ഗോലാന്‍ കുന്നിലെ ആക്രമണത്തിന് ഹിസ്ബുള്ളയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭയുടെ അനുമതി.ഇതിന് പിന്നാലെ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.ഇസ്രയേല്‍ അധിനിവേശ ഗോലാന്‍കുന്നില്‍ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കുട്ടികളും കൗമാരക്കാരും അടക്കം പന്ത്രണ്ട് പേര്‍ ആണ് കൊല്ലപ്പെട്ടത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുന്നതിന് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനേയും പ്രതിരോധമന്ത്രി യോവ് ഗ്യാലന്റിനേയും ചുമതലപ്പെടുത്തി.
ഇറാന്‍ നിര്‍മ്മിത റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ലബനന്‍ സായുധവിഭാഗമായ ഹിസ്ബുള്ള ഗോലാന്‍കുന്നുകളില്‍ ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. തെക്കന്‍ലബനനില്‍ നിന്നാണ് മിസൈല്‍ തൊടുത്തത് എന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. സുരക്ഷാ മന്ത്രിസഭയുടെ യോഗത്തിന് പിന്നാലെ ലബനനില്‍ ഇസ്രയേല്‍ സൈന്യം ആക്രമണവും തുടങ്ങിയിട്ടുണ്ട്. തെക്കന്‍ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഗോലാന്‍കുന്നിലെ ആക്രമണത്തിന് ലബനനില്‍ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹിസ്ബുള്ളയും എന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ലബനനില്‍ ആണ് ഇസ്രയേല്‍ ആക്രമണം പ്രതീക്ഷിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണ ഭീഷണി ബെയ്‌റൂട്ട് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളേയും റബാധിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയും ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്തു.