വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ് ബില്‍ എന്നും വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യം എന്നും കിരണ്‍ റിജിജു പറഞ്ഞു.ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും മന്ത്രി വ്യക്തമാക്കി.ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും
പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്‍ ആണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.ഒറു മതത്തിന്റെയും സ്വാതന്ത്ര്യത്തില്‍ കടന്നുകയറിട്ടില്ലെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു പറഞ്ഞു. ജെപിസിയില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങള്‍ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിര്‍ദേശങ്ങള്‍ ജെപിസിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ട് വരും.മുന്‍പും വഖഫ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. യുപിഎ കാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കി. മുസ്ലിങ്ങളെ 70 വര്‍ഷമായി കോണ്‍ഗ്രസ് വഞ്ചിക്കുകയാണ്. എന്‍ഡിഎ സര്‍ക്കാര്‍ വഖഫ് ഭൂമി പാവപ്പെട്ട മുസ്ലിങ്ങള്‍ക്കായി ഉപയോഗിക്കും. 22 അംഗ വഖഫ് കൗണ്‍സിലില്‍ നാല് അമുസ്ലിങ്ങളും രണ്ട് വനിതകളും വേണമെന്നാണ് ബില്‍ പറയുന്നത് എവ്വും കിരണ്‍ റിജിജു പറഞ്ഞു.പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച റിജിജു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയില്‍ എത്തിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി.
ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി.നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍.കെ പ്രേമചന്ദ്രനും ആരോപിച്ചു.യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വാദം ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളി.ബില്ല് മന്ത്രിസഭ അംഗീകരിച്ചതാണ്.ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്നും അമിത് ഷാ വ്യക്തമാക്കി.