ദുബൈ കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനെ യുഎഇയുടെ പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി നിയമിച്ചു.യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനേയും ഉപപ്രധാനമന്ത്രിയായി ഉയര്‍ത്തി.
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എക്‌സിലൂടെയാണ് രണ്ട് ഉപപ്രധാനമന്ത്രിമാരെ കൂടി പ്രഖ്യാപിച്ചത്. യുഎഇ ഭരണകൂടത്തിലേക്ക് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കും ഷെയ്ഖ് ഹംദാന്റെ ഉപപ്രധാനമന്ത്രി പദം എന്നും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ഷെയ്ഖ് ഹംദാന് കഴിയുമെന്നും ഷെയ്ഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചു. യുഎഇയുടെ വിദേശകാര്യമന്ത്രി പദവിക്ക് ഒപ്പം ആണ് ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് ഉപപ്രധാനമന്ത്രി പദവി കൂടി ലഭിക്കുന്നത്.യുഎഇ വിദ്യാഭ്യാസ മന്ത്രിയായി സാറാ അല്‍ അമീരിക്കും നിയമനം നല്‍കിയതായി ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. നേരത്തെ പൊതുവിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു സാറാ അല്‍ അമീരി.
മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ.അബ്ദുള്‍ റഹ്മാന്‍ അല്‍ അവീറിന് ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ വകുപ്പിന്റെ ചുമതല കൂടി നല്‍കി. വിദ്യാഭ്യാസമന്ത്രിയായിരുന്ന അഹമ്മദ് ബെല്‍ഹോള്‍ കായികമന്ത്രിയായി ഇനി സേവനം അനുഷ്ഠിക്കും. സംരംഭകസഹമന്ത്രിയായി ആലിയ അബ്ദുള്ള അല്‍ മസ്രോയിക്കും നിയമനം നല്‍കിയതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.