Monday, December 9, 2024
HomeSportsകിങ് ലിറൻ! ലോക ചെസിന് പുതിയ ചാംപ്യൻ; ടൈബ്രേക്കറിൽ നീപോംനീഷിക്കു തോൽവി

കിങ് ലിറൻ! ലോക ചെസിന് പുതിയ ചാംപ്യൻ; ടൈബ്രേക്കറിൽ നീപോംനീഷിക്കു തോൽവി

അധികാരക്കൈമാറ്റം! 10 വർഷമായി മാഗ്നസ് കാൾസൻ കൈവശം വയ്ക്കുന്ന ലോക ചെസ് കിരീടത്തിന് പുതിയ അവകാശി– ഡിങ് ലിറൻ. റഷ്യൻ താരം യാൻ നീപോംനീഷിയെ ടൈബ്രേക്കറിൽ തോൽപിച്ചാണ് ചൈനീസ് താരം 17–ാം ലോക ചെസ് ചാംപ്യനാകുന്നത്. കസഖ്‌സ്ഥാനിലെ അസ്താനയിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ടൈബ്രേക്കറിൽ നാലാം ഗെയിം ജയിച്ചാണ് (2.5- 1.5) ഡിങ്, നീപോംനീഷിക്കെതിരെ വിജയമുറപ്പിച്ചത്. ഓപ്പൺ വിഭാഗത്തിൽ ലോക ചെസ് കിരീടം ആദ്യമായാണ് ചൈനയിലെത്തുന്നത്. നിലവിൽ ലോകവനിതാ ചാംപ്യനും ചൈനയിൽനിന്നാണ്– ജു വെൻജുൻ.

അവിശ്വസനീയം

ലോക ചാംപ്യൻപദവിയിലേക്കുള്ള ഈ മുപ്പതുകാരന്റെ കുതിച്ചുചാട്ടത്തെ ഇതിൽക്കുറഞ്ഞ വാക്കുകളിൽ വിശേഷിപ്പിക്കാനാവില്ല. ലോക ചാംപ്യൻഷിപ്പിലേക്ക് അവസാനവണ്ടി കയറിവന്നയാൾ എന്ന് വിശ്വനാഥൻ ആനന്ദ് വിശേഷിപ്പിച്ച ഡിങ്ങിന്റെ ചെസ് ബോർഡിലെ കഴിവുകളെക്കുറിച്ച് ആർക്കും തർക്കമുണ്ടായിരുന്നില്ല. മാഗ്നസ് സമഗ്രാധിപത്യം പുലർത്തുമ്പോൾ തന്നെ ആരാണ് അദ്ദേഹത്തെ വീഴ്ത്താൻ പോകുന്നത് എന്ന ചർച്ചകൾക്കിടയിൽ എന്നും ഉയർന്നു വരുന്ന ഒരു പേര് ഡിങ്ങിന്റേതായിരുന്നു. തന്റെ കഴിവുകളെക്കുറിച്ച് മിതഭാഷിയും തന്റെ കുറവുകളെക്കുറിച്ച് ഏറെ വാചാലനുമായ ഡിങ് ഒരുപക്ഷേ, ലോക ചെസ് ചരിത്രത്തിലെ ഏറ്റവും വിനയാന്വിതനായ ചാംപ്യനുമാണ്. ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കാനുള്ള തന്റെ പരിമിതികളെക്കുറിച്ചും മാനസിക സമ്മർദങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കാറുള്ള ഡിങ്ങിന്റെ ലോക ചാംപ്യൻഷിപ്പിലേക്കുള്ള പ്രവേശനം ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു . കാൻഡിഡേറ്റ്സ് മൽസരം ജയിച്ച് നീപോംനീഷി ചാംപ്യൻ മാഗ്നസ് കാൾസന്റെ എതിരാളിയായെങ്കിലും മാഗ്നസ് മൽസരിക്കുന്നില്ലെന്നു തീരുമാനിച്ചതോടെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാരനായ ഡിങ്ങിനു നറുക്കു വീണു. ഫൈനലിൽ നീപോയ്ക്കെതിരെ പലവട്ടം പിന്നിട്ടു നിന്നിട്ടും ഡിങ് തിരിച്ചു വന്നു. ചാംപ്യൻഷിപ് 7-7 സമനിലയായതിനെ തുടർന്നാണ് ൈട ബ്രേക്കർ വേണ്ടിവന്നത്.

ടൈബ്രേക്കർ

ടൈബ്രേക്കറിലെ ആദ്യ 3 കളികളും സമനിലയായി. നാലാം ഗെയിമിൽ നീപ്പോയ്ക്കായിരുന്നു മുൻതൂക്കം. തന്റെ സാധ്യതകളിൽ അമിത പ്രതീക്ഷയർപ്പിച്ച നീപ്പോ, ഡിങ്ങിന് അപകടകരമായ കാലാൾ മുന്നേറ്റത്തിന് (പാസ്ഡ് പോൺ) അവസരം നൽകി. ആ ആനുകൂല്യം വിട്ടുനൽകാതെ ഡിങ് മനോഹരമായി വിജയത്തിലേക്ക് തേർ തെളിച്ചു. ചാംപ്യൻഷിപ്പിൽ ഉടനീളം പിന്നിട്ടുനിന്ന ഡിങ് ആദ്യമായി മുന്നിലെത്തിയ നിമിഷം. ആ സ്വപ്നനിമിഷം സമ്മാനിച്ചത് ലോക കിരീടവും. മാഗ്നസ് കാൾസനു ലോകം നൽകുന്ന ഒരു പണത്തൂക്കം മുൻതൂക്കത്തെ വരും ടൂർണമെന്റുകളിലെ വിജയങ്ങൾകൊണ്ട് മറികടക്ക‌ുക തന്നെയാകും ഈ ചൈനക്കാരന്റെ അടുത്തലക്ഷ്യം. അതുകൊണ്ടുതന്നെയാകും കിരീടധാരണം കഴിഞ്ഞയുടൻ ‘‘ലോക കിരീടമായിരുന്നില്ല എന്റെ അവസാന ലക്ഷ്യം, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാവുകയാണ്’’ എന്ന് ഡിങ് പറഞ്ഞത്.

100

2017 ഓഗസ്റ്റ് മുതൽ 2018 നവംബർ വരെ ക്ലാസിക്കൽ ചെസിലെ 100 മത്സരങ്ങളിൽ (29 ജയം, 71 സമനില) അപരാജിതനായിരുന്നു ഡിങ് ലിറൻ. പിന്നീട് മാഗ്നസ് കാൾസനാണ് (125 മത്സരങ്ങൾ– 42 ജയം, 83 സമനില) ഇതു മറികടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments