നേമത്ത് യുവതിയെ കഴുത്തിൽ കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു. രാവിലെ എട്ടരയോടെ വീടിന് മുന്നിലെത്തിയ ദീപകുമായി റോഡിൽ വച്ച് രമ്യ ദീർഘനേരം സംസാരിച്ചിരുന്നു. പിന്നീട് ഭയന്നോടിയ രമ്യയെ പിന്തുടർന്ന് ദീപക് കടന്നുപിടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ രമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് രമ്യയുടെ വീട്ടിൽ ഒളിച്ചിരുന്ന പ്രതി പൊലീസെത്തിയതറിഞ്ഞ് കൈയിലെ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
രമ്യയും ദീപകും ഏറെ കാലമായി പ്രണയത്തിലാണെന്നും ഇവർ രമ്യയുടെ വീടിന് മുന്നിലെ റോഡിൽ വച്ച് സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. അതേസമം സംഭവത്തിൽ നിർണായകമായി അയൽവാസിയുടെ മൊഴി. രാവിലെ രമ്യയുടെ വീട്ടിൽ നിന്ന് ശബ്ദം കേട്ടുവെന്നും പിന്നാലെ രമ്യയുടെ നിലവിളി കേട്ടെന്നും അയൽവാസി പറയുന്നു. ദീപക്ക് വീട്ടിൽ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പാണ് ദീപക് സ്വയം പരിക്കേൽപ്പിച്ചതെന്നും അയൽവാസി പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രമ്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. എന്നാൽ ദീപക് അപകട നില തരണം ചെയ്തു. നേമം സ്വദേശിയായ രമ്യ വെള്ളായണിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ്. രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണ് വീട്ടിൽ കഴിയുന്നത്. അമ്മ നേമത്ത് പെട്രോൾ പമ്പിലെ ജീവനക്കാരിയാണ്.



