Saturday, May 18, 2024
HomeHealthമഴക്കാലത്തെ ഭക്ഷണം; എന്തൊക്കെ കഴിയ്ക്കാം, കഴിക്കരുത്

മഴക്കാലത്തെ ഭക്ഷണം; എന്തൊക്കെ കഴിയ്ക്കാം, കഴിക്കരുത്

വൈവിധ്യങ്ങളാൽ സമ്പന്നമായ ഭക്ഷണ ശൈലിയുള്ളവരാണ് കേരളീയർ. പ്രവാസി ജീവിതത്തിൽ പോലും രുചി പരീക്ഷണങ്ങൾക്കു ഇടയിലും നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഉള്ള ഭക്ഷണ ശൈലിയാണ് കേരളത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ കൃഷി വിഭവങ്ങളുടെ ലഭ്യതയും പ്രാധാന്യവും അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം നമ്മുടെ പൂർവികർ പാലിച്ചുപൊന്നിരുന്നു.

കാലം മാറി, ഫാസ്റ്റ്ഫുഡുകൾ തീൻമേശകളിൽ ഇടം പിടിച്ചതോടെ നമ്മുടെ ആരോഗ്യവും ഇല്ലാതെയായി. ശരിയായ ഭക്ഷണത്തിലൂടെ നിങ്ങളുടെ ശരീരത്തിന് വേണ്ട ഊർജം നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ മഴക്കാലത്ത് കരുതലോടെ കഴിച്ച് ആരോഗ്യവാൻമാരായി ഇരിക്കാം.

എന്തും കഴിക്കാൻ വരട്ടെ

മഴക്കാലത്തു വയറിളക്കം പോലുള്ള അസുഖങ്ങളും ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് വേവിച്ച ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. വേവിക്കാത്ത ഭക്ഷണത്തിൽ ജീവനുതന്നെ ഹാനികരമായ ബാക്ടീരിയകളും വൈറസുകളും ധാരാളമായി ഉണ്ടാകും. മാംസം ചേർത്തുള്ള ഭക്ഷണം നന്നായി വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇവയിലൂടെ വേഗത്തിൽ രോഗകാരികളായ സൂക്ഷമജീവികൾ പടരാൻ സാധ്യതയുണ്ട്.

കഞ്ഞി നിസ്സാരക്കാരനല്ല

ഈ സമയത്ത് ദഹനശക്തി കുറവായിരിക്കും. അതിനാൽ പെട്ടന്ന് ദഹിക്കുന്ന ഭക്ഷണമാകാം. അതിൽ മിടുക്കൻ കഞ്ഞി തന്നെ. കുറച്ച് പയറും കൂട്ടി ചെറു ചൂടോടെ കഞ്ഞി കുടിച്ചാൽ ദഹനപ്രശ്നങ്ങൾ പാടേ മാറും. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ ചേർത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ നല്ലതാണ്.

സ്ട്രീറ്റ് ഫുഡ് ഒഴിവാക്കാം

മഴക്കാലത്ത് ശുചിത്വം പരമപ്രധാനമാണ്. പരിസര ശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തും. മഴക്കാലത്ത് അന്തരീക്ഷത്തിൽ താപനില വളരെ കുറഞ്ഞ സമയമായതിനാൽ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളുമുൾപ്പടെയുള്ള സൂക്ഷ്മജീവികളുടെ വളർച്ച വേഗത്തിലാകും. വൃത്തിയില്ലാത്ത ചുറ്റുപാടിൽനിന്നും ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാക്കും. അതിനാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡും പുറമെനിന്നുള്ള ഭക്ഷണവും പരമാവധി കുറയ്ക്കുക.

വറുത്തതും പൊരിച്ചതും

എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യരുത്. മഴ സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാണ്. അതിനാൽ എണ്ണയിൽ വറുത്ത പലഹാരങ്ങളും മറ്റും ദഹിക്കാൻ പ്രയാസമാകും. ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ഭക്ഷണങ്ങളും ഉപയോഗിക്കാതിരിക്കുക.

പഴവർഗങ്ങളും പച്ചക്കറികളും

പഴങ്ങൾ ധാരാളമായി കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ ആവശ്യത്തിന് ജീവകങ്ങളും ധാതുക്കളും ഇത് പ്രദാനം ചെയ്യും. ചുരയ്ക്ക, പീച്ചിങ്ങ, പാവയ്ക്ക, മത്തങ്ങ മുതലായ പച്ചക്കറികള്‍ ഈ കാലത്ത് ധാരാളമായി ലഭിക്കും. ഇവയിൽ നാരുകളും ആന്റി-ഓക്‌സിഡന്റുകളും സമ്പുഷ്ടമായി ഉണ്ട്. കുരുമുളക്, തുളസി, പുതിന, തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താം.

വെള്ളം കുടിക്കാൻ മറക്കരുതേ

ഭക്ഷണസാധനങ്ങളില്‍ മാത്രമല്ല വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. മഴക്കാലത്ത് പൈപ്പിൽ നിന്ന് ലഭിക്കുന്ന ജലം മലിനമാകാൻ ഉള്ള സാധ്യത കൂടുതലാണ്. ഇത് മഴക്കാല രോഗങ്ങള്‍ക്ക് വഴിവെക്കും. തിളപ്പിച്ച് മാത്രം വെള്ളം കുടിക്കുക. മഴക്കാലത്ത് വെള്ളം ധാരാളം കുടിക്കേണ്ടത് പ്രധാനമാണ്. താപനില കുറവാണെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിക്കേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments