ജുമൈറയിലെ പാം മോണോറെയില്‍ സര്‍വീസ് ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേഷന് അറ്റകുറ്റപ്പണികള്‍ക്കായി 2026 ജനുവരിയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സര്‍വീസാണ് പുനരാരംഭിച്ചത്. യാത്രക്കാര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെയും മറ്റ് അംഗീകൃത ചാനലുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന കാലയളവില്‍ പാം ജുമൈറയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഹലാ ടാക്സി സേവനം ഉപയോഗിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. 5.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാം മോണോറെയില്‍ പാം ജുമൈറയിലെ ഏക പൊതുഗതാഗത സംവിധാനമാണ്. പാം ഗേറ്റ്വേ, അല്‍ ഇത്തിഹാദ് പാര്‍ക്ക്, നഖീല്‍ മാള്‍, അറ്റ്ലാന്റിസ് അക്വാവെഞ്ചര്‍ എന്നീ നാല് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഈ സര്‍വീസ് ദ്വീപിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നു. യാത്രയ്ക്കിടെ പാം ജുമൈറയുടെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാം. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 5 ദിര്‍ഹമാണ് നിരക്ക്.



