Tuesday, September 10, 2024
HomeMovieആ വീട് ശരിക്കും മുങ്ങിയിരുന്നു, അതൊന്നും വിഎഫ്എക്സ് അല്ല: സുധീഷ് അഭിമുഖം

ആ വീട് ശരിക്കും മുങ്ങിയിരുന്നു, അതൊന്നും വിഎഫ്എക്സ് അല്ല: സുധീഷ് അഭിമുഖം

നീണ്ട ഇടവേളയ്ക്കു ശേഷം തിയറ്ററിലേക്ക് പ്രേക്ഷകർ പ്രവഹിക്കുന്ന കാഴ്ചയ്ക്കാണ് കേരളക്കര കഴിഞ്ഞ ഏതാനം ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. മലയാളിയുടെ ഇച്ഛാശക്തിയുടെയും സഹാനുഭൂതിയുടെയും പ്രതീകമായ 2018-ലെ പ്രളയത്തിന് ജൂഡ് ആന്തണി ജോസഫും കൂട്ടരും ചേർന്ന് ചലച്ചിത്രഭാഷ്യം ചമച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ് കേരളക്കര അതിനെ സ്വീകരിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രദർശനശാലങ്ങളിൽ ‘2018’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ വർഗീസ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കയ്യടി നേടുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സുധീഷ്.  സാഹസികത നിറഞ്ഞ ഷൂട്ടിങ് ദിനങ്ങളെക്കുറിച്ചും ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും വാചാലാനാകുകയാണ് അദ്ദേഹം. 

വിഎഫ്ക്സില്ല, പ്രളയ സമാനമായ അന്തരീക്ഷത്തിലായിരുന്നു അഭിനയം 

നിങ്ങൾ ഇപ്പോൾ സിനിമയിൽ കാണുന്ന രംഗങ്ങളൊക്കെ സെറ്റിട്ട് ഷൂട്ട് ചെയ്തതാണ്, വിഎഫ്ക്സ് ഉപയോഗിച്ചു ചെയ്തതല്ല. എന്താണോ ഷൂട്ട് ചെയ്തത് അത് തന്നെയാണ് തിയറ്ററിൽ കാണാൻ കഴിയുന്നത്. ഒരുപാട് ആളുകളുടെ ദിവസങ്ങൾ നീണ്ട പ്രയത്നം അതിനു പിന്നിലുണ്ട്. സിനിമയിൽ കാണുന്ന പോലെ പൂർണമായും വെള്ളം നിറച്ചാണ് എന്റെ കഥാപാത്രത്തിന്റെ വീടൊക്കെ ഷൂട്ട് ചെയ്തിരിക്കുന്നത്. ചങ്ങാടത്തിലും പെട്ടിയിലുമൊക്കെയാണ് ഷൂട്ടിങ് നടന്ന വീട്ടിൽ എത്തിചേർന്നിരുന്നത്. സെറ്റിൽ എപ്പോഴും നിറയെ ചെളിയായിരിക്കും. ഷൂട്ടിങിന്റെ ആദ്യ ദിവസമൊക്കെ സെറ്റിൽ വീണിട്ടുണ്ട്. പിന്നീട് ആ അന്തരീക്ഷവുമായി പൊരുത്തപ്പെടുകയായിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും വീണു പരുക്ക് പറ്റാവുന്ന അപകടം പിടിച്ച സെറ്റായിരുന്നു സിനിമയുടേത്. സംവിധായൻ ജൂഡും സംഘവും നമ്മളെ എപ്പോഴും കംഫർട്ടബിളാക്കി കൊണ്ടിരിക്കുമായിരുന്നു. ഒരുപാട് രംഗങ്ങൾ റീടേക്ക് പോയിട്ടുണ്ട്. ഉദ്ദേശിച്ച പോലെ വെള്ളം നിറയാതിരിക്കുകയും ടൈമിങിനു അനുസരിച്ച് മരം വീഴാതെ ഇരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോൾ അടുത്ത ദിവസം ആ രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. 

