Tuesday, September 15, 2026
HomeNewsGulfദുബായ്-അബുദബി യാത്രയ്ക്ക് ഹൈസ്പീഡ് റെയിലും;ദുബായില്‍ വരുന്നു 4 റെയില്‍വേ സ്‌റ്റേഷനുകള്‍

ദുബായ്-അബുദബി യാത്രയ്ക്ക് ഹൈസ്പീഡ് റെയിലും;ദുബായില്‍ വരുന്നു 4 റെയില്‍വേ സ്‌റ്റേഷനുകള്‍

ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ച് ദുബായില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ വരുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതില്‍ 2 സ്റ്റേഷനുകള്‍ അബുദാബിക്കും ദുബായിക്കുമിടയില്‍ പുതുതായി നിര്‍മിക്കുന്ന അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായിരിക്കും.ദുബായില്‍ സംഘടിപ്പിച്ച ‘റെയില്‍ എക്‌സ് ദുബായ്’ സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ആര്‍ടിഎ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായറാണ് പ്രഖ്യാപനം നടത്തിയത്.

ദേശീയ റെയില്‍ ശൃംഖലയുടെ ഭാഗമായി ദുബായില്‍ 2 സ്റ്റേഷനുകളുണ്ടാകും. നിലവില്‍ ഈ മാസം 30ന് ഉദ്ഘാടനം ചെയ്യുന്ന അല്‍ യലായീസ് സ്റ്റേഷനാണ് പ്രധാന പാസഞ്ചര്‍ സ്റ്റേഷന്‍. ഇതിനുപുറമേ രണ്ടാമതൊരു സ്റ്റേഷന്‍ കൂടി ദുബായില്‍ ഉണ്ടായിരിക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കിയെങ്കിലും ഇതിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ദുബായിയെയും അബുദാബിയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന അതിവേഗ റെയില്‍ പദ്ധതിയിലാണ് മറ്റു രണ്ട് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നത്. അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, അല്‍ ജദ്ദാഫ് എന്നിവിടങ്ങളിലായിരിക്കും ഈ സ്റ്റേഷനുകള്‍.

പൂര്‍ണമായും വൈദ്യുതീകരിച്ച പ്രത്യേക ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുന്ന ഹൈസ്പീഡ് റെയില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയും.ഇത്തിഹാദ് റെയിലിന്റെ ഈ രണ്ട് പദ്ധതികളും ദുബായിലെ നിലവിലുള്ളതും നിര്‍ദ്ദിഷ്ടവുമായ മെട്രോ ലൈനുകളുമായി ബന്ധിപ്പിക്കും. റെഡ്, ഗ്രീന്‍, ബ്ലൂ ലൈനുകള്‍ക്ക് പുറമേ ഭാവിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗോള്‍ഡ് ലൈനുമായും പുതിയ സ്റ്റേഷനുകള്‍ വഴി കണക്റ്റിവിറ്റി ഉറപ്പാക്കും. യുഎഇയിലെ വിവിധ നഗരങ്ങളെ ദുബായിയുമായി സമഗ്രമായി ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖലയാണ് ആര്‍ടിഎയുടെ ലക്ഷ്യമെന്ന് മത്തര്‍ അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments