വലിയ വിമാനങ്ങള്‍ക്കൊപ്പം ചെറിയവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകളും അന്തിമഘട്ടത്തിലെന്ന് റിയാദ് എയര്‍. നാരോ ബോഡി എയര്‍ക്രാഫ്റ്റുകളുടെ കരാര്‍ നവംബറില്‍ ദുബൈ എയര്‍ഷോയില്‍ ഒപ്പുവെച്ചേക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് റിയാദ് എയറിന്റെ പദ്ധതി
നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കുള്ള ആദ്യഘട്ട ഓര്‍ഡറുകള്‍ വരും മാസങ്ങളിലുണ്ടാകുമെന്ന് റിയാദ് എയര്‍ സി.ഇ.ഒ ടോണി ഡഗ്ലസ് അറിയിച്ചു. നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിന് ബോയിങ്ങുമായും എയര്‍ബസുമായും ചര്‍ച്ചകള്‍ തുടരുകയാണ്. റിയാദ് എയറിനായി നാനൂറ് നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഓര്‍ഡര്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യഘട്ട ഓര്‍ഡറുകള്‍ മേഖലയിലെ ഏറ്റവും വലിയ ഏവിയേഷന്‍ മേളയായ ദുബൈ എയര്‍ഷോയില്‍ ഉണ്ടാകും എന്നാണ് സൂചന. ആദ്യഘട്ടത്തില്‍ 150 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്കായി റിയാദ് എയര്‍ ചര്‍ച്ച നടത്തുന്നുവെന്ന് ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കും ബോയിംഗുമായി റിയാദ് എയര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. 72 ബോയിംഗ് 787 ഡ്രിം ലൈനര്‍ വിമാനങ്ങളാകും റിയാദ് എയര്‍ ആദ്യഘട്ടത്തില്‍ വാങ്ങുക. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പൈലറ്റുമാര്‍ക്ക് നിയമനം നല്‍കി വരികയാണ് റിയാദ് എയര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുനൂറ് പൈലറ്റുമാര്‍ക്ക് നിയമനം നല്‍കും. 2025ന്റെ തുടക്കത്തില്‍ റിയാദ് എയര്‍ സര്‍വീസ് തുടങ്ങും. 2030ഓട് കൂടി നൂറിലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയര്‍ സര്‍വീസ് നടത്തും.