ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട രണ്ട് സ്‌പൈസ്‌ജെറ്റ് വിമാനങ്ങള്‍ വൈകിയത് 24 മണിക്കൂറിലേറെ. വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് ടെര്‍മിനല്‍ 3-ല്‍ ഇരുനൂറോളം യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനങ്ങള്‍ പുറപ്പെടുന്ന സമയം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതാണ് യാത്രക്കാരുടെ കടുത്ത അമര്‍ഷത്തിന് കാരണമായത്. എസ് ജി 5111, എസ് ജി 5105 എന്നീ സര്‍വീസുകളെയാണ് സര്‍വീസ് തടസ്സം ബാധിച്ചത്.
തിങ്കളാഴ്ച രാവിലെ 7:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെ 9-ലേക്കാണ് മാറ്റിയത്. പിന്നീട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് പുറപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-ലേക്ക് മാറ്റുകയും, പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ 1 മണിയിലേക്ക് വീണ്ടും സമയക്രമം മാറ്റുകയും ചെയ്തതോടെയാണ് യാത്രക്കാര്‍ പ്രകോപിതരായത്.
കൃത്യമായ സമയവിവരങ്ങളോ ഭക്ഷണമോ താമസസൗകര്യമോ ലഭ്യമാക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ സമയത്ത് സംശയങ്ങള്‍ തീര്‍ക്കാന്‍ സ്‌പൈസ്‌ജെറ്റ് ജീവനക്കാര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് വിമാനത്താവള അധികൃതരെത്തിയാണ് യാത്രക്കാര്‍ക്ക് ഭക്ഷണവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയത്. ടെര്‍മിനലിന്റെ തറയിലിരുന്ന് പ്രതിഷേധിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം താല്‍ക്കാലികമായി നിലത്തിറക്കേണ്ടി വന്നതാണ് സര്‍വീസുകളെ ബാധിച്ചതെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും ബാധിക്കപ്പെട്ട യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ബദല്‍ വിമാനങ്ങള്‍ ക്രമീകരിച്ചു വരികയാണെന്നും സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചു. വിമാനത്താവള അധികൃതര്‍ വിഷയം സ്‌പൈസ്‌ജെറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്.



