ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ടാങ്കര്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചെങ്കിലും എണ്ണ കയറ്റുമതി ഇപ്പോഴും സാധാരണ നിലയിലല്ല. ഹോര്‍മുസിനൊപ്പം ബാബ് അല്‍ മന്ദബും തടസ്സപ്പെടുന്നത് ആഗോള തലത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്കി.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഹോര്‍മൂസില്‍ ഗതാഗതം വീണ്ടും സജീവമാകുന്നതിന്റെ ആദ്യ സൂചനകള്‍ വരുന്നുണ്ടെങ്കിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ എണ്ണ കയറ്റുമതി സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചകള്‍ മാറ്റിവെച്ചതും ആശങ്ക വര്‍ധിപ്പിച്ചു.
ഇതിനിടെ ഹോര്‍മുസില്‍ ആക്രമണത്തിനിരയായ ടാങ്കറില്‍ നിന്ന് 23 ജീവനക്കാരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി. രണ്ട് ജീവനക്കാരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. തീപിടിത്തമുണ്ടായ കപ്പല്‍ ഒമാന്‍ തുറമുഖത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
ഹോര്‍മുസിലെ സംഭവങ്ങള്‍ക്ക് പിന്നാലെ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് കടലിടുക്കും അടച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഖത്തര്‍ മുന്നറിയിപ്പ് നല്കി. ഹോര്‍മുസിനൊപ്പം ബാബ് അല്‍ മന്ദബും തടസ്സപ്പെടുന്നത് ആഗോള തലത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി.
സൗദി അറേബ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ആശങ്ക രേഖപ്പെടുത്തി. ഹോര്‍മുസ്, ബാബ് അല്‍ മന്ദബ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിക്കൊപ്പം ബാബ് അല്‍ മന്ദബിലും സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നത് ആഗോള എണ്ണവിപണിക്കും അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനും വലിയ വെല്ലുവിളിയാണ്.



