തിന് മുന്‍പെയുള്ള പ്രീഡയബറ്റിക് ഘട്ടത്തില്‍ ഈ ലക്ഷണം പ്രത്യക്ഷമാകാം. കഴുത്തിലും കക്ഷത്തിലും കാലിന്‍റെ ഇടുക്കിലുമെല്ലാം ഇരുണ്ട നിറത്തില്‍ വെല്‍വെറ്റ് പോലെ ചര്‍മത്തില്‍ തിണര്‍പ്പുണ്ടാകാം. അകാന്തോസിസ് നിഗ്രിക്കന്‍സ് എന്നാണ് ഇതിന് പറയുന്നത്. 

4. ഡയബറ്റിക് കുമിളകള്‍

കൈകാലുകള്‍, കാല്‍പാദം, വിരലിന് പിന്‍വശം എന്നിങ്ങനെ ചര്‍മത്തില്‍ പലയിടത്തും വേദനാരഹിതമായ കുമിളകള്‍ പ്രമേഹം മൂലം ഉണ്ടാകാം. ഇത് മൂലം ചര്‍മത്തില്‍ പൊളളലേറ്റ പോലെ കാണപ്പെടാം. 

5. വിരലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്

കൈയിലെയോ കാലുകളിലെയോ വിരലുകളും സന്ധികളും അനക്കാനുള്ള ബുദ്ധിമുട്ടും പ്രമേഹ ലക്ഷണമാണ്. ചര്‍മം വലിഞ്ഞു മുറുകുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതിനെ ഡിജിറ്റല്‍ സ്ക്ളീറോസിസ്  എന്ന് വിളിക്കും. തോളുകള്‍, കഴുത്ത്, മുഖം, നെഞ്ച് എന്നിവിടങ്ങളിലും ഇത്തരത്തില്‍ ചര്‍മം വലിഞ്ഞു മുറുകിയും  മെഴുക് പോലെയും അനുഭവപ്പെടാം. 

6. മുട്ടിന് താഴെ പാടുകള്‍

മുട്ടിന് താഴെ കാലിന്‍റെ മുഖഭാഗത്ത് പ്രത്യക്ഷമാകുന്ന പാടുകളും വരകളും പ്രമേഹ ലക്ഷണമാണ്. ഡയബറ്റിക് ഡെര്‍മോപതി എന്ന ഈ പ്രശ്നം മൂലം വേദനയുണ്ടാകില്ലെങ്കിലും ഇത് നിസ്സാരമായി അവഗണിക്കരുത്. 

7. കൈമുട്ടില്‍ മുഴകള്‍

ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ചെറിയ മുഴകള്‍ കാല്‍മുട്ടിലും കാല്‍മുട്ടിന് പിന്നിലുമായി പ്രമേഹം മൂലം പ്രത്യക്ഷപ്പെടാം. പെട്ടെന്ന് പ്രത്യക്ഷമാകുകയും അപ്രത്യക്ഷമാകുകയും ചെയ്യാവുന്ന ലക്ഷണമാണ് ഇത്.

8. വരണ്ട ചൊറിച്ചിലുള്ള ചര്‍മം

രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ  ചര്‍മത്തിന് അതിന്‍റെ സ്വാഭാവികമായ ജലാംശം നഷ്ടപ്പെടും. ഇത് തൊലി വരണ്ടതും ചൊറിച്ചിലുള്ളതുമാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments