റാസല്‍ഖൈമ: അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ അമിത വേഗത ഒഴിവാക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും റാസല്‍ഖൈമ പൊലീസ് ഓര്‍മ്മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് ആരംഭിച്ച ബോധവല്‍ക്കരണ ക്യാമ്പെയിനില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ഓരോ റോഡിനും അനുവദിച്ച നിയമപരമായ വേഗപരിധി പാലിക്കണമെന്നും സ്വന്തം വാഹനവും മുന്നിലുള്ള വാഹനവും തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത് വ്യക്തമാക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു.
ജാഗ്രതയോടെ വാഹനമോടിക്കുക സുരക്ഷിത അകലം പാലിക്കുക എന്ന സന്ദേശത്തോടെ റാസല്‍ഖൈമ പൊലീസും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് ക്യാമ്പെയിന്‍ നടത്തുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചു. സ്വന്തം കാര്യങ്ങള്‍ക്ക് പുറമേ മറ്റ് റോഡ് ഉപയോക്താക്കളേയും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് വാഹനമോടിക്കുവരോട് ആവശ്യപ്പെട്ടു. അഞ്ച് മുതല്‍ പത്ത് മീറ്റര്‍ വരെ അകലത്തിലാണ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തേണ്ടത്. നിയമലംഘനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുമാണ് ശിക്ഷ.