സിനിമയ്ക്കു വേണ്ടി പെയ്യിപ്പിക്കുന്ന മഴയ്ക്കൊപ്പം ശരിക്കുള്ള മഴ പെയ്ത ദിവസങ്ങളുമുണ്ട്. അക്ഷരാർഥത്തിൽ പ്രളയ സമാനമായ അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങെന്നു പറയാം. പ്രളയത്തെ ഇത്രയും വിശ്വസനീയമായി പ്രേക്ഷകർക്ക് അനുഭവഭേദ്യമാക്കിയത് ഒരു വലിയ കൂട്ടായ്മയുടെ പരിശ്രമമാണ്. സഹസംവിധായകരും ആർട് ടീമൊക്കെ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി ഏഴു മണിക്കൊക്കെ ആരംഭിക്കുന്ന ഷൂട്ട് പുലർച്ചെ വരെ നീളും. 

മാസ്റ്റർ പ്രണവിനെ നോക്കിയത് സ്വന്തം മകനെപോലെ 

ചിത്രത്തിൽ എന്റെ മകനായി അഭിനയിച്ചത് മാസ്റ്റർ പ്രണവാണ്. പ്രണവ് അവതരിപ്പിച്ച കഥാപാത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷൂട്ടിങ് സമയത്ത് പ്രണവിനൊപ്പം അവനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി അവന്റെ മാതാപിതാക്കൾ വന്നിരുന്നു. ടേക്ക് പോകുന്ന സമയത്തൊക്കെ സെറ്റിന്റെ പ്രത്യേക സ്വഭാവം കാരണം അവർക്ക് അടുത്തേക്ക് വരാൻ സാധിക്കുമായിരുന്നില്ല. കാലിൽ പ്ലാസ്റ്ററിട്ട് അഭിനയിക്കേണ്ട സീനുകളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവന് നടക്കാനൊക്കെ ബുദ്ധിമുണ്ട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാനും എന്റെ ഭാര്യയുടെ വേഷത്തിൽ അഭിനയിച്ച ജിലുവും അവനെ സ്വന്തം മകനെ പോലെയാണ് അവനെ പരിഗണിച്ചത്. 

സീനിന്റെ തുടർച്ചയ്ക്കു വേണ്ടി നമ്മുടെ ശരീരവും വസ്ത്രവുമൊക്കെ എപ്പോഴും നനച്ചു കൊണ്ടിരിക്കുമായിരുന്നു. അങ്ങനെ വരുമ്പോൾ പനിയൊക്കെ വരാതെരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ വിജയം എല്ലാരും തമ്മിലുള്ള പരസ്പരം ബഹുമാനവും സഹകരണവും തന്നെയാണ്. ടേക്ക് കഴിഞ്ഞാൽ മാറിയിരിക്കുന്നതോ കാരവനിൽ പോയി ഇരിക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഈ സിനിമയിൽ ചിന്തിക്കാൻ പോലും പറ്റില്ലാരുന്നു.  

മൾടിസ്റ്റാർ ചിത്രത്തിൽ പ്രതീക്ഷിച്ചത് താരതമ്യേന ചെറിയ വേഷം 

ഇപ്പോഴത്തെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു ഒന്നരകൊല്ലം മുമ്പ് ഒരു ഷെഡ്യൂൾ ഉണ്ടായിരുന്നു. അന്ന് എന്നെ അഭിനയിക്കാൻ വിളിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അന്ന് ഷൂട്ടിങ് നടന്നില്ല. എന്റെ ഓർമ ശരിയാണെങ്കിൽ അന്ന് എന്നോടു പറഞ്ഞ വേഷം ഇതായിരുന്നില്ല. ചാക്കോച്ചൻ, ടൊവിനോ, ആസിഫ് അലി, നരേൻ, വിനീത് ശ്രീനിവാസൻ തുടങ്ങി വമ്പൻ താരനിര ഉള്ളതുകൊണ്ട് തന്നെ ചെറിയ വേഷമായിരിക്കും എന്റേതെന്നാണ് കരുതിയിരുന്നത്. ഇത്രയും നല്ല വേഷമാണെന്നു കരുതിയിരുന്നില്ല. പല ഹിറ്റു സിനിമകളിലും നല്ല വേഷങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ലഭിക്കാത്ത പ്രേക്ഷക പ്രതികരണമാണ് ‘2018’-ലെ കഥാപാത്രത്തിനു ലഭിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സമയത്ത് മാത്രമാണ് ഇതിനു മുമ്പ് ഇത്രയെറെ അഭിനന്ദനങ്ങൾ ലഭിച്ചത്. വാട്ട്സാപ്പിലൊക്കെ വരുന്ന പല മെസേജുകളും കണ്ണ് നനയിപ്പിക്കുന്നുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments