ലോകത്തില്‍ ഏറ്റവും കുറഞ്ഞ സമയം വൈദ്യുതി മുടങ്ങിയ നഗരമെന്ന നേട്ടം വീണ്ടും സ്വന്തമാക്കി ദുബായ്. സ്വന്തം റെക്കോഡ് തന്നെയാണ് ഇത്തവണ ദുബായ് തിരുത്തിയത്. കഴിഞ്ഞ വര്‍ഷം ഏകദേശം 49 സെക്കന്‍ഡ് സമയം മാത്രമാണ് ദുബായില്‍ വൈദ്യുതി നഷ്ടം.ഏറ്റവും കുറഞ്ഞ സമയം മാത്രം വൈദ്യുതി മുടങ്ങിയ നഗരമെന്ന പദവിക്ക് ലോകത്ത് ദുബായിക്ക് മറ്റാരും എതിരാളികളില്ല. കഴിഞ്ഞ വര്‍ഷം ദുബൈ നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് നഷ്ടമായത് 0.89 മിനിറ്റ് നേരത്തെ വൈദ്യുതി മാത്രം. 2024ല്‍ ഉപഭോക്താക്കളുടെ വൈദ്യുതി നഷ്ടം 0.94 മിനിറ്റായി കുറച്ചുകൊണ്ട് ദുബൈ വൈദ്യുതി, ജല അതോറിറ്റി ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതില്‍ 13 ശതമാനം കൂടി കുറച്ചാണ് പുതിയ റെക്കോഡിട്ടത്. ദുബൈയെ സംബന്ധിച്ച് ഈ നേട്ടം പുതിയ നാഴികക്കല്ലാണെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. തടസ്സമില്ലാത്ത വൈദ്യുതി നല്‍കുന്ന നഗരങ്ങളില്‍ ആഗോള തലത്തില്‍ മുന്‍നിര സ്ഥാനം നിലനിര്‍ത്താന്‍ ദുബൈക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ദുബായ് ഉപയോഗിക്കുന്നത്. ഇവ ദീവയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായു സംയോജിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വൈദ്യുതി ലഭ്യത മാനദണ്ഡങ്ങള്‍ അനുസരിച്ച് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതില്‍ സ്മാര്‍ട്ട് ഗ്രിഡുകള്‍ ഏറ്റവും അടിസ്ഥാനപരമായ ഒരു ഘടകമാണ്. ലോകത്തെ മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നായി മാറാനുള്ള ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍, ദുബൈ സാമ്പത്തിക അജണ്ട എന്നിവക്ക് കരുത്തുപകരാന്‍ നേട്ടത്തിന് കഴിയുമെന്നും ദീവ എം.ഡി പ്രതികരിച്ചു.